Image

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക യോഗം ഡിസംബര്‍ 10 വെള്ളിയാഴ്ച

മാത്യുക്കുട്ടി ഈശോ Published on 09 December, 2021
ന്യൂയോര്‍ക്ക്  മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക യോഗം ഡിസംബര്‍ 10 വെള്ളിയാഴ്ച
ന്യൂയോര്‍ക്ക് :  പ്രവാസി ജീവിതത്തിലും ഗൃഹാതുരത്വം നിലനിര്‍ത്തി  സ്‌പോര്‍ട്‌സ് പ്രേമികളായ ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കായിക വിനോദലോകം പടുത്തുയര്‍ത്തുവാന്‍ 34  വര്ഷം മുന്‍പ്  രൂപം കൊടുത്ത സ്‌പോര്‍ട്‌സ് ക്ലബ്ബായ ന്യൂയോര്‍ക്ക്  മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ  2021-ലെ വാര്‍ഷിക ആഘോഷം നടത്തപ്പെടുന്നു.  10-നു  വെള്ളിയാഴ്ച  വൈകിട്ട്  6.30 മുതല്‍  ഹെംസ്റ്റെഡിലുള്ള ക്‌നാനായ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന വാര്‍ഷിക ആഘോഷം  ന്യൂയോര്‍ക്കിലെ മലയാളി സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്. ന്യൂയോര്‍ക്ക് സിറ്റി ഡിസ്ട്രിക്ട്-23 കൌണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട  ലിന്‍ഡ  ലീയും  മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സ്‌പോര്‍ട്‌സ് രംഗങ്ങളിലുള്ള വിശിഷ്ട വ്യക്തികളും ക്ലബ്ബ് കുടുംബാംഗങ്ങളും  യോഗത്തില്‍ പങ്കെടുക്കുന്നതാണ്.

ലോങ്ങ് ഐലന്‍ഡ്, ക്യുന്‍സ് കൗണ്ടികളിലെ  സ്‌പോര്‍ട്‌സ്   പ്രേമികള്‍ക്കായി  സോക്കര്‍,  ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബാള്‍,  വോളിബാള്‍  എന്നീ ഇനങ്ങളിലായി ടീമുകളെ രൂപീകരിക്കാനും അമേരിക്കയിലെയും കാനഡായിലെയും വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെട്ട മത്സരങ്ങളില്‍ ടീമുകളെ പങ്കെടുപ്പിച്ചു വിജയം കൈവരിക്കാനും  ഇതിനോടകം ഈ ക്ലബ്ബിനു സാധിച്ചു.

1984-ല്‍  ക്വീന്‍സിലുള്ള അലി പോണ്ട്  പാര്‍ക്കില്‍ സ്‌പോര്‍ട്‌സ് സ്‌നേഹികളായ ഏതാനും  മലയാളി  യുവാക്കള്‍ ഫുട്‌ബോള്‍ കളിക്കുവാന്‍ ഒത്തുചേരുകയും  പിന്നീട്  ആ കൂടിച്ചേരല്‍  1987-ല്‍ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബായി രൂപീകരിക്കപ്പെടുകയും ചെയ്തു.  ക്ലബ്ബായി  രൂപീകരിക്കപ്പെട്ട  ആദ്യ വര്‍ഷം  തന്നെ സ്ഥാപക  പ്രസിഡന്റ്    ജോണ്‍ ജേക്കബിന്റെ (വത്സലന്‍) നേതൃത്വത്തില്‍  സോക്കര്‍  വാര്‍ഷിക മത്സരങ്ങള്‍ക്കായി ''കൈരളി ട്രോഫി'' ഏര്‍പ്പെടുത്തുകയും ആദ്യ സോക്കര്‍  മത്സരത്തിനു  ന്യൂയോര്‍ക്കില്‍ ആതിഥേയത്വം വഹിക്കുകയും ചെയ്തു. ആഗോള പാന്‍ഡെമിക്ക് കോവിഡ് -19  മൂലം 2020 -ല്‍ മാത്രം മുടക്കം സംഭവിച്ച  വാര്‍ഷിക കൈരളി ട്രോഫി സോക്കര്‍ മത്സരത്തിന്റെ  33-മത്  മത്സരം റോക്കുവില്‍സെന്ററില്‍  വച്ചു 2021 ഒക്ടോബര്‍ മാസം നടത്തപ്പെട്ടു.  നിലവിലുള്ള ക്ലബ്ബ് പ്രസിഡന്റ് സജി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ  ഈ മത്സരം  ക്ലബ്ബിന്റെ ഇത്രയും നീണ്ട വര്ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ സാക്ഷ്യം കൂടിയാണ്. വാശിയേറിയ സോക്കര്‍ മത്സരത്തില്‍ ഫിലാഡല്‍ഫിയ ടീമിനെ 2-0  ഗോളിന് തോല്‍പ്പിച്ച് ആതിഥേയ ക്ലബ്ബിന്റേതായ NYMSC Islanders  ടീം കൈരളി ട്രോഫി കരസ്ഥമാക്കി.

ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സിറ്റി കൗണ്‍സില്‍മാന്‍മാരുടെയും   അസ്സംബ്ലിമാന്‍മാരുടെയും ഡിപ്പാര്‍ട്ടമെന്റ് ഓഫ് എഡ്യൂക്കേഷന്റെയും ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ടമെന്റ് ഓഫ് യൂത്ത് ആന്‍ഡ് കമ്മ്യൂണിറ്റി ഡിവിഷന്റെയും നിരന്തരമായ സഹായ സഹകരണങ്ങള്‍  ലഭിക്കുന്നത് പ്രത്യേകം സ്ലാഖനീയമാണ്.  ക്യുന്‍സിലെയും ലോങ്ങ് ഐലണ്ടിലെയും വിവിധ സ്‌കൂള്‍ ഗ്രൗണ്ടുകള്‍ സ്‌പോര്‍ട്‌സ് പരിശീലനങ്ങള്‍ക്കായി ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രോത്സാഹജനകമാണ്.  ക്യുന്‍സിലുള്ള ക്രീഡുമോര്‍ സൈയാട്രിക് സെന്ററിലെ ബില്‍ഡിങ് 18-ലെ ജിമ്മും വിവിധ സ്‌പോര്‍ട്‌സ് പരിശീലനങ്ങള്‍ക്കായി ക്ലബ്ബ് ഉപയോഗിച്ച് വരുന്നു.  സ്‌പോര്‍ട്‌സ് സ്‌നേഹികളായ മലയാളികള്‍  ആര്‍ക്കും  ക്ലബ്ബില്‍ അംഗത്വം നല്‍കുന്നതാണ്.

നിലവില്‍ ക്ലബ്ബ്   പ്രെസിഡന്റായി  സജി തോമസും  സെക്രട്ടറിയായി  സക്കറിയ മാത്യുവും പ്രവര്‍ത്തിക്കുന്നു.  മറ്റു ഭാരവാഹികള്‍ - വൈസ്പ്രസിഡന്റുമാര്‍ - റെജി ജോര്‍ജ്, രാജു പറമ്പില്‍, രഘു നൈനാന്‍.  ജോയിന്റ് സെക്രട്ടറി - സിങ് നായര്‍, ട്രഷറര്‍ - മാത്യു ചെറുവള്ളില്‍.  കമ്മറ്റി അംഗങ്ങള്‍ - ബിജു മാത്യു, സുജിത് ഡേവിഡ്, മാത്യു ഫിലിപ്പ്, വര്‍ഗീസ് മാത്യു, ജെയ്‌സണ്‍ സജി.  അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ - ചാക്കോ ഈപ്പന്‍, സാനി അമ്പൂക്കന്‍, ജേക്കബ് വര്‍ക്കി,  റോബി വര്ഗീസ്, ഷിബു തരകന്‍. ഓഡിറ്റര്‍ - ബിജു ചാക്കോ.  വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 646-591-8465.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക