Image

കോവിഡ് വ്യാപനവും മരണവും കൂടുതല്‍; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

Published on 04 December, 2021
കോവിഡ് വ്യാപനവും മരണവും കൂടുതല്‍; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്
ന്യൂഡല്‍ഹി:  ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കേരളത്തിനു പുറമേ ഒഡീഷ, കര്‍ണാടക, തമിഴ്നാട്, മിസോറം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനുമാണ് കത്തയച്ചത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍, വിദേശയാത്രക്കാരില്‍ (പ്രത്യേകിച്ച് അപകടസാധ്യതയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍) നിരീക്ഷണം വര്‍ധിപ്പിക്കാനും ഹോട്‌സ്പോട്ടുകള്‍ നിരീക്ഷിക്കാനും കോവിഡ് രോഗികളുടെ എല്ലാ സാംപിളുകളും ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു.

കേരളത്തിലെ കോവിഡ് മരണനിരക്കിലുണ്ടായ കുതിപ്പില്‍ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. നവംബര്‍ 19നും നവംബര്‍ 25നും ഇടയില്‍ തൃശൂര്‍ ജില്ലയില്‍ 12 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അടുത്ത ആഴ്ച ഇതു 128 മരണമായി. ഇതേ കാലയളവില്‍ മലപ്പുറം ജില്ലയില്‍ 70 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ അടുത്ത ആഴ്ച 109 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിലെ കഠ്വ ജില്ലയില്‍, നവംബര്‍ 26നും ഡിസംബര്‍ 2നും ഇടയില്‍ ഒരാഴ്ച മുന്‍പുള്ളതിനെ അപേക്ഷിച്ച്, പുതിയ കേസുകളില്‍ എണ്ണത്തില്‍ 727 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം 152 ശതമാനം ഉയര്‍ന്നു. അതുപോലെ മിസോറമിലെ സൈഹയിലും (237 ശതമാനം), ഒഡീഷയിലെ ധെങ്കനാലും (667 ശതമാനം) പ്രതിവാര കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക