Image

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

Published on 29 November, 2021
നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)
ഈയ്യിടെ പ്രഖ്യാപിച്ച കേരള കലാമണ്ഡലം അവാർഡുകളിൽ, ഏറ്റവും ശ്രദ്ധിക്കപ്പെടാറുള്ള 'യുവപ്രതിഭാ പുരസ്കാരം' നേടിയ ഐശ്വര്യ, കേരളത്തിൻ്റെ തനത് ക്ലാസ്സിക് നൃത്തരൂപമായ മോഹിനിയാട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പുതുമകൾ തേടുന്നൊരു കലാകാരിയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതി തിരുനാൾ രാമവർമ്മ രാജാവിൻ്റെ കാലത്ത് പുത്തൻ ഉണർവ് ലഭിച്ച ലാസ്യ-ലാവണ്യ സമ്പന്നമായ ആവിഷ്കാര കലയിൽ, സാമൂഹിക നന്മകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന ധാരാളം പരിഷ്കാരങ്ങൾക്ക് സാധ്യതകളുണ്ടെന്ന് മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദവും (MA), പെർഫോർമിങ് ആർട്ട്സിൽ M.Phil-ലും നേടിയിട്ടുള്ള യുവനർത്തകി വിശ്വസിക്കുന്നു. 

"ജീവിത വ്യഗ്രതകളാൽ വിണ്ടുകീറിയൊരു കുട്ടിക്കാലമായിരുന്നു എൻ്റെത്. വീട്ടുജോലികൾക്കു പോയും, വീടുവീടാന്തരം കയറിയിറങ്ങി ചെടി തൈകൾ വിറ്റുമാണ് എൻ്റെ അമ്മ എന്നെ വളർത്തിയതും പഠിപ്പിച്ചതും. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവയായിരിക്കണം നമ്മുടെ കലാരൂപങ്ങൾ. കലകൾ സമൂഹത്തിനു വേണ്ടി നിലകൊള്ളണം," ഐശ്വര്യ പറഞ്ഞു തുടങ്ങി:

സ്കൂളിൽ കലാതിലകം

പഠിപ്പിനോടൊപ്പം പാട്ടും, കവിതയെഴുത്തും, നാടകാഭിനയവും, മോഹിനിയാട്ടവും എൻ്റെ കൂടെയുണ്ടായിരുന്നു. ചുവടുകൾ വെപ്പിച്ച്, നാട്യകലയുടെ ബാലപാഠം എന്നെ പഠിപ്പിച്ചത് എൻ്റെ അമ്മ തന്നെ. അമ്മയുടെ ചോരയിൽ കലാസ്നേഹമുണ്ടായത് സ്വാഭാവികം. അമ്മയുടെ അമ്മ (എൻ്റെ അമ്മമ്മ) ഒരു തിരുവാതിരക്കളി നർത്തകിയായിരുന്നു. വലിയ വീടുകളിൽ പോയി അവിടെയുള്ളവരെ അമ്മമ്മ തിരുവാതിരക്കളി പഠിപ്പിച്ചിരുന്നു. അമ്മമ്മയുടെ ചോരയാണ് എൻ്റെ സിരകളിൽ ഒഴുകുന്നതെന്ന് അമ്മ ചിലപ്പോൾ എന്നെ ഓർമ്മിപ്പിക്കാറുണ്ട്. അമ്മയുടെ വാക്കുകളിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു. അമ്മയിൽനിന്ന് നൃത്ത പരിശീലനം പതിവായുണ്ടായിരുന്നതിനാൽ, കലോത്സവങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളിലെ ജൂനിയർ, സീനിയർ നിലകളിൽ ലഭിച്ച വേദികളൊന്നും നഷ്ടപ്പെടുത്തിയതുമില്ല. സ്കൂൾ, ഉപജില്ല, റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങളിലും പങ്കെടുത്തു. തുടർന്നാണ് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയൻ്റുകൾ നേടി സ്കൂൾ തലത്തിലുള്ള കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.

കലാമണ്ഡലത്തിൽ കവിതയെഴുത്ത്

ഏഴാം ക്ലാസ്സുമുതൽ ഞാൻ പഠിച്ചത് കേരള കലാമണ്ഡലത്തിലാണ്. അവിടെ പിൻതുടരുന്നത് ഗുരുകുല വിദ്യാഭ്യാസ രീതിയായതിനാൽ താമസവും കലാമണ്ഡലത്തിൽ തന്നെയായിരുന്നു. അക്കാലങ്ങളിലാണ് എനിയ്ക്ക് കവിതകൾ എഴുതുവാൻ കൂടുതൽ പ്രേരണ ലഭിച്ചത്. കുട്ടിക്കാലത്തു തന്നെ പെറ്റമ്മയിൽ നിന്ന് പിരിഞ്ഞു താമസിക്കുന്നവരുടെ ദുഃഖം എന്നെ വല്ലാതെ അലട്ടി. പ്രിയ മാതാവ് കൂടെയില്ലാത്തൊരു ജീവിതം എൻ്റെയും ഒരു പരുക്കൻ യാഥാർത്ഥ്യമായിരുന്നല്ലൊ. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ആശ്വാസം പകർന്നിരുന്നത് ഒരുമിച്ചിരുന്നുള്ള വർത്തമാനങ്ങളും, വായനകളും, ഇത്തിരി എഴുത്തും മറ്റുമൊക്കെയായിരുന്നു. ഏകാന്തത സർഗഭാവനകൾക്കും ചിറക് നൽകുമല്ലൊ. ഞാൻ കുറെ കവിതകളെഴുതി. കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസികയായ 'കേളി'യിൽ അതിലൊന്ന് അച്ചടിച്ചുവന്നത്, എനിയ്ക്കുമാത്രമല്ല, സഹപാഠികൾക്കെല്ലാം കൂടുതൽ എഴുതാൻ ആവേശം നൽകി. 'സുനാമി' എന്ന എൻ്റെ ആ കവിത പല സദസ്സുകളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആ വരികൾ എനിയ്ക്ക് കുറെ സമ്മാനങ്ങളും നേടിത്തന്നു.

പ്രമേയങ്ങളെല്ലാം ജനനന്മയ്ക്ക്

UGC-Net വിജയിച്ചതിനു ശേഷം, PhD ബിരുദത്തിനായുള്ള ഗവേഷക വിദ്യാർത്ഥിയായി കലാമണ്ഡലത്തിൽ തന്നെ (കൽപിത സർവകലാശാല) ചേർന്നു. ആയിടയ്ക്കാണ് കേരളത്തിൽ ദുരന്തം വിതച്ചുകൊണ്ട് 2018-ൽ ആദ്യ പ്രളയമെത്തിയത്. സമാധാനത്തിൽ കഴിയുന്നൊരു സമൂഹത്തിൽ മാത്രമേ പ്രകടന കലകളും, ദൃശ്യ കലകളും വളരൂവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആയതിനാൽ, ആവിഷ്കാരകലയെ ശാന്തി സന്ദേശമെത്തിക്കാനാണ് ഞാൻ പ്രയോജനപ്പെടുത്തിയത്. അനവധി വേദികളിൽ മോഹിനിയാട്ട ചുവടുകളിലൂടെ ഞാൻ വരച്ചുകാട്ടിയത് ജന നന്മയ്ക്ക് ഉപകാരപ്പെടുന്ന പ്രമേയങ്ങളാണ്. രണ്ടാം പ്രളയവും, തുടർന്നെത്തിയ മഹാമാരിയും നാട്ടിൽ അശാന്തി പരത്തിയപ്പോൾ, ആവിഷ്കാര കലകൾ ജന നന്മയ്ക്കായ് പലതും ചെയ്യാൻ ത്രാണിയുള്ളൊരു മാധ്യമമാണെന്ന യാഥാർത്ഥ്യം പൊതുവേ അംഗീകരിക്കപ്പെടുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പുതുമകളിൽ ചാലിച്ചൊരുക്കിയ   അവതരണങ്ങൾക്ക് ഗാനങ്ങളെഴുതിയും, സംഗീതം ചിട്ടപ്പെടുത്തിയും, പൊതുവേദികൾ ഒരുക്കിയും എത്രയോ സഹൃദയർ സഹകരിച്ചു.

മഹാമാരിക്കെതിരെ 'Stay-home-stay-safe'

ഇരുണ്ട കാലത്ത് പ്രത്യാശയുടെ പ്രകാശം പരത്താൻ, പ്രശസ്ത കവിയും, നാടകകൃത്തും, പ്രഭാഷകനുമായ കരിവെള്ളൂർ മുരളിയുടെ 'വരുക വീണ്ടും...' എന്നു തുടങ്ങുന്ന വരികൾക്ക് നൃത്താവിഷ്കാരം ഒരുക്കി ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുവാനും, മാരക വൈറസിനെ നേരിടാൻ പൊതുജനങ്ങളെ തയ്യാറാക്കുവാനുമായിരുന്നു Stay-home-stay-safe എന്ന ഈ നൃത്തഭാഷ്യം. മഹാമാരി സ്തംഭിപ്പിച്ച തൊഴിൽ മേഖലയിൽ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടവർക്കൊരു കൈത്താങ്ങായി മാറി ഈ പരിപാടി. സാമൂഹിക അകൽച്ചയിൽ ഒറ്റപ്പെട്ടുപോയവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിപ്പിക്കാനും കുറെയൊക്കെ സാധിച്ചു. പ്രളയങ്ങൾ സൃഷ്ടിച്ച ദുരിതത്തിൽ ജനം നട്ടംതിരിഞ്ഞപ്പോഴും എളിയ നർത്തകി എന്ന നിലയിൽ കഴിയുന്ന വിധം സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ വാങ്ങി കേമ്പുകളിൽ എത്തിച്ചു കൊടുത്തു. കോവിഡ് കാലത്തും ദീർഘകാലം ഭക്ഷണ വിതരണം നടത്തി. പാചകവും, ഭക്ഷണ വിതരണവും സുഗമമാക്കാൻ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.

ചിറകൊടിഞ്ഞ പ്രകൃതിയെ വീണ്ടെടുക്കാൻ...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുഗതകുമാരി ടീച്ചറുടെ പ്രശസ്ത കാവ്യത്തിന്  നൃത്തരൂപം ചിട്ടപ്പെടുത്തി പല വേദികളിലും ചുവടുവച്ചു. മനുഷ്യൻ്റെ പ്രകൃതമാണ് പ്രകൃതിയെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തലായിരുന്നു ഉദ്ദേശ്യം. 'ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി...'  എന്നു തുടങ്ങുന്ന കവിതയുടെ സന്ദേശം സാധാരണക്കാരുടെ ഇടയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടയാണ്. കവിത ഞാൻ തന്നെ പാടി നൃത്തം ചവിട്ടുകയായിരുന്നു. അടച്ചുപൂട്ടൽ കാലത്തെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടായിരുന്നു അവതരണങ്ങൾ.

ഫെല്ലോഷിപ്പ് പദ്ധതിയിലെ അദ്ധ്യാപിക

നമ്മുടെ കലാപൈതൃകം പരിപോഷിപ്പിക്കുക, എല്ലാ വിഭാഗം ജനങ്ങളിലും കലാഭിരുചി വളർത്തുക മുതലായ ലക്ഷ്യങ്ങളോടെ കേരള സാംസ്‌ക്കാരിക വകുപ്പ് 2019 മുതൽ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരളീയ കലാരൂപങ്ങളായ ക്ലാസിക്കൽ നൃത്തങ്ങൾ, അഭിനയം, ചിത്രരചന, ശില്പനിർമ്മാണം, ഫോക്‌ലോർ തുടങ്ങിയ മേഖലകളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. കലാവിഷയങ്ങൾ അക്കാഡമിക് ആയി പഠിച്ചവരിൽ
നിന്നാണ് ഫെലോഷിപ്പ് കലാകാരന്മാരെയും കലാകാരികളെയും അദ്ധ്യാപനത്തിന്തെരഞ്ഞെടുത്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിലെ മോഹിനിയാട്ടം അദ്ധ്യാപികയായി എന്നെ നിയമിച്ചു. മോഹിനിയാട്ടത്തെ വളരെ ലളിതമായി ആവിഷ്കരിക്കാനും, സാധാരണക്കാർക്ക് പരിചയപ്പെടുത്താനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. മോഹിനിയാട്ട ചുവടുകളുമായി രാജ്യത്തിൻ്റെ തലസ്ഥാനത്തും (Commonwealth Games Inaugural Ceremony), വിദേശ രാജ്യങ്ങളിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിലും, വജ്രജൂബിലി ഫെലോഷിപ്പ് പോലെയുള്ളൊരു ജനകീയ പദ്ധതിയുടെ ഭാഗമാകുന്നതിലാണ് കൂടുതൽ അഭിമാനം തോന്നുന്നത്.

കുടുംബ പശ്ചാത്തലം

പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കു കിഴക്കുള്ള ഓങ്ങല്ലൂരാണ് ജന്മദേശം. അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ, അമ്മയുടെ കുടുംബമാണ് അഭയം നൽകിയത്. അമ്മയുടെ അനിയൻ ഭാസ്കരൻ അങ്ക്ളും ഭാര്യ ദീപ ആൻ്റിയുമാണ് സ്വന്തം മകളെപ്പോലെ എന്നെ നോക്കി വളർത്തിയത്. ഞാൻ മിശ്രവിവാഹിതയാണ്. സമൂഹത്തിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ വിവാഹിതരായി. എന്നെപ്പോലെ, വളരെ സാധാരണ കുടുംബത്തിലെ അംഗമായ റഫീക് അമൻ ഇന്ന് എൻ്റെ തണൽ മരം മാത്രമല്ല, കലാവീഥിയിലെ നെയ്ത്തിരി വെട്ടം കൂടിയാണ്. റഫീക്കേട്ടൻ വിഭാവനം ചെയ്തതാണ് എൻ്റെ മികച്ച ചില രംഗ അവതരണങ്ങൾ. ചെറിയ രീതിയിലുള്ള ഒരു ചലച്ചിത്ര അഭിനേതാവു കൂടിയാണ് അദ്ദേഹം. ഡോമിനിക് അരുൺ സംവിധാനം ചെയ്ത 'ക്രെഡോ', 'മൃത്യുഞ്ജയം' മുതലായവ റഫീക്കേട്ടൻ്റെ ജനപ്രിയ സിനിമകളാണ്. റിച്ചു, ഞങ്ങളുടെ കൊച്ചു മകൾ. ഞാൻ ഇപ്പോൾ തൃപ്പൂണിത്തുറയിലെ ആർ. എൽ. വി. കോളേജ് ഓഫ് മ്യൂസിക് ആൻ്റ് ഫൈൻ ആർട്ട്സിൽ  മോഹിനിയാട്ടം വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറർ പദവിയിൽ ജോലി ചെയ്യുന്നു.


നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക