Image

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

Published on 21 October, 2021
കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)


"ഞാനന്നേ പറഞ്ഞില്ലേ, നീയൊരു വലിയ പാട്ടുകാരിയായിത്തീരുമെന്ന് " - അനുപ്രിയ മുന്നിലുള്ള ആൾക്കൂട്ടത്തിൽ നുണക്കുഴി വിടർത്തിയ ഒരു ചിരി തിരഞ്ഞു.താൻ മികച്ച ഗായികയാകുന്നതിന് സാക്ഷിയായി അവൾ കാണുമെന്ന് വാക്കു തന്നിരുന്നതല്ലേ. ലോകത്തിൻ്റെ ഏതെങ്കിലും കോണിലിരുന്ന് മെറിനിത് കാണുന്നുണ്ടെന്ന് സമാധാനിച്ച് അനുപ്രിയ ആഘോഷത്തിലലിഞ്ഞു,
    നാണം കുണുങ്ങിയും തൊട്ടാവാടി പ്രകൃതക്കാരിയുമായ മകൾ ലോകം കണ്ടു വളരട്ടെ എന്നു കരുതിയാണ് അനുപ്രിയയുടെ അച്ഛൻ അവളെ പ്ലസ് വണ്ണിന് ടൗണിലെ സ്കൂളിൽ ചേർത്തത്. പക്ഷേ അതവളുടെ ഉൾവലിവ് കൂട്ടിയതേ ഉള്ളൂ. എല്ലാവരും മിടുക്കർ ,പണക്കാർ, പരിഷ്കാരികൾ.... അവളൊരു തോടിനുള്ളിൽ ഒളിക്കാൻ ശ്രമിച്ചു എപ്പോഴും. യഥാർത്ഥത്തിൽ അനു ഭേദപ്പെട്ട ഒരു വാര്യർ കുടുംബത്തിലെ കുട്ടിയാണ്.അച്ഛൻ നല്ലൊരു കർഷകൻ. അമ്മ അങ്കണവാടി ടീച്ചർ. നന്നായി പാടുന്ന അനു ഇപ്പോഴും സംഗീതം അഭ്യസിക്കുന്നുണ്ട്. പക്ഷേ സ്റ്റേജിൽ ആളുകളുടെ മുന്നിൽ നിന്ന് പാടാൻ അവളുടെ പേടി സമ്മതിച്ചില്ല. സ്റ്റേജ് കാണുമ്പോൾ നാക്കിലെ വെള്ളം വറ്റും.
    സ്കൂളിലെ ഒരു  ദിവസം. മലയാളത്തിൻ്റെ ക്ലാസ് നടക്കുന്നു. പല ക്ലാസുകളിലും പഠിക്കുന്ന കുട്ടികൾക്ക് ഒരുമിച്ചാണ് ക്ലാസ്.കുമാരനാശാൻ്റെ ചിന്താവിഷ്ടയായ സീത പഠിപ്പിക്കുന്നു. നിനച്ചിരിക്കാതെ ടീച്ചറിൻ്റെ വിരൽ തന്നെ ചൂണ്ടുന്നു.  'കുട്ടി കവിത ചൊല്ലൂ'. വിറച്ചുകൊണ്ടാണ് തുടങ്ങിയതെങ്കിലും നിർത്തിയപ്പോൾ ക്ലാസാകെ കൈയടിച്ചു. ഒരു കൈയടി കുറച്ചു നേരം കൂടി നീണ്ടു പോയി. നുണ
ക്കുഴി വിരിയുന്ന ചിരിയോടെ ഒരു ചുരുണ്ട മുടിക്കാരി സുന്ദരി. ക്ലാസ് കഴിഞ്ഞപ്പോൾ കണ്ണിൽ ഉല്ലാസപൂത്തിരി കത്തിച്ച് അവൾ അടുത്തുവന്നു. 'ഞാൻ മെറിൻ. അസ്സലായിരുന്നു പാട്ട്  .  ഇനിയും പാടണം' . ശരിക്കും ഒരു കിലുക്കാംപെട്ടി. എത്ര സന്തോഷമാ മുഖത്ത്. വലിയ വീട്ടിലെ കുട്ടി തന്നെ - അനുവിൻ്റെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് വീണ്ടുമുണർന്നു. പിന്നീടുള്ള കമ്പയിൻഡ് ക്ലാസുകളിൽ മെറിൻ്റെ വരവിനായി അനു കാത്തിരുന്നു. ക്ലാസ് കഴിഞ്ഞുള്ള ഇടവേളയിൽ അനു കവിത ചൊല്ലുന്നത് പതിവായി.സ്കൂൾ കലോത്സവത്തിന് മെറിൻ അനുവിനെ നിർബന്ധിച്ച് പങ്കെടുപ്പിച്ചു. ഒന്നാം സമ്മാനം ലഭിച്ചതോടെ അനു സ്കൂളിലെ സ്റ്റാർ ആയി.അവരുടെ കൂട്ട് ദിവസം തോറും ദൃഢമായിക്കൊണ്ടിരുന്നു. അനുവിൻ്റെ ആധികളൊക്കെ കുറഞ്ഞു വന്നു. എങ്കിലും മെറിൻ വീട്ടിലേയ്ക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ  'ഞങ്ങൾക്ക് ഒരു കൊച്ചുവീടാ നിങ്ങളുടെ പോലെ സൗകര്യങ്ങളൊന്നുമില്ല' എന്ന് അനുവിലെ കോംപ്ലക്സ് വീണ്ടുമുണർന്നു.
രണ്ടാം വർഷത്തെ തിരക്കേറിയ പഠനകാലം. അതിനിടയിലും മെറിൻ്റെ പ്രോത്സാഹനത്തോടെ അനുവിലെ പാട്ടുകാരി വളർന്നുകൊണ്ടിരുന്നു.രണ്ടാം വർഷ അവസാന പരീക്ഷ തീർന്ന ദിവസം മെറിൻ തൻ്റെ വീട്ടിലേയ്ക്ക് അനുവിനെ ക്ഷണിച്ചു. ബസിറങ്ങി ഒരു വലിയ കയറ്റം കയറി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു ചെറിയ വീടിൻ്റെ മുന്നിൽ മെറിൻ നിന്നു. അമ്പരന്നു നിന്ന അനുവിനെ നോക്കി അവളുടെ നുണക്കുഴി ചിരിച്ചു - 'ഇതാ  നീ പറയാറുള്ള എൻ്റെ മണിമാളിക . പണക്കാർക്കേ സന്തോഷമുണ്ടാകൂ എന്ന് നീ പറയാറില്ലേ.വാ കേറി വന്ന് നോക്ക് എൻ്റെ മാളികയിലെ വിശേഷങ്ങൾ.രണ്ട് മുറികൾ .ഒരു മുറിയുടെ കോണിൽ അടുക്കള . അവിടെ അമ്മ അനുവിനുള്ള കാപ്പി തയ്യാറാക്കുന്നു. നിറഞ്ഞ ചിരിയുള്ള അമ്മ .അടുത്ത മുറിയിൽ കട്ടിലിൽ മെറിൻ്റെ അപ്പ . കെട്ടിടം പണിക്കാരനായിരുന്നു. ഒരു വീഴ്ചയിൽ നടുവിന് പരിക്ക് പറ്റി ഇപ്പോൾ കിടപ്പ്. അപ്പന് വയ്യാതായതോടെ പല വീടുകളിൽ പണിക്ക് പോകുന്ന അമ്മയെ സഹായിക്കാൻ മെറിനും പോകുന്നുണ്ട്. അതു കഴിഞ്ഞാണവൾ സ്കൂളിലേയ്ക്ക് വരുന്നത്. ഇത്രയൊക്കെയായിട്ടും അവരുടെ മുഖങ്ങളിൽ സന്തോഷമായിരുന്നു - അനുപ്രിയ ഓർത്തു. " പുറമേ സന്തോഷമായി കാണുന്നവരിൽ പലരും ഉള്ളിൽ കരയുന്നവരായിരിക്കും അനൂ - എങ്കിലും അവർ കരുത്തോടെ പ്രതീക്ഷയോടെ ജീവിക്കും. എനിക്കും ചേച്ചിയെപ്പോലെ നേഴ്സിംഗിനു പോണം. എത്രയും വേഗം ജോലി സമ്പാദിച്ച് അപ്പയുടേയും അമ്മയുടേയും കഷ്ടപ്പാട് തീർക്കണം. ഇപ്പോ മനസ്സിലായില്ലേ നിനക്ക് സന്തോഷിക്കാൻ എത്ര മാത്രം കാരണങ്ങളുണ്ടെന്ന്. നമ്മുടെ ഈ കൊച്ചു ജീവിതം തൃപ്തിയോടെ ജീവിച്ചു തീർക്കണം. നീ ഒരു വലിയ പാട്ടുകാരിയാവും. ലോകത്തിൻ്റെ ഏതു കോണിലിരുന്നായാലും ഞാനത് കണ്ട് സന്തോഷിക്കും." പിന്നെ മെറിനെ നേരിൽ കണ്ടിട്ടില്ല. അവൾ നേഴ്സിംഗിന് ചേർന്നു എന്ന് മാത്രം അറിഞ്ഞു. അനുപ്രിയ സംഗീതം തന്നെ വഴിയായി തെരെഞ്ഞെടുത്തു . അവൾ തൻ്റെ കഴിവുകളിൽ വിശ്വസിച്ചു തുടങ്ങി. അങ്ങനെ പ്രമുഖ ചാനലിലെ 'ടാലൻറ് ഹണ്ട് ' എന്ന റിയാലിറ്റി ഷോയിലെ വിജയിയായി.
  തിരികെ അനു ഫ്ലാറ്റിലെത്തിയപ്പോൾ ഫോൺ റിംഗ് ചെയ്യുന്നു. "ഡാ ഞാനാ മെറിൻ - വളരെ കഷ്ടപ്പെട്ടാ ഞാൻ നിൻ്റെ നമ്പർ സംഘടിപ്പിച്ചത്. ഞാൻ വാക്കുപാലിച്ചു. നീ വിജയിയാകുന്നത് ഞാൻ ലൈവായി കണ്ടു. "പിന്നെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന തിരക്കിലായിരുന്നു രണ്ട് പേരും. മെറിൻ ഡെൽഹിയിലുണ്ടിപ്പോൾ. അടുത്ത മാസം ലണ്ടനിലേയ്ക്ക് പോകും. അതിനു മുമ്പു് നാട്ടിൽ വച്ച് കാണാമെന്നവൾ വാക്ക് നൽകി.
ഫോൺ വയ്ക്കുമ്പോൾ അനു ഓർത്തു - തനിക്ക് സന്തോഷിക്കാൻ എത്ര കാരണങ്ങളുണ്ടിപ്പോൾ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക