Image

വരന്‍ ഉക്രൈനില്‍, വധു കേരളത്തിലും; സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു

Published on 23 October, 2021
വരന്‍ ഉക്രൈനില്‍, വധു കേരളത്തിലും; സംസ്ഥാനത്ത്  ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു
പുനലൂര്‍:   സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു. ഉക്രൈനിലുള്ള വരന്‍ ജീവന്‍കുമാര്‍ ആണ് പുനലൂരിലെ സബ് രെജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ ധന്യയെ 'നിയമപരമായി' വിവാഹം കഴിച്ചത്. സബ് രെജിസ്ട്രാര്‍ ടി എം ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്.

മുന്‍ നിശ്ചയപ്രകാരം നേരത്തെ നടക്കേണ്ടിയിരുന്ന ഇവരുടെ വിവാഹം കോവിഡ് നിയന്ത്രണവും മറ്റും മൂലം വൈകുകയായിരുന്നു. ഒടുവില്‍,ഹൈക്കോടതിയുടെയടക്കം ഇടപെടലിനെ തുടര്‍ന്ന്  ജീവന്‍കുമാര്‍ ഉക്രയിനിലിരുന്ന് ധന്യയുമായുള്ള വിവാഹം വെള്ളിയാഴ്ച പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. 

ഇളമ്ബല്‍ തിരുനിലശേരി ഹൗസില്‍ സി.വി. ദേവരാജ െന്‍റ മകനാണ് ഉക്രൈനില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ജീവന്‍കുമാര്‍. കഴക്കൂട്ടം നെഹ്രു ജങ്ഷനില്‍ ധന്യഭവനില്‍ മാര്‍ട്ടിെന്‍റ മകളാണ് ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ധന്യ.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉക്രൈനില്‍ നിന്നും നാട്ടിലെത്താന്‍ ജീവന്‍കുമാറിന് കഴിയാത്തതിനാല്‍,സ്പെഷല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ 2021 മാര്‍ച്ചില്‍ അപേക്ഷ സമര്‍പ്പിച്ചു. 

എന്നാല്‍ ഈ കാലയളവില്‍ ജീവന്‍കുമാറിന് നാട്ടിലെത്താന്‍ സാധിച്ചില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും, സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ഓണ്‍ലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂര്‍ സബ് രെജിസ്ട്രാര്‍ ഓഫീസ് വേദിയായത്. അച്ഛന്‍ ദേവരാജനാണ് ജീവന്‍ കുമാറിന് പകരം രെജിസ്റ്ററില്‍ ഒപ്പുവച്ചത്.

വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വിവാഹ സെര്‍ടിഫികറ്റ് വധുവിന് കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക