Image

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം' കിരണിന്റെ ഫോണ്‍ സംഭാഷണം കോടതിയില്‍

ജോബിന്‍സ് തോമസ് Published on 22 January, 2022
വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം' കിരണിന്റെ ഫോണ്‍ സംഭാഷണം കോടതിയില്‍

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം' കിരണിന്റെ ഫോണ്‍ സംഭാഷണം കോടതിയില്‍

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ നിര്‍ണായക തെളിവായി ഫോണ്‍ സംഭാഷണങ്ങള്‍. ''സ്ത്രീധനത്തിന്റെ ആരോപണം വന്നാല്‍ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം'' എന്ന് ഭര്‍ത്താവ് കിരണ്‍ സഹോദരീഭര്‍ത്താവ് മുകേഷിനോട് പറയുന്ന സംഭാഷണം പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കി.

ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ഫോണ്‍ സംഭാഷണം ഹാജരാക്കിയത്. കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങളാണ് കേസില്‍ നിര്‍ണായകമാകുന്നത്.

വിസ്മയയുടെ അമ്മ സജിത വി നായരെ വിചാരണ കോടതിയില്‍ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കിയത്. കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നല്‍കിയാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞതായി വിസ്മയയുടെ അമ്മ സാക്ഷിമൊഴി നല്‍കി.

സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ ചെന്നപ്പോള്‍ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയതെന്നും സ്ത്രീധനം കൊടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.

വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം കിരണിന്റെ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച ഘട്ടത്തിലാണ് സംഭാഷണങ്ങള്‍ കണ്ടെത്തിയത്. കിരണിന്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരണ്‍ അറിഞ്ഞിരുന്നില്ല. വണ്ടിയില്‍ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്ന് കിരണ്‍ പറയുന്നതും റെക്കോര്‍ഡില്‍ കേള്‍ക്കാം. കേസില്‍ എതിര്‍വിസ്താരം തിങ്കളാഴ്ചയും തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക