Image

ഭ്രാന്തൻ പക (മെർലിൻ ടോം)

Published on 18 October, 2021
ഭ്രാന്തൻ പക (മെർലിൻ ടോം)
ഇന്നലത്തെ മഴയുടെ
ചെളി ഒഴുക്കുകളിൽ
ഞാനും ഒരു നായാട്ട്  കണ്ടു. അവസരത്തിൽ തോക്ക്  ചൂണ്ടാൻ ഉറച്ചവന്റെ
ഭ്രാന്തൻ പക.

ഉന്നം എപ്പോഴും കൃത്യമാണ്.
ചോര ചാലിട്ടൊഴുകുന്നു.
ശ്വാസം നിലയ്ക്കുന്നു.
എന്റേത്
നിന്റെതെന്ന്
എഴുതി പാലിച്ചൊരു
ഇടങ്ങളെ
അധിനിവേശിച്ച്
ഒന്നാക്കി
തെരുവാക്കുന്ന
മഴ പ്രവേശം.

കലങ്ങി ഒഴുകിയത്
ആർക്കും കൊടുക്കാതെ കരുതിയ
കളിപ്പാട്ടക്കട്ടകൾ  മുതൽ
ആരും അറിയാത്ത
പ്രണയമയിൽപ്പീലി വരെ.
പിന്നെയും,
പാസ്സ്‌വേഡുകൾ
ബാങ്ക് രേഖകൾ
ഡിവോഴ്സ് പെറ്റീഷൻ  അയൽപക്കത്തെ മതിൽ
അവന്റമ്മ
അവിടുത്തെ അച്ഛൻ
ആരുടെയോ രക്തം
അങ്ങനങ്ങനെ
ഒരായുസ്സിന്റെ  ആദ്യാന്തം.

തിരിച്ചുവന്നതൊക്കെയോ
ഒഴുക്കി  കളഞ്ഞതും! കടപുഴകിവീണ
വന്മരവേരുകളിൽ
ഒന്നും മണ്ണടയാളം  ഇല്ല.
വിണ്ടുപോയ  പാലങ്ങളിൽ
ഒന്നും മനുഷ്യ വിയർപ്പിന്റെ  മിന്നലും ഇല്ല.

സമ്മേളിക്കാത്ത അണ്ഡബീജങ്ങളും
ജനിക്കാതെ പോയ കുഞ്ഞുങ്ങളും വക
ജിഹാദി ലേഖനങ്ങൾക്ക് മാനിഷാദ.

"നീ ഒലിച്ചു പോകാതിരിക്കട്ടെ" എന്ന മനുഷ്യത്വാശംസകളിൽ,
രക്ഷാപ്രവർത്തനങ്ങളിൽ, ഒക്കെയും
മുഖം ചേർത്ത്
എന്റെയും സ്നേഹചുംബനം.

കടന്ന് പോകും കാലം
ഇനിയും.
ജീവനുള്ളവരെ
കാണാതെ പോകല്ലേ-
നമുക്ക്
"അടുപ്പുകൾ കൂട്ടാം
വീടുകൾ പണിയാം ".

ഹേ ജലാശയമേ
ഇനിയെങ്കിലും തെളിയുക.
കടലിൽ ചേരുക.
കണ്ണീരുപ്പ് ഉണങ്ങട്ടെ♥
                      
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക