Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ശനിയാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 23 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ശനിയാഴ്ച(ജോബിന്‍സ്)
ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള സര്‍ക്കാര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി.
*********************************
പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം. കോടതിയിലും സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കും. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ നിരാഹാര സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറഞ്ഞു.
*******************************
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി സംശയാസ്പദ സാഹചര്യത്തിലുള്ളവരും പ്രശ്നക്കാരുമായ 700 ഓളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷാ നിയമ (പിഎസ്എ) പ്രകാരം അറസ്റ്റ് ചെയ്തവരെ ജയിലിലേക്ക് മാറ്റി. ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് അമിത് ഷാ കശ്മീരിലുണ്ടാകുക.
*****************************
തട്ടിപ്പു കേസുകളില്‍ പ്രതി മോന്‍സന്‍ മാവുങ്കല്‍ ചികിത്സയ്ക്കെത്തുന്നവരെ മാത്രമല്ല, അതിഥികളായി എത്തിയവരെയും ഒളികാമറയില്‍ കുടുക്കിയെന്ന് സൂചന. മോന്‍സന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന അതിഥികളുടെ കിടപ്പറകളിലാണ് ഒളികാമറ സ്ഥാപിച്ചത്. മൂന്ന് കാമറകളും ഹാര്‍ഡ് ഡിസ്‌കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒളികാമറ വിന്യാസം ക്രൈംബ്രാഞ്ച് പരിശോധിക്കും. മോന്‍സന്റെ കൊച്ചിയിലെ വീടിനു സമീപം തന്നെയാണ് അതിഥി മന്ദിരവും. 
**********************************
സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചു. വിവാദമായ ഭൂമിക്കച്ചവടത്തിലെ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ഇടപാടില്‍ നേരത്തെ ആദായനികുതി വകുപ്പ് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. റവന്യൂ വകുപ്പും അന്വേഷണം നടത്തുണ്ട്. 
*************************************
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും , പെട്രോളിന് 6 രൂപ 50 പൈസയും കൂട്ടി.കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്.
****************************************
ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട് . കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ എയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. ഒക്ടോബര്‍ 18 ന് യാത്ര തിരിച്ചവര്‍ക്കാണ് അത്യാഹിതം ഉണ്ടായതെന്നാണ് വിവരം. ലംഖാഗ പാസിലാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 17000 അടി ഉയരത്തിലാണ് വിനോദസഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കുടുങ്ങിയത്. ഇവരില്‍ 11 പേരാണ് മരിച്ചതെന്നാണ് വിവരം.
*****************************
കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 257 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 142 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,229 ആയി.
***********************************
കോണ്‍ഗ്രസിനോടുള്ള ധാരണ തുടരാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പൊതു നിലപാട്.  അടവുനയമാകാമെന്ന  ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നിലപാട് തുടരാം.  ബിജെപിക്കെതിരെ മതേതര പ്രാദേശിക ജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. അതേസമയം മൃദുഹിന്ദുത്വ സമീപനം അടക്കമുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളെ ചൂണ്ടിക്കാട്ടി കേരളംഘടകം  സഹകരണത്തെ എതിര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക