Image

റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്‌- ചരിത്രമാകാന്‍ മരക്കാര്‍

Published on 01 December, 2021
      റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്‌- ചരിത്രമാകാന്‍ മരക്കാര്‍


റിലീസിനു മുമ്പ്‌ 100 കോടി രൂപ റിസര്‍വേഷനിലൂടെ കളക്‌ട്‌ ചെയ്‌ത്‌ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹം. ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെയാണ്‌ ചിത്രം 100 കോടി നേടിയത്‌. ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കുന്ന ആദ്യചിത്രമാണ്‌ മരക്കാര്‍ എന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. റിലീസിലും മരക്കാര്‍ റെക്കോര്‍ഡ്‌ സൃഷ്‌ടിച്ചിട്ടുണ്ട്‌. ലോകമെമ്പാടുമുള്ള 4100 തിയറ്ററകളിലാണ്‌ മരക്കാര്‍ റിലസ്‌ ചെയ്യുന്നത്‌. ദിവസേന 16,000 ഷോകളാണ്‌ ചിത്രത്തിനുണാവുക. അഞ്ച്‌ ഭാഷകളിലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുക.

മരക്കാര്‍ റിലീസ്‌ പ്രഖ്യാപിച്ച അന്നു മുതല്‍ തന്നെ പ്രീ ബുക്കിങ്ങ്‌ റിലീസ്‌ തുടങ്ങിയിരുന്നു. അങ്ങനെയാണ്‌ റിസര്‍വേഷനിലൂടെയാണ്‌ ഇത്രയും വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു നേട്ടം. നാളെ കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും ചരിത്ര ദിവസമാണ്‌ എന്ന്‌ മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്‌. മലയാളത്തില്‍ ഒരു സിനിമയ്‌ക്ക്‌ കിട്ടാവുന്ന ഏറ്റവും കൂടുതല്‍ സെന്റരറുകളാണ്‌ മരക്കാര്‍ നേടിയത്‌.

കേരളത്തില്‍ 631 റിലീസിങ്ങ്‌ സ്‌ക്രീനുകളാണുള്ളത്‌. ഇതില്‍ 626 എണ്ണത്തിലും നാളെ മരക്കാര്‍ റിലീസ്‌ ചെയ്യും. കേരളത്തിലും ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു ചിത്രം റിലീസ്‌ ചെയ്യുന്നത്‌ ഇതാദ്യമായിട്ടാണ്‌. അതിനു പുറമേയാണ്‌ ലോകമെമ്പാടുമുള്ള 4000 ലേറെ സ്‌ക്രീനുകളില്‍ നാളെ ഒരു മലയാള ചിത്രം പ്രദര്‍ശനത്തിനായി ഇടം നേടുന്നത്‌.

കോവിഡ്‌ കാരണം പ്രദര്‍ശനം മുടങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്‌ഡ ചിത്രമായിരുന്നു മരക്കാര്‍. കഴിഞ്ഞ വര്‍ഷം ഈ സമയത്താണ്‌ ചിത്രം റിലീസ്‌ ചെയ്യേണ്ടിയിരുന്നത്‌. പ്രിയദര്‍ശന്‍ സവിധാനം ചെയ്‌ത ചിത്രം ആറ്‌ ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റിണി പെരുമ്പാവൂരാണ്‌ നിര്‍മ്മാണം. മഞ്‌ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, പ്രണവ്‌ മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, ഫാസില്‍, സിദ്ദിഖ്‌, നെടുമുടി വേണു, ഇന്നസെന്റ്‌, പ്രണവ്‌ മോഹന്‍ലാല്‍ എന്നിങ്ങനെ വന്‍താര നിരതന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു.

സാബു സിറിളാണ്‌ കലാസംവിധാകന്‍. തമിഴ്‌ ക്യാമറാമാന്‍ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാര്‍ത്ഥ്‌ പ്രിയദര്‍ശനാണ്‌ വി.എഫ്‌.എക്‌സ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. രാഹുല്‍രാജ്‌ പശ്ചാത്തല സംഗീതം. റോണി റഫേല്‍ ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക