Image

അനന്യക്ക് കുരുക്ക് മുറുകുന്നു ; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

ജോബിന്‍സ് Published on 23 October, 2021
അനന്യക്ക് കുരുക്ക് മുറുകുന്നു ; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ബോളിവുഡ് നടിയും ആര്യന്റെ പെണ്‍സുഹൃത്തുമായ അനന്യ പാണ്ഡെയ്ക്ക് കുരുക്ക് മുറുന്നു. വ്യാഴാഴ്ച രണ്ട് മണിക്കൂറും വെള്ളിയാഴ്ച നാല് മണിക്കൂറും അനന്യ ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. എന്നാല്‍ അനന്യയെ എന്‍സിബി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. 

അനന്യയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് എന്‍സിബി ആദ്യ ദിവസം ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. അനന്യയുമായുള്ള ആര്യന്‍ഖാന്റെ ചാറ്റില്‍ ഗരുതര വിവരങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍സിബി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അനന്യയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. കഞ്ചാവിനെ കുറിച്ച് മൂന്ന് വിത്യസ്ത സന്ദര്‍ഭങ്ങളില്‍ ഇവര്‍ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് എന്‍സിബിയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. 

മൂന്നു തവണ കഞ്ചാവ് ആര്യന്‍ അനന്യയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അനന്യ ഇത് എത്തിച്ച് നല്‍കിയോ എന്ന കാര്യത്തില്‍ കൃത്യതയില്ല. രണ്ട് തവണ സ്വന്തം ഉപയോഗത്തിന് വേണ്ടിയും ഒരു തവണ കൂട്ടായ്മയിലെ ഉപയോഗത്തിന് വേണ്ടിയുമായിരുന്നു ആര്യന്‍ കഞ്ചാവ് ആവശ്യപ്പെട്ടതെന്നാണ് എന്‍സിബി കണ്ടെത്തല്‍. 

ചില ലഹരിമരുന്ന് വിതരണക്കാരുടെ നമ്പരുകളും ആര്യന്‍ അനന്യക്ക് നല്‍കിയിരുന്നു. അനന്യ ഇവരുമായി ബന്ധപ്പെട്ടോ , ലഹരിമരുന്ന് വാങ്ങിയോ എന്നിവയും ഇനി വ്യക്തമാകേണ്ടതുണ്ട്. ഇതിനായി അനന്യയുടെ രണ്ട് ഫോണുകള്‍ എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. ആര്യനേയും അനന്യയേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പദ്ധതിയുണ്ട്. 

അനന്യ ലഹരിമരുന്ന് വാങ്ങുകയോ ആര്യനോ മറ്റാര്‍ക്കെങ്കിലുമോ നല്‍കുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റിനും സാധ്യതയുണ്ട്. എന്നാല്‍ താന്‍ ആര്‍ക്കും ലഹരിമരുന്ന് വാങ്ങി നല്‍കിയിട്ടില്ലെന്നാണ് അനന്യയുടെ വാദം. അനന്യ ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക