Image

ഝാര്‍ഖണ്ഡിലെ 14 പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Published on 02 December, 2021
ഝാര്‍ഖണ്ഡിലെ 14 പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ലതേഹര്‍: ഭീകരര്‍ സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ 14 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും സ്‌ഫോടനങ്ങള്‍ നടത്താനും ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് എന്‍ഐഎ റെയ്ഡ്. ഝാര്‍ഖണ്ഡിലെ റാഞ്ചി, ലതേഹര്‍, ഛത്ര എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് റെയ്ഡ്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകളിലും ചില കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി.

ഡിജിറ്റല്‍ രേഖകളും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചില തെളിവുകളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലതേഹറിലെ ബലുമത് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇതുമായി ബന്ധപ്പെട്ടുള്ള യഥാര്‍ത്ഥ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ലതേഹറിലെ ചില ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നുണ്ടെന്നും, സ്‌ഫോടനത്തിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും ഇവര്‍ ശ്രമിക്കുന്നുമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

സുജിത് സിന്‍ഹ, അമന്‍ സാഹു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. തെതരിയാഘദില്‍ ഇവരുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക