Image

ഫ്രാങ്കോ വിധിയിലെ റീ ലേബൽഡ്  റേപ്പ് (Relabeled  Rape) -ജെയിംസ് കുരീക്കാട്ടിൽ

Published on 21 January, 2022
ഫ്രാങ്കോ വിധിയിലെ റീ ലേബൽഡ്  റേപ്പ് (Relabeled  Rape) -ജെയിംസ് കുരീക്കാട്ടിൽ

വിവാദമായിട്ടുള്ള പല ലൈംഗിക കുറ്റാരോപണങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വാക്കാണ് റീ ലേബലിംഗ് റേപ്പ്. പ്രത്യേകിച്ചും പ്രതി സ്ഥാനത്തുള്ളത് ഒരു സെലിബ്രിറ്റി കൂടിയാണെങ്കിൽ. ഒരിക്കൽ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയിരുന്നവർക്കിടയിൽ അക്കാലത്തുണ്ടായ ശാരീരിക ബന്ധം, പിന്നീടെന്നെങ്കിലും ശത്രുതയിൽ അവസാനിക്കാൻ ഇടയായാൽ അയാളോട് പ്രതികാരം ചെയ്യാൻ മറ്റെയാൾ പഴയ ഉഭയകക്ഷി ബന്ധത്തെ റേപ്പ് ആക്കി കേസ് ഫയൽ ചെയ്യുന്നതിനെയാണ് റീ ലേബലിംഗ് റേപ്പ് എന്ന് പറയുന്നത്. അതായത് ഉഭയകക്ഷി ബന്ധത്തിന്റെ മുകളിൽ റേപ്പിന്റെ സ്റ്റിക്കർ ഒട്ടിക്കുക.  പ്രതികാരം മാത്രമായിരിക്കണമെന്നില്ല ഇതിന്റെ ഉദ്ദേശം. പണത്തിനും സ്ഥാനമാനങ്ങൾക്കുമൊക്കെ ഈ വിദ്യ പലരും പല നാട്ടിലും പല കാലത്തും പ്രയോഗിച്ചിട്ടുണ്ട്.


അമേരിക്കയിലെ ക്ലിന്റൺ- മോനിക്കാ ലിവിൻസ്കി കേസ് മുതൽ ഇങ്ങു നമ്മുടെ കൊച്ചു കേരളത്തിൽ കുഞ്ഞാലി കുട്ടി- റെജീന കേസ് അടക്കം  സരിതാ നായരിൽ വരെ ഈ റേപ്പ് ലേബലിംഗ് നമ്മൾ കണ്ടതാണ്.


എന്താണ് ക്ലിന്റൺ- മോണിക്കാ ലിവിൻസ്കി കേസിൽ സംഭവിച്ചത്? വൈറ്റ് ഹൗസിൽ ശമ്പളമില്ലാത്ത ഒരു ഇന്റേൺ ജോലിക്കായി മോണിക്ക എത്തുന്നു. വെറും നാല് മാസത്തിനുള്ളിൽ  ശമ്പളമുള്ള നല്ല പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കുന്നു. ഇത് കണ്ട് അസൂയ മൂത്ത സഹപ്രവർത്തക "ലിൻഡ ട്രിപ്പ്" ഇതിന്റെ ഗുട്ടൻസ് അന്വേഷിക്കുന്നു. ലോകം ക്ലിന്റന്റെ കാൽ ചുവട്ടിലാണെന്ന ഒരു ധാരണ ക്ലിന്റനുണ്ട്, എന്നാൽ അയാൾ എന്റെ കാൽ ചുവട്ടിലാണ് മോളെ എന്ന് ലിവിൻസ്കി രഹസ്യം വെളിപ്പെടുത്തുന്നു. പിന്നീടൊരു ദിവസം  ലിവിൻസ്കിയുടെ നീല കുപ്പായത്തിൽ കറയുടെ( stain ) പാടുകണ്ട "ലിൻഡ" കാര്യമന്വേഷിക്കുന്നു. ഇത് വെറും വാഴ കറയല്ല മോളെ, ഈ കറ വേറെയാണെന്ന് ലിവിൻസ്കി അഭിമാനത്തോടെ പറഞ്ഞ മറുപടിക്ക്, "ലിൻഡ ട്രിപ്പ്" കൊടുത്ത ഉപദേശം ഇതായിരുന്നു. Don't wash it then. save it like an insurance policy. It smells money. ഈ ഉപദേശമാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും പുതിയ ചരിത്രമായത്.


ഇത്തരം ചരിത്രങ്ങൾ നമ്മുടെ മുന്നിലുള്ളത് കൊണ്ടാവാം  "ഫ്രാങ്കോ - കന്യാസ്ത്രീ" കേസിലും ഫ്രാങ്കോ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ പോലും ഈ കേസിൽ ഒരു ലേബലിംഗിന്റെ സാധ്യത തള്ളി കളയാത്തത്. എന്ത് തന്നെയായാലും പ്രതി ഭാഗം വക്കീലിന് ഇതൊരു ലേബലിംഗ് ആണെന്ന് തെളിവുകൾ നിരത്തി സമര്ഥിക്കാനും ജഡ്‌ജിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞു എന്നതിലാണ് ഫ്രാങ്കോ വിജയിച്ചത്. അതിനായുള്ള തെളിവുകളാണ് അവർ എണ്ണിഎണ്ണി നിരത്തിയത്. പീഡനകാലത്ത് അവർ ഒന്നിച്ച് യാത്ര ചെയ്തതത്. ചടങ്ങുകളിൽ പങ്കെടുത്തത്. അക്കാലത്തു അവർ നടത്തിയ കത്തെഴുത്തുകൾ. പീഡനത്തെ കുറിച്ച് കൂട്ടുകാർ പറഞ്ഞ വൈരുധ്യങ്ങൾ. ഡിമാൻഡുകൾ അംഗീകരിക്കാൻ ഫ്രാങ്കോ തയ്യാറായിരുന്നെങ്കിൽ ഈ കേസ് ഉണ്ടാകുമായിരുന്നില്ലെന്ന് കൂട്ടുകാരി ഒരു അഭിമുഖത്തിൽ പത്ര ലേഖകനോട് പറഞ്ഞത്. പീഡിപ്പിക്കപ്പെട്ടത്  ഓരോ തവണയും അവർ ഫ്രാങ്കോയുടെ മുറിയിലേക്ക്  ചെല്ലുമ്പോഴായിരുന്നുവെന്നത്. പതിമൂന്നു തവണയും ചുറ്റിലുമുള്ള മുറികളിലെ ആർക്കും ഇതിലൊരു സംശയവും തോന്നിയില്ലയെന്നത്. പീഡനകാലത്ത് അവർ മഠത്തിന്റെ വെറും മദർ സുപ്പീരിയർ ആയിരുന്നില്ല, ആ സന്യാസ സഭയുടെ തന്നെ മദർ ജനറാളായിരുന്നു എന്നത്. പിന്നീട് ആ പദവികളിൽ നിന്ന് നീക്കം ചെയ്തപ്പോഴാണ് അവർ കേസുമായി വന്നത് എന്നത്. അവരുടെ തന്നെ ഒരു കസിൻ സിസ്റ്ററുടെ ഭർത്താവുമായി അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് കസിൻ സിസ്റ്റർ ഫ്രാങ്കോക്ക് പരാതി കൊടുത്തത്. അങ്ങനെ അങ്ങനെ.....എന്നാൽ ഒരു പരാതി കൊടുത്തിരുന്നുവെങ്കിലും ആ പരാതി സത്യമായിരുന്നില്ലയെന്ന്  കസിൻ സിസ്റ്റർ തന്നെ കോടതിയിൽ ഏറ്റുപറഞ്ഞിട്ടും  ആ ഏറ്റുപറച്ചിലല്ല, ആദ്യത്തെ പരാതിയാണ് സത്യമായിരിക്കാൻ ഇടയുള്ളതെന്നാണ് കോടതി നിരീക്ഷിച്ചത്. ഏതൊരു സാധാരണകാരനെയും പോലെ ജഡ്ജി പോലും ഈ  കേസ് ഒരു റേപ്പ് ലേബലിംഗ് ആണ് എന്ന് വിശ്വസിച്ചിരിക്കാം.


അമേരിക്കയിൽ യഥാർത്ഥത്തിൽ നടന്ന ഒരു Falls Rape accusation  കേസിൽ  അമേരിക്കൻ കോടതി എടുത്ത് നിലപാട് എന്താണെന്ന് നോക്കാം. ചിക്കാഗോയിൽ കാതലീൻ വെബ് എന്നൊരു പതിനാറ് വയസ്സുകാരി പെൺകുട്ടി, കാറിൽ വന്ന ഒരാൾ തന്നെ പിടിച്ച് വണ്ടിയിൽ കയറ്റി പീഡിപ്പിച്ചതിന് ശേഷം പുറത്തേക്കെറിഞ്ഞു എന്ന് പോലീസിൽ പരാതി കൊടുക്കുന്നു. സത്യത്തിൽ തന്റെ ബോയ്‌ഫ്രണ്ടുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിൽ നിന്നും താൻ ഗർഭിണിയാകുമോയെന്ന് ഭയന്ന് കെട്ടി ചമച്ച ഒരു കഥ മാത്രമായിരുന്നു അത്. കാതലീൻ പറഞ്ഞ വിവരണങ്ങളനുസരിച്ച്, പോലീസ് ഗാരി ഡോട്സൺ എന്നൊരു ചെറുപ്പക്കാരനെ സാഹചര്യ തെളിവുകളുടെ ബലത്തിൽ അറസ്റ്റ് ചെയ്യുന്നു. കോടതി അയാളെ പതിനഞ്ച് വർഷത്തേക്ക് ശിക്ഷിക്കുന്നു. ഏതാണ്ട് അഞ്ച് വര്ഷം കഴിഞ്ഞപ്പോൾ കാതലീന് താൻ ചെയ്ത കുറ്റമോർത്ത് പശ്ചാത്താപം തോന്നുകയും കോടതിയിൽ വന്ന് യാഥാർഥ്യത്തിൽ അന്ന് സംഭവിച്ചത് എന്താണെന്ന് തുറന്നുപറയാൻ തയ്യാറാകുകയും ചെയ്യുന്നു. എന്നാൽ കോടതി കാതലീൻറ് പുതിയ സത്യം സ്വീകരിക്കാനോ ഗാരി ഡോട്ട്സനേ ജയിൽ വിമുക്തനാക്കാനോ തയാറാകുന്നില്ല. തുടർന്ന് കാതലീൻ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് എഴുതിയ പുസ്തകത്തിന്റെ പേരാണ് "Forgive Me". ആ പുസ്തകത്തിന് കിട്ടിയ റോയൽറ്റി തുകയായ 17,300 ഡോളർ പോലും കാതലീൻ, ഗാരിക്ക് നൽകുകയാണ് ചെയ്യുന്നത്. എന്നിട്ടും ഗാരിക്ക് ജയിൽ മോചിതനാകാൻ DNA ടെസ്റ്റ് നടത്തി നിരപരാധിത്വം തെളിയിക്കേണ്ടി വന്നു. അപ്പോഴേക്കും വർഷങ്ങൾ പലത്  കഴിഞ്ഞിരുന്നു. ഇവിടെ അമേരിക്കൻ കോടതി ചെയ്തത് ശരിയാണെന്ന് പറയാനല്ല മറിച്ച് ഈ രാജ്യത്തെ കോടതികൾ ഒരു റേപ്പ് വിക്ടിമിനെ കേൾക്കുന്നത് എങ്ങനെയാണെന്നും അവരോട്  എടുക്കുന്ന നിലപാട് എന്താണെന്നും  ചൂണ്ടിക്കാട്ടാനാണ്. നമ്മുടെ നാട്ടിൽ പീഡിപ്പിക്കപ്പെട്ടവളോട് നിനക്ക് അവന്റെ കയ്യിൽ രാഖി കെട്ടി ഒരു സഹോദരനായി കണ്ടുകൂടെ എന്നും, പീഡിപ്പിച്ചവനോട് നിനക്ക് അവളെ വിവാഹം ചെയ്തുകൂടെ എന്നും ചോദിക്കുന്ന കോടതികളിൽ നിന്നും ഇവിടെയുള്ള കോടതികൾ എങ്ങനെയാണ് വിത്യസ്തമായിരിക്കുന്നതെന്ന് പറയാനാണ്.


ഫ്രാങ്കോ കേസിൽ ഇപ്പോൾ പീഡിപ്പിക്കപ്പെട്ടവൾ താൻ നിരപരാധിയാണെന്നും ഇതൊരു റേപ്പ് ലേബലിംഗ് അല്ലെന്നും തെളിയിക്കേണ്ട അവസ്ഥയിലാണുള്ളത്. ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് അവരുടെ സത്യസന്ധതയും ആത്മാഭിനവും കൂടിയാണ്. അത് കൊണ്ട് തന്നെ അവർ പൊരുതുകയാണ് വേണ്ടത്. അല്ലാതെ മീഡിയ നൽകുന്ന 'അതിജീവിത, അപരാജിത, പരദേവത" എന്നൊക്കെയുള്ള പേരും പേറി ഒളിച്ചുകഴിയുകയല്ല, സ്വന്തം പേരും ഐഡന്റിറ്റിയും  വെളിപ്പെടുത്തി പുറത്തുവന്ന് തന്നെ പൊരുതണം. ഇക്കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ ടീ ഷർട്ടിന്റെ പുറത്തുകണ്ട വാചകം ഇങ്ങനെയായിരുന്നു. "Fight Like a Woman".


അത്കൊണ്ട് സിസ്റ്ററെ, പണവും അധികാരവും മോതിരം മുത്താൻ കാത്ത് നിൽക്കുന്ന അനേകം അന്ധവിശ്വാസി കൂട്ടവും ഉള്ളിടത്തോളം കാലം, ഫ്രാങ്കോയെ പോലെയുള്ള ഒരു ആസുര ജന്മത്തെ  ജയിക്കാൻ, സിസ്റ്ററെ, നിങ്ങളുടെ മുന്നിൽ ഒറ്റ വഴിയേ ഉള്ളൂ.
You need to Fight like a woman.

Join WhatsApp News
George Neduvelil 2022-01-21 16:04:49
തികച്ചും യുക്തിയുക്തമായ നിരീക്ഷണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക