Image

ഈമാൻദാരി പരന്തു ഉ. സാ.ഘ ( മൃദുമൊഴി 34: മൃദുല രാമചന്ദ്രൻ)

Published on 05 December, 2021
ഈമാൻദാരി പരന്തു ഉ. സാ.ഘ ( മൃദുമൊഴി 34: മൃദുല രാമചന്ദ്രൻ)
"പ്രിയ സോദരീ, ഇന്ത്യയെ കാണണം എങ്കിൽ ബോംബെയിലേക്ക് വരൂ" -ഈ വാചകം ഞാൻ വായിക്കുന്നത് ഒരു ഓട്ടോഗ്രാഫ് ബുക്കിൽ ആണ്, ഏകദേശം മുപ്പത് കൊല്ലം മുൻപ്, എന്റെ കസിൻ ചേച്ചിയുടെ ഓട്ടോഗ്രാഫിൽ, ഇളം മഞ്ഞ നിറമുള്ള മിനുത്ത പേജിൽ, ചേച്ചിയുടെ സ്വന്തം സഹോദരൻ എഴുതിയ വാചകം. അക്കാലത്ത് ചേട്ടൻ ബോംബെയിൽ ആയിരുന്നു.മുംബാ ദേവിയുടെ നഗരം അന്നത്തെ ചെറിയ കുട്ടിയുടെ മനസിൽ തെളിഞ്ഞത്, ഒരു നീണ്ട റെയിൽവേ ട്രാക്കിന്റെ തൊട്ട് , നിരന്ന് നീണ്ടു കിടക്കുന്ന കുറെ കെട്ടിടങ്ങൾ ആയിട്ടാണ്. സ്‌കൂൾ കെട്ടിടം പോലെയുള്ള ഈ കെട്ടിടത്തിന്റെ ഇടയിൽ ഉള്ള ഒരൊറ്റ ട്രാക്കിൽ കൂടി ഇടയ്ക്ക്, ഇടയ്ക്ക് കൂകി വിളിച്ചു കടന്നു പോകുന്ന മഞ്ഞ നിറത്തിൽ ഉള്ള ഒരു ട്രെയിൻ....കുറെ കാലം ഇന്നത്തെ മുംബൈ എന്ന മഹാനഗരത്തെ മനസിൽ കൊണ്ടു നടന്നത്, ഇങ്ങനെ ഒരു വിചിത്ര ഭാവത്തിൽ ആയിരുന്നു.അതെന്തു കൊണ്ടാണ് എന്നറിയില്ല.ഒരു പക്ഷെ, ചില വാക്കുകൾ മനസിൽ ചില പ്രത്യേക ദൃശ്യ പ്രതീതികൾ സൃഷ്ടിക്കുമായിരിക്കും.ആ വാക്ക് യഥാർത്ഥത്തിൽ ധ്വനിപ്പിക്കുന്നത്, സൂചിപ്പിക്കുന്നത് എന്താണെന്ന് മനസിലാകുന്നത് വരെ ,ഈ ബിംബം മനസിൽ ഉണ്ടാകും.ചിലപ്പോൾ വാക്ക് എന്താണെന്ന് ശരിക്ക് മനസിലായതിന് ശേഷവും.....

വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ,വാനില എസെൻസിന്റെയും,കൈതച്ചക്കയുടെയും  സുഗന്ധം മുന്തി നിൽക്കുന്ന ബിരിയാണി ഞാൻ ആദ്യം കഴിച്ചത് അച്ഛന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കൊണ്ടു വന്നിട്ടാണ്.പക്ഷെ അത് വരെയും, ഒരു പക്ഷെ അത് കഴിഞ്ഞിട്ടും, ബിരിയാണി എന്ന് കേൾക്കുമ്പോൾ ഉലർന്ന് കിടക്കുന്ന,  മൃദുവായ നീണ്ട ബസ്മതി റൈസ് അല്ല, ഘനമുള്ള, കാഠിന്യമുള്ള എന്തോ ഒരു വസ്തുവാണ് എന്നാണ് എനിക്ക് തോന്നുക.

രാമാനന്ദ സാഗറിന്റെ "രാമായണ" വും, ചോപ്രമാരുടെ "മഹാഭാരത" വും പോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവനും സ്വാധീനം ചെലുത്തിയ മറ്റൊരു ടെലിവിഷൻ പരിപാടി ഉണ്ടാകില്ല.ഭാരതം മുഴുവനും നിതീഷ് ഭരദ്വാജിന്റെ കള്ള ചിരിയിൽ കുതിർന്നു.നിതീഷ് ഭരദ്വാജ്-ഫിറോസ് ഖാൻ കൃഷ്ണ-അർജുന ജോഡിയുടെ ജനപ്രിയതക്ക്, അനേകം ദശാബ്ദങ്ങൾക്ക് ശേഷം വെല്ലുവിളി ഉയർത്തിയത് സ്റ്റാർ പ്ലസ് സംപ്രേക്ഷണം ചെയ്ത 'മഹാഭാരത' ത്തിലെ സൗരഭ് രാജ് ജെയിൻ-ഷഹീർ ഷെയ്ക്ക് കൃഷ്ണാർജുന ജോഡിയാണ്.

അന്ന് രാമായണവും, മഹാഭാരതവും  പരിചയപ്പെടുത്തിയ രണ്ട്  കൗതുക വാക്കുകൾ ആയിരുന്നു, പരന്തുവും, കിന്തുവും.ഓരോ എപ്പിസോഡിലും അനേകം തവണ ഈ വാക്കുകൾ ആവർത്തിക്കപ്പെട്ടു.ഒരു എപ്പിസോഡിൽ എത്ര "പരന്തു" വരുന്നു എന്ന് എണ്ണാറു കൂടിയുണ്ട്‌.എങ്കിലും, എന്നാലും എന്നൊക്കെ അർത്ഥമുള്ള  കുഞ്ഞു  Conjunctions  ആണ് ഈ വാക്കുകൾ എങ്കിലും, കിട്ടനും, പരമുവും എന്ന് മലയാളീകരിച്ചു നാമരൂപങ്ങൾ ആയി അവരെ കൊണ്ട് നടന്നിരുന്നു.

"ഈമാൻദാരി" എന്ന ഹിന്ദി വാക്കിന്റെ അർത്ഥം സത്യസന്ധത എന്നാണ്.പക്ഷെ ഈനാംപേച്ചി എന്ന വാക്കിനോട് പുലർത്തുന്ന അടുത്ത് സാമ്യം കൊണ്ടാകാം വളരെ വേഗത്തിൽ ഓടുന്ന ഒരു ജീവിയെ പോലെ ആണ് എനിക്ക് ഈമാൻദാരി തോന്നുന്നത്.

ലഘുതമ സാധാരണ ഗുണിതം, ഉത്തമ സാധാരണ ഘടകം( ശരിയാണോ, എന്തോ !) ലാ.സാ.ഗു/ ഉ. സാ.ഘ,കുട്ടിക്കാലത്തെ വെറുതെ കുഴപ്പിച്ച രണ്ട് പേർ.ആറാം ക്ലാസിലെ കൊല്ല പരീക്ഷ കഴിഞ്ഞതിൽ പിന്നെ, ഈ നാല്പത് വയസിന് ഇടയ്ക്ക് ഞാൻ ഒന്നിന്റെയും ലാ.സാ.ഗുവും കണ്ടിട്ടില്ല, ഉ. സാ.ഘ യോട് ഒട്ടു മിണ്ടിയിട്ടും ഇല്ല.ഉത്തരേന്ത്യൻ വധുക്കൾ ധരിക്കുന്ന വീതിയും, നീളവും, ഉള്ള , കല്ലു പതിപ്പിച്ച മാലകളുടെ ഓർമയുണർത്തും എനിക്കീ കണക്കു ചുരുക്കെഴുത്തുകൾ.....

നിങ്ങളുടെ മനസിലും ഇങ്ങനെ ചില വാക്കുകൾ ഉണ്ടാകും.കുന്നിക്കുരു പോലെ കറുത്തും,ചുവന്നും...കേൾക്കുമ്പോൾ ഒക്കെയും സ്വന്തം രൂപത്തിന് അപ്പുറം, ഏതോ വിചിത്ര സ്മരണയുടെ മായാരൂപം കയ്യേൽക്കുന്ന വാക്കുകൾ. വാക്കുകൾ പൊട്ടി കിളർക്കട്ടെ....
ഈമാൻദാരി പരന്തു ഉ. സാ.ഘ ( മൃദുമൊഴി 34: മൃദുല രാമചന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക