Image

പുസ്തകപരിചയം: പാര്‍ശ്വവീഥികള്‍ പറയുന്നത് (ഡോ. അജയ് നാരായണന്‍)

ഡോ. അജയ് നാരായണന്‍ Published on 19 November, 2021
 പുസ്തകപരിചയം: പാര്‍ശ്വവീഥികള്‍ പറയുന്നത് (ഡോ. അജയ് നാരായണന്‍)
പതിമൂന്നു കഥാകൃത്തുക്കള്‍, ഇരുപത്തിയാറു കഥകള്‍. ഒറ്റ വാചകത്തില്‍ ഒഴുക്കന്‍മട്ടില്‍ പറഞ്ഞങ്ങനെ പാര്‍ശ്വവല്‍ക്കരിക്കേണ്ടതല്ല ഈ കഥകള്‍!
ഈ സമാഹാരത്തിലെ കഥകള്‍ പറയുന്ന എഴുത്തുകാര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വൈവിധ്യം, കഥകളില്‍ തെളിഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളുടെ മാനസികസഞ്ചാരം, സംഭവങ്ങളിലൂടെ പടര്‍ന്നുകയറുന്ന ഭാവന എല്ലാം ഒരു വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുമെന്നുറപ്പിച്ചു പറയാം.
ഇതിലെ കഥകളുടെ കഥനരീതി ഏകദേശം ഒരേപോലെ, നേരിട്ടുപറയുന്നതു തന്നെ. പുരോഗമന കഥാസാഹിത്യത്തില്‍ മനുഷ്യകഥാനുഗായി എന്നുറച്ചു പറയാവുന്ന പതിമൂന്നു യുവകാഥികര്‍, കഥനപുരോഗതി, സംവേദനരീതി എല്ലാം തന്നെ വേറിട്ടുനില്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും പരസ്പരം ഒരു ചേര്‍ച്ചയും കാണാം, നൂലില്‍ കോര്‍ത്ത മണികള്‍പോലെ. നമ്മള്‍ വായിക്കുന്നത് ബന്ധങ്ങളുടെ വിവിധ തലങ്ങളിലൂടെ സങ്കീര്‍ണമായി കടന്നുപോകുന്ന മനുഷ്യരെയാണ്.

ഞാന്‍ ഈ കഥകളിലേക്കൊരെത്തിനോട്ടത്തിനു ശ്രമിക്കുന്നു.
സുലേഖ ജോര്‍ജിന്റെ ധൂപക്കൂടുകളില്‍ തുടങ്ങി സജിത വിവേകിന്റെ പുറംചട്ടയില്‍ അവസാനിച്ച കഥാലോകം പറഞ്ഞുവയ്ക്കുന്നത് നോവുകളും അസ്വസ്ഥതകളും അടങ്ങിയ ഒരു വികാരപ്രപഞ്ചം തന്നെയെന്നും അനുഭവിച്ചറിഞ്ഞു.
വര്‍ദ്ധക്യത്തിലെ അരക്ഷിതാവസ്ഥയും നോവുകളും പൗലോയുടെയും അയാളുടെ 'പെണ്ണിന്റെ''യും മനോവ്യാപാരങ്ങളിലൂടെ പറഞ്ഞുവയ്ക്കുന്നു കഥാകാരി. ജീവിതം ഒരു വൃത്തമാണ്, കൊടുത്തത് തിരിച്ചുകിട്ടുന്ന ഒരു ആവര്‍ത്തനപ്രക്രിയ. അനുഭവിച്ചേ പറ്റൂ, എന്ന പാഠം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു മനുഷ്യന്‍.
സുലേഖയുടെ മുക്തിയിലെ പത്മയെ വിടാതെ പിന്തുടരുന്നത് കടലാസ്സുകളില്‍, കോടതിയിലെ വ്യവഹാരരേഖകളില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങളുടെ നിഴലുകളാണ്. നീതിന്യായക്കോടതിയുടെ ഇരുണ്ട ഇടനാഴികളില്‍ വീര്‍പ്പുമുട്ടുന്നത്  വാദികളും പ്രതികളും മാത്രമല്ല, അവരുടെ പരാതികളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കൂടിയാണ്. അതുകൊണ്ടാണ്, അരുവിയില്‍ മുഖം കഴുകാനിറങ്ങിയ പത്മയെ ഓളങ്ങള്‍ താലോലിച്ചങ്ങു കൊണ്ടുപോയപ്പോള്‍, എല്ലാ വ്യഥകള്‍ക്കും അറുതിവരുത്തി അവള്‍ കൂടെപ്പോയതും.

സുലേഖയുടെ കഥനരീതിയില്‍ വായനക്കാരന്‍ മുഴുകിപ്പോവുമ്പോള്‍ പടരുന്നത് മനുഷ്യന്റെ സങ്കീര്‍ണ്ണമായ നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള വിചാരങ്ങള്‍ കൂടിയാണ്.
മിനി എസ് എസ് നെ മുന്‍പേ വായിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഇന്നത്തെ അരക്ഷിതാവസ്ഥയുടെ വളയം വലുതായിക്കൊണ്ടിരിക്കുന്ന അവസ്ഥയ്ക്കു ഒരു കാരണം മാതാപിതാക്കളുടെ തകരുന്ന മാനസികൈക്യംകൊണ്ടുകൂടിയാണ്. മീനു തനിക്കവകാശപ്പെട്ട കൂടുതേടി ബന്ധങ്ങളുടെ നിരര്‍ത്ഥകതയില്‍ നിന്നും വിമുക്തമാകുമോ എന്ന അസ്വസ്ഥത ബാക്കിവച്ചാണ് കഥ അവസാനിക്കുന്നത്. വായനക്കാരന്റെ നിശ്വാസത്തില്‍ ബാക്കിയാവുന്നതും ചോദ്യങ്ങളാണ്.
അക്ഷരത്തെറ്റില്‍ മിനി പറയുന്നത് ഇന്നും തിരുത്തുവാന്‍ കഴിയാത്ത ജാതിവ്യവസ്ഥയുടെ കുത്തഴിഞ്ഞ ജീവിതരീതിയാല്‍, ദുരഭിമാനത്തിന്റെ പത്മവ്യൂഹത്തില്‍ ബന്ധങ്ങളെ ഹോമിക്കേണ്ടിവരുന്ന മനുഷ്യരുടെ ഗാഥയാണ്. ഇന്നത്തെ കുട്ടികള്‍ക്കും ഇതില്‍നിന്നും ഒരു മോചനം ഉണ്ടാകുന്നില്ല എന്ന അവസ്ഥ മാറണം, മാറ്റണം എന്ന നിരീക്ഷണമാണ് തനുവിലൂടെയും അമ്മ, സിന്ധുവിലൂടെയും പറഞ്ഞുതരുന്നത്. സിന്ധുവിന്റെ മനോവ്യാപാരങ്ങളിലൂടെ കഥ ശക്തിപ്രാപിക്കുമ്പോള്‍ കഥാപാത്രത്തിനൊപ്പം വായനക്കാരും കാണും, അസ്തമയസൂര്യന്റെ ചന്തം!

മിനി വിശ്വനാഥന്റെ 'രഹസ്യപ്പൊന്‍പൊടികള്‍, മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍' എന്നീ രണ്ടു കഥകളില്‍ തെളിയുന്നത് സ്‌നേഹം എന്ന വികാരമാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വികാരം തന്നെയാണ് സ്‌നേഹം, ചാരാചരങ്ങളോടും, സഹജീവികളോടും മണ്ണിനോടും പ്രകൃതിയോടും പ്രപഞ്ചത്തോടും നമുക്ക് ഉത്തരവാദിത്തമുണ്ട്, എന്നാകിലും അതിന്റെ സാന്ദ്രത നഷ്ടമാകുന്ന ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരുണത്തില്‍ മിനിയുടെ കോമാളി തീവളയത്തിലെ സിംഹമായി, തിരിച്ചറിഞ്ഞ ഒരു സൗഹൃദമായി വായിക്കുമ്പോള്‍ പൊയ്‌പ്പോയ ചില വികാരങ്ങള്‍ നമ്മെ കീഴടക്കും. ടാഗോറിന്റെ കാബൂളിവാലയെ ഓര്‍മ്മപ്പെടുത്തിയ കഥ. ഭൂമിയിലെ മഴയിലും കാരുണ്യം ജീവിതപ്രചോദനമായി മാറുന്നു എന്ന് തെളിമയോടെ പറയുന്നു. മിനി. നല്ല രണ്ടു സ്‌നേഹഗാഥകള്‍.

തമ്പി ആന്റണിയുടെ കഥകള്‍, ചുവാവ, ക്യാപ്റ്റന്‍ ഇത്താക്ക്... ലളിതമായ ഭാഷയില്‍ എഴുതിയ പ്രവാസിയുടെ നോവുകളുടെയും വ്യഥകളുടെയും കഥകള്‍. ചുവാവയിലെ ഒരു അപ്പുണ്ണിയുടെ ജീവിതം രസകരമായി കോറുന്നു കഥാകൃത്ത്. ജോസഫ് ജോ കൊട്ടാരം, ഭാര്യ ആന എന്നീ കഥാപാത്രങ്ങളിലൂടെ കഥ അവസാനിക്കുമ്പോഴും വീട്ടില്‍ ഓടിനടക്കുന്ന ബില്ലിയും വാവിട്ടുകരയുന്ന ചുവാവയും മനസ്സില്‍ തങ്ങും.
ഇത്താക്കിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണം. അലസനായി ജീവിച്ച ഇത്താക്കിനെ നന്നാക്കിയെടുക്കുവാനായി ഒരു പ്രവാസിപ്പെണ്‍കുട്ടിയെക്കൊണ്ട് കെട്ടിച്ചു. അതുകൊണ്ടും നന്നായില്ല, അയാള്‍. അമേരിക്കന്‍ റിട്ടേണ്‍ഡ് ആയ ഇത്താക്ക് സിനിമാപാട്ടുകളും പാടി കള്ളും കുടിച്ചു, വീണ്ടും നാട്ടില്‍ എത്തി. വളരെ രസകരമായി രണ്ടു പ്രവാസിക്കഥകള്‍ വായിച്ചു. ഈ അനുഭവങ്ങള്‍ ഏതൊരു വായനക്കാരനും മനസ്സിലാക്കുവാനും എളുപ്പം.
എഴുത്തിന്റെ ലാളിത്യം, കഥാപാത്രങ്ങളുടെ സ്വാഭാവിക ഭാവങ്ങള്‍ എല്ലാം സ്വതസിദ്ധമായി തോന്നി.

രാജീവ് പഴുവിലിന്റെ രണ്ടു കഥകള്‍, 'ദൈവത്തിന്റെ പ്രതിരൂപങ്ങള്‍, അശോക മര്‍മ്മരം' രണ്ടു നല്ല കഥകള്‍ എന്ന് ഉറപ്പിച്ചുപറയാം. മറ്റുള്ളവരില്‍ നിന്നും നമുക്ക് കിട്ടുന്ന നന്മയുടെ കനികള്‍ മറ്റുള്ളവരിലേക്കും പകര്‍ന്നു കൊടുക്കുമ്പോള്‍ ലോകം സുന്ദരമാകും എന്ന നല്ല സന്ദേശം ലളിതമായി പറയുന്ന ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ എന്ന കഥയും, അച്ഛന് ആപത്തുപിണഞ്ഞുകാണുമോ എന്ന വ്യഥയില്‍ ആകെ തകരുന്ന ഒരു കുടുംബത്തിലെ ചില നോവുകള്‍ അശോകമരത്തിന്റെ മര്‍മ്മരത്തിലൂടെ പറയുന്ന രണ്ടാമത്തെ കഥയും മനുഷ്യനന്മയെ ലക്ഷ്യമാക്കി മുന്നോട്ടുവയ്ക്കുന്ന നല്ല എഴുത്തുകള്‍.

വര്‍ക്ക് ഫ്രം ഹോം, കുഞ്ഞോന്‍ എന്നീ രണ്ടു കഥകള്‍ എഴുതിയത് ശങ്കരനാരായണന്‍ ശംഭു.
കാലികമായ മഹാമാരി എങ്ങനെ നമ്മുടെ ജീവിതം മാറ്റിമറിക്കുന്നു എന്നു വ്യക്തമായും അല്പം ദുഃഖത്തോടെ പറഞ്ഞുവയ്ക്കുന്നു, വര്‍ക് ഫ്രം ഹോം എന്ന കഥയില്‍. തുടക്കം മുതലേ ഒരു ദുഃഖം തോന്നുന്ന എഴുത്തുരീതിയിലൂടെ, സഹയാത്രികന്റെ മരണം അസ്വസ്ഥതയായി മാറുന്നിടത്ത് കഥ അവസാനിക്കുന്നു.
കുഞ്ഞോന്‍ എന്ന കഥയിലെ നായകന്റെ അനുഭവം വല്ലാത്തതാണ്. കുഞ്ഞോന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി, പക്ഷെ അതറിയാത്ത രവീന്ദ്രന്റെ അനുഭവം ഞെട്ടിപ്പിക്കുന്നത്. ഒരു സിനിമാക്കഥ പോലെ വായിച്ചിരിക്കാം.

ശ്രീജ പ്രവീണ്‍ വരുന്നത് 'മാസ്‌ക്കുകള്‍ പറയാത്തത്, മൂടുപടമണിഞ്ഞ ചിരികള്‍' എന്നീ കഥകളുമായി. മഹാമാരിയുടെ കാലത്ത് മാസ്‌ക് ഒരു അവശ്യവസ്തുവെന്ന് അറിയാമെങ്കിലും അതുപയോഗിക്കുമ്പോള്‍ ആകെ വിമ്മിഷ്ടമാണ്. കാലഘട്ടത്തിന്റെ മാറ്റം ലോകം ഏറ്റെടുത്തു എങ്കിലും, മനുഷ്യസ്വഭാവത്തിനും മാറ്റം വന്നുതുടങ്ങിയോ? മാസ്‌ക്കുകള്‍ സംസാരിച്ചുതുടങ്ങിയാല്‍ അറിയാം മനുഷ്യമനസ്സിലെ സ്വാര്‍ത്ഥതകള്‍, അസ്വസ്ഥതകള്‍ എല്ലാം. ''ഈ മാസ്‌ക്കൊരു വല്ലാത്ത പരീക്ഷണം തന്നെ'', എന്നുപറയുന്നിടത്തു മനുഷ്യന്റെ സ്വതസിദ്ധമായ സ്വാര്‍ത്ഥത, അനിഷ്ടം, നന്ദിയില്ലായ്മ എല്ലാം വെളിക്കുവരുന്നു. ഈ കഥയില്‍ സാമൂഹ്യവിമര്‍ശനവും പ്രതിബദ്ധതയും തെളിഞ്ഞുകാണാം.
ശ്രീജയുടെ രണ്ടാമത്തെ കഥയില്‍, പ്രവാസിയായ സുബൈദയുടെ കഷ്ടപ്പാടുകളാണ് വരച്ചുവച്ചിരിക്കുന്നത്. ജീവിതത്തിന്റെ തിരക്കുകളില്‍പെട്ടുഴലുന്ന ജന്മങ്ങള്‍, സ്ത്രീപുരുഷഭേദമെന്യേ അനുഭവിക്കുന്ന വേദനകളുടെ നേര്‍ക്കാഴ്ച സുബൈദയിലൂടെ വരച്ചുകാട്ടുന്നു ശ്രീജ. കഥകള്‍ രണ്ടും വായനക്കാര്‍ക്കിഷ്ടമാകുംവിധം ഒഴുക്കോടെ എഴുതി, ശ്രീജ.

ഗീത നെന്മേനിയുടെ 'സഹയാത്രികന്‍, ഒരു മനഃശാസ്ത്രജ്ഞ എഴുതിയ കഥ' എന്ന കഥകള്‍ ആധുനിക കാലഘട്ടത്തിലെ വ്യക്തികളുടെ മാനസികവിഭ്രാന്തികളെ, ഭ്രമാത്മകമായ മാനസികവ്യാപാരങ്ങളെ ഭംഗിയായി വരച്ചു. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ തേടി, ഒരു സ്വപ്നലോകം തേടിപ്പോകുന്ന നായികയെ കാത്തിരിക്കുന്നത് അപരിചിതനായ ഒരു വ്യക്തിയുടെ അസ്വാഭാവികമായ പെരുമാറ്റമാണ്. ബോധാബോധതലങ്ങള്‍ക്കിടയില്‍ ചാഞ്ചാടുന്ന മനസ്സ്, കൊറോണ ബാധിച്ചവളുടെ ഉപബോധമനസ്സ് ജീവിതയാത്രയെ ഒരു തുരങ്കത്തിലൂടെയുള്ള യാത്രയായി കാണുമ്പോള്‍, വെളിച്ചം എവിടെ എന്നു തിരയുന്ന ബുദ്ധനെയും കാണാം.
രണ്ടാമത്തെ കഥയും പറയുന്നത് ബന്ധങ്ങളുടെ വ്യര്‍ത്ഥതയില്‍ പുതിയ നിര്‍വചനങ്ങള്‍ തേടി യാത്രയാകുന്ന യുവഹൃദയങ്ങളെക്കുറിച്ചാണ്. ചില പദപ്രശ്‌നങ്ങള്‍ എല്ലാവശത്തേക്കും പൂരിപ്പിക്കേണ്ടതുണ്ട്, ശരിയായ ഉത്തരം കിട്ടുവാന്‍. ഗീതയുടെ കഥകള്‍ ചില സൂചകങ്ങളാണ്. മാറിവരുന്ന ചിന്തകളുടെ, മനുഷ്യസമൂഹത്തിന്റെ സ്വഭാവരീതിയുടെ, ബന്ധങ്ങളുടെ പുതിയ പാതകള്‍ തേടുന്ന ഹൃദയങ്ങളുടെ...
ഗീത തന്മയത്വത്തോടെ പറഞ്ഞുവയ്ക്കുന്ന ചില മനസ്സുകളുടെ ഗാഥ, ഹൃദ്യം.

മായ കൃഷ്ണന്‍ മൂന്നു കുട്ടിക്കഥകളും തീണ്ടാരിപ്പാത്രവുമായി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തുന്നു. അമ്മയെ ഒരു വര്‍ഷം കാണാതെയിരിക്കുവാന്‍ സാധിക്കാത്ത കുഞ്ഞുങ്ങളുടെ വ്യഥയേക്കാള്‍ വലുതല്ല, മറ്റൊരു നഗരത്തിലേക്ക് പോകുന്ന അമ്മയുടെ സംഘര്‍ഷം എന്നു പറയുന്ന ആദ്യ കുട്ടിക്കഥ, രണ്ടാമത്തേതിലോ ബാല്യവിവാഹത്തിന്റെ ബലിയാടായ കുട്ടിയുടെ വേവിന്റെ കഥ, മൂന്നാമത്തെ കുട്ടി, മാമന്റെ ആദ്യരാത്രിയെ ഉറക്കാത്ത പാതിരാത്രി ആക്കിയ ദുര്‍വാശിയുടെ കഥ! മൂന്നുകുട്ടികള്‍, മൂന്നുതരത്തിലുള്ള അനുഭവം.
മായയുടെ തീണ്ടാരിപ്പാത്രം മറ്റൊരു അനുഭവം തന്നെ. മാളവിക വയസ്സറിയിച്ചപ്പോള്‍ ആചാരങ്ങള്‍ അതേപടി അനുഷ്ഠിക്കുന്ന തറവാട്ടിലെ രീതി മാറുന്നില്ല, അതിനാല്‍ തീണ്ടാരിക്കുട്ടിക്ക് മൂന്നു രാത്രി കൂട്ടുകിടക്കാന്‍ ഒരു തള്ള വരുന്നു. ആ തള്ളയോ, ബാല്യവിവാഹത്തിന്റെ ഇരയും.  ഉര്‍ളയുടെ അനുഭവം തന്റെതാക്കി മാറ്റുന്ന മാളവിക, തന്റെ തീണ്ടാരിപ്പാത്രം വലിച്ചു പുറത്തിടാന്‍ തുടയിടുക്കിലേക്ക് കൈ നീട്ടുമ്പോള്‍ കഥ തീരുന്നു. ഹോ! വല്ലാത്ത കഥ...

പാര്‍വ്വതി പ്രവീണ്‍ ആണ് അടുത്ത രണ്ടു കഥകളുമായി വരുന്നത്. കപ്പലണ്ടി മിഠായിയും കര്‍മ്മബന്ധവും.
ഓര്‍മ്മയുടെ കപ്പലണ്ടി മിഠായിക്ക് നല്ല മധുരം, പ്രണയത്തിന്റെ മധുരം. കാലം സഞ്ചരിക്കാതിരുന്നെങ്കില്‍ ഓര്‍മ്മകള്‍ ഉണ്ടായിരുന്നില്ല എന്ന നെടുവീര്‍പ്പുമായി നായിക നെടുവീര്‍പ്പിടുമ്പോള്‍ എംടീയുടെ കഥകളെ ഓര്‍ത്തുപോകും.
കര്‍മ്മബന്ധം പറഞ്ഞുതരുന്നത് മറ്റൊരു കഥ. മുജ്ജന്മബന്ധം പോലെ, ദൈവീകഭാവംപോലെ ചില ബന്ധങ്ങളെ ചേര്‍ത്തുവയ്ക്കണം. അത്തരം കരുതലുകളാണ് മുന്നോട്ടുപോകുവാനുള്ള ഊര്‍ജം. വല്ലാത്തനോവു വിതയ്ക്കുന്ന എഴുത്ത്. പാര്‍വ്വതിയുടെ എഴുത്തുകള്‍ മനുഷ്യരാശിക്ക് പ്രചോദനം ആണ്.

സുനി ഷാജിയുടെ ദി ഗ്രേറ്റ് ആട്ടിസ്റ്റ് ഒരു വിദ്യാര്‍ഥിയുടെ അനുഭവം തന്നെ. മാതാപിതാക്കള്‍ തന്നെയാണ് ഒരു കുഞ്ഞിന് അടിസ്ഥാനപരമായ ആശയമൂല്യങ്ങളെ പകര്‍ന്ന്‌കൊടുക്കുന്നത്. മാതാപിതാഗുരു ദൈവം എന്നു തെളിവോടെ പറഞ്ഞുവയ്ക്കുന്ന നന്മയുള്ള കഥ ആണ് ഗ്രേറ്റ് ആരര്‍ടിസ്റ്റ്.
അതിനൊപ്പം നില്‍ക്കുന്നു ആന്റപ്പന്‍ എന്ന പാഠം. ചില മനുഷ്യര്‍ അങ്ങനെയാണ്, കണ്ടാല്‍ രൗദ്രഭാവം, പക്ഷേ അവരുടെ ഉള്ളിലെ വികാരവിചാരങ്ങളില്‍ നന്മ മാത്രം! ചിലരങ്ങനെയാണ്, അവരുടെ ജീവിതം കൊണ്ടവര്‍ നമ്മെ പഠിപ്പിക്കും.
നല്ല രണ്ടുകഥകള്‍ വായിച്ചു.

ജീന രാജേഷിന്റെ വെളുത്ത വാന്‍ ഒരു പ്രേതകഥയായോ കുറ്റാന്വേഷണ കഥയായോ വായിക്കാം. വായനയ്‌ക്കൊടുവില്‍ ഞെട്ടും. വെളുത്ത വാന്‍ ഒരു അപശകുനം പോലെയോ മിസ്റ്ററി ആയോ തോന്നിയെക്കാമെങ്കിലും അനിതയുടെ ഭൂതകാലവുമായി അതിനു ബന്ധമുണ്ട്. അത് തകര്‍ക്കുന്നതോ, വിവേകിന്റെ വിശ്വാസത്തെ. കാലികമായ മനുഷ്യബന്ധങ്ങളുടെ നിരര്‍ത്ഥകതയെ പൊളിച്ചുകാട്ടുന്ന കഥ വായനക്കാരനെ പിടിച്ചിരുത്തും.
ജീനയുടെ രണ്ടാമത്തെ കഥ പറയുന്നത് ജോണിയുടെയും സോഫിയുടെയും ബന്ധത്തിലെ വിള്ളലുകളുടെ, വേവുകളുടെ, അസ്വസ്ഥതകളുടെ കഥ. ജോണിയുടെ മരണത്തോടെ അവരുടെ വീടിന്റെ സ്വത്വത്തെ തന്റെതാക്കി മാറ്റിയ സോഫി മുറിയിലിരുന്നു ബൈബിള്‍ വായിക്കുമ്പോള്‍ ആവര്‍ത്തനത്തിന്റെ കഥ തുടങ്ങുന്നു. ജീന, അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

പാര്‍ശ്വവീഥിയുടെ അവസാനത്തെ എഴുത്തുകാരി സജിത വിവേക് ആണ്. ആധീനം, പുറംചട്ട എന്നീ രണ്ടു ചെറിയ കഥകളുമായി വരുന്നു സജിത.
പുറംചട്ട എന്ന കഥയിലെ ഗംഗ, ആരും വായിക്കാത്ത ഒരു പുസ്തകത്തിന്റെ പുറംചട്ട പോലെ, ആരും കാണാതെ, അറിയാതെ, അനുഭവിക്കാതെ ഒടുങ്ങി. ഉന്മാദത്തിന്റെ കടുംനിറങ്ങളില്‍ അവള്‍ ലയിച്ചു.
ആധീനം പറയുന്നത് വേണിയുടെയും അവളുടെ അമ്മമ്മയുടെയും കഥ. ആരോരുമില്ലാത്ത വേണിയെ കൂടെകൊണ്ടുപോയി അമ്മമ്മയുടെ ആത്മാവ്. മരിച്ചവര്‍ക്ക് ശാന്തി വേണമെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ കൂടെയുണ്ടാകണമായിരിക്കും. ബലിക്കാക്കകള്‍ മത്സരിച്ചു ബലിച്ചോറു കൊത്തി തിന്നുമ്പോള്‍ പാര്‍ശ്വവീഥിയുടെ അവസാനപുറത്തില്‍ എത്തുന്നു.

പതിമൂന്നു യുവകഥാകൃത്തുക്കള്‍ പാര്‍ശ്വവീഥിയിലൂടെ കഥ പറയുമ്പോള്‍, അവിടെ തെളിയുന്നത് ജീവിത്തിന്റെ നേര്‍ക്കാഴ്ചകള്‍. വേവുന്ന മനസ്സിന്റെ വിഭ്രമങ്ങള്‍. വികാരങ്ങളുടെ വേലിയേറ്റങ്ങള്‍. ഈ കഥകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടതല്ല എന്നുറക്കെ വിളിച്ചുപറയാം, ഉറപ്പിച്ചു പറയാം.
കഥകളുടെ ഏകോപനം നടത്തിയ ശ്രീ അനില്‍ പെണ്ണുക്കര, പുസ്തകം പ്രസിദ്ധീകരിച്ച മുഖം പബ്ലിക്കേഷന്‍സ് പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക