Image

ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങള്‍ (സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 30 November, 2021
 ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങള്‍  (സന്തോഷ് പിള്ള)
ഈ മാസത്തെ എല്ലാ വീക്കെന്റ്റും കല്യാണങ്ങള്‍ ഉള്ളതാ, അതിനെല്ലാം പങ്കെടുക്കുമ്പോള്‍ ഇത്രയും നരച്ച മുടിയുമായി പോകണ്ട. വേഗം  ചെന്ന്  തലമുടി കറുപ്പിക്കൂ.
 
മനസ്സില്ലാ മനസ്സോടെ കണ്ണാടിയുടെ മുന്നില്‍ ചെന്നുനിന്നു.
 
കുറച്ചുനാള്‍ മുമ്പുവരെ, കറുകറുത്ത കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും മിന്നുന്ന വെള്ളിവരെപോലെ കാണപ്പെട്ടിരുന്ന  വെളുത്ത മുടികള്‍ക്കുപകരം, ഇപ്പോള്‍  തുരുതുരെ  എഴുന്നു നില്‍ക്കുന്ന വെള്ളമുടികള്‍ക്കിടയില്‍  അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അല്പം കറുത്തവ മാത്രം.''
 
സൂക്ഷിച്ച് വച്ചിരിക്കുന്ന  ആദ്യത്തെ  പാസ്സ്‌പോര്‍ട്ട്  കയ്യിലെടുത്ത്, കൗമാരപ്രായത്തിലെടുത്ത അതിലെ  ഫോട്ടോയില്‍ നോക്കി.
 
 ഇടതൂര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന  കറുത്ത കേശം  കണ്ട് -------ഒന്ന്  ദീര്‍ഘമായി നിശ്വസിച്ചു.
 
 പാനാം  ഫ്ളൈറ്റില്‍  കയറി  ഇവിടെ  എത്തിയത്  ഇന്നലെയാണെന്നു തോന്നുന്നു.
 
 എത്ര വേഗത്തിലാണ് ആയുസ്സ് തീരുന്നത്.--------
 
എവിടെയാണ്  ബാല്യവും,  കൗമാരവും, യൗവ്വനവുമെല്ലാം  പോയ്മറഞ്ഞത്!
 
 
 
എവിടെയോ കളഞ്ഞു പോയ കൗമാരം
 
ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു
 
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാന്‍ തിരയുന്നു
 
ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ
 
നിഴലില്‍  മേല്‍  നിഴല്‍ വീഴും നഗരത്തിലോ
 
 
 
------------------------------------------------------------------
 
മറക്കുവാന്‍ കഴിയാത്ത ബന്ധങ്ങളും
 
മരിക്കാത്ത വാചാല നിമിഷങ്ങളും
 
കൊതിയോടെ ഒരുനോക്കു കണി കാണുവാന്‍.
 
അതെ കൗമാരപ്രായത്തിലെ ബന്ധങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും.  പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഏറ്റവും അടുത്ത സുഹൃത്ത് ഒരു ഗായകനായിരുന്നു. അദ്ധ്യാപകന്‍ ഇല്ലാതിരുന്ന സമയത്ത് ഈ സുഹൃത്ത് ക്ലാസ്സിനു നടുവില്‍ എഴുന്നേറ്റു നിന്നുകൊണ്ട് സിനിമാ ഗാനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. അങ്ങനെ ഒരുദിവസം  ഈ വിദ്വാന്‍  വായ്പാട്ട് ആരംഭിച്ചു.
 
'നക്ഷത്ര ദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപം ഒരുങ്ങി
 
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍  രാഗ സുധ സാഗരത്തില്‍ നീരാടി.
 
ആറാട്ടു കടവിലും ആനക്കൊട്ടിലിലും ആസ്വാദക ലക്ഷം നിറഞ്ഞു നിന്നു ------------
 
നാലമ്പലത്തിനുള്ളില്‍   
 
 നാടകശാലക്കുള്ളില്‍    !
 
നിശബ്ദരായി ജനം സ്വയം മറന്നുനിന്നു
 
നിശബ്ദരായി ജനം സ്വയം മറന്നുനിന്നു
 
ഈ ഗാനം അന്ന് എല്ലാ കുട്ടികള്‍ക്കും വളരെ  പ്രിയപ്പെട്ടതായിരുന്നു. കാരണം കോറസ്സ് പാടാനുള്ള ഒരു മാര്‍ഗ്ഗം അവര്‍ കണ്ടുപിടിച്ചിരുന്നു.
 
''നാലമ്പലത്തിനുള്ളില്‍''  കഴിഞ്ഞു വരുന്ന വയലിന്‍ ശബ്ദം അനുകരിച്ച് ക്ലാസ്സ് മുഴുവന്‍
 
''എന്റമ്മോ എന്റമ്മോ'' എന്നും
 
''നാടകശാലക്കുള്ളില്‍'' എന്നുകഴിയുമ്പോളും  വീണ്ടും  ''എന്റമ്മോ എന്റമ്മോ'' ആവര്‍ത്തിച്ചും ഞങ്ങള്‍ ഈ ഗാനം അത്യധികം ആസ്വദിച്ചിരുന്നു.
 
നിശബ്ദരായി എന്ന അടുത്ത വരിയിലേക്ക് കടന്നതും,  ബഹളം കേട്ട ഹെഡ് മാസ്റ്റര്‍ നീളം കൂടിയ ഒരു ചൂരലുമായി ക്ലാസ്സ് മുറിയിലേക്ക് കടന്നതും ഒരുമിച്ചായിരുന്നു.
 
പൂങ്കാവ് പള്ളിയിലെ പെരുനാളുകാണുവാന്‍  ഈ സുഹൃത്തുമൊപ്പം ഒരിക്കല്‍ പോവുകയുണ്ടായി. കുപ്പിവള, ബലൂണ്‍, കപ്പലണ്ടി കച്ചവടക്കാര്‍ക്കിടയിലൂടെ, മരണക്കിണര്‍ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം കാണാനായി ഞങ്ങള്‍ കടല്‍പ്പുറത്തേക്ക്  നടന്നു നീങ്ങി.
 
അലങ്കാര തൊങ്ങലുകള്‍ വലിച്ചുകെട്ടിയ മുളയുടെ മുകളറ്റത്ത് എതിര്‍ദിശയിലേക്ക് നോക്കിയിരിക്കുന്ന രണ്ട് കോളാമ്പി ഉച്ചഭാഷിണികള്‍. ഈ കോളാമ്പികള്‍ ഒരിക്കലൂം ഇണങ്ങുകയില്ലേ? എപ്പോള്‍ നോക്കിയാലും  പരസ്പരം മുഖം  തിരിച്ചെ നിലകൊള്ളുക  ഉള്ളു.
 
കടല്‍ക്കാറ്റിന്റെ  തണുപ്പ്  ശരീരത്തില്‍  ഒട്ടിപിടിക്കുന്നു.  നിലാ വെളിച്ചത്താല്‍ ശുഭ്ര വസ്ത്ര ധാരിയായ ധരത്രി .  ശാന്തമായ  കടലിരമ്പത്തോടൊപ്പം ഒഴുകിയെത്തുന്നു ഒരു ശോക ഗാനം.
 
മിഴിയോരം നിലാവലയോ   പനനീര്‍മണിയോ കുളിരോ
 
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
 
ശിശിരങ്ങള്‍ കടം വാങ്ങും
 
ഓരോ രജനി യാമം
 
എങ്ങോ കൊഴിയും നേരം
 
എന്റെ ഹൃദയം തേങ്ങി!
 
ഈ ഗാനം ശ്രവിച്ചപ്പോള്‍ അറിയാതെ എന്‍ ഹൃദയവും തേങ്ങുന്നു.
 
ജെറി അമല്‍ദേവ് എന്ന സംഗീത സംവിദായകനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. സംഗീതത്തെ നെഞ്ചിലേറ്റിയ സുഹൃത്ത് വിവരിച്ചു. മലയാളത്തില്‍ ഇതിനുമുമ്പ് ഇങ്ങനെ ഒരു ഈണം ഉണ്ടായിട്ടില്ല. ആദ്യ ശ്രവണത്തില്‍ തന്നെ ഉള്ളിനുള്ളിലേക്ക് അലിഞ്ഞു ചേരുന്ന ഒരനുഭൂതി.
 
 പക്ഷെ എന്റെ മനസുടക്കിയത് അര്‍ത്ഥവത്തായ വരികളിലായിരുന്നു. ആരായിരിക്കും  ഈ ഗാനത്തിന്റെ രചയിതാവ്?
 
ഉച്ചക്ക് ശേഷം  മൂന്നു മണിക്കാണ്  കെമിസ്ട്രി ട്യൂഷന്‍.  വെയിലത്ത് രണ്ട്  മൈല്‍ സൈക്കിള്‍ ചവിട്ടി പ്രൊഫസ്സറിന്റെ വീട്ടില്‍ എത്തുമ്പേഴേക്കും ആകെ വാടിത്തളര്‍ന്നിരിക്കും. ഇടറോഡിലൂടെ പോയാല്‍ തണല്‍ മരങ്ങളുടെ ശീതളഛായയില്‍ റോഡരികിലെ വീടുകളില്‍ നിന്നും കേള്‍ക്കുന്ന ചലച്ചിത്ര ഗാനമൊക്കെ ആസ്വദിച്ച്  ആയാസ രഹിതമായി ലക്ഷ്യത്തിലെത്താം. അങ്ങനെയുള്ള ഒരുയാത്രയിലാണ്
 
''ഒറ്റ കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍
 
ഏക ഭാവം ഏതോ  താളം മൂക രാഗ ഗാനാലാപം
 
ഈ ധ്വനിമണിയില്‍ ഈ സ്വരഗതിയില്‍ ഈ വരിശകളില്‍''
 
 
 
എന്ന ഗാനം എന്നെ തേടിയെത്തിയത്.
 
കൗമാര പ്രായത്തിലായിരുന്ന  കോളേജ് കുമാരന്മാരുടെ കാമുക സങ്കല്പ്പങ്ങളെ അടിമുടി ആവാഹിച്ച ഈ ഗാനം,  അനേകം  നാളുകള്‍  കലാലയത്തില്‍, കുട്ടികള്‍ ആലപിച്ചു കൊണ്ടേയിരുന്നു.
 
 വിദ്യുച്ഛക്തി നഷ്ടപെട്ട ഒരുരാവില്‍, കൊതുകിന്റെ മൂളലുകള്‍കേട്ട്, പി ഭാസ്‌കരന്റെ ''ഒറ്റക്കമ്പിയുള്ള തംബുരു''എന്ന പുസ്തകത്തില്‍ നോക്കിയപ്പോള്‍ ലഭിച്ച പ്രചോദനമാണ്  ഈ  ഗാനരചനക്ക് പ്രചോദനമായത് എന്ന് കവി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
 
ജീവിത ചക്രം വീണ്ടും മുന്നോട്ടു കറങ്ങി, സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടി.  മൂന്നു വയസ്സുകാരന്‍  മകനെ  കുളിപ്പിക്കുമ്പോള്‍  ഞങ്ങളോടൊപ്പം അവനും പാടി,
 
'ഓലത്തുമ്പത്തിരുന്നൂഞ്ഞലാടും ചെല്ല പൈങ്കിളി,
 
 ബാലഗോപാലനെ എണ്ണതേക്കുമ്പോള്‍ പാടെഡി'
 
 മലയാള അക്ഷരങ്ങള്‍ ഇളം പ്രായത്തില്‍ പഠിച്ചെടുക്കുവാന്‍  മകനെ,
 
 ഈ വരികള്‍ വളരെ അധികം സഹായിച്ചു.
 
പെറുക്കി പെറുക്കി സംസാരിക്കാന്‍ ആരംഭിച്ച രണ്ടു  വയസ്സുള്ള മകള്‍ക്ക് ഏറ്റവും  ഇഷ്ടമുള്ള ഗാനം
 
''ഒരു മുറൈ വന്തു  പാര്‍ത്തായ'.
 
ഈ ഗാനം ശ്രവിക്കുമ്പോള്‍ തന്നെ പിഞ്ചു കൈകാലുകള്‍ കൊണ്ട് നൃത്തം വച്ച്,
 
'പാര്‍ത്തായ,പാര്‍ത്തായ'' എന്നാവര്‍ത്തിച്ചാവര്‍ത്തിച്ച് പാടുമായിരുന്നു.
 
മലയാളികളുടെ നാവില്‍ തേനും വയമ്പും ഇറ്റിച്ച്, കിലുകില്‍ പമ്പരം കറക്കി, ഏഴു സ്വരങ്ങളും തഴുകിയെത്തിയ കാവ്യ  സ്രോതസ്സായിരുന്നു  ബിച്ചു തിരുമലയുടെ വിരല്‍ത്തുമ്പുകള്‍.
 
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മുഴുക്കാപ്പ് ചാര്‍ത്തുകയും, വിയോഗത്താലുണ്ടായ  ദുഃഖം, അഭിഷേകം നടത്തുകയും, കലശങ്ങള്‍ ആടുകയും ചെയ്യുന്നു ഈ വേളയില്‍, അദ്ദേഹം നമുക്കായി നല്കിയ ഉപദേശം ശിരസ്സാവഹിക്കാം.
 
കുഞ്ഞേ നീ പഠിച്ചു മിടുക്കനായി എത്ര വലിയവനായാലും!
 
''ഏതു ദേശമാകിലും
 
 ഏതു  വേഷമാകിലും
 
 അമ്മതന്‍ അമ്മിഞ്ഞപ്പാലിന്റെ  മാധുര്യം
 
കാത്തിടേണമേ ''
 
Join WhatsApp News
Sudhir Panikkaveetil 2021-12-02 22:35:07
മനോഹരം ഈ വിവരണം. ഒരു ഗാനരചയിതാവിനെ ഓർക്കുമ്പോൾ ഗാനങ്ങൾ അലയടിച്ചെത്തണം.
സേതു 2021-12-19 22:03:41
ബാല്യവും, കൗമാരവും ഒക്കെ തിരിച്ചു വന്ന പ്രതീതി . നന്നായിരിക്കുന്നു .
Rajesh 2022-06-21 12:34:20
Santhosh, I had missed this write up somehow. So well written and touching.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക