Image

ആരാണ് ദൈവം, എന്താണ് ദൈവം . (ലേഖനം ഭാഗം : 3- ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 01 December, 2021
 ആരാണ് ദൈവം, എന്താണ് ദൈവം .  (ലേഖനം ഭാഗം : 3- ജയന്‍ വര്‍ഗീസ് )
നര ബലി ഉള്‍പ്പടെയുള്ള ഹിംസാത്മക ആചാരങ്ങളില്‍ വളര്‍ന്നു പടര്‍ന്നു നിന്ന ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക്പില്‍ക്കാലത്ത് ഗാന്ധിജിക്കു പോലും പ്രചോദനമായിത്തീര്‍ന്ന അഹിംസയുടെ തിരി വെട്ടവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ബുദ്ധന്റെ വരവ്. പില്‍ക്കാല ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ ഗുണ പരമായ പല തരംമാറ്റങ്ങള്‍ക്കും കാരണമായിത്തീര്‍ന്ന ഈ ധാര്‍മ്മിക മിത വാദം ഇന്ത്യയുടെ നാലതിരുകളും കടന്ന് ഏഷ്യാ വന്‍കരക്കുമപ്പുറം ആഗോള തലത്തില്‍ വരെ എത്തിച്ചേര്‍ന്നു. 
 
ലോകം അതുവരെ കേട്ടതില്‍ നിന്നും, കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു മനോഹര സ്വപ്നമാണ് യേശുമനുഷ്യ രാശിക്ക് സമ്മാനിച്ചത്. പ്രപഞ്ച ചൈതന്യമായ ദൈവ തേജസാണ് തന്നില്‍ നിറഞ്ഞിരിക്കുന്നതെന്ന്അറിയുകയും,അനുഭവിക്കുകയും ചെയ്ത യേശു ദൈവത്തെ പിതാവ് എന്ന് തന്നെ വിളിച്ചു. ജന്മം കൊണ്ട്‌ലോകത്ത് എത്തിപ്പെക്കുന്ന ഓരോ മനുഷ്യനും പ്രപഞ്ചാത്മാവായ ദൈവത്തിന്റെ ഒരു ചെറു മാത്ര തന്നില്‍പേറുന്നുണ്ടെന്നും, ഈ ചെറു മാത്രയെ സുരക്ഷിതമായി പൊതിഞ്ഞു സൂക്ഷിക്കുന്നതിനുള്ള പുറം തോട്മാത്രമാണ് സ്ഥൂല പ്രപഞ്ച ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ശരീരമെന്നും, അത് കൊണ്ട് തന്നെ മനുഷ്യന് സ്വന്തംപിതാവായി അവകാശപ്പെടാനുള്ളത് തന്റെ തന്നെ വലിയ സ്വരൂപമായ ദൈവത്തെ മാത്രമാണെന്നും ഇതിലൂടെയേശു മനുഷ്യ രാശിയെ പഠിപ്പിച്ചു. 
 
 
ദൈവത്തെ ഒരു നാളും ഒരുത്തനും കണ്ടിട്ടില്ല എന്ന പണ്ഡിത മതം അംഗീകരിച്ചു കൊണ്ട് തന്നെ ദൈവത്തിനും, മനുഷ്യനും ഇടയിലുള്ള മീഡിയേറ്റര്‍ പ്രകൃതി മാത്രമാണെന്നും, പ്രകൃതി എപ്രകാരം മനുഷ്യനോട് ചേര്‍ന്ന്‌നില്‍ക്കുന്നുവോ അതുപോലെ മനുഷ്യനും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കണം എന്ന മഹത്തായ ആശയംമുന്നോട്ടു വച്ചതും യേശുവായിരുന്നു. നിസ്സീമമായ ദൈവ സ്‌നേഹത്തിന്റെ അദൃശ്യമായ അച്ചു തണ്ടിലാണ് ദൈവംപ്രപഞ്ചത്തെ സൃഷ്ടിച്ചു നില നിര്‍ത്തിയിട്ടുള്ളത് എന്നതിനാല്‍ പ്രപഞ്ച വസ്തുവായ മനുഷ്യനും പരസ്പരംസ്‌നേഹിക്കേണം എന്ന് യേശു പറഞ്ഞു. ആധുനിക മനുഷ്യന്‍ അര്‍ത്ഥം മാറ്റിപ്പറയുന്ന ഇന്നത്തെ കപടസ്‌നേഹമല്ല, മറിച്ച് അയല്‍ക്കാരന്‍ എന്ന അപരനും, താനൊഴികെയുള്ള അപരന്മാരുടെ കൂട്ടമായ സമകാലീനലോകത്തിനും വേണ്ടി തന്നെത്തന്നേയും സമര്‍പ്പിച്ചു കൊടുക്കുന്ന ' കരുതല്‍ ' എന്ന പ്രായോഗിക പരിപാടിയാണ്യേശു ഇതിലൂടെ മുന്നോട്ടു വച്ചത്. 
 
അത് വരെ ആര്‍ക്കും വേണ്ടാതിരുന്ന അദ്ധ്വാനിക്കുന്നവരെയും, ഭാരം ചുമക്കുന്നവരെയും അടുത്തു വിളിച്ച്ആശ്വസിപ്പിക്കുകയും, പാപികളെയും, ദരിദ്രരെയും, രോഗികളെയും, ശരീരം വില്‍ക്കുന്നവരെയും സ്വന്തം നെഞ്ചോട്‌ചേര്‍ത്തു നിര്‍ത്തുകയും ചെയ്തപ്പോള്‍ അത് വരെ ഇരുട്ടില്‍ സഞ്ചരിക്കുകയായിരുന്ന ജനം വലിയൊരു വെളിച്ചംകാണുകയും, അവര്‍, രക്ഷകന്‍ എന്നും മിശിഹാ എന്നും, ക്രിസ്തു എന്നും വിളിച്ചു കൊണ്ട് അദ്ദേഹത്തെ പിന്പറ്റുകയുമായിരുന്നു
 
.പരമ ദരിദ്രമായ ഭൗതിക സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന യേശു യാതൊരു സര്‍വകലാ ശാലകളുടെയും, കപടതിയോളജികളുടെയും സഹായമില്ലാതെ ലോകത്തിനു വേണ്ട പുതിയ വെളിച്ചം എന്താണെന്നും, അത്എങ്ങനെയാണെന്നും ജനത്തോട് പറഞ്ഞു. പ്രാക്ടിക്കല്‍ കൃസ്ത്യാനിറ്റിയുടെ പ്രകട രൂപം എങ്ങിനെ നടപ്പാക്കാംഎന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊണ്ട്  എങ്ങിനെ നിങ്ങളുടെ ഇടയില്‍  സ്വര്‍ഗ്ഗം സൃഷ്ടിക്കാനാവുംഎന്ന് അദ്ദേഹം വിശദീകരിച്ചു. അടിച്ചമര്‍ത്തപ്പെടുന്നവന്റെ വേദന എന്താണെന്ന് സ്വയമറിഞ്ഞ യേശു ഒറ്റവസ്ത്രവുമായി അവരോടൊപ്പം ജീവിച്ച് അവരിലൊരാളായി നിന്ന് കൊണ്ട് മനുഷ്യന്‍ ഒരു വര്‍ഗ്ഗമാണ് എന്ന വലിയസന്ദേശം ലോകത്തെ പഠിപ്പിച്ചു. 
 
അന്നും ദേവാലയങ്ങളില്‍ ലാഭക്കച്ചവടം നടത്തിയിരുന്നവരെ ' കള്ളന്മാര്‍ ' എന്ന് തന്നെ വിളിച്ചു കൊണ്ട് അവരെഅടിച്ചോടിച്ചു. മത മൗലിക വാദികളായ പുരോഹിത മേധാവികളെ വെള്ളതേച്ച ശവക്കല്ലറകള്‍ എന്നും, രാഷ്ട്രീയാധികാരത്തിന്റെ ചെങ്കോല്‍ വഹിച്ചിരുന്ന ഹേറോദോസ് രാജാവിനെ ' കുറുക്കന്‍ ' എന്നും പരസ്യമായിവിളിച്ചു. 
 
സമൂലമായ സാമൂഹ്യ പരിഷ്‌ക്കരണത്തിലൂടെ മതങ്ങള്‍ക്കും, ജാതികള്‍ക്കും, വര്‍ഗ്ഗങ്ങള്‍ക്കും, വര്‍ണ്ണങ്ങള്‍ക്കുംഅതീതമായി മനുഷ്യനും, മനുഷ്യനും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു മനോഹര സ്വര്‍ഗ്ഗം ഈ പാഴ്മണ്ണില്‍ അദ്ദേഹം വിഭാവനം ചെയ്തു. അതിനായിട്ടായിരുന്നു ' കരുതല്‍ ' എന്ന് വ്യവച്ഛേദിക്കപ്പെടേണ്ട സ്‌നേഹംഎന്ന സൂത്ര വാക്യം അദ്ദേഹം ലോകത്തിനു സമ്മാനിച്ചത്. ആയിരക്കണക്കിന് പേജുകളിലായി ഒഴുകിപ്പരന്നുകിടക്കുന്ന ബൈബിള്‍ സാഹിത്യം കേവലമായ രണ്ടേ രണ്ടു വാക്യങ്ങളില്‍ ഒതുക്കി അത് ലോകത്തിന് നല്‍കി. ഒന്ന്, ദൈവത്തെ സ്‌നേഹിക്കുക, രണ്ട്, മനുഷ്യനെ സ്‌നേഹിക്കുക എന്നതായിരുന്നു അത്. അതായത്‌ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍ മനുഷ്യനെ സ്‌നേഹിക്കുകയെന്നും, മനുഷ്യനെ സ്‌നേഹിക്കുകയെന്നാല്‍ദൈവത്തെ സ്‌നേഹിക്കുക എന്നുമാണ് ഇതിന്റെ വിശാലമായ അര്‍ഥം. Í
 
 
അക്ഷരാര്‍ത്ഥത്തിലും, ആശയാര്‍ത്ഥത്തിലും മനുഷ്യര്‍ ഈ സൂത്രവാക്യം നടപ്പിലാക്കിയിരുന്നുവെങ്കില്‍ നമ്മുടെലോകം എങ്ങിനെ സ്വര്‍ഗ്ഗവല്‍ക്കരിക്കപ്പെടുമായിരുന്നു എന്ന് ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേസാധിക്കുകയുള്ളു. ലോക സമ്പത്ത് ആരുടേയും സ്വന്തമല്ലാതെ എല്ലാവര്‍ക്കും എല്ലാം അവകാശപ്പെട്ടതായി നിലനില്‍ക്കുമായിരുന്നു. അതിരുകള്‍ നീക്കം ചെയ്യപ്പെടുന്ന ഭൂമി ആകാശത്തിനു കീഴില്‍ ഒന്നായി എല്ലാവരുടേതുമായിതീരുമായിരുന്നു. കുന്നു കൂടുന്ന സാമൂഹ്യ സമ്പത്തില്‍ നിന്ന് ആവശ്യക്കാരന്‍ ആവശ്യത്തിന് മാത്രം എടുക്കുന്നസമ്പ്രദായം നടപ്പിലാകുമായിരുന്നു. വിഭവങ്ങള്‍ പങ്കു വയ്ക്കപ്പെടുന്നതോടെ , ധനവാനും, ദരിദ്രനും എന്ന വേര്‍തിരിവുകള്‍ അപ്രത്യക്ഷമാകുമായിരുന്നു. അതിരിനു അപ്പുറത്തുള്ളവന്റെ നെഞ്ചിനു നേരെ ഇന്ന് നമ്മള്‍നീട്ടിപ്പിടിക്കുന്ന ആയുധങ്ങള്‍ കൊണ്ട് ലോകത്താകമാനമുള്ള സ്വച്ഛ ജല താഴ് വരകളില്‍ മനുഷ്യ വാസയോഗ്യമായ മനോഹരങ്ങളായ ഭവനങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമായിരുന്നു. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ബോംബുകള്‍ക്കും, തോക്കുകള്‍ക്കും പകരം നിര്‍മ്മാണ ശാലകളില്‍ നിന്നുള്ള പഴങ്ങളും, ചോക്കലേറ്റുകളും, മധുരമിഠായികളും, പോഷക ബിസ്‌ക്കറ്റുകളും സ്വീകരിക്കാനായി കുട്ടികള്‍ ഓടിയത്തുമായിരുന്നു. അവരുടെഅമ്മമാരുടെ മുഖങ്ങളില്‍ ആധിയൊഴിഞ്ഞ ആശ്വാസം അലയടിക്കുമായിരുന്നു. ദൈവവും, മനുഷ്യനുംപ്രകൃതിയും ഒരേ നേര്‍ ചരടില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന ഈ സ്വര്‍ഗ്ഗത്തില്‍ മനുഷ്യ വര്‍ഗ്ഗ സ്വപ്നങ്ങളുടെമനോഹര വേര്‍ഷനുകള്‍ അനവരതം വിരിഞ്ഞിറങ്ങുമായിരുന്നു. 
 
 
ഒന്നും നടപ്പിലായില്ല. ഗലീലാക്കടലിന്റെ ഓളപ്പരപ്പുകളിലും, ഒലിവ് മലയുടെ കുളിര്‍ കാറ്റുകളിലും പ്രതിധ്വനിച്ചു ഈവിപ്ലവ ശബ്ദം യെരുശലേം അരമനകളിലെ മത - രാഷ്ട്രീയ ഭരണാധികാരികളുടെ ഇട നെഞ്ചുകളില്‍ ഇടിമുഴക്കിക്കൊണ്ടാണ് കടന്നു വന്നത്. ഈ വിപ്ലവ കാരിയെ ഇത് പോലെ തുടരാനനുവദിച്ചാല്‍ തങ്ങള്‍കെട്ടിപ്പൊക്കിയ അധികാര സൗഭാഗ്യങ്ങളുടെ കോട്ട കൊത്തളങ്ങള്‍ അടിയോടെ തകര്‍ന്നു വീഴുമെനും, തങ്ങളുടെപ്രജകള്‍ തങ്ങളെ കല്ലെറിയുമെന്നും അവര്‍ ഭയന്നു. പിന്നീടുണ്ടായ കറുത്ത ഗൂഡാലോചനകളുടെ അനന്തര ഫലമായിട്ടായിരുന്നു ചരിത്രത്തില്‍ ചാല് വച്ചൊഴുകിയ ചോരപ്പുഴകളില്‍ മറ്റൊരു മനുഷ്യ സ്‌നേഹിയുടെചുടുചോര കൂടി ഒഴുകിയെത്തി അത് കൂടുതല്‍ ചുവപ്പിച്ചത്. നിരപരാധിയും, നിഷ്‌ക്കളങ്കനുമായ ഒരു മുപ്പത്തിമൂന്നു കാരന്‍ യുവാസിന്റെ ചുടു ചോര. ! അതെ ! കാല്‍വരിയിലെ കല്‍കൂമ്പാരങ്ങളില്‍ ഉയര്‍ത്തി നിറുത്തിയമരക്കുരിശുകളില്‍ ഒന്നില്‍ പച്ച മാംസത്തില്‍ അടിച്ചു കയറ്റിയ കാരിരുമ്പാണികളില്‍ തൂങ്ങി അദ്ദേഹം പിടഞ്ഞുമരിക്കുമ്പോള്‍ വിശ്വ പ്രകൃതിയുടെ വിലാപ ഗീതം പോലെ അവിടെ ഭൂമി കുലുങ്ങുകയും, പാറകള്‍ പിളരുകയും, ഇരുള്‍ പരക്കുകയും ചെയ്തുവെന്ന് ദൃക് സാക്ഷികള്‍ എഴുതി. 
 
 
അധികാര രാഷ്ട്രീയത്തിന്റെ ആവനാഴിയിലെ അമ്പുകള്‍ക്ക് ആരുടെ ശബ്ദവും അന്തിമായിഅവസാനിപ്പിക്കാന്‍ സാധിക്കുകയില്ലെന്നു  തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. അതല്ലെങ്കില്‍ ആരുടെ സ്വര്‍ണ്ണ തളികകള്‍ക്കും ശാശ്ച്വതമായി മൂടാനാവാത്ത ശക്തവും, പ്രകാശ മാനവുമാണ്സത്യ സൗന്ദര്യങ്ങളുടെ സമ്പൂര്‍ണ്ണ മുഖം എന്ന് തെളിയിച്ചു കൊണ്ട് കാലം മറ്റൊരു വഴിത്തിരിവിലക്ക്പരന്നൊഴുകി. രക്ഷ എന്ന് വ്യവച്ഛേദിക്കപ്പെടാവുന്ന യേശുവിന്റെ ചിന്താധാരകളില്‍ ആകൃഷ്ടരായിലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ജന പഥങ്ങള്‍ യേശുവിനെ തങ്ങളുടെ വഴികാട്ടിയായി അംഗീകരിച്ചു കൊണ്ടുമുന്നോട്ടു വന്നു. പ്രപഞ്ച നിയന്താതാവയ ദൈവത്തെ പിതാവ് എന്ന ലളിതവും , സാര ഗര്‍ഭവുമായപരിചയപ്പെടുത്തലിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞതോടെ ആ പിതാവിലേക്കുള്ള പാലമായി യേശുവിനെ ജനംഅംഗീകരിക്കുകയും, അദ്ദേഹത്തെത്തന്നെ ദൈവം എന്ന് വിളിക്കുകയും ചെയ്തു. അതുവരെ അണമുറിയാതെഒഴുകി വന്ന കാല പ്രവാഹം യേശുവിനു മുന്‍പും, യേശുവിനു പിന്‍പും എന്നിങ്ങനെ രണ്ടായി വേര്‍ പിരിഞ്ഞു. മനുഷ്യ വംശ ചരിത്രത്തിലെ അവഗണിക്കാനാവാത്ത അദ്ധ്യായമായി യേശുവും, അദ്ദേഹത്തിന്റെ അത്ഭുതജീവിതവും മനുഷ്യ മനസുകളില്‍ തിളങ്ങി നിന്നു.  
 
 
യേശുവിന്റെ ചിന്താ ധാരകളുടെ പ്രായോഗിക പരിപാടികളോടെ ആദിമ സഭ ആരംഭിച്ചു. ജനങ്ങള്‍ തങ്ങളുടെസ്വത്തുക്കള്‍ ഒന്നാക്കി ചേര്‍ത്തു വച്ച് കൊണ്ട് ആവശ്യക്കാരന്‍ ആവശ്യത്തിന് മാത്രം എടുക്കുന്ന സോഷ്യലിസ്റ്റുസമ്പ്രദായം നടപ്പിലായതോടെ ഇല്ലായ്മകളും, ദാരിദ്ര്യവും സമൂഹത്തില്‍ നിന്ന് പടിയിറങ്ങി. എന്നാല്‍ അത്അധിക കാലം നീണ്ടു നിന്നില്ല. മനുഷ്യന്റെ വര്‍ഗ്ഗ ശാപം പോലെ അവനില്‍ നില നിക്കുന്ന സ്വാര്‍ത്ഥത ഈപുത്തന്‍ സമൂഹത്തിലും പതുങ്ങിയെത്തി. തങ്ങളുടെ സ്വകാര്യ സ്വത്തുക്കള്‍ പൂര്‍ണ്ണമായും കൈയുഴിയുവാന്‍മടിയുള്ള ചിലരെങ്കിലും അതില്‍ നിന്ന് കുറച്ചെടുത്ത് രഹസ്യമായി സൂക്ഷിക്കാന്‍ തുടങ്ങിയതോടെ ഏക ലോകസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ യേശുവിന്റെ ചിന്താ ധാര കര്‍മ്മ മണ്ഡലത്തില്‍ തകര്‍ന്നടിഞ്ഞു. 
 
 
പിന്നീടുണ്ടായ സംഭവ വികാസങ്ങളില്‍ കുത്തഴിഞ്ഞ പുസ്തകം പോലെ ചിതറി കീറിപ്പറിഞ്ഞ് തങ്ങള്‍ക്കു കിട്ടിയകഷണങ്ങളില്‍ അള്ളിപ്പിടിച്ച് ക്രിസ്തുവിന്റെ അനുയായികള്‍ എന്ന അവകാശ വാദത്തോടെ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കൂട്ടങ്ങള്‍ സമൂഹത്തെ കടി ച്ചു കീറി ആഘോഷിക്കുന്നു. മനുഷ്യന് വേണ്ടി മണ്ണില്‍സ്വര്‍ഗ്ഗം തീര്‍ക്കാനെത്തിയ യേശുക്രിസ്തു ക്രൂരമായി ആക്ഷേപിക്കപ്പെട്ട്, ക്രൂരമായി വധിക്കപ്പെട്ട് മനുഷ്യന്‍സൃഷ്ടിച്ചു വച്ച ആയിരക്കണക്കായ ദൈവ പ്രതീകങ്ങളില്‍ കേവലം ഒന്ന് മാത്രമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്, പള്ളികളിലെയും, കുരിശടികളിലെയും അലങ്കരിച്ച അള്‍ത്താരകളില്‍ വെറും പ്രതിമകളായി തൂക്കിയിട്ടു കൊണ്ട്‌നിരന്തരമായി ആക്ഷേപിക്കപ്പെടുന്നു.  
 
 
എന്റെ രാജ്യം ഭൗതികമല്ല എന്ന് യേശു പറഞ്ഞതിന്റെ അര്‍ഥം എന്താണെന്ന് ഈ ക്രിസ്തു ഭക്തന്മാര്‍ക്ക്മനസിലായിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. പ്രപഞ്ച വസ്തുക്കളായ ഭൗതിക വസ്തുക്കളില്‍ അള്ളിപ്പിടിച്ച്ഇതിന്റേത്, അതെന്റേത് എന്ന അവകാശവാദം മുഴക്കുകയും, അതിന്റെ സംരക്ഷണത്തിനായി ആയുധമെടുത്ത്യുദ്ധം ചെയ്യുകയും ചെയ്യുന്ന മനുഷ്യ വര്‍ഗ്ഗത്തിന് യേശുവിന്റെ അനുയായികള്‍ ആയിരിക്കുവാന്‍ സാധ്യമേയല്ല. ഇന്നലെ വരെ വേറെ ഒരുത്തനും, അതിനും മുന്‍പ് വേറെ എത്രയോ പേരും ഈ പ്രപഞ്ച വസ്തുക്കളെ ചേര്‍ത്തുവച്ച് എന്റേത്, എന്റേത് എന്ന് പറഞ്ഞിരുന്നു. അവര്‍ പോയി. കാറ്റത്തെ കരിയില പോലെ അവര്‍ പോയി. അവര്‍അവരുടേതെന്നും, നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഈ പ്രപഞ്ച വസ്തുക്കള്‍ ആരുടേതുമല്ലാതെ, എന്നാല്‍എല്ലാവരുടേതുമായി മനുഷ്യ വര്‍ഗ്ഗത്തിന് വേണ്ടി ദൈവം പങ്കു വച്ച് തന്ന പിതൃ സ്വത്തായി എന്നെന്നും ഇവിടെനില നില്‍ക്കുക തന്നെ ചെയ്യും. സ്വയം നഷ്ടപ്പെട്ടു കൊണ്ടും അപരനെ കരുതുന്ന   സര്‍വ സംഗ പരിത്യാഗികളായചതുരക്കല്ലുകളായി മനുഷ്യ വര്‍ഗ്ഗം മാറിത്തീരുമ്പോള്‍ മാത്രമേ ദൈവം സ്വപ്നം കണ്ടതും, യേശു വഴികാണിച്ചതുമായ മണ്ണിലെ സ്വര്‍ഗ്ഗം ഇവിടെ പണി തീരുകയുള്ളു. 
 
 
ആരും സമ്മതിക്കുകയില്ല. എനിക്ക് എന്റെ സ്വര്‍ഗ്ഗം, നിനക്ക് നിന്റെ സ്വര്‍ഗ്ഗം. അവകള്‍ സംരക്ഷിക്കാനായി നമുക്ക്വാളുകളുണ്ട്. നമ്മള്‍ പരസ്പരം വെട്ടും. വേണ്ടി വന്നാല്‍ വെട്ടിച്ചയവും. അതിരുകളാല്‍ വേര്‍ തിരിക്കപ്പെട്ട നമ്മുടെകൂട്ടങ്ങള്‍ക്ക് വലിയ വാളുകളുണ്ട്. ഭൂഖണ്ഡാന്തര മിസ്സൈലുകളില്‍ ഘടിപ്പിച്ചു വച്ച ആണവത്തലപ്പുകളുണ്ട്. അത്‌നിന്റെ നെഞ്ചിനു നേരെ ചൂണ്ടി വച്ച് കൊണ്ട് ഞാന്‍ ഇവിടെ സമാധാനമായി iഉറങ്ങാന്‍ ശ്രമിക്കുമ്പോളും എന്റെനെഞ്ചിനു നേരെ വരാനിരിക്കുന്ന നിന്റെ മിസ്സൈലിനെക്കുറിച്ചുള്ള ഭയം എനിക്കുണ്ട്. ഞാന്‍ പേടിക്കുന്നു, ഞാന്‍പേടിക്കുന്നു. ഇതാണ് ഞാന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന എന്റെ സ്വര്‍ഗ്ഗം. നിന്റെയും. അഭീ, അഭീ, ഭയപ്പെടേണ്ടാ, ഭയപ്പെടേണ്ടാ, എന്ന് പറയുവാന്‍ നമുക്കിടയില്‍ ഇന്ന് യേശുവില്ലാ. അവനെ നമ്മള്‍ ക്രൂരമായി വധിച്ചു കളഞ്ഞു. 
 
 
അവന്‍ വീണ്ടും വരണം. സമാധാനത്തിന്റെയും, സുരക്ഷിതത്വത്തിന്റെയും പ്രായോഗിക പരിപാടികളുമായി വീണ്ടുംനമുക്കിടയിലേക്കു വരണം. അതത്ര എളുപ്പമല്ല. പച്ച മനുഷ്യനായി ജീവിച്ചു മരിച്ച യേശുവിനെ നമ്മള്‍ ദൈവമാക്കിവച്ചതാണ് പ്രശ്‌നം. പ്രപഞ്ച ചൈതന്യമായ ദൈവം എന്ന ബോധാവസ്ഥയെ മൂന്നായി തിരിച്ച് അതിലൊന്നാക്കിനിര്‍ത്തിയതാണ് പ്രശ്‌നം..
 
 
മൂല വസ്തുക്കള്‍ കത്തിയഴിഞ്ഞ് ലോകം അവസാനിക്കുമെന്നും, ആകാശത്തില്‍ നിന്ന് യേശു വരും എന്നുമാണ്പ്രചാരണം. ഇല്ല ലോകം അവസാനിക്കുകയില്ല. അങ്ങിനെ അവസാനിപ്പിക്കാന്‍ വേണ്ടിയല്ല ദൈവം ഇത്സൃഷ്ടിച്ചിട്ടുള്ളത്. നിന്റെ ആയുധപ്പുരകളില്‍ നിന്റെ ശാസ്ത്രം നിനക്ക് നിര്‍മ്മിച്ച് നല്‍കിയ മാരകായുധങ്ങള്‍കൊണ്ട് നീ അതിനെ നശിപ്പിയ്ക്കാതിരുന്നാല്‍ മതി. ഇവിടെ അവസാനിക്കാന്‍ പോകുന്നത് തിമയാണ്, തിമയുടെലോകമാണ്. അതിരുകള്‍ തിരിക്കപ്പെട്ട, മിസൈലുകള്‍ സ്ഥാപിക്കപ്പെട്ട പരസ്പരം കൊന്നു തള്ളാന്‍ കൊലവിളിക്കുന്ന തിന്മയുടെ ലോകം അവസാനിച്ചേ തീരൂ. അതിനു സര്‍വ നന്മകളുടെയും ശരീര ഭാഷ്യമായ യേശുരണ്ടാമത് വന്നേ തീരൂ. അത് ആകാശത്തു നിന്ന് പറന്നിറങ്ങുന്ന പക്ഷിയായിട്ടല്ല. പ്രപഞ്ചാത്മാവായ ദൈവതേജസിന്റെ ഒരു ചെറു മാത്ര ഉള്ളില്‍ വഹിക്കുന്ന ഞാനും, നിങ്ങളുമായി. ജന സഹസ്രങ്ങളായി,. മനുഷ്യവര്‍ഗ്ഗമായി. 
 
സ്വര്‍ഗ്ഗ റിസോര്‍ട്ടുകളിലെ ലക്ഷ്വറി റൂമുകളില്‍ ഒന്നിന്റെ സ്വര്‍ണ്ണത്താക്കോല്‍ നമുക്കായി നീട്ടിക്കൊണ്ട് മതങ്ങള്‍വരുന്നു. അതിനു ഫീസുണ്ട്. നമ്മള്‍ അത് വാങ്ങേണ്ടതില്ല. എന്ത് കൊണ്ടെന്നാല്‍, തന്റെ അംഗീകൃതഏജന്‍സികളായി ദൈവം ആരെയും നിയമിച്ചിട്ടില്ല. അതിനായി കപ്പം പിരിക്കാന്‍ ആരെയുംചുമതലപ്പെടുത്തിയിട്ടും ഇല്ല. അവന്റെ അവകാശങ്ങളില്‍ ഒന്ന് പോലും കുറവില്ലാതെ അത് നിനക്കുമുണ്ട്. അതാണ് ദൈവ നീതി. നിനക്ക് ഭൗതികമായ കുറവുകള്‍ ഉണ്ടാവാം. പക്ഷെ നീയും മറ്റാരെയും പോലെവിലപ്പെട്ടവനാണ്. നീയും ഉള്ളില്‍ വഹിക്കുന്നത് അനുപമമായ ദൈവിക തേജസിന്റെ, സാക്ഷാല്‍ ദൈവത്തിന്റെഒരു കഷണമാണ്.
 
സ്വര്‍ഗ്ഗം വരികയാണ്. അതങ്ങു ദൂരെ എവിടെയോ അജ്ഞാത മേഖലകളില്‍ എവിടെയുമില്ല. ഇവിടെ ഈഭൂമിയില്‍, നമുക്കിടയില്‍. അതിനായി സൃഷ്ടിക്കപ്പെട്ട ഈ ഭൂമി, ജീവന്റെ തുടിപ്പുകള്‍ അനവരതംആവര്‍ത്തിക്കപ്പെടുന്ന ഈ വര്‍ണ്ണപ്പക്ഷി തന്റെ മൃദു ചിറകുകള്‍ വീശി നിന്നിലേക്ക് പറന്നടുക്കുമ്പോള്‍ മനുഷ്യാ, നീ എന്ത് ചെയ്യും ? നെഞ്ചില്‍ ചേര്‍ത്ത് തഴുകി ആശ്വസിപ്പിക്കുമോ, ആണവ മിസൈലുകള്‍ അയച്ച് തച്ചുകൊല്ലുമോ ?
 
 
ഏതെങ്കിലും ഒരു തരത്തില്‍ നീ അപരനെ ഉപദ്രവിക്കുകയോ, അക്രമിക്കുകയോ, കൊല്ലുകയോ ചെയ്യുമ്പോള്‍അത് നിന്നോട് തന്നെയാണ് ചെയ്യുന്നത് എന്ന് നീ എന്നാണു മനസിലാക്കുക ? എന്തെന്നാല്‍, നീ എന്ന നിന്നിലെനീയായി നിന്നെ നില നിര്‍ത്തുന്ന നിന്റെ ആത്മാവ് എന്ന ബോധാവസ്ഥ നിന്നിലേക്ക് വന്നത് നിന്റെ പിതാവായ, നിന്റെ വലിയ മാത്രയായ പ്രപഞ്ചത്തില്‍ നിന്നാണെന്നും, നിന്നെപ്പോലെ തുല്യ അവസ്ഥയിലുള്ള മറ്റൊരു പ്രപഞ്ചഖണ്ഡമാണ് അവനെന്നും, ഞാനും, നീയും, അവനും, പ്രപഞ്ചവും വേര്‍ പെടുത്താനാവാത്ത വിധം ഒന്നാണെന്നുംനാം മനസ്സിലാക്കുമ്പോള്‍ ഒന്നിനെ തോല്‍പ്പിച്ചിട്ട്, നശിപ്പിച്ചിട്ട്, കൊന്നിട്ട് നീ എന്ത് നേടാനാണ് സുഹൃത്തേ? 
 
 
ഒന്നുമില്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സ്‌നേഹം ' കരുതല്‍ ' എന്ന അതിന്റെ യഥാര്‍ത്ഥ  അര്‍ത്ഥത്തില്‍പുനഃസ്ഥാപിക്കപ്പെടാനായി അതിന്റെ ഉപജ്ഞാതാവായ യേശു ഞാനും, നീയും, നമ്മളുമായി പുനര്‍ജ്ജനിക്കട്ടെ. അങ്ങിനെ വീണ്ടും വരട്ടെ. അപരനെ ആക്രമിച്ചു കീഴടക്കുന്ന അടിപൊളിയന്‍ സംസ്‌കാരത്തിന്റെ വര്‍ത്തമാനലോകം അവസാനിക്കട്ടെ. കരുതലിന്റെ തായ് വേരുകളില്‍ നിന്ന് തളിരിട്ടു വളര്‍ന്ന് നന്മയുടെ നറും പൂവുകള്‍വിരിഞ്ഞു നില്‍ക്കുന്ന പുതിയ കാലം, മാനവ സ്വപ്നങ്ങളുടെ മഹാ മടക്കുകളില്‍ മനീഷികള്‍ വിരല്‍ ചൂണ്ടിയമണ്ണിലെ സ്വര്‍ഗ്ഗം അത് വരട്ടെ. വിരിയാനിരിക്കുന്ന പുലരികളില്‍ അതിന്റെ രഥ ചക്ര ' രവ ' കാരങ്ങള്‍ കാതോര്‍ത്ത്‌കൊണ്ട് നമുക്കുറങ്ങാം. 
 
 
 
ഇനി ശാസ്ത്രം. മനുഷ്യ ജീവിത സാഹചര്യങ്ങളെ ഏറെ ഗുണപരമായി സ്വാധീനീക്കുകയും, ജീവിതംകുറെയൊക്കെ സുഗമവും, സുന്ദരുവുമാക്കി മാറ്റിയെടുത്ത ശാസ്ത്രത്തെ അതിന്റെ സമ കാലീന ഗുണഭോക്താക്കളില്‍ ഒരാള്‍ എന്ന നിലയില്‍ ഞാനംഗീകരിക്കുന്നു. എങ്കിലും, തങ്ങളാണ് എല്ലാറ്റിന്റെയും അവസാനവാക്ക് എന്ന നിലയിലുള്ള അതിന്റെ പ്രയോക്താക്കളുടെ നിലപാട് പരീക്ഷണ ശാലകളില്‍ തെളിയിക്കപ്പെടാത്തഒന്ന് എന്ന നിലയില്‍ ദൈവത്തെ തള്ളിപ്പറയുന്നതില്‍ വലിയ ഉത്സാഹം തന്നെ കാണിക്കുന്നുണ്ട്. അതിനുള്ളഉത്തരം വളരെ ലളിതമായി ഒന്നേയുള്ളു. നിങ്ങളുടെ പേര് പോലും നിങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് നിങ്ങളുടെഉള്ളിലുള്ള ആ സാധനത്തിനെ വേര്‍പെടുത്തിയെടുത്ത് നിങ്ങളുടെ ലബോറട്ടറിയില്‍ വച്ച് നിരീക്ഷിച്ച് അതിന്റെഘടകങ്ങള്‍ ഒന്ന് വേര്‍തിരിച്ചു തരണം സാറന്മാരെ. 
 
നടക്കില്ല അല്ലെ? ഒന്നറിയുക ലോഗോ ബില്‍ഡിങ് ബ്ലോക്കുകള്‍ കൊണ്ട് തങ്ങള്‍ കാണുന്ന വിവിധങ്ങളായവസ്തുക്കളുടെ കളിപ്പാട്ട രൂപങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികളെപ്പോലെയാണ് ശാസ്ത്രീയ കണ്ടു പിടുത്തങ്ങള്‍. കുട്ടികള്‍ തങ്ങള്‍ക്കു വേണ്ടത് പോലെ വീടും, വിമാനവും,കാളയും, കഴുതയുമൊക്കെ അത് കൊണ്ട് ഉണ്ടാക്കുന്നു. രൂപങ്ങള്‍ മാറിമാറി വരുന്നതല്ലാതെ അടിസ്ഥാന വസ്തുവായ ബ്ലോക്കുകള്‍ മാറുന്നില്ലല്ലോ ? അത് പോലെ പ്രപഞ്ചവസ്തുക്കളായ മണ്ണും, മരവും, ജലവും, ധാതുക്കളും വിവിധങ്ങളായ അനുപാതത്തില്‍ ഘടിപ്പിച്ചതും, വിഘടിപ്പിച്ചതുമാണ് നിങ്ങള്‍ നിരത്തുന്ന ശാസ്ത്രീയ നേട്ടങ്ങള്‍. കുട്ടിയുടെ കയ്യിലെ ബ്ലോക്കുകള്‍ പോലെ ഇവിടെപ്രപഞ്ച വസ്തുക്കള്‍ നിങ്ങള്‍ ഉപയോഗിക്കുന്നു. അതല്ലാ അവയുടെയെല്ലാം ഉപജ്ഞാതാക്കള്‍ നിങ്ങളാണ്എന്നാണു വാദമെങ്കില്‍ പ്രപഞ്ചത്തിനു പുറത്തുള്ള നിങ്ങളുടെ തറവാട്ടു വീട്ടില്‍ നിന്നുള്ള വസ്തുക്കള്‍ഉപയോഗിച്ച് ഒരു കട്ട മണ്ണോ, ഒരു കപ്പ് വെള്ളമോ ഉണ്ടാക്കി തരിക - ഞാന്‍ കാത്തിരിക്കുകയാണ്. 
 
ഇനി ആരാധന. ദൈവത്തെ ആരാധിക്കുക എന്നുള്ളത് ദൈവത്തിന്റെ ആവശ്യമല്ല. അത് മനുഷ്യന്റെ മാത്രമല്ല, സര്‍വ ചരാചരങ്ങളുടെയും പ്രാഥമിക വികാരമാണ്. പവ്വര്‍ സ്രോതസ്സുകളില്‍ നിന്ന് ചാര്‍ജ് ഉള്‍ക്കൊണ്ടുസമ്പന്നമായിരുന്നാല്‍ മാത്രമേ ബാറ്ററിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു എന്നതുപോലെ ചെറിയ പ്രപഞ്ചമായമനുഷ്യന് പ്രവര്‍ത്തിക്കാന്‍ വലിയ പ്രപഞ്ചത്തില്‍ നിന്നുള്ള ചാര്‍ജ് ഏറ്റു വാങ്ങേണ്ടതുണ്ട്.
 
 
 
ഈ ചാര്‍ജ് നിറയുമ്പോള്‍ മാത്രമാണ് തന്നിലെ ശൂന്യ അറകള്‍ നിറഞ്ഞു തുളുമ്പുന്നതിന്റെ സുഖംആസ്വദിക്കുവാന്‍ മനുഷ്യന് സാധിക്കുകയുള്ളു. ശബരിമലയില്‍ തെളിയിക്കപ്പെടുന്ന മകര വിളക്ക് മനുഷ്യസൃഷ്ടി മാത്രമാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഭക്തരുടെ എണ്ണം കുറയുന്നതായി കാണുന്നില്ല. അത്‌ദൈവീകമാണെന്നു ധരിച്ചോ, തെറ്റിദ്ധരിച്ചോ അതിലേക്കു ലയിക്കുമ്പോള്‍ അവന് ലഭ്യമാവുന്ന ആനന്ദത്തിന്റെആത്മ സുഖം, ആത്മ സംതൃപ്തി അവനു സമ്മാനിക്കാന്‍ പകരം ഒന്നുമില്ല. ശാസ്ത്രമില്ല, സാഹിത്യമില്ല, കലയില്ല, സംഗീതമില്ല,  സംസ്‌ക്കാരമില്ല, മറ്റ് ഒന്നുമില്ല. 
 
 
 
വിഗ്രഹങ്ങള്‍ തകര്‍ക്കരുത് എന്ന ആദി ശങ്കര വചനത്തിന്റെ അര്‍ഥം ഇതായിരിക്കണം. പ്രാര്‍ത്ഥനകള്‍സ്വീകരിക്കപ്പെടുന്ന ഒരേയൊരിടം ഇങ്ങേയറ്റത്തുള്ള ഇവനില്‍ നിന്ന് അങ്ങേയറ്റത്തുള്ള അവന്‍ മാത്രമാണെന്നും, അവനുമായി മാത്രമേ ഇവന്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുനുള്ളു എന്നതിനാലും മനുഷ്യ വര്‍ഗ്ഗത്തിന്റെ എല്ലാഭാഷകളിലെയും, എല്ലാ ഭൂഖണ്ഡങ്ങളിലെയും എല്ലാ പ്രാര്‍ത്ഥനകളും സ്വീകരിക്കപ്പെടുന്ന ഏക സ്ഥലം പ്രപഞ്ചകാരണമായ ഏക ദൈവ സന്നിധി മാത്രമാണെന്നും നമ്മള്‍ മനസിലാക്കണം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നഒരാള്‍ക്ക് എത്രയോ റൂട്ടുകള്‍ നിലവിലുണ്ട്. ഗള്‍ഫ് വഴിയാവാം, യൂറോപ്പ് വഴിയാവാം, ശ്രീലങ്ക വഴിയാവാം, ഇനിആഫ്രിക്ക വഴിയും ആവാം. ഓരോരോ സാഹചര്യങ്ങളില്‍ ഓരോരുത്തര്‍ കണ്ടെത്തുന്ന റൂട്ടുകള്‍. ഒന്ന് മാത്രമേഉറപ്പുള്ളു: എല്ലാവരും എത്തിച്ചേരുന്നത് ഒരേ ഒരിടത്ത് - ഇന്ത്യയില്‍.
 
 
 
എങ്കില്‍പ്പിന്നെ ഏതെങ്കിലും ഒരു റൂട്ട് അഥവാ വിശ്വാസം, മതം, ആരാധന മറ്റേതിനേക്കാളും മെച്ചമാണെന്നോ, അല്ലെന്നോ വീമ്പിളക്കുന്നത് ശുഷ്‌കമായ മസ്തിഷ്‌കത്തിന്റെ ബാലിശമായ പ്രകടനമല്ലേ ? തന്റെവിശ്വാസങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവനെ കൊന്നു തള്ളണം എന്ന് പറയുന്നത് കാടത്തത്തമല്ലേ ? ഏതൊരുത്തന്‍എവിടെ എന്തിനോട് പ്രാര്‍ത്ഥിച്ചാലും അത് സ്വീകരിക്കപ്പെടുന്നത് ഒരിടത്താകയാല്‍ അവന്‍ അത് തുടരട്ടെ. പ്രാര്‍ത്ഥനാലയങ്ങള്‍ ഇടിച്ചു നിരത്തി തീയറ്ററുകള്‍ പണിയണം എന്ന് വാദിക്കുന്നവരോട് ഒരു ചോദ്യമുണ്ട്. ആരാധനാലയങ്ങളില്‍ നിന്ന് മനുഷ്യന്‍ നേടിയെടുക്കുന്ന മനഃ സുഖം അവനു സമ്മാനിക്കാന്‍  ഈതീയറ്ററുകള്‍ക്ക് സാധിക്കുമോ? 
 
 
 
ഇന്ന് മതങ്ങള്‍ നിയന്ത്രിക്കുന്ന ആരാധനാലയങ്ങളില്‍ അളിഞ്ഞ കച്ചവടങ്ങള്‍ അരങ്ങേറുന്നത്ആരാധനാലയങ്ങളുടെ കുറ്റമാണോ ? ആ സിസ്റ്റത്തില്‍ ഇടിച്ചു കയറി ആസനം ഉറപ്പിച്ചിരിക്കുന്ന സാമൂഹ്യദ്രോഹികളുടെ അധര്‍മ്മമാണ് അതിനു കാരണം എന്ന് എനിക്ക് തോന്നുന്നു. ക്ഷേത്രങ്ങളും, പള്ളികളും ഇടിച്ചുനിരത്തുന്നതിന് മുന്‍പ് അവരെ അടിച്ചിറക്കുകയാണ് വേണ്ടത്. അവര്‍ മനുഷ്യന്റെ നെറ്റിയില്‍ ഒട്ടിച്ചു വച്ചവര്‍ഗ്ഗീകരണത്തിന്റെ വര്‍ണ്ണ ലേബലുകള്‍ പറിച്ചെറിഞ്ഞ് മനുഷ്യന്‍ തന്റെ അസ്തിത്വം വീണ്ടെടുക്കണം. ദൈവതേജസ് ഉള്ളില്‍ വഹിക്കുന്ന പച്ച മനുഷ്യന്‍ എന്ന സ്വന്തം ലേബല്‍.
 
 
 
മഹത്തായ മാറ്റങ്ങളുടെ കാറ്റ് വരുന്നുണ്ട്. അത് തകര്‍ത്തെറിയാന്‍ പോകുന്നത് മനുഷ്യ നന്മയെ ലക്ഷ്യം വച്ച്പടുത്തുയര്‍ത്തിയ മതം എന്ന മനുഷ്യത്താവളങ്ങളെ അല്ല. മറിച്ച് മതത്തിനുള്ളില്‍ ഇടിച്ചു കയറി അതിന്റെമഹത്തായ മാന്യതയുടെ തിരു മുഖത്ത് കരി പുരട്ടിയ പുരോഹിത വേതാളങ്ങളെയാണ്. ദൈവത്തിന്റെ നേര്‍പതിപ്പുകളായ പച്ചയായ ഈ മനുഷ്യനെ വര്‍ഗ്ഗങ്ങളുടെയും, വര്‍ണ്ണങ്ങളുടെയും ലേബലുകള്‍ നെറ്റിയില്‍ ഒട്ടിച്ചുവികൃതമാക്കി തങ്ങളുടെ അടിമപ്പാളങ്ങളില്‍ തളച്ചിട്ടെണ്ണി ലാഭം കൊയ്യുന്ന മത സാഡിസ്റ്റുകളെയാണ്. അതിരുകളില്ലാത്ത ലോകത്തിലെ ലേബലുകളില്ലാത്ത മനുഷ്യന്റെ സാര്‍വ്വ ലൗകിക മനുഷ്യ മതം നിലവില്‍ വരും. അവിടെ നാണയം മാറുന്നവരുടെ കമ്മട്ടങ്ങളെയും, പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കൊണ്ട്ചാട്ട വാറുകള്‍ ചുഴറ്റും. മനുഷ്യനും, മനുഷ്യനും ഒന്ന് ചേര്‍ന്ന് നടപ്പിലാവുന്ന പുതിയ ലോക സ്വര്‍ഗ്ഗയാഥാര്‍ഥ്യങ്ങളില്‍ കരുതലിന്റെയും, കരുണയുടെയും അലിവിന്റെയും അരുവികള്‍ പതഞ്ഞൊഴുകി മണ്ണിനെയും, മനസിനെയും തണുപ്പിക്കും. 
 
 
 
ദൈവം ഒരു യാഥാര്‍ഥ്യമാണ്. നീ എന്ന യാഥാര്‍ഥ്യം നിന്നെ ബോധ്യപ്പെടുത്തുന്നത് നീ കാണാത്ത, നീ കേള്‍ക്കാത്തനീ അറിയാത്ത എന്തോ ഒന്ന് ആണെന്ന് നീ അറിയുന്നുണ്ടെങ്കില്‍ നീ വന്ന പ്രപഞ്ചത്തിലും അതുണ്ട്. കോടാനുകോടി പ്രകാശ വര്‍ഷങ്ങളുടെ വിശാല കാന്‍വാസില്‍, ആകര്‍ഷണ വികര്‍ഷണ ബലാ ബലങ്ങളുടെഅച്ചു തണ്ടില്‍, 
 
ആപേക്ഷിക നിരാപേക്ഷിക സാന്ദ്ര സമജ്ഞമായി ഈ മനോഹര ചിത്രം വരച്ചു വച്ച ആ ചിന്ത, ആനയെ വരക്കുന്നവന്റെ മനസിലാണ് ആന ആദ്യം രൂപം കൊള്ളുന്നത് എന്നത് പോലെ പ്രപഞ്ച വിസ്മയത്തിന്റെആദ്യ കാരണമായി, അതിന്റെ ആത്മാവായി, അതിന്റെ ബോധാവസ്ഥയായി അത് ഉണ്ടായിരുന്നു, ഉണ്ട്, ഇനിഎന്നെന്നും ഉണ്ടായിരിക്കും.  ആ അതിനെ ആത്മ ദര്‍ശനങ്ങളുടെ അഗ്‌നി നാവുകള്‍ കൊണ്ട് തൊട്ടറിഞ്ഞ മനുഷ്യതലമുറകള്‍ ആത്മ ഹര്‍ഷത്തിന്റെ അത്യന്നതങ്ങളില്‍ നിന്ന് കൊണ്ട് തങ്ങളുടെ  ഭാഷയിലെ ഏറ്റവും നല്ലതുംഅതി മനോഹരങ്ങളുമായ പദ പത്മ ദളങ്ങള്‍ കൊണ്ട് അതിനെ വിശേഷിപ്പിച്ചപ്പോളാണ് ദൈവത്തിന്റെപേരുകളായി യഹോവയും, അല്ലാഹുവും, കൃഷ്ണനും, നമ്മള്‍ അറിയാത്ത മറ്റു പലതുമായി നിലവില്‍ വന്നത്. പുരോഹിതന് കാശ് കൊടുക്കുന്നവനെ സ്വര്‍ഗ്ഗത്തില്‍ അയക്കുവാനും, കൊടുക്കാത്തവനെ നരകത്തില്‍എറിയാനുമായി കൊട്ടേഷന്‍ ഏറ്റെടുത്ത ഗുണ്ടാത്തലവന്‍ അല്ല ദൈവം എന്ന് മതം എന്ന മായക്കച്ചവടംനടത്തുന്നവര്‍ മനസിലാക്കുകയും, അത് തുറന്നു സമ്മതിക്കുകയും, പൊതു സമൂഹത്തോട് ഏറ്റു പറയുകയുംചെയ്യുക എന്നതാണ് ഈ കാല ഘട്ടത്തിന്റ അനിവാര്യമായ അത്യാവശ്യം എന്ന് എനിക്കു തോന്നുന്നു.
 
Join WhatsApp News
Appachen vg 2023-12-21 11:34:56
Ningal Ezhuthiyathu100%sariyanennu Enikku thonunnu Valerai nanni
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക