Image

മരണമേ നീ എങ്ങുപോയി ( കവിത : അശ്വിൻ കറേക്കാട് )

Published on 09 December, 2021
മരണമേ   നീ എങ്ങുപോയി ( കവിത : അശ്വിൻ കറേക്കാട് )
ഇരവാർന്നോരു
മൂന്നാം
യാമത്തിന്റ 
മൂകാന്ധകാരത്തിലെവിടെയോ
നേർത്തൊരു
മുളം തണ്ടിന്റെ
ഹൃത്തു തേങ്ങുമ്പോൾ
കൊതിച്ചു പോകുന്നു
ഞാൻ
വെറുതെയാണെങ്കിലും
നീ അരികിലെത്തുന്നുവെന്ന്
ആത്മാശാന്തിതൻ
തീർത്ഥകണങ്ങൾ 
പകർന്നു
നൽകീടുന്ന
ഗീതികയുമായ് 
നീ
ചുംബനങ്ങളാലെന്നെ 
പുതപ്പിച്ചീടുവാൻ 
ജനിമൃതികൾ
നിത്യവും വിടരുന്നിടത്തേക്കെന്റെ 
ശാരീരത്തെ
തിരികെ 
കൊണ്ടു
പോയീടുവാൻ
നീ തിരിച്ചെത്തിയെന്നൊരു
നിമിഷം, നിനച്ചുപോകുന്നു ഞാൻ
വെറുതെയാണെങ്കിലും
മരണമേ... 
ഗ്രീഷ്മങ്ങളെത്രയോ 
മാഞ്ഞുപോയ്, വിഷാദവർഷങ്ങളേറെ
ക്കടന്നുപോയ്
വിരുന്നെത്തിയില്ലെന്റെ
കിനാവിലെങ്കിലും 
നീ...
മരണമേ
എന്റെ പ്രണയം
നിന്നിൽ
പിറന്ന്
നിന്നിൽ തന്നെ
അന്ത്യ വിശ്രമം
കൊള്ളുന്നൂ... മരണമേ
നിലാവറ്റുപോം 
യാമത്തിന്റ
മൂകാന്ധകാരത്തിലെവിടെയോ
ശാഖിയിൽ
നിന്നുമൊരു രാപക്ഷി തൻ 
ഗദ്ഗദമലയടിച്ചെത്തുമ്പോൾ 
കൊതിച്ചുപോകുന്നു
ഞാൻ
വെറുതെയാണെങ്കിലും
അമ്ല ഭാഷനഷ്ടമായോരാത്മാക്കൾ
നൃത്തം 
ചെയ്യുന്ന
നിന്റെ ലോകത്തേക്കെന്നെയും
എന്നേക്കുമായ് 
കൊണ്ടുപോയീടുവാൻ
പ്രിയേ നീ
എത്തുന്നുവെന്ന്
കോറിവെക്കുന്നു
ഞാനിത്രമാത്രം
പ്രതീക്ഷ തൻ
വിത്തെന്റെ
ഹൃദയത്തിൻ അന്തരാളത്തിൽ 
നാമ്പിടുമ്പോൾ...
മരണമേ
ഒരുനാൾ
ഞാനാ നിദ്രയിൽ
രമിച്ചു കിടക്കുമ്പോൾ 
എന്നെ തെല്ലുമുണർത്താതെ
വേണം നീ എൻ ചാരെ
എത്തുവാൻ
നിദ്ര തൻ
സുമസുന്ദര മനോഭിരാമ സൗന്ദര്യം
നുകർന്നതിൻ ലാളനയിൽ
മയങ്ങിടുമ്പോൾ
നീ എന്നെയും
വഹിച്ചു 
യാത്രക്കൊരുങ്ങുക 
കാരണമെന്തെന്നാൽ
ഈ ശാപജന്മത്തിന്റെ 
അന്ത്യ യാത്രമൊഴി
കേൾപ്പാതിരിക്കട്ടെ 
രണ്ടാമതാരുമെൻ 
മാതാപിതാക്കൾ പോലും...
മരണമേ
നീ എവിടെ?
ഇരവാർന്നൊരു
മൂന്നാം
യാമത്തിന്റെ
മൂകാന്ധകാരത്തിൽ
ഒഴുകിയെത്തുന്ന
ഗന്ധരാജ പുഷ്പത്തിന്റെ 
അഭൗമമനിർവ്വചനീയമാം
സുഗന്ധ
നറുസൂനമെൻ
അന്തരംഗത്തിലൊരു
ഗന്ധർവ്വഗീതമായ്
തോരാതെ
പെയ്തിറങ്ങുമ്പോൾ 
കൊതിച്ചു പോകുന്നു
ഞാൻ
നിഷ്ഫലമാകിലും
നീയാം അനസ്യൂത
ഹേമന്ത ചാരുതയെന്നെ 
മിഴിമുനയാലെ
ചുംബിക്കയാണെന്ന്...
മരണമേ
നീ എവിടെ?
        
വരിക
വെട്ടിമാറ്റീടുകീ 
മണ്ണിൽ നിന്നുമെന്നെ
ഞാനാകുന്നൊരീ'
വൃക്ഷത്തലപ്പിനേ
         
ഹൃദയം പിളർന്നു
വിളിക്കുന്നു
ഞാൻ
മരണമേ
ആവാഹിച്ചുകൊൾക
നിന്നിലേക്കെന്റെ
പ്രാണശ്വാസത്തെ നീ
    
മരണമേ നീഎങ്ങുപോയി?
നീ എങ്ങുപോയി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക