Image

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

Published on 04 December, 2021
ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)
ഞാൻ കറുത്തവൻ
മാർട്ടിൻ ലൂഥർ കിങ്‌!  
എനിക്ക് ഏറെ പറയുവാനുണ്ട്.
 നീഗ്രോയുടെ ജീവിതം
വിവേചനത്തിന്റെ ചങ്ങലയിൽ ബന്ധിതമാണ്.
 കാഴ്ചയ്ക്കപ്പുറമുള്ള
ചിതലരിച്ച വിടവിലൂടെ
 നോക്കിയാൽ
  കടവാവലുകളുടെ
 ചിറകടിയൊച്ച.
 തിരിച്ചറിയാനാവാത്ത
 ഒരു പക്ഷി ഇപ്പോഴും കുറുകുന്നു.
 ഇനി എത്ര രാത്രികൾ
  ഉറങ്ങാതെ കാക്കണം.
 അനീതിയുടെ ഇരുമ്പു പൂട്ട് തകർക്കാൻ,
 ബന്ധനത്തിന്റെ നീണ്ട രാത്രിക്കൊടുവിൽ,
സ്വാതന്ത്ര്യത്തിന്റെ
 പൊൻപുലരി തീർക്കാൻ.
 മാറ്റുവിൻ ചട്ടങ്ങളെ എന്ന് പറയുവാൻ,
അനീതിയുടേയും അടിച്ചമർത്തലിന്റെയും  കൊടുങ്കാറ്റിൽ തകരാതെ,
 തീക്ഷ്ണമാം അഗ്നിയിൽ
 സ്ഫുടം ചെയ്ത
 നല്ല നാളെക്കായി കാത്തിരിക്കാം!
 നിലാവൊഴുകിയ രാത്രിയിൽ കൂട്ടിന് ആർത്തനാദത്തിന്റെ ചൂളംവിളി.
 അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ക്കിടയിൽ,
 വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്ത് വിതയ്ക്കാതെ
 പുതിയ മുന്നേറ്റങ്ങൾക്ക്
 ജീവനം പകരുക!
 ഇടനെഞ്ചിലെ മിടിപ്പറിയുന്ന ഭാഷയായ്,
 പ്രതിഷേധ ഗീതത്തിന്റെ സ്വരവേഗങ്ങളിൽ,
  ചിതറിയോടുന്ന കാഴ്ചകൾക്കപ്പുറം
  ന്യൂയോർക്കിന്റെ  കരുത്തുറ്റ മലകളിൽ
   സ്വാതന്ത്ര്യത്തിന്റെ
  പ്രകാശഗോപുരം
  തീർക്കാം!
 ഞാൻ തേടുന്നത് മോചനത്തിലേക്കുള്ള വഴിയാണ്.
 വർഗ്ഗ വിവേചനത്തിന്റെ
 കൊടിയ പീഡകളിൽ നിന്നും,
 നോവുകൾ ഉണങ്ങാത്ത മുറിപ്പാടുകളിൽ നിന്നും,
സാഹോദര്യത്തിന്റെ
  പ്രകാശമാനമായ ദിനത്തിനായി,
 സഹനത്തിന്റെ വിത്ത് വിതച്ച്,
 പുനർജനിയുടെ പുണ്യം  തേടി,
 സ്നേഹവസന്തമായ് ലോകം മാറ്റുവാൻ ,
 സോദരേ ഒന്നിച്ച് മുന്നേറാം !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക