Image

പാറേക്കാട്ട് കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ; മുപ്പതിലേറെ വൈദികർ (കുര്യൻ പാമ്പാടി)

Published on 27 November, 2021
പാറേക്കാട്ട് കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ; മുപ്പതിലേറെ വൈദികർ (കുര്യൻ പാമ്പാടി)

(Photo: പാറേക്കാട്ട് മറ്റപ്പള്ളിൽ സിസ്റ്റർ മേരി രശ്മി  യുഎൻ-ൽ; വെച്ചൂരിലെ കൂടപ്പിറപ്പുകൾ--ഫാ. ആന്റണി,  സിസ് റ്റർമാർ  നോബിൾ,  ലിസറ്റ്, ഫൗസിന, ഷീന, ഷാനി)  

ലോകത്തിൽ ഏറ്റവും കൂടുതൽ വൈദികരെയും കന്യാസ്ത്രീകളെയും സംഭാവന ചെയ്ത  കത്തോലിക്കാ രൂപത പാലാ ആണെന്നും അതിൽ തന്നെ ഒന്നാം സ്ഥാനത്തു നില്കുന്നത് രൂപതയിലെ കൊഴുവനാൽ സെന്റ് ജോൺ നെപുംസിയൻസ് ഇടവകയാണെന്നും   'അവർണനീയ ദാനങ്ങളുടെ സുവർണ വർഷങ്ങൾ' എന്നപേരിൽ  പ്രസിദ്ധീകരിച്ച രൂപതയുടെ സുവർണ ജൂബിലി പതിപ്പിൽ പറയുന്നു,

"ലോകത്തിനു ഏറ്റവും കൂടുതൽ ബിഷപ് മാരെ നൽകിയ രൂപതയും   പാലായാണ്--ഏകദേശം 25 പേരെ.   അവരിൽ    ഒരാൾ   അമ്മവഴി പാറേക്കാട്ട് കുടുംബവുമായി ബന്ധമുള്ള  തൃശൂർ   എമേറിറ്റസ് ആർച്ച്ബിഷപ് . ജേക്കബ് തൂംകുഴിയാണ്. വിളക്കുമാടത്തു ജനിച്ച അദ്ദേഹത്തിനു ഡിസംബർ 13 നു 91  തികയും.

കുടുംബയോഗം പ്രസി. വടവാതൂർ സെമി.വൈസ് റെക്ടർ ഡൊമിനിക് വെച്ചൂർ, ജ. സെക്ര. പ്രൊഫ. കെ.ഒ. ജോൺ; സ്ഥാപകൻ മറ്റപ്പള്ളിൽ വല്യച്ചൻ.

"സീറോ മലബാർ സഭയുടെ ബ്രിട്ടനിലെ ആദ്യരൂപതയുടെ ബിഷപ് ആയി 2016ൽ നിയമിതനായ ഡോ. ജോസഫ് സ്രാമ്പിക്കൽ, 55,  പാലാ രൂപതയിൽ പൂവരണിയിൽ  ജനിച്ച ആളാണ്. റോമിലും ഓക്സ്ഫോർഡിലും പഠിച്ചു.  ചിക്കാഗോ ബിഷപ് ജേക്കബ് അങ്ങാടിയത്തും പാലാ രൂപതയിൽ ഇലഞ്ഞി ക്കടുത്ത് പെരിയപ്പുറത്ത് ജനിച്ചയാൾ.  വിശുദ്ധ അൽഫോൻസായും വാഴ്ത്തപ്പെട്ടവൻ കുഞ്ഞച്ചനും ധന്യൻ  കദളിക്കാട്ടിലച്ചനും ചേർന്ന് രൂപതയെ പുണ്യ വാളന്മാരുടെ  സംഗമഭൂമിയും ആക്കുന്നു"

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കുടുംബയോഗ വാർഷികത്തിൽ മുഖ്യാതിഥി

എന്നാൽ നൂറിലേറെ കന്യാസ്ത്രീ കളെയും മുപ്പതിലേറെ വൈദികരെയും സംഭാവന ചെയ്ത ഒരു കുടുംബം പാലാ രൂപതയിലെ പൂവരണിയിൽ മുളച്ചു വളർന്ന പാറേക്കാട്ട് ആണെന്ന് കുടുംബയോഗ ചരിത്രം 2020 പതിപ്പിന്റെ ചീഫ് എഡിറ്റർ പാറേക്കാട്ട് മറ്റപ്പള്ളിൽ ആന്റിച്ചൻ തോമസ് പേരു വിവരങ്ങളോടെ സ്ഥാപിക്കുന്നു.

അജപാലനത്തിന്റെ സുവർണജൂബിലി പതിപ്പ്; പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

ഒന്നും രണ്ടും പെണ്മക്കളുള്ള വീടുകളിൽ നിന്ന് മഠത്തിൽ ചേരാൻ അർത്ഥിനികൾ ഇല്ലെന്നും തന്മൂലം പലമഠങ്ങളും പൂട്ടിപോകുമെന്നുമുള്ള കപ്പൂച്ചിൻ ഗവേഷകൻ റവ. ഡോ മാത്യു വള്ളിപ്പാലത്തിന്റെ കണ്ടെത്തൽ സഭാ മേലധികാരികൾക്ക് തലവേദന സൃഷ്ട്ടിക്കുമ്പോഴാണ് ഈ പച്ചത്തുരുത്ത് കണ്ടെത്തുന്നത്.
 
പൂക്കളുടെ വനം എന്നാണ് പൂവരണിയെന്ന പേരിനർത്ഥം. 1891ൽ സ്ഥാപിതമായ പള്ളി 1975ൽ പേരുപോലെ മനോഹരമായി  പുതുക്കി പണിതു.  ഇടവകയിൽ ഇന്ന് 750 കുടുംബങ്ങൾ അംഗങ്ങളായി  ഉണ്ടെന്നു വികാരി ഫാ. മാത്യു തെക്കേൽ അറിയിച്ചു. നിരവധി സന്യാസിനികളുടെയും വൈദികരുടെയും  മാതൃ ദേവാലയം ആണ് പള്ളി.

ബ്രിട്ടനിലെ ബിഷപ് ജോസഫ് സ്രാമ്പിക്കൽ, ചിക്കാഗോയിലെ മാർ ജേക്കബ് അങ്ങാടിയത്ത്--ഇരുവരും പാലാക്കാർ

ലോകമാകെ പടർന്നു പിടിച്ചിട്ടുണ്ട് പാറേക്കാട്ടെ ദൈവ ദാസർ. ഏഷ്യയിലും ആഫ്രിക്കയിലും ബ്രിട്ടനിലും യുഎസിലും കാനഡയിലും സൗത്ത് അമേരിക്കയിലും പാറേക്കാട്ടു അച്ചന്മാരും കന്യാസ്ത്രീകളും സേവനം ചെയ്യുന്നു.  പാറേക്കാട്ടു തറവാട്ടിലും വെച്ചൂർ, കപ്പലുമാക്കൽ, മറ്റപ്പള്ളിൽ, കളത്തൂർ, തെക്കേ മൊളോപ്പറമ്പിൽ, വടക്കേമൊളോപ്പറമ്പിൽ, പു ത്തൻപുരയിൽ, കോടികോട്ട്, കല്ലൻമാർകുന്നേൽ, കണ്ണമുണ്ടയിൽ, നെടുംപുറത്ത് തുടങ്ങിയ  ശാഖകളിലുമാണ് ഇത്രെയേയേറെ ദൈവദാസരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞത്‌.

പത്തൊമ്പതാം നൂറ്റാണ്ടിൽ കുടുംബ സ്ഥാപകനായ പാറേക്കാട്ട് മാണി മാത്തന്റെ ഒമ്പതു മക്കളിൽ ഏഴാമനായ യോഹന്നാൻ ആണ് ആദ്യത്തെ വൈദികൻ. ആ പാരമ്പര്യം അഭംഗം തുടരുന്നു. വൈദികനോ കന്യാസ്ത്രീയോ ഇല്ലാത്ത ഒരുറ്റ കുടുംബവും  ഇതഃപര്യന്തം ഉണ്ടായിട്ടില്ല. ചിലവീടുകളിൽ നിന്ന് നാലുപേർ വരെ വൈദിക വൃത്തിയിൽ പ്രവേശിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ  ലിങ്കൺഷെയറിൽ  ആംഗ്ലിക്കൻ വൈദികനായ ഡോ. സെബാസ് റ്റിയൻ മറ്റപ്പള്ളിൽ

ഉദാഹരണത്തിന് പാറേക്കാട്ട് വെച്ചൂർ മാത്തൂ ജോസഫിന്റെ 12 മക്കളിൽ അഞ്ചുപേരും സന്യസ്തരാണ്-- കപ്പൂച്ചിൻ സഭയിലെ ഫാ. ആന്റണി (ഒറീസയിൽ ബെറാംപൂരിൽ സെമിനാരി റെക്ടർ ആയിരുന്നു), സിസ്റ്റർ രായ നോബിൾ (എഫ്‌സിസി), ലിസറ്റ് (സിഎംസി), ഫൗസിയ (സിഎംസി അന്തരിച്ചു), ഷീന (എഫ് സിസി), ഷാനി (എഫ് സിസി). പാറേക്കാട്ട് വെച്ചൂർ ദേവസ്യയുടെ മക്കൾ എൽസമ്മ തിരുഹൃദയ സഭയുടെ സുപ്പീരിയർ ജനറൽ ആണ്. സഹോദരി സിസ്റ്റർ ആനീസും അതേ സഭയിൽ.    

പാറേക്കാട്ട് വെച്ചൂർ കാരക്കുളത്തു മത്തായിയുടെ നാല് പെൺമക്കളിൽ മൂന്ന് പേരും വിവിധ സന്യസ്ത സഭകളിൽ സേവനം ചെയ്യുന്നു. മാത്തൻ കൊച്ചുമാത്തന്റെ മകൾ മകൾ റോസമ്മയുടെ മൂന്ന് പെൺമക്കളും കന്യാസ്ത്രീകളാണ്.  വടക്കേ മൊളോപറമ്പിൽ നാടുവത്തോലിൽ തൊമ്മന്റെ ഏകപുത്രൻ കൊച്ചിന്റെ പൗത്രൻ ജോസഫ് നാടുവത്തോലി വൈദികനാണ്. സഹോദരിമാർ മൂവരും കന്യാസ്ത്രീകളും.

ആന്റിച്ചൻ മറ്റപ്പള്ളിൽ, സിസ്റ്റർ മേരി രശ്മി,  ഭാര്യ ജീന, മകൾ റിന്യ; ദമ്പതിമാർ ന്യൂസിലാൻഡിൽ

പാറേക്കാട് മാണി മാത്തന്റെ മകൻ മാത്തൻ ഔസേപ്പിന്റെ മകൻ യോഹന്നാൻ ശെമ്മാശൻ മാന്നാനം സെമിനാരിയിൽ പഠിക്കുമ്പോൾ സ്വന്തം റീത്തിൽ  മെത്രാനെ ലഭിക്കുന്നതിന് വേണ്ടി കുടക്കച്ചിറ അന്തോണി കത്തനാർ നടത്തിയ ധർമ്മ സമരത്തിൽ സഹകരിച്ചു അദ്ദേഹത്തോടൊപ്പം ബാബേലിന് (ഇന്നത്തെ ഇറാഖിലെ ബാബിലോൺ) പോകുകയും അവിടെവച്ചു അന്തരിക്കുകയും ചെയ്തു.

പാറേക്കാട് മാണി മാത്തന്റെ ഒമ്പതാമത്തെ മകൻ വടക്കേ മൊളോപറമ്പിൽ മാത്തൻ വർക്കിയുടെ പൗത്രൻ  ഫാ. എബ്രഹാം മൊളോപറമ്പിൽ രണ്ടുതവണ എംസിബിഎസ് സഭയുടെ സുപ്പീരിയർ ജനറലായി സേവനം ചെയ്തു.  പാറേക്കാട്ട് കുടുംബയോഗം പ്രസിഡന്റ്  ആയിരിക്കുമ്പോൾ 2020 ൽ അന്തരിച്ചു.

പുതിയ തെരെഞ്ഞെടുപ്പ് നടക്കും വരെ വൈസ് പ്രസിഡന്റ് വടവാതൂർ  സെന്റ് തോമസ്  സെമിനാരി വൈസ് റെക്ടർ ഡോ. ഡൊമിനിക്  വെച്ചൂർ  ആണ്  ഇപ്പോൾ ആക്ടിങ്  പ്രസിഡണ്ട്. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു ഡോക്ട്രേറ്നേടിയ പണ്ഡിതൻ, എഴുത്തുകാരൻ.  വാഴൂർ എൻഎസ്എസ് കോളജിൽ ഹിസ്റ്ററി പ്രൊഫസർ ആയിരുന്ന പാറേക്കാട്ട് കളത്തൂർ  കെ. ഒ. ജോൺ ആണ് ജനറൽ സെക്രട്ടറി.

ഫാ. എബ്രഹാം മൊളോപറമ്പിലിന്റെ സഹോദരപുത്രൻ കപ്പൂച്ചിൻ സഭാംഗം ഫാ. സത്യാനന്ദ് കാശ്മീരിൽ  ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ആയി സേവനം ചെയ്യുന്നു.  മറ്റൊരു പുത്രൻ ബ്രദർ ജോസ് ബാംഗ്ളൂർ ധർമ്മാരാം കോളജിൽ വൈദിക പഠനം നടത്തുന്നു. ഈ കുടുംബത്തിൽ നിന്ന് പത്തിലേറെ കന്യാസ്ത്രീകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രേഷിത ജോലി ചെയ്യുന്നുണ്ട്.  

പൂവരണി തിരുഹൃദയ പള്ളി-- വികാരി മാത്യു തെക്കേൽ, മുൻ വികാരി ഡോ. കുര്യൻ മറ്റം 

പൂവരണിയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ഷോപ്പുടമയായിരുന്ന   പാറേക്കാട്ടു  മറ്റപ്പള്ളിൽ ജോസഫ് തോമസിന്റെ പതിനൊന്നു മക്കളിൽ സെബാസ്റ്റിയൻ മറ്റപ്പള്ളിൽ സലേഷ്യൻ സഭയിൽ ചേർന്ന് റോമിൽ പഠിച്ച് ദൈവ ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി ഇപ്പോൾ ബിട്ടനിലെ ലിങ്കൺഷെയറിൽ സേവനം ചെയ്‌യുന്നു.  ആംഗ്ലിക്കൻ സഭയിൽ ചേർന്ന സെബാസ്റ്റിയൻ, 66, ചർച് ഓഫ് ഇംഗ്ളണ്ടിന്റെ  ലിങ്കൺ ഡയോസിസിൽ സ്‌പ്രിംഗ്‌ലൈൻ ഇടവകയിൽ വികാരിയാണ്.  ഇറ്റലിക്കാരി അലിഡയാണ് ഭാര്യ.

അദ്ദേഹത്തിന്റെ സഹോദരി മേരി രശ്മി ഫ്രാൻസ് ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് നോത്രദാമിൽ അംഗമാണ്. ഇരുപതു വർഷം ടാൻസനിയയിലെ അരുഷയിൽ  മസായി വർഗക്കാർക്കിടയിൽ സേവനം ചെയ്ത അവർ മടങ്ങിയെത്തി എസ്എൻഡി  ബാംഗ്ലൂർ പ്രവിശ്യയിൽ കഴിയുന്നു. സഭാ ഡെലിഗേറ്റായി ന്യുയോർക്കിലെ ഐക്യ രാഷ്ട്രസഭാ ആസ്ഥാനത്തു പോയിട്ടുണ്ട്.

വയനാട്ടുകാരനായ ബ്രിട്ടനിലെ ബ്രാഡ്‌ലി ഡയോസിസ് ബിഷപ് ഡോ. ജോൺ സ്റ്റീഫൻ പെരുമ്പളത്ത് 

ബ്രിട്ടനിൽ ആംഗ്ലിക്കൻ സഭയുടെ ബ്രാഡ്‍വെൽ ഡയോസിസിൽ വയനാട്ടുകാരനായ ജോൺ സ്റ്റീഫൻ പെരുമ്പള ത്ത്  ബിഷപ്പ് ആണെന്ന് നാട്ടിൽ എത്രപേർക്കറിയാം?  സുൽത്താൻ ബത്തേരി, ഹൈദ്രബാദ്, പുണെ, സെറാമ്പൂർ എന്നിവിടങ്ങളിൽ പഠിച്ച ജോൺ, 55, ലണ്ടനിലെ കിങ്‌സ് കോളജ്, നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റികളിൽ ചേർന്ന് ഡോക്ട്രേറ് നേടി.  മാത്‍സ് അദ്ധ്യാപിക ജെസ്സിയാണ് ഭാര്യ. മകൾ അനുഗ്രഹ മെഡിക്കൽ ഡോക്ടർ.

ബ്രിട്ടനിൽ കത്തോലിക്കാ  വിശ്വാസത്തിൽ നിന്ന് ആംഗ്ളിക്കനിലേക്കും മറിച്ചും പരിവർത്തനങ്ങൾ നടക്കുന്നതിൽ  പുതുമയില്ല.  കഴിഞ്ഞ സെപ്റ്റംബർ 3നു എബിൾഫ്‌ളീറ്റ്  ഡയോസിസിലെ ബിഷപ് ജോനാഥൻ ഗുഡാൽ തന്നെ കത്തോലിക്കാ സഭയിൽ ചേർന്നു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സംഗീതം പഠിച്ച ഗുഡാൽ, 60,  സാറ എന്ന സംഗീതജ്ഞയെ ആണ് വിവാഹം ചെയ്തത്. ഒരു പുത്രനും ഒരു പുത്രിയുമുണ്ട്. ചർച്ച ഓഫ് ഇംഗ്ലനാടിന്റെ ആഗോള പരമാധികാരിയായ കാന്റർബറി ആർച്ബിഷപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനം  ചെയ്‌തു.

പാറേക്കാടു കുടുംബചരിത്രം ആദ്യം തയ്യാറാക്കിയ മറ്റപ്പള്ളി വല്യച്ഛൻ എന്ന ഫാ. തോമസ് മറ്റപ്പള്ളിൽ അമ്പതു വർഷത്തെ അദ്ധ്വാനം കൊണ്ടാണ് 1985ൽ  ദൗത്യം പൂർത്തിയാക്കിയത്. ആന്റിച്ചൻ മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ 2004ൽ പുതുക്കിയ പതിപ്പ് വന്നു.  കുടുംബ യോഗം സ്ഥാപിച്ചതും വല്യച്ഛൻ ആയിരുന്നു. പാലാ രൂപതയുടെ പ്രഥമ മെത്രാൻ സെബാസ്റ്റിയൻ വയലിൽ  സഹപാഠിയും ഉറ്റ സുഹൃത്തും ആയിരുന്നു. 1987 ഫെബ്രുവരി 10നു അന്തരിക്കുമ്പോൾ  81 വയസ്.  

പതിനേഴു  വർഷങ്ങൾക്കു   ശേഷം 2020ൽ കുടുംബയോഗചരിത്രം മൂന്നാം പതിപ്പ് ആന്റിച്ചൻ  മറ്റപ്പള്ളി ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ചു. പൂവരണി  പള്ളി ഭരണസമിതി അംഗമായ  ആന്റിച്ചൻ ആറു വർഷം  കുടുംബയോഗം ജനറൽ സെക്രട്ടറി ആയിരുന്നു.  കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകളും മുപ്പതിലേറെ വൈദികരും ഉണ്ടെന്നു കണ്ടെത്തിയത് ആന്റിച്ചനാണ്  പത്തുവർഷത്തെ അന്വേഷണം വേണ്ടി വന്നു അതിന്.  

തൃശൂർ എമിരിറ്റസ് ആർച്ച്ബിഷപ് ജേക്കബ് തൂംകുഴി--പാറേക്കാട്ട്  കുടുംബവുമായി ബന്ധം

"വൈദികനായ ശേഷം ആദ്യത്തെ പൗരോഹിത്യ ശുശ്രൂഷക്കായി 1973ൽ പൂവരണി തിരുഹൃദയ പള്ളിയിൽ എത്തിയപ്പോൾ  എന്നെ ഏറ്റവും ആകർഷിച്ചത് റിട്ടയർ ചെയ്തിട്ടും പൂവരണി ഇടവകയുടെ വൈദിക മന്ദിരത്തിൽ താമസിച്ചിരുന്ന മറ്റപ്പള്ളിൽ തോമാച്ചൻ അച്ചനാണ്,"  പാലാ  സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ മറ്റം അനുസ്മരിക്കുന്നു.രൂപതയുടെ ജീസസ് യൂത്ത്  പ്രസ്ഥാനത്തിന്റെ ഡയറക്ടർ ആണ് എഴുത്തുകാരൻ കൂടിയായ ഡോ. മറ്റം.

"രണ്ടു നൂറ്റാണ്ടായി മീനച്ചിൽ താലൂക്കിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നിർണായക സ്വാധീനം ചെലുത്താൻ പാറേക്കാട്ട് കുടുംബത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കണം.  പാറേക്കാട്ട് കുടുംബത്തിൽ പെട്ട മറ്റപ്പള്ളിൽ കുടുംബവും പാറേക്കാട്ട് തെക്കേ മൊളോപറമ്പിൽ കുടുംബവും എന്റെ സ്വന്തത്തിൽ പെട്ടവരാനുള്ള കാര്യവും ഇവിടെ സ്മരിക്കുന്നു," തൃശൂർ എമരിറ്റസ് ആർച്ച് ബിഷപ് ഡോ. ജേക്കബ് തൂംകുഴി മൂന്നാം പതിപ്പിനുള്ള  ആശംസയിൽ പറയുന്നു.

പാറേക്കാട്ട് കുടുംബചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളികളുടെ ജീവിതശൈലിയുടെ നേർക്കാഴ്ച കൂടിയാണ്. പള്ളിയോ പള്ളിക്കൂടമോ ഇല്ലാത്ത ഒരു ഓണംകേറാമൂല ആയിരുന്നു അന്ന് പൂവരണി. ആകെക്കൂടി ഉണ്ടായിരുന്നത് മഹാദേവക്ഷേത്രവും അതിനെ ചുറ്റിപറ്റി കുറെ ഹൈന്ദവ കുടുംബങ്ങളും അങ്ങിങ്ങായി ഏതാനും നസ്രാണി കുടുംബങ്ങളും മാത്രം.

കിന്നരിത്തൊപ്പിയും കുരിശുമാലയുമൊക്കെ അണിഞ്ഞാണ് ക്രൈസ്തവ വരന്മാരും വധുമാരും പള്ളിയിൽ എത്തിയിരുന്നത്.   മുഴുവൻ  സ്വർണം കൊണ്ടുള്ള കൊന്ത,  കാതില, കാൽത്തള തുടങ്ങിയവ വധു അണിയും. വരൻ മണവാളക്കുടയും വധു മണവാട്ടിക്കുടയും പിടിച്ചിരുന്നു. ശീലക്കുട ഇല്ലാതിരുന്ന കാലത്ത് പനയോല മെനഞ്ഞ ഓലക്കുടയാണ്  ഉപയോഗിച്ചിരുന്നത്.  വേലർ, കണിയാർ എന്നിവരുടെ കുലത്തൊ ഴിൽ ആയിരുന്നു കുടകെട്ട്.

ക്രൈസ്തവ തമ്പുരാക്കന്മാർ പുലയർ, പറയർ തുടങ്ങിയ അടിമപ്പണിക്കരെ ഉപയോഗിച്ചിരുന്നു. അവരെ തുച്ഛമായ നികുതി നൽകി വിലക്ക് വാങ്ങി സ്വന്തമാക്കി പരിപാലിക്കാൻ കഴിഞ്ഞിരുന്നു. നല്ല  ഉടമകളെ കിട്ടാൻ അടിമകളും  ആഗ്രഹിച്ചിരുന്നു. അടിമകളെ മുറ്റത്തു പോലും കയറ്റിയിരുന്നില്ല. പണികഴിഞ്ഞുവന്നാൽ മുറ്റത്തിനു പുറത്ത് നിരന്നിരിക്കുന്ന അവരുടെ തഴകൊണ്ടുള്ള വട്ടിയിലേക്കു മുന്നാഴി നെല്ല് വീതം അളന്നിടും.

നെല്ല് കൊണ്ടുപോയി രാത്രിയിൽ വാട്ടിക്കുത്തി അരിയാക്കി കഞ്ഞി വയ്ക്കും. അതു കഴിച്ചു കിടന്നുറങ്ങിയാൽ പിറ്റേന്ന് സൂര്യൻ ഉദിക്കും മുമ്പുതന്നെ പാടത്ത് എത്തിയിരിക്കും. കൂലിയായി കിട്ടുന്നത്  ഉച്ചക്ക് കഞ്ഞിയും മുന്നാഴി നെല്ലും. അതിൽ അവർ സംതൃപ്തരായിരുന്നു താനും.

പുരാതന ക്രൈസ്തവ തറവാടുകളിൽ നായന്മാർ പോലും തിണ്ണയിൽ കയറി ഇരിക്കുക പതിവില്ലായിരുന്നു. മുറ്റത്ത് നിൽക്കുകയോ ചുറ്റി നടക്കുകയോ ചെയ്യും. പഴയ നമ്പൂതിരി ഇല്ലങ്ങളിലെ പതിവ് ക്രൈസ്തവ  ഭവനങ്ങളിലും തുടരുകയായിരുന്നു.  

ധാരാളം താലിയോല  രേഖകളുടെ ശരിപ്പകർപ്പ്--ഭാഗ ഓല ഉടമ്പടി, കരണം, ഒറ്റിഓല കരണം തുടങ്ങിയവ--പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.  ആ നിലയ്ക്കു വിലപ്പെട്ട ഒരു ചരിത്രരേഖ കൂടിയാണ് പാറേക്കാട്ട് കുടുംബ  ചരിത്രം.

പ്രേഷിത വൃത്തിയിൽ മാത്രമല്ല പാറേക്കാട് കുടുംബം വ്യക്തിമുദ്ര പ തിപ്പിച്ചിട്ടുള്ളതിന്നു പുസ്തകം  പറയുന്നു.  1974ൽ പാലായിൽ നടന്ന നാഷണൽ അമച്ച്വർ അത്ലറ്റിക്  മീറ്റിൽ കേരളം നേടിയ ഏകസ്വർണ മെഡലിന്റെ ഉടമ പാറേക്കാട്ട് മറ്റപ്പള്ളിൽ തോമസ് ബേബി ആയിരുന്നു. മറ്റൊരു താരം സൂസി തോമസ് മറ്റപ്പള്ളി പാലാ അൽഫോൻസാ കോളജിൽ വളരെക്കാലം അത്ലറ്റിക്‌സ് ചാമ്പ്യൻ ആയിരുന്നു.

പാറേക്കാട്ട് വെച്ചൂർ മാ ത്തൻ കൊച്ചുമാത്തന്റെ മകൾ അച്ചാമ്മയുടെ പുത്രി റാണി ജെയിംസ് മുണ്ടാട്ടുചുണ്ടയിൽ കേരള യൂണിവേഴ്‌സിറ്റി ബാസ്കറ്റ്ബോൾ ടീമിൽ അംഗം ആയിരുന്നു. സഹോദരി മേരി ഹെലൻ മുണ്ടാട്ടുചുണ്ടയിൽ ദേശിയ അത്ലറ്റിക്സിൽ സ്വർണമെഡലുകൾ വാരിക്കൂട്ടി.  

Join WhatsApp News
ആന്റിച്ചൻ പാറേക്കാട്ട് മറ്റപ്പള്ളിൽ 2021-11-28 05:12:18
കേരളത്തിലെ പാറേക്കാട്ട് കുടുംബത്തിലും ശാഖകളിലുമായി നൂറിലേറെ കന്യാസ്ത്രീകളും മുപ്പതിലേറെ വൈദികരും ഉണ്ടെന്നും ആ നിലക്ക് ആ കുടുംബത്തിന് ലോകത്തിൽ ഒന്നാം സ്ഥാനം അവകാശപ്പെടാമെന്നുമുള്ള ലേഖനം നന്ന്. എന്നാൽ തൃശൂർ എമിരിറ്റസ് ആർച്ച്ബിഷപ് ജേക്കബ് തൂംകുഴി പാറേക്കാട്ട് കുടുംബാംഗം എന്ന് വിവക്ഷിക്കുന്നത് തികച്ചും അതിശയോക്തിയാണ്. വസ്തുതാപരമായി ശരിയല്ല താനും. പാറേക്കാട്ട് കുടിബത്തിന്റെ ശാഖയായ പാറേക്കാട്ട് തെക്കേമൊളോപ്പറമ്പിലുമായി അമ്മവഴിക്കു അദ്ദേഹ ത്തിന് ബന്ധം ഉണ്ട് എന്നത് ശരിയാണ്. കുടുംബ ചരിത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പാറേക്കാട്ട് കുടുംബത്തെക്കുറിച്ച് ഇത്രയേറെ താല്പര്യം കാണിച്ച് അവരുടെ അപദാനങ്ങളെപ്പറ്റി എഴുതിയ 'ഇമലയാളി'ക്കു പ്രത്യേകം നന്ദി അറിയിക്കുന്നു.
Blessings ! 2021-11-30 17:06:06
Thank you for the share , to thank God for the rich blessings in the family and family lines , that do go through the women as undercurrents that are often hidden , thus many of us too may be related to each other through those hidden lines , both in the blessings and the debts - those debts that we can help to make reparations , including in our lands of exile , in the gentle and wise footsteps that our Holy Father is esp. good at pointing out , as 'brotherhood ' of humanity , each person as willed and loved in His Holy Will , to be a gift and a blessing , thus repent for any spirit of pride and contempt , in the discrimintaion shown towards the so called 'low caste ' , ? as the bad leaven that afflicted our Church as well that had fallen for the ' spirit of the world 'around us to an extent ... ? until the arrival of the Latin missionaries sent to our shores in His Mercy , to help bring forth the right order including in the relationship with The See of Peter as well as with those around , in seeing the dignity and glorious destiny of lives , in The Light of The Incarnation . The divisions that followed as ? rebellion mostly against that call , misrepresented as other issues ..and may be acknowledging same could be the Royal road to have deeper healing in the prevailing divisions . The many blessed and holy lives depicted in the article - a fruit of His mercy .. Glory be !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക