Image

ധീരജവാന്റെ വേര്‍പാടറിയാതെ അച്ഛന്‍ ; സങ്കടക്കടലായി അറയ്ക്കല്‍ വീട്

ജോബിന്‍സ് Published on 09 December, 2021
ധീരജവാന്റെ വേര്‍പാടറിയാതെ അച്ഛന്‍ ;  സങ്കടക്കടലായി അറയ്ക്കല്‍ വീട്
ഭാരതത്തിന്റെ സംയുക്ത സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലായിരുന്ന കേരളത്തിന് തൊട്ടു പിന്നാലെ എത്തിയ വാര്‍ത്ത ഹൃദയഭേദകവും ഇരട്ടി ആഘാതം നല്‍കുന്നതുമായിരുന്നു. അപകടത്തില്‍ കേരളത്തിന്റെ അഭിമാനമായ മലയാളി ജവാന്‍ പ്രദീപും കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വിവരം.

തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ രാധാകൃഷ്ണന്റെയും കുമാരിയുടേയും മകനാണ് പ്രദീപ്.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വെന്റിലേറ്ററില്‍ കഴിയുന്ന അച്ഛന്‍ രാധകൃഷ്ണന്‍ മകന്റെ വിയോഗ വാര്‍ത്ത ഇതുവരെ അറിഞ്ഞിട്ടില്ല. 

ഹെലികോപ്ടര്‍ അപകടവാര്‍ത്ത അറിഞ്ഞത് മുതല്‍ അമ്മ കുമാരി ആവലാതിയിലും പ്രാര്‍ത്ഥനയിലുമായിരുന്നു. വീടിനു ചുറ്റും ആളുകള്‍ കൂടുന്നതും അസ്വഭാവികതയും കണ്ടപ്പോള്‍ കുമാരിക്ക് കാര്യം മനസ്സിലായി. തുടര്‍ന്ന് മരണവാര്‍ത്ത കുമാരിയെ അറിയിച്ചു. അലമുറയിട്ടു കരയുന്ന കുമാരിയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമാവുന്നില്ല. 

ഭാര്യ ശ്രീലക്ഷ്മിയും മക്കളായ ദക്ഷിണ്‍ദേവ്(7), ദേവപ്രയാഗ് (2) എന്നിവരും പ്രദീപിനൊപ്പം സുലൂരിലാണ് താമസം. പ്രസാദാണ് പ്രദീപിന്റെ സഹോദരന്‍. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രദീപ് നാട്ടില്‍ വന്നിരുന്നു. അച്ഛനെ വീട്ടിലെത്തിച്ച് മകന്റെ ജന്‍ദിനവും ആഘോഷിച്ച ശേഷമാണ് മടങ്ങിപ്പോയത്. 

തിരികെയെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004 ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. പിന്നീട് ഫ്‌ളൈറ്റ് ക്രൂവായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹെലികോപ്ടറില്‍ പോകുന്ന കാര്യം ചൊവ്വാഴ്ച വിളിച്ചപ്പോള്‍ അമ്മയോട് പറഞ്ഞിരുന്നു. 2018 ലെ പ്രളയകാലത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ പ്രദീപും ഉണ്ടായിരുന്നു. അദ്ദേഹം സ്വയം സന്നദ്ധനായി ഈ ദൗത്യത്തില്‍ അന്ന് ഭാഗമാവുകയായിരുന്നു. 

ധീരസൈനികന്റെ ആകസ്മീക വേര്‍പാടിന്റെ ദു:ഖത്തിലാണ് നാടും വീടും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക