Image

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

സിജി സജീവ് വാഴൂര്‍) Published on 02 December, 2021
 അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)
ശരീരത്തിലൂടിഴയുന്ന കൊച്ചുണ്ണിയുടെ പരുക്കന്‍ കൈകള്‍ മൂന്നാലാവര്‍ത്തി അമ്മിണിക്കുട്ടി പതിയെ തള്ളിമാറ്റി, തേരട്ടയുടെ കാലുകള്‍ പോലാണ് അവള്‍ക്ക് അനുഭവപ്പെട്ടത്,,

അവളുടെ തലച്ചോറില്‍ അയാളോടുള്ള അനിഷ്ടം വെറുപ്പായി രൂപാന്തരപ്പെടുകയായിരുന്നു,,
ആ വലിയ കൂട്ടുകുടുംബത്തില്‍ അവള്‍ മാത്രം മറ്റൊരു ദ്വീപില്‍ ആയിരുന്നു,,
ചിരിച്ചുല്ലസിക്കുന്ന ചേട്ടത്തിമാരും,, അമ്മായിയും കുഞ്ഞമ്മയും അവളുടെ ഉറക്കം കെടുത്തി,, കടക്കണ്ണുകള്‍ കൊണ്ട് അവര്‍ ഭര്‍ത്താക്കന്മാരോട് പ്രണയ സല്ലാപം നടത്തുന്ന പകല്‍ വെളിച്ചം കാണുമ്പോള്‍ അമ്മിണിക്കുട്ടിയുടെ തലയില്‍ പേരുംതേനീച്ച മൂളാന്‍ തുടങ്ങും...

അപ്പോള്‍ കൊച്ചുണ്ണി അമ്മാവന്റെ മുന്നിലിരുന്നു തേങ്ങയുടെയും അടയ്ക്കയുടെയും കണക്കെഴുതുകയാവും,, അതുമല്ലെങ്കില്‍ പത്തായപ്പുരയിലെ ചാക്കുകെട്ടുകളുടെ എണ്ണമെടുത്ത് നിര്‍വൃതിയടയുകയാവും,,,

പഠിപ്പും പത്രാസുമില്ലാത്തതിന്റെ കുറവ്,,

കൃഷിയും കൃഷിക്കാരെയും നോക്കാന്‍ കുടുബത്തില്‍ ഒരാളെങ്കിലും വേണം ത്രേ,,
അല്ലാച്ചാല്‍ എല്ലാം അന്യം നിന്നുപോകുമത്രേ,,,

'കുഞ്ഞുണ്ണി കൂടി പഠിച്ചു ജോലി വാങ്ങിയിരുന്നെങ്കില്‍ ഇക്കണ്ട നിലവും പുരയിടവുമൊക്കെ ആരാ നോക്കി നടത്തുക,,,,

''നീ ഭാഗ്യം ചെയ്യ്‌തോളാ അമ്മിണിക്കുട്ടീ'ന്ന് ഏട്ടത്തിയാര് പറയണു....
എപ്പോഴും കെട്ട്യോന്‍ അകത്തും തൊടിയിലുമൊക്കെയായി ഉണ്ടാവുമല്ലോന്ന്,,,,
അതിന്?????

അതിന് അമ്മിണിക്കുട്ടി എന്തു ഭാഗ്യമാണ് ചെയ്തത്,,,,
ഏട്ടന്മാരുടെ പ്രണയ നിര്‍ഭരമായ നോട്ടങ്ങളില്‍ ഏട്ടത്തിമാര്‍ പൂത്തുലയുന്നത് കാണാറുണ്ട്,, ഇടനാഴികളില്‍ കൊലുസ്സുകള്‍ കുണുങ്ങുന്നതും കരിവളകള്‍ ഉടയുന്നതും കേള്‍ക്കാറുണ്ട്,,,
കുളിക്കടവിലെ പൊട്ടിച്ചിരികളില്‍ അടക്കിപ്പറച്ചിലുകളും ആഘോഷത്തിമിര്‍ക്കലും കണ്ടിട്ടുണ്ട്..

അമ്മിണിക്കുട്ടിക്ക് മാത്രം ഭാഗ്യാണത്രെ ഭാഗ്യം,,,,
കൈയും കലാശവും കാണിച്ചാല്‍ കൂടി തിരിഞ്ഞു നോക്കാത്ത ജന്മമാണ് തന്റെ കെട്ട്യോന്‍ എന്ന് അവര്‍ക്കറിയോ,,,,

ഇലക്കുമുന്നില്‍ ചമ്രം പടഞ്ഞിരിക്കുന്ന ഏട്ടന്മാരും അമ്മാമയും ഊണുകഴിഞ്ഞേക്കുമ്പോള്‍ ഒരു നോട്ടമുണ്ട് അവരവരുടെ പെണ്ണുങ്ങള്‍ക്ക് നേര്‍ക്ക്,,
 പാതി വെച്ച ഇലച്ചോറുണ്ണാന്‍ എന്തുത്സാഹമാണ് അവര്‍ക്ക്,,
കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്,,
അകത്തെ കുട്ട്യോള്‍ക്കും പുറം പണിക്കാര്‍ക്കും പിന്നെ അകത്തേയാണുങ്ങള്‍ക്കും കൊടുത്തു കഴിഞ്ഞാല്‍,ചോറു ചെമ്പിന്റെ അടിയില്‍ വറ്റുകള്‍ തുലോം കാണില്ല..
അകത്തെ പെണ്ണാളുകളുടെ ആകെ പ്രതീക്ഷപിന്നീട് തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഇലയിലെ മിച്ചം പിടിക്കുന്ന ചോറാണ്...

പക്ഷേ കൊച്ചുണ്ണി ഏട്ടന്മാര്‍ മിച്ചം പിടിക്കുന്നതൊന്നും ഒരിക്കലും കണ്ടില്ല... ഏട്ടത്തിമാര്‍ ചുറ്റിനും കൂടിയിരുന്നു കഥപറഞ്ഞു വാരിയുണ്ണുന്നതും കാണാന്‍ നില്‍ക്കില്ല,, കൊച്ചുണ്ണി അപ്പോഴേക്കും കൊപ്രാ കളത്തിലേക്കോ,, നെല്‍പ്പുരയിലേക്കോ പൊയ്ക്കഴിഞ്ഞിരിക്കും..

ചെമ്പു തൂത്തുവാരി തിന്നുന്നതിന്റെ രുചി എന്തായാലും ഏട്ടത്തിമാര്‍ക്ക് അറിയില്ലല്ലോ എന്നോര്‍ത്തു അമ്മിണിക്കുട്ടി ആശ്വസിച്ചു..

അങ്ങനെ ഒരു വറ്റുപോലും മിച്ചം പിടിക്കാത്ത ഈ രാത്രിയിലും,, വിശപ്പവളെ കാര്‍ന്നു തിന്നുന്ന ഈ നിമിഷങ്ങളിലും ആയാല്‍ തേടിയത് അവളുടെ ദാഹിച്ചു വരണ്ട ചുണ്ടുകളെയോ എല്ലുന്തിയ മാറിടങ്ങളെയോ ചുക്കിച്ചുളുങ്ങിയ അലിലാവയറിനെയോ ആയിരുന്നില്ല,,

കൊച്ചുണ്ണിക്ക് ഉറങ്ങണം ആനന്തകരമായ ഉറക്കത്തിനു അയാള്‍ക്ക് ആവശ്യം അവളുടെ പുക്കിളിനും മുട്ടുകള്‍ക്കുമിടയിലുള്ള ആ അല്പം ഒളിയിടം മാത്രമായിരുന്നു...
തേരട്ടയുടെ തേരോട്ടം അവസാനിക്കുമ്പോള്‍,, ഒരു ജന്മം പാഴാക്കി കളഞ്ഞവരെ അമ്മിണിക്കുട്ടി തലയറഞ്ഞു പ്രാകി,,ഉയര്‍ന്നു പൊങ്ങിയ കൂര്‍ക്കം വലിയുടെ ശബ്ദത്തില്‍ അമ്മിണിക്കുട്ടിയുടെ തേങ്ങലും പ്രാക്കും ലയിച്ചു ലയിച്ചു ചേര്‍ന്നു...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക