Image

മോഡലുകളുടെ മരണം: അന്വേഷണം 18 പേരിലേക്ക്

Published on 02 December, 2021
മോഡലുകളുടെ മരണം: അന്വേഷണം 18 പേരിലേക്ക്
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും മരിക്കാനിടയായ വാഹനാപകട കേസിലെ മുഖ്യപ്രതി സൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ച 18 പേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഷെര്‍ബിന്‍, സൈറാ ബാനു, ഫെബി ജോണ്‍, നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, മാനേജര്‍ അനീഷ്, സലാഹുദ്ദീന്‍, അമല്‍ പപ്പടവട, നസ്‌ലിന്‍, ഷീനു മിന്നു, അനു ഗോമസ്, അബു, സന, കൃഷ്ണ, ജി.കെ, മെഹര്‍, സുനില്‍, ജെന്‍സണ്‍ ജോണ്‍, ഷബീര്‍, വനിത ഡോക്ടര്‍ എന്നിവരുടെ പേരുകളാണ് സൈജു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. പ്രതികള്‍ക്ക് പൊലീസില്‍നിന്ന് സഹായം ലഭിച്ചതായി സംശയിക്കുന്നുണ്ട്.

സൈജു പേര് വെളിപ്പെടുത്തിയവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊച്ചിയും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ലോബികളെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 20 -28 വയസ്സുള്ള യുവതീ യുവാക്കളെ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ജാമ്യത്തില്‍ കഴിയുന്ന റോയ് വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങി.

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ വിവരങ്ങളാണ് സൈജുവില്‍നിന്ന് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്തതില്‍നിന്നും ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നുമാണ് നിശ പാര്‍ട്ടികളില്‍ വന്‍ തോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് സ്ഥിരീകരിച്ചത്.

സൈജു തങ്കച്ചന്റെ ഗോവ ബന്ധവും  പരിശോധിച്ച് വരികയാണ്. ഇയാള്‍ ഗോവയില്‍ പല തവണ പാര്‍ട്ടികളില്‍ പങ്കെടുത്തതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈജുവിന് ലഹരി കൈമാറുന്നവരെ കണ്ടെത്താനാണ് ശ്രമം. കസ്റ്റഡിയിലുള്ള സൈജു വഴി മറ്റുള്ളവരിലേക്ക് എത്തുകയാണ് ലക്ഷ്യം.

കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിലും മൂന്നാര്‍, വയനാട്, മാരാരിക്കുളം എന്നിവിടങ്ങളിലും പാര്‍ട്ടി സംഘടിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക