Image

ചുരുളി ഗ്രാമക്കാര്‍ നീതി തേടുമ്പോള്‍ .... (ഉയരുന്ന ശബ്ദം-43: ജോളി അടിമത്ര)

Published on 03 December, 2021
ചുരുളി ഗ്രാമക്കാര്‍ നീതി തേടുമ്പോള്‍ .... (ഉയരുന്ന ശബ്ദം-43: ജോളി അടിമത്ര)
ചുരൂളി പോയി മരയ്ക്കാര്‍ വന്നു !.കാറ്റു പോയി കൊടുങ്കാറ്റു വന്നു എന്നു പറഞ്ഞപോലെയായി.

കുടുംബസമേതം ചുരുളിസിനിമ  കണ്ട് സന്തോഷിച്ചവര്‍ എത്ര പേരുണ്ട് ?. കാണണം, എല്ലാവരും മക്കളുമായി ഇരുന്നു കാണണം.18 + വാണിംഗ് ഇട്ട് മുന്‍കൂര്‍ നിയമ പരിരക്ഷ നേടിയാണ് ധീരനായ  സംവിധായകന്‍ നമ്മളെ സിനിമ കാണിക്കുന്നത്.അല്ല, തെറി പഠിപ്പിക്കുന്നത്. പുകവലി ഹാനികരമെന്ന് എഴുതികാണിക്കുന്ന സിനിമയില്‍ നായകന്‍ തുടരെ സിഗരറ്റ് വലിച്ചുകൂട്ടുന്നത് പോലയേ ഇതുമുള്ളൂ.

 ഭാര്യയും ഭര്‍ത്താവും കുഞ്ഞു മക്കളെ വശങ്ങളിലിരുത്തി ഈ ' മഹത്തായ ' സിനിമ കാണണം.  അവര്‍ പച്ച മനുഷ്യരായി വളരട്ടെന്നേ.
നാളെ അവര് 18 പിന്നിടേണ്ടവരാണല്ലോ. അവര് നേരത്തേ ഭാഷാ പരിജ്ഞാനം നേടട്ടെ.കുട്ടികള്‍  വാക്കുകളുടെ സംശയം ചോദിച്ചാല്‍-പലതും അവര്‍ കേട്ടിട്ടില്ലാത്ത പുതു ഭാഷയാണല്ലോ.അര്‍ത്ഥം അപ്പപ്പോള്‍ പറഞ്ഞുകൊടുത്ത് സംശയം തീര്‍ക്കാമല്ലോ.  കൂടെപ്പഠിക്കുന്ന പെങ്കുട്ടികളോടും അധ്യാപകരോടും ഈ വാക്കുകള്‍ മക്കള്‍  പ്രയോഗിക്കട്ടെ.അരിശം വരുമ്പോള്‍ തെറികള്‍ നമ്മുടെ നാല്‍ക്കവലകളെ സജീവമാക്കട്ടെ.

ശരീരത്തിലെ പല അവയവങ്ങളുടെയും പേരുകളാണ് പ്രതിഭാധനനായ തിരക്കഥാകൃത്ത് എഴുതി വച്ചതും സംവിധായകന്‍
Ok പറഞ്ഞതും  നടന്‍ കലിച്ചു പറയുന്നതും. അതിലവര്‍ക്കൊരു മോശവും തോന്നിയില്ല. കാരണം അവരുടെയൊക്കെ വീട്ടില്‍ ഉപയോഗിക്കുന്ന സാധാരണ ഭാഷ മാത്രമാവണം അത്. ദേഷ്യം വരുമ്പോള്‍ അവര്‍ സ്വന്തം അപ്പനോടും അമ്മയോടും ഭാര്യയോടും മക്കളോടും പ്രയോഗിക്കുന്ന വാക്കുകള്‍.അല്ലങ്കില്‍ ഇത്ര ഉളളിപ്പില്ലാതെ പടപടാ എന്ന് പച്ചത്തെറി പറയാന്‍ ഇത്തിരി നാണം തോന്നിയേനെ.

നമ്മുടെ കുഞ്ഞുങ്ങള്‍ക്കീ ഭാഷ മനസ്സിലാവില്ല. സിനിമയ്ക്കിടെ അവര്‍  നമ്മളോട് അതുകൊണ്ടുതന്നെ സംശയം ചോദിക്കും.അപ്പോള്‍ അച്ഛനും അമ്മയും  ആ അവയവങ്ങള്‍ തൊട്ടു കാണിച്ച് , ഈചെറ്റ ഭാഷയില്‍ പറയുന്ന അസംസ്‌കൃത വസ്തുക്കള്‍ ദാ, ഇതാണ് എന്നു പറഞ്ഞ് സംശയം  തീര്‍ത്തു തീര്‍ത്ത്  പോകണം.

 മുല, യോനി, ലിംഗം,ശുക്‌ളം,ആര്‍ത്തവം, കുണ്ടി തുടങ്ങിയ വാക്കുകള്‍ പോലും മറ്റൊരാളിന്റെ കേള്‍ക്കെ ഉളിപ്പില്ലാതെ പറയാല്‍ നാവ് വഴങ്ങാത്തവരാണ് സാധാരണ മലയാളികള്‍.  തീട്ടത്തെ മലമാക്കി വെളളപൂശുന്ന മലയാളി, കുണ്ടിയെ ചന്തിയും നിതംബവുമാക്കി .നമ്മള്‍ തൂറാന്‍ പോവാതായിട്ട് എത്ര വര്‍ഷങ്ങളായി. പകരം കക്കൂസില്‍ പോവുകയേയുള്ളൂ.രണ്ടു സ്ത്രീകള്‍ പോലും തമ്മില്‍ സംസാരിക്കുമ്പോള്‍ എന്റെ മുലയ്ക്ക് തടിപ്പുണ്ടെന്ന്  പറയാറില്ല. എന്റെ ബ്രസ്റ്റില്‍, നെഞ്ചില്‍  മാറിടത്തില്‍, അല്ലെങ്കില്‍ അമ്മിഞ്ഞയില്‍, ഇങ്ങനെ മാന്യവത്കരിച്ചേ പറയാറുള്ളൂ. അതാണ് മലയാളിയുടെ സദാചാരം അല്ലെങ്കില്‍ കപട സദാചാരം.

ഭക്തിയുടെ ഭാഗമായിട്ടും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് എന്തുകൊണ്ട് നമ്മുടെ ചാനലുകളില്‍ ഒരിക്കല്‍പ്പോലും അവതരിപ്പിച്ചിട്ടില്ല. എന്തുകൊണ്ട് അതിനെ മഹത്വവത്കരിക്കുന്നില്ല.രണ്ടു മൂന്നക്ഷരം ചേര്‍ത്താല്‍ ഉണ്ടാകുന്ന വാക്കിന് പ്രത്യേകിച്ച് അര്‍ത്ഥമുണ്ടാവില്ല. നാമിടുന്ന, പറഞ്ഞു ശീലിച്ച അര്‍ത്ഥം മാത്രമേയുള്ളൂ. പക്ഷേ പറഞ്ഞു പറഞ്ഞ് അത് ചീത്ത വാക്കാണ്.

പ്രിയപ്പെട്ട തിരക്കഥാകൃത്തേ, സംവിധായകാ, നിങ്ങടെ വീട്ടിലെ  സംഭാഷണ ഭാഷ ഇങ്ങനെയൊക്കെയാണോ . തന്തയോടും തള്ളയോടും ഈ ഭാഷയാണോ നിങ്ങള്‍ പറയുക. ദേ,തന്ത, തള്ള എന്ന് ഞാനിപ്പോള്‍  പറയുന്നതു പോലും സഭ്യമല്ല എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. നിങ്ങളുടെ അമ്മയ്‌ക്കോ അമ്മായിയമ്മയ്‌ക്കോ യോനീ സംബന്ധമായ അസുഖം വന്നാല്‍ , ഈ സിനിമയിലെ ഭാഷയനുസരിച്ച്,
 അമ്മേ,  ഡാഷിനു വേദന കുറവുണ്ടോ എന്നാണോ ചോദിക്കുക ?.അച്ഛന് മൂത്രാശയ രോഗം ബാധിച്ചാല്‍ അല്ലെങ്കില്‍  മൂത്രം പോകുന്നില്ലെങ്കില്‍  അച്ചന്റെ ഡാഷിന് നീരുണ്ടോ? എന്നാണോ ചോദിക്കുക. ആസ്പത്രിയില്‍ അവരെ കൊണ്ടുചെന്ന് ഡോക്ടറേ എന്റമ്മേടെ ,അല്ലേല്‍ ഭാര്യയുടെ  ഡാഷിന് എന്തോ ആരോഗ്യപ്രശ്‌നമുണ്ട്, അല്ലെങ്കില്‍ എന്റച്ഛന്റെ ഡാഷിന് നീരുണ്ട് എന്നാണോ പറയുക.

ഒരിക്കലുമല്ലല്ലോ. അപ്പോള്‍ നിങ്ങള്‍ മാന്യതയുടെ പട്ടു കുപ്പായമിടും.സംസാകാരചിത്തരാകും,മാന്യന്‍മാരാകും.

 പൊതുനിരത്തിലെ കോണ്‍ഗ്രസ്സിന്റെ   പ്രതിഷേധത്തില്‍ റോഡ് ബ്ലോക്കായപ്പോള്‍ എത്ര കലിപ്പുണ്ടായിട്ടും പ്രകോപനമുണ്ടായിട്ടും   ജോജു ജോര്‍ജ്ജ്  ചുരുളിയില്‍ പറഞ്ഞ തെറിയൊന്നും നാട്ടുകാരെ വിളിച്ചില്ലല്ലോ. എവിടെ എങ്ങനെ സംസാരിക്കണമെന്ന് അപ്പോള്‍  കൃത്യമായി നമ്മള്‍ക്ക് അറിയാം.എന്നിട്ട് ഞങ്ങടെ മുന്നിലോട്ട്, ലക്ഷക്കണക്കിന് മലയാളികളുടെ വീടുകളിലേക്ക് ഈ പച്ചത്തെറി ചീറ്റിത്തെറിപ്പിക്കുക.

ജോജുവിനെപ്പോലെ ഒരു  അനുഗൃഹീത നടന്‍  പണത്തിനു വേണ്ടി ഈ ചീഞ്ഞ വേഷംകെട്ടിന് പോവരുതായിരുന്നു.അത് അഭിനയം മാത്രമാണെന്ന് പറഞ്ഞ് കൈകഴുകരുത്.  തിരക്കഥാകൃത്ത് എഴുതി വച്ചത് സംവിധായകനന്‍ പറയുന്നതു കേട്ട് ,പണത്തിനും ചാന്‍സിനും വേണ്ടി  കിടപ്പറ സീനും കുളിസീനും  ചെയ്തു കൂട്ടിയ,ഇത്തിരി തുണിയില്‍ അഴിഞ്ഞാടിയ നടിമാരുടെ സ്ഥാനം സിനിമയില്‍ എവിടെയാണെന്ന് നമ്മള്‍ക്കറിയാം. പുരുഷനായതു കൊണ്ട് പറഞ്ഞുപോയ തെറികള്‍ ജോജുവിനെ അത് ബാധിക്കുന്നില്ലായിരിക്കാം. പക്ഷേ ഈ വാക്കുകളാണോ ഈ നടന്‍മാര്‍  ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും പ്രയോഗിക്കുക.എന്തായാലും  എത്ര വിവാദങ്ങളുണ്ടാക്കിയാലും സിനിമ വില്‍ക്കാന്‍  തെറിയെ കൂട്ടുപിടിച്ചത് കൂതറ പരിപാടിയായി.
 മക്കള്‍ക്കൊപ്പമിരുന്ന്  ഈ സിനിമ  കാണാന്‍ ഒരമ്മയും അച്ഛനും എന്തായാലും തയ്യാറാവില്ല.  സംവിധായകന്റെയും തിരക്കഥാകാരന്റെയും നിര്‍മ്മാതാവിന്റെയും നടന്റെയും  ഭാര്യമാര്‍ കണ്ണടച്ച് ഈ തെറി ഭര്‍ത്താക്കന്മാരെ ഒരിക്കലെങ്കിലും തിരിച്ചുവിളിക്കണം. തോന്നുന്നെങ്കില്‍ ഇത്തിരി നാണം തോന്നട്ടെ.അവരുടെ മക്കളും ഭാര്യമാരും ഈ സിനിമ കണ്ടുകാണുമോ ആവോ .ഇവരൊക്കെ ഊട്ടിയിലും കൊടൈക്കനാലിലും വിട്ട് പഠിപ്പിക്കുന്ന മക്കളെ ഈ ചെറ്റ ഭാഷ കേള്‍പ്പിക്കുമോ ,അതോ സിനിമയേ കാണിക്കാതിരിക്കുമോ ?

സിനിമയിലെ അഭിനയം മലയാളിക്കു മനസ്സിലാകും,അത് ജീവിതത്തില്‍ പകര്‍ത്തില്ല എന്നൊക്കെ പറഞ്ഞ് തടി ഊരാന്‍ നോക്കരുത്.സിനിമയിലെ പ്രണയവും സെക്‌സും കൊലപാതകവും തട്ടിപ്പുകളും മോഷണവും കോപ്പിയടിച്ച് ഊരാക്കുടുക്കില്‍ പെട്ടവരെ നമ്മള്‍ക്കറിയാം.പല പ്രമാദമായ കേസുകളിലും കൊലപാതകം പോലും സിനിമ കണ്ട പ്രചോദനത്തില്‍ ചെയ്തതാണെന്ന് പ്രതികള്‍  കുറ്റ സമ്മതം നടത്തിയതും കണ്ടിട്ടുണ്ട്.സിനിമയ്ക്ക് വശീകരണ ശക്തിയുണ്ട്.
 
എന്താണ്  ചുരുളിസിനിമ മലയാളിക്കു നല്‍കുന്ന സന്ദേശം ?.
      ദേഷ്യം വരുമ്പോള്‍ ആര്‍ക്കും ആരെയും ചുരുളിത്തെറി വിളിക്കാമെന്നാണോ? അയല്‍ക്കാര്‍ തമ്മില്‍ കലമ്പല്‍ കൂടുമ്പോള്‍ പൂരപ്പാട്ടു പാടിയാല്‍ ന്യായീകരിക്കാമെന്നതാണോ?കുടിച്ചു മുള്ളി നാല്‍ക്കവലയില്‍ നിന്ന് പെരും തെറി പറഞ്ഞിരുന്ന മുക്കുടിയന്മാരുടെ ഓര്‍മ്മ പോലും അന്യം നിന്നപ്പോഴാണ് സംവിധായകന്‍ ദാ,തെറിയുടെ ആറാട്ടുമായി സിനിമ സമ്മാനിച്ചത്.
   
കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് പാലക്കാടുകാരി പ്രേമ നഗരമധ്യത്തില്‍ ഉണ്ടായ കാര്യം പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട ആണൊരുത്തന്‍ ചുരുളിത്തെറി  പറഞ്ഞ് നാട്ടാരെ ഞെട്ടിക്കുന്ന കാഴ്ച.തൊട്ടരികില്‍ പോലീസുണ്ട്.ഏമാനും കേട്ടോണ്ട് നില്‍ക്കുകയാണ്. അയാള്‍ ശാസിച്ചാല്‍ പുലിവാലാകും.പ്രതിഭാധനന്‍മാരായ തിരക്കഥാകൃത്തും സംവിധായകനും അഭിനേതാക്കളും മലയാളിക്കു സമ്മാനിച്ച ഭാഷാജ്ഞാനത്തിനു മുന്നില്‍ നമ്രശിരസ്‌കനാവാനേ പാവം പോലീസുകാരനു കഴിയൂ. ഇല്ലെങ്കില്‍ ആവിഷ്‌ക്കാര സ്വാതന്ത്യത്തെ അനുകരിച്ചു പോയ കുറ്റത്തിന് താക്കീത് നല്‍കിയെന്ന പേരില്‍ സസ്‌പെന്‍ഡ് ആവശ്യപ്പെടാന്‍വരെ ഇവിടെ വിഡ്ഡികളുണ്ട്.

എന്തായാലും ചുരുളി സിനിമ ശ്രദ്ധിക്കപ്പെട്ടു, കലാമികവു കൊണ്ടോ അഭിനയത്തനിമ കൊണ്ടോ അല്ല. പച്ചത്തെറിയുടെ നിഘണ്ടു പുതിയ തലമുറയ്ക്ക് സമ്മാനിച്ചതിന്. എത്രയോ മികവുറ്റ സിനിമകള്‍ ആരും കാണാതെ പോയ് മറഞ്ഞു.പക്ഷേ മിക്കപ്പോഴും ചുരുളി പോലുള്ള സിനിമകളാണല്ലോ ഇവിടെ അവാര്‍ഡുകള്‍ വാരിക്കൂട്ടുക.
  
സംവിധായകന്‍ മാപ്പു പറയേണ്ടതുണ്ട്.ഒരു ഗ്രാമത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചതിന്. കുടിയേറ്റക്കാരുടെ ഭാഷ തെറിയാണെന്ന് പ്രഖ്യാപിച്ചതിന്. അവരെ സംസകാരമില്ലാത്ത കാടന്‍മാരായി ചിത്രീകരിച്ചതിന്.ചുരുളി ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് കല്യാണം ആലോചിക്കുമ്പോള്‍ സിനിമയിലെ സന്ദേശം ബാധിക്കാതിരിക്കട്ടെ. എന്തായാലും അന്നാട്ടുകാര്‍ കേസിനു പോകാന്‍  തീരുമാനിച്ചത്രേ.ചുരുളിക്കാരി പെണ്ണിനെ കെട്ടിയാല്‍ ദേഷ്യം വരുമ്പോള്‍ അവള്‍ അമ്മായിയമ്മയെ ' മൈ,പു, ' വിളിച്ചാലോ എന്ന പേടി. ചുരുളിചെക്കനു പെണ്ണു കൊടുത്താല്‍ തങ്ങളുടെ വീട്ടിലേക്ക് തെറിയുടെ  ആലിപ്പഴം പൊഴിയുമോ എന്ന ഭയം.സത്യത്തില്‍  ഇടുക്കി ചെറുതോണിക്കടുത്തുള്ള ചുരുളി ,സാധുക്കളായ കുടിയേറ്റക്കാരുടെ ശാന്തമായ ഗ്രാമമാണ്.നമ്മുടെ നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങളൊക്കയേ അവിടെയുമുള്ളു.പകഷേ സംവിധായകന്‍ അത്  പൂരപ്പാട്ടിന്റെ കേദാരകൂടാരമാക്കി മാറ്റിക്കളഞ്ഞു.

പകരം തെറിഗ്രാമത്തിന്  ഒരു സാങ്കല്‍പ്പിക പേരിട്ടുകൊടുത്താല്‍ തീരാനുള്ളതേ ഉണ്ടായിരുന്നുള്ളു.പക്ഷേ, അപ്പോള്‍ വിവാദം ഉണ്ടാകില്ലല്ലോ.
ഒന്നു പറയാതെ വയ്യ.സിനിമ അതിന്റെ തെറി മാറ്റി നിര്‍ത്തിയാല്‍ മനോഹരമാണ്.അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.മുഴുവന്‍ കണ്ടിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട.പൂരപ്പാട്ട് ഇല്ലെങ്കിലും ജനം ആ സിനിമ കാണുമായിരുന്നു.

 ചുരുളിസംവിധായകനോ നടന്‍മാരോ പൊതുപരിപാടികള്‍ക്കെത്തുമ്പോള്‍ ഇതേ തെറികൊണ്ടു വരവേറ്റാലോ ?.അപ്പോഴും കോള്‍മയിര്‍ കൊള്ളണം.
ഏതായാലും അതിലെ പാട്ടുകളുടെ പേരിലും ബഹളം തുടങ്ങിക്കഴിഞ്ഞു.സിനിമ പരാജയപ്പെട്ടതിന്റെ കുറവു നികത്താന്‍ സംവിധായകന്‍ തന്നെ കളിക്കുന്നതാണെന്നും പറയുന്നുണ്ട്.
   ആസനത്തില്‍ ആലു കിളിര്‍ത്താല്‍ തണലാക്കുന്ന നാണംകെട്ടവന്‍മാരെന്ന് കേട്ടിട്ടില്ലേ?  (പൂര്‍വ്വീകര്‍ പറഞ്ഞു വച്ചതു പോലെ ആസനമെന്നല്ലാതെ ചുരുളി ഭാഷ ഞാന്‍ പ്രയോഗിച്ചില്ല കേട്ടോ). പണത്തിനു വേണ്ടി എന്തിനും തയ്യാറാവുന്നവര്‍ക്ക് ആസനത്തിലെ ആലും മഹാ തണലാണ്. അതുകൊണ്ട്  ഞാനിവിടെ നിര്‍ത്തുകയാണ്. ആവിഷ്‌കാരസ്വാതന്ത്യം എന്നത് ജീവിച്ചിരിക്കുന്നവന്റെ  നെഞ്ചില്‍ ചവിട്ടാനുള്ളതല്ല എന്നത് തിരിച്ചറിയാന്‍ ബുദ്ധിയില്ലാതെ പോയതല്ല.  മഹാപ്രതിഭയാകാനുള്ള അഭ്യാസം.അതിനെ പിന്‍തുണച്ച് പൂരപ്പാട്ടിന് പച്ചക്കൊടി കാണിക്കാനും കുറെ ഞാറുവാലികള്‍.


Join WhatsApp News
Pramila. പി. 2021-12-04 11:11:18
വളരെ മോശമെന്നു നാം കരുതുന്ന തെറികൾ ഇപ്പോൾ സിനിമയിൽ ഒരു ഒളിവുമില്ലാതെ തകർക്കുകയാണ് ചുരുളി എന്ന സിനിമയിലൂടെ.. ഈ സിനിമ യുടെ ഉദ്ദേശ്യലകഷ്യങ്ങൾ എന്താണെന്നു അണിയറപ്രവർത്തകർ പറഞ്ഞു തന്നാൽ നന്നായിരുന്നു... ഏതിനും അങ്ങനെയൊന്നുണ്ടല്ലോ... നാട്ടിലെ ആളുകൾക്ക് തെറിവിളിക്കാനുള്ള ലൈസൻസ് ആണോ ഉദ്ദേശം 😡കഷ്ടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക