Image

അതിജീവനത്തിന്റെ പാതകളിൽ (ഹംപിക്കാഴ്ചകൾ (4: മിനി വിശ്വനാഥൻ)

Published on 17 November, 2021
അതിജീവനത്തിന്റെ പാതകളിൽ (ഹംപിക്കാഴ്ചകൾ (4: മിനി വിശ്വനാഥൻ)
വിജയവിട്ടലക്ഷേത്രത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ കണ്ണിലുടക്കിയ കൗതുകക്കാഴ്ച  റോഡ് നിറയെ പരന്നു നടക്കുന്ന ആട്ടിൻകൂട്ടത്തെയും മേയ്ച് കൊണ്ട് നടന്ന് നീങ്ങുന്ന ഗ്രാമീണരായിരുന്നു. കൂട്ടം തെറ്റിപ്പോവുന്ന ആട്ടിൻകുട്ടികളെ നേരെ നടത്തിക്കൊണ്ട് കൊച്ചു കുട്ടികളടങ്ങുന്ന ചെറു സംഘങ്ങൾ വാഹനങ്ങളെ കൂസാതെ സാവധാനം നടന്നു നീങ്ങി.

ആട്ടിൻകൂട്ടത്തെ ഒട്ടും അലോസരപ്പെടുത്താതെ വളരെ സൂക്ഷ്മമായി വണ്ടിയോടിക്കുന്നതിനിടെ ജഗദീഷ് എന്ന ഞങ്ങളുടെ വഴികാട്ടിയും സാരഥിയുമായ ഓട്ടോ ഡ്രൈവർ അഭിമാനത്തോടെയും സന്തോഷത്തോടെയും ഈ ആട്ടിൻപറ്റത്തിന്റെ കഥ പറഞ്ഞു .
മഴയില്ലാത്ത ബെൽഗാമിൽ നിന്ന് കാൽനടയാത്രയായി ആടുകളെ മേച്ച് കൊണ്ട്  കർഷകർ കുടുംബമായി ഹോസ്പെട്ടിൽ വരും..
തുംഗഭദ്രയുടെ സമൃദ്ധിയിൽ മാസങ്ങളോളം താമസിച്ച് ആട് മേയ്ച്ച് ജീവിതം കഴിച്ച് സന്തോഷത്തോടെ  കാലാവസ്ഥ കൃഷിക്ക് അനുകൂലമാവുമ്പോൾ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോവും. ആട് വളർത്തൽ ആണ് ഇവരുടെ ഇടക്കാലത്തെ ജീവിതോപാധി. അതുകൊണ്ട് തന്നെ ആടിന് സമൃദ്ധമായി ഭക്ഷണം കിട്ടാൻ എന്തു സാഹസവും ചെയ്യാൻ അവർ തയ്യാറാണ്. പാരമ്പര്യ കാർഷിക വൃത്തി അവസാനിപ്പിച്ച് നാട്ടിൽ മറ്റു തൊഴിലുകളിൽ ജീവിതം കഴിക്കാൻ ഇവർ തയ്യാറല്ല. അതിനാൽ അടുത്ത വിളവിനിടയിലുള്ള കാലം ഊര് തെണ്ടലിന്റേതാണ്.

അവൻ പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നെ കോവർകഴുതകളുടെ കഴുത്തിനിരുവശവും പാത്രങ്ങളും വിട്ടു സാധനങ്ങളും താത്കാലിക ടെന്റുകളുമായി സ്ത്രീകളടക്കമുള്ള ഒരു കൂട്ടം ഞങ്ങളെ കടന്ന് പോയി. വളർത്തുമൃഗങ്ങൾക്ക് വേണ്ടി നാടോടികളായി ജീവിതം കഴിക്കുന്ന സമൂഹത്തെ ഓർത്ത് എനിക്ക് അത്ഭുതം തോന്നി. പുറത്തേക്ക് നോക്കിയിരിക്കെ മറ്റൊരു കൂട്ടം കാലിയായി കിടക്കുന്ന പാടശേഖരത്തിലൂടെ മേയുന്നതും കണ്ടു

ഞങ്ങളെ കടന്ന് പോവുന്ന കാറ്റിന് ആട്ടിൻ കാട്ടത്തിന്റെ ചൂരടിച്ചപ്പോൾ ഞാൻ ഷാൾ കൊണ്ട് മൂക്ക് പൊത്തുന്നത് കണ്ടിട്ടാവണം ആട്ടിൻ കാട്ടത്തിന്റെ ഗന്ധത്തിന്റെ ഓഷധമൂല്യത്തെക്കുറിച്ച് അവൻ വാചാലനായി. കൂടാതെ പാടം നിറയെ സൗജന്യമായി ആട്ടിൻവളം കിട്ടുന്നത് ചെറിയൊരു കാര്യമല്ലല്ലോ എന്ന് ജഗദീഷ് സന്തോഷിക്കുകയും ചെയ്തു.

ദേശാടകരായി ജീവിതം നയിക്കുന്ന ഈ ജനതയോട് വല്ലാത്ത ബഹുമാനം തോന്നി. ഈ യാത്രകൾക്കിടയിൽ പ്രണയവും വിവാഹവും ജനനവും മരണവും നടക്കുന്നുണ്ടാവാം. ആട്ടിൻ പാലെന്ന സമ്പാദ്യത്തിൽ വിശ്വസിച്ച് ഊര്തെണ്ടി ,അവരുടെ ഭക്ഷണം തേടി അലയുന്ന പച്ച മനുഷ്യരെ ഞാനും സ്നേഹപൂർവം നോക്കി. കുടിവെള്ളം കിട്ടുന്ന സ്ഥലത്താണ് അവർ  ഭക്ഷണത്തിനായി തമ്പടിക്കുക. ആട്ടിൻ കൂട്ടങ്ങളുമായി പുരുഷൻമാർ തീറ്റ തേടി പോവും .ലോക്കൽ മാർക്കറ്റിൽ പാൽക്കച്ചവടത്തിന്റെ ഏർപ്പാടുകൾ ചെയ്തിട്ടുണ്ടാവും. ഈ കൂട്ടത്തിലുള്ളവർക്ക് മാതൃഗ്രാമത്തിൽ നല്ല വീടുകളും സമ്പാദ്യങ്ങളുമുണ്ടാവുമെന്ന് ജഗദീഷ് കൂട്ടിച്ചേർത്തു. കുട്ടികളുടെ വിദ്യാഭ്യാസവും ഈ കൂട്ടത്തിൽ നടക്കും.

നടക്കുന്നതു പോലെയുള്ള ഓട്ടോയാത്ര തുടരുന്നതിനിടെ ഞങ്ങളെ കടന്ന് പോയ ഒരു മോപ്പഡിൽ നിന്നും ഒരു ആട്ടിൻകുട്ടി പുറത്തേക്ക് തെറിച്ച് വീണു. അതുകണ്ട ഉടൻ  ഓടിപ്പാഞ്ഞ് അതീവ ശ്രദ്ധയോടെയും വാത്സല്യത്തോടെയും അതിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് വെച്ച് മോപ്പഡുകാരനടുത്തെത്തിച്ചു ജഗദീഷ്.

ആ മോപ്പഡിനിരുവശവും തുണിത്തൊട്ടിൽ പോലെ  കെട്ടിയിട്ടുണ്ടായിരുന്നു. അതിൽ നിന്ന് ചാടിപ്പോയതാണ് ആ വിരുതൻ. ഇന്ന് കൂട്ടത്തിലൊരാട് പ്രസവിച്ച കുട്ടിയാണിതെന്ന് പറഞ്ഞ് അയാൾ ഒരു പിതാവിന്റെ അഭിമാനത്തോടെയും സന്തോഷത്തോടെയും എടുത്തുയർത്തി നെഞ്ചിലമർത്തി. ഒരു മായാജാലക്കാരനെപ്പോലെ മറ്റേയറയിൽ നിന്ന് മറ്റൊരു മിടുക്കിയെയും  കൂടി പുറത്തെടുത്തു.

അയാളുടെ കൂർത്ത കണ്ണുകളിൽ നിറയെ വാത്സല്യമായിരുന്നു. അതിലൊരു പങ്ക് ആ ആട്ടിൻകുട്ടികൾക്കും കിട്ടുന്നു എന്ന് മാത്രം. ഇപ്പോൾ പെറ്റ കുഞ്ഞിനെ ലോകമെന്താണെന്ന് പഠിപ്പിക്കണമെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടപ്പോൾ ഇന്നൊരു ദിവസം ഇവരെന്റെ മടിയിൽ കിടക്കട്ടെ എന്ന് പറയുമ്പോൾ
മുറുക്കി ചുവന്ന മീശക്കിടയിലൂടെ എത്തി നോക്കുന്ന ചുണ്ടുകളിൽ വിരിഞ്ഞ് നിന്നത് ഒരു പിതാവിന്റെ അഭിമാന സ്മിതമായിരുന്നു.

ഒരു ഫോട്ടോക്ക് പോസ് ചോദിച്ചപ്പോൾ മക്കളുടെ കൂടെ മതി എന്ന് പറഞ്ഞ് രണ്ടാട്ടിൻകുട്ടികളെയും ചേർത്ത് പിടിച്ച് വാത്സല്യത്തോടെ ഫോട്ടോയ്ക് പോസ് ചെയ്തു. ഈ മക്കൾ തന്നെയാണ് അന്നദാതാക്കമെന്നും, അതുകൊണ്ട് തന്ന ജഗദീശ്വരനാണെന്നും പറഞ്ഞ് അയാൾ ആ ആട്ടിൻ കുഞ്ഞുങ്ങളുടെ മൂർദ്ധാവിൽ വാത്സല്യത്തോടെ ചുണ്ടുകൾ ചേർത്ത് വീണ്ടും മോപ്പഡിന്റെ സൈഡിൽ കെട്ടിയ തൊട്ടിലിലേക്കിട്ടു. കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തുന്നതിന് മുൻപേ ജഗദീഷിനും  അവരോടൊപ്പം ഒരു ഫോട്ടോയെടുക്കണമെന്ന് ആഗ്രഹം പറഞ്ഞു.

എന്റെ മനസ്സിൽ പെട്ടെന്ന് ഓർമ്മ വന്നത് പ്രസവ ക്ഷീണത്തോടെ  ഈ കൂട്ടത്തിൽ ചേർന്ന് നടന്ന് വരുന്ന തള്ളയാടിനെയായിരുന്നു. പ്രസവ രക്ഷയോ വിശ്രമമോ ഇല്ലാത്ത ആടുജീവിതങ്ങൾ ഈ കൂട്ടത്തിലെ സ്ത്രീകൾക്കും സ്വന്തമായിരിക്കുമല്ലോ എന്നൊരു വേദന ഇതിനിടെ ഉള്ളിലുണരാതെയല്ല .

തന്റെ കുരുന്നുകൾ സുഖമായിരിക്കുന്നുവെന്ന വിശ്വാസത്തിൽ തള്ളയാട് പ്രസവവേദന മറന്നിട്ടുണ്ടാവുമെന്ന് ഞാൻ വെറുതെ സമാധാനിച്ചു.

ഹസാര രാമക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് ഞങ്ങൾ തിരിയുന്നതു വരെ ആട്ടിൻ പറ്റത്തിന്റെ മണിയൊച്ച ഞങ്ങളെ പിൻതുടർന്നു.

മനുഷ്യരും ശില്‌പങ്ങളും മൃഗങ്ങളും നിറഞ്ഞ ഹംപിയിലെ കൗതുകക്കാഴ്ചകൾ അവസാനിക്കുന്നില്ല ....
അതിജീവനത്തിന്റെ പാതകളിൽ (ഹംപിക്കാഴ്ചകൾ (4: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക