Image

കാലികം..(കഥ: നൈന മണ്ണഞ്ചേരി)

Published on 22 November, 2021
കാലികം..(കഥ: നൈന മണ്ണഞ്ചേരി)
എന്നത്തെയും പൊലെ പ്രത്യേകതകളൊന്നുമില്ലാത്ത വിരസമായ ഒരു ദിവസം തന്നെയായിരുന്നു അന്നും അയാൾക്ക്.അസാധാരണ സംഭവങ്ങൾ എന്തെങ്കിലും ഉണ്ടാകുമെന്ന സൂചനയൊന്നും അന്ന് ഉണ്ടായിരുന്നുമില്ല.കടൽ തീരത്ത് നിൽക്കുമ്പോൾ .ഒരായിരം ഓർമ്മകൾ തിരമാലകളെപ്പോലെ ആർത്തലച്ചെത്തും.ഏതെങ്കിലും പരിചയക്കാരെ കണ്ടാൽ തീർന്നു,എല്ലാം മറന്ന് അൽപ നേരം കടലിന്റെ സൗന്ദര്യത്തിൽ അലിഞ്ഞു ചേരാനാണ് വരുന്നതെന്ന ബോധമില്ലാതെ കലപില കൂട്ടുന്ന പൊങ്ങച്ചങ്ങൾക്ക് ചെവി കൊടുക്കാനാകും പിന്നെ വിധി.

 ഈ പാലത്തിൽ നിന്നാൽ എല്ലാം ഒഴിവാക്കാം.ജീവിതത്തിന്റെ ഏകാന്തതയ്ക്ക് ആശ്വാസമായി,നിരന്തരമായ എഴുത്തിന്റെയും വായനയുടെയും വിരസതയ്ക്കിടയിൽ അൽപ്പം ആശ്വാസമായി...എല്ലാം അയാൾക്ക് കടലായിരുന്നു.അയാളുടെ സ്വപ്നങ്ങളുടെ ആകെത്തുകയായിരുന്നു കടൽ.സന്തോഷവും ദു:ഖവും ഇരു കൈകളും നീട്ടി ഒരു പോലെ ഏറ്റുവാങ്ങുന്ന കടൽ… .പാലത്തിന്റെ കൈ വരികളിൽ പിടിച്ച് കടലിന്റെ ഭംഗി നോക്കി നിൽക്കുമ്പോഴാണ് പാലത്തിന്റെ അങ്ങേത്തലയ്ക്കൽ നിൽക്കുന്ന പെൺകുട്ടി അയാളുടെ കണ്ണുകളിൽ പെട്ടത്.ഏകാന്തത ഭംഗപ്പെടുത്താനെത്തിയ അവളോട് അയാൾക്ക് വെറുപ്പാണ് തോന്നിയത്.

സ്വയം ഏകാന്തത മാറ്റാൻ വന്നിട്ട് മറ്റുള്ളവരുടെ കാര്യം ആലോചിച്ച് സമയം കളയേണ്ടതെന്തിനെന്ന ചിന്തയുമായി അയാൾ അയാളുടെ ലോകത്തേക്ക് പോയി.അതിനിടയിലെപ്പോഴോ കേട്ട ശബ്ദമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.പാലത്തിൽ നിന്നും എന്തോ താഴെ വീണതു പോലെ.ശബ്ദം കേട്ട് എവിടെ നിന്നൊക്കെയോ ആളുകൾ ഓടിക്കൂടി.എന്നിട്ടും  എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് മനസ്സിലായില്ല.പെട്ടെന്നാണ് പാലത്തിൽ നിന്ന പെൺകുട്ടിയെ അവിടെ കണ്ടില്ലല്ലോയെന്ന് ഒരു ഞെട്ടലോടെ അയാൾ മനസ്സിലാക്കുന്നത്.അവൾ താഴേക്ക് ചാടിയതാണോ? എങ്കിൽ താൻ ശ്രമിച്ചരുന്നെങ്കിൽ അവളെ രക്ഷപെടുത്താൻ കഴിയുമായിരുന്നില്ലേ എന്ന കുറ്റബോധം അയാളെ  വല്ലാതെ വേട്ടയാടി.

 ഓടിക്കൂടിയ ആളുകൾക്കിടയിൽ നിന്നും അവളെ രക്ഷപെടുത്താൻ ആരെങ്കിലും ഇപ്പോൾ താഴേക്ക് ചാടും എന്നയാൾ പ്രതീക്ഷിച്ചു..തനിക്ക് നീന്തലറിയാമായിരുന്നെങ്കിൽ എന്ന് അയാൾ ആശിച്ച നിമിഷം കൂടിയായിരുന്നു അത്.എങ്കിലും വന്നവരുടെ ആവേശം അയാളെ വല്ലാതെ സന്തോഷിപ്പിച്ചു..ഇക്കാലത്തും ഇങ്ങനെയുള്ള ചെറുപ്പക്കാരുണ്ടല്ലോ എന്ന് അയാൾ അഭിമാനത്തോടെ ഓർത്തു..പക്ഷേ സമയം കടന്നു പോകുന്നതല്ലാതെ ആരും താഴേക്ക് ചാടുന്നില്ല. ’’ഇത്രേം നേരം ഇവിടെ വെറുതെ നോക്കിക്കൊണ്ടു നിന്നിട്ട്..ഇത്തിരി നേരത്തെ ചാടിയിരുന്നെങ്കിൽ നല്ല ക്ളിയർ പടം കിട്ടിയേനെ…’’ ആരുടെയോ ശബ്ദം ആൾക്കൂട്ടത്തിൽ നിന്നു മുഴങ്ങി.

‘’ആരോ ചതിച്ചതാകണം..ആൾക്കൂട്ടത്തിൽ നിന്നും അഭിപ്രായങ്ങളുയർന്നു.’’ഇത്തിരി വെളിച്ചം കൂടിയുണ്ടായിരുന്നെങ്കിൽ..’’  വെളിച്ചമില്ലാത്ത ലോകത്ത് ജിവനായി കേഴുന്ന  അവളുടെ ചിത്രം പകർത്താനുള്ള ശ്രമത്തിനിടയിൽ ആരോ പറഞ്ഞു.കേട്ടറിഞ്ഞ് വീണ്ടും വീണ്ടും ആളുകൾ കൂടിക്കൊണ്ടിരുന്നു,അവളുടെ അവസാന ഞരക്കങ്ങൾക്കു മേൽ മൊബൈൽ ക്യാമറകളുടെ വെളിച്ചം പതിഞ്ഞു കൊണ്ടിരുന്നു..ഫെയ്സ്ബുക്കിലേക്കും വാട്സാപ്പിലേക്കും  അവളുടെ വീഡിയോ പങ്കുവെക്കപ്പെടാനും ലൈക്ക് നേടാനും തുടങ്ങിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക