Image

ആശംസകൾ (കവിത: ഡോ.എസ്.രമ)

Published on 28 November, 2021
ആശംസകൾ (കവിത: ഡോ.എസ്.രമ)
ആശംസകൾ സന്ദേശങ്ങളാകും..
ആരുടെയോ ഓർമ്മകളിലൊരിടമുണ്ടന്നറിയിക്കും..
പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും
ദിനചര്യകളിൽ  ചിന്തകളവിടെ  പകുത്തു നൽകും..
വിശേഷാവസരങ്ങളിൽ സന്ദേശങ്ങൾ
തിരഞ്ഞാരുടെയോ വിലപ്പെട്ട സമയം പാഴാവും...
പുഷ്പവർണ്ണങ്ങളിൽ..
ദൃശ്യഭംഗികളിൽ..
തത്വചിന്തകളിൽ
അതരികിലെത്തും..

ആശംസകൾ സന്ദേശങ്ങളാകും ..
ഒഴിവുവേളകളുടെ അലസത
അന്യരിൽ അടിച്ചേൽപ്പിക്കും.  
 പൊള്ളയായ വാക്കുകളിൽ
മറയും പ്രവൃത്തിയുടെ കാപട്യം
നേരംപോക്കെന്നോണമൊരു നീരുറവയുടെ
ശാന്തതയിലേക്ക് കല്ലെറിയും.
അനേകമെങ്കിലവയ ശാന്തിയാകും..
നിലയ്ക്കാത്ത ഓളങ്ങളാകും..

വല്ലപ്പോഴുമൊരു പൂവിന്റെ ഗന്ധമാസ്വാദ്യമാണ്..
ആരുടെയോ പക്കൽ അധികമുള്ള പൂക്കളിലൊന്നാകുമത്..
സ്വകാര്യ ശേഖരത്തിൽ നിന്ന്
പകരമൊന്നതാവശ്യപ്പെടുന്നുണ്ടാകും..

ആശംസകൾ
സന്ദേശങ്ങളുടെയാധിക്യമാകുമ്പോൾ
ഒരു കൂന പൂക്കളുടെ
ഗന്ധമനിഷ്ടമാകും.
നിറം പിടിപ്പിച്ച ദൃശ്യഭംഗികളലോസരമാകും..
മാർഗദർശിയാം തത്വചിന്തയസഹ്യമാകും..
അധികമായാൽ അമൃതും വിഷമെന്നറിയും..

അപ്പോഴൊന്നു നോക്കുകപോലുമില്ലാതെയൊരു കൂട്ടം പൂക്കൾ ഉപേക്ഷിക്കപ്പെടും..
ദൃശ്യഭംഗികളിൽ മനംമടുക്കും..
തത്വചിന്തകൾ തലവേദനയാകും..
പക്ഷേ..ആശംസകൾ
അതാരുടെയോ കരുതലാണ്..
പരിഗണനയാണ്..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക