Image

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

Published on 15 October, 2021
ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)
പണ്ടത്തെ പൂജവെപ്പായിരുന്നു പൂജവെപ്പ്, ഇപ്പോഴത്തെ പൂജവെപ്പ് എന്ത് ഒരു രസമില്ല.. അങ്ങനെയൊക്കെ മനസ്സിൽ പറഞ്ഞ്  പഴയകാല ഓർമ്മകൾ അയവിറക്കി വിഷമിച്ചിരിക്കലാണ് എല്ലാ വിശേഷദിവസങ്ങളിലും പണി.
    പണ്ട് ദുർഗ്ഗാഷ്ടമി, വിജയദശമി ദിനത്തിലെല്ലാം അമ്പലത്തിൽ പോകാൻ വളരെയേറെ ഉത്സാഹമായിരുന്നു..
നാട്ടിലെ എല്ലാ ചേട്ടൻമാരും അവിടെ ഉണ്ടാകും എന്നതായിരുന്നു അമ്പലത്തിൽ പോകാൻ തോന്നിയിരുന്നതിന്റെ പിന്നിലുള്ള പ്രചോദനം.
ബാക്കിയുള്ള ദിവസങ്ങളിൽ അമ്പലത്തിന്റെ പരിസരത്തുപോലും കാണാത്ത നാട്ടിലെ സുന്ദരൻമാരെയെല്ലാം അന്നേ ദിവസം അവിടെ കാണാം ..
 
      പൂജക്കു വെക്കാനായി പുസ്തകം അമ്പലത്തിൽ കൊണ്ടുകൊടുക്കാൻ പറഞ്ഞാൽ ഞാനും അനിയനും പോകില്ല അന്നു രണ്ടാൾക്കും അമ്പലത്തിൽ പോകാൻ മടിയാണ്..പിന്നെ അച്ഛനോ അച്ഛാച്ഛനോ കൊണ്ടുകൊടുക്കും.. പക്ഷേ പിറ്റേന്നു രാവിലെ തന്നെ കുളിച്ചു സുന്ദരിയായി അമ്പലത്തിൽ പോകും..
ഒരു കോളേജ് പ്രായം വരെ അമ്മ ബലമായി പിടിച്ചു നിറുത്തി തലയിൽ എണ്ണ പുരട്ടുമായിരുന്നു. ഷാംപൂ ഇട്ട് മുടി പറത്തി നടക്കുന്നതൊക്കെ അന്നത്തെ കാലത്ത് സ്വപ്നങ്ങളിൽ മാത്രം.. അങ്ങനെ ഈ എണ്ണപാട്ടയിൽ മുങ്ങിയ തലയുമായി അമ്പലത്തിൽ പോകാനിറങ്ങുമ്പോൾ ആയിരിക്കും  കണ്ണെഴുതീല്ല, മുടി ഇങ്ങനെ വേണ്ട, ഉടുപ്പു ഇതു വേണ്ട എന്ന പ്രസ്താവനകളുമായി അമ്മ വരുന്നത്..മനസ്സില്ലാ മനസ്സോടെ അമ്മ പറയുന്നത് എല്ലാം ചെയ്ത് കണ്ണാടിയിൽ നോക്കി പിറുപിറുത്ത് സ്വയം ഭംഗിയുണ്ട് എന്ന് ആശ്വസിച്ച് അമ്പലത്തിൽ പോകും..
അവിടെ ചെല്ലുമ്പോൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഇടക്ക് കടക്കണ്ണുകൊണ്ടു നോക്കാറുണ്ട്.. ഇടക്ക് ഏതെങ്കിലും പയ്യൻമാർ നോക്കിയാലായി..ആ അതൊക്കെ പറഞ്ഞിട്ട് ഇനിയെന്തു കാര്യം..
അമ്പലത്തിൽ സരസ്വതിദേവിയെ തൊഴുത് കൃഷ്ണനെ തൊഴുത് നിൽക്കുന്നതിനിടയിൽ ആണ് ആ സത്യം ഞാൻ മനസ്സിലാക്കിയത് എന്റെ നാട്ടിൽ എത്ര നല്ല ഭംഗിയുള്ള ചേച്ചിമാർ ആണ്. ഇവർക്കൊക്കെ ദൈവം സൗന്ദര്യം വാരിക്കോരികൊടുത്തിരിക്കുകയാണല്ലോ, എന്തു രസാ ആ രാഗി ചേച്ചിടെ ചിരി,മുടി, ഡ്രസ്സ് ആ ചേച്ചിയെ ആണ് എല്ലാവരും ശ്രദ്ധിക്കുന്നത്.. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സുന്ദരിമാരെ കാണുമ്പോൾ നെഞ്ചിന്റെ ഏതോ ഒരു ഭാഗത്തു വല്ലാത്ത വിങ്ങലാണ്.'എല്ലാ സൗന്ദര്യവും കൂടെ ഒരാൾക്കു കൊടുക്കരുത് എന്നാലും എന്റെ കൃഷ്ണാ'എന്നു പലതവണ പറഞ്ഞു നോക്കീട്ടുണ്ട്..
അങ്ങനെ പൂജക്കു പുസ്തകം വച്ചു കഴിഞ്ഞാൽ ആ നാട്ടിലെ മൂന്നു അമ്പലങ്ങൾ, അടുത്ത നാട്ടിലെ രണ്ടോ മൂന്നോ അമ്പലം ഇതെല്ലാം അന്നേ ദിവസം  കാലത്തും വൈകുന്നേരവുമായി  പോയി തൊഴുതു അനുഗ്രഹം നേടാൻ മറക്കാറില്ല.
പിറ്റേദിവസം വിജയദശമി ദിവസം പുസ്തകം പൂജ കഴിഞ്ഞു തരുന്ന സമയത്തേക്കു അമ്പലത്തിൽ എത്തിയാൽ മതി .. ഒൻപതര, പത്താകും സമയം എന്തായാലും ,അച്ഛാച്ഛൻ പറയും പുസ്തകം കിട്ടാൻ കുറച്ചു വൈകും തൊഴുത് വീട്ടിൽ പോയി വല്ലതും കഴിച്ചോളൂ ഞാൻ കൊണ്ടു വരാം,
"ഏയ് ,നോ നെവർ പുസ്തകം പഠിക്കുന്ന കുട്ടികൾ തന്നെ വാങ്ങിക്കണം എന്നാണ് അതിന്റെ ഒരിത് അച്ഛാച്ഛാഃ" എന്നും പറഞ്ഞ് അവിടെ നിൽക്കുന്നത് ആ സമയത്ത് ആ നാട്ടിലേയും അടുത്ത നാട്ടിലേയും എല്ലാ വീട്ടിലേയും ചേട്ടൻമാർ അവിടെ പുസ്തകം വാങ്ങാൻ വന്ന് കാത്തിരിപ്പുണ്ടാകും എന്ന കാര്യം കൊണ്ടാണെന്നു ഞാൻ എങ്ങനെ നിങ്ങളോടു പറയാതിരിക്കും ..
പക്ഷേ വലിയ കട്ടിക്കണ്ണടയൊക്കെ വച്ച് ഒരു ബുദ്ധിജീവി ലുക്ക് ഉള്ളതു കൊണ്ടും, 5'6 പൊക്കത്തിൽ തോട്ടിക്കോൽ പോലെ വളർന്നു പോയതുകൊണ്ടും, അച്ഛന്റെ കൊമ്പൻമീശയും രൂപവും നാട്ടിലെ പയ്യൻമാർക്കു  പേടിയായതുകൊണ്ടും, ഒരു ഫേഷൻ സെൻസുപോലുമില്ലാതേ മകളെ എണ്ണപാട്ടയിൽ കുളിപ്പിക്കുന്ന ഒരു അമ്മയുള്ളതുകൊണ്ടും ഒരു ആളുപോലും ഒന്നു മൈൻഡ് പോലും ചെയ്യാൻ ഉണ്ടായില്ല എന്ന സത്യം ഞാൻ കുറച്ചു വൈകിയാണെങ്കിലും മനസ്സിലാക്കിയിരുന്നു...
അങ്ങനെ പൂജ കഴിഞ്ഞു കിട്ടിയ പുസ്തകവുമായി വിശന്നു കണ്ണു കാണാതേ വീട്ടിൽ വരുമ്പോൾ അച്ഛമ്മ കുറച്ചു മണൽ കൊണ്ടു പരത്തിയിട്ടിട്ടുണ്ടാകും. എഴുതിയിട്ടു ഭക്ഷണം കഴിച്ചാൽ മതി എന്നും പറയും. ഞാൻ അമ്പലത്തിൽ എഴുതിയതാ,ഇനിയും വേണോ! എന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല..
വീണ്ടും അവിടെയിരുന്നു "ഓം ഹരിശ്രീ ഗണപതയേ നമ: അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ"
എന്നു എഴുതി അതിനുശേഷം മലയാള അക്ഷരമാല മുഴുവൻ എഴുതും. ഭക്ഷണത്തിനുശേഷം പൂജക്കു വച്ചിരുന്ന പുസ്തകത്തിൽ നിന്ന് വായിക്കും.. വീടിനോടു ചേർന്ന  മനയിലും പുസ്തകം പൂജക്കു വയ്ക്കുമായിരുന്നു. അവിടെ നിന്ന് വിജയദശമി ദിവസം പുസ്തകത്തോടൊപ്പം നല്ല സ്വാദേറിയ പഴം നിറച്ച അട തരുമായിരുന്നു .. ഇപ്പോഴും ആ സ്വാദ് മറക്കാൻ കഴിഞ്ഞിട്ടില്ല..
ആ നവരാത്രി കാലവും അന്നത്തെ നാട്ടിൻപുറവും അച്ഛാച്ഛനും അച്ഛമ്മയും എല്ലാം ഇനി ഓർമ്മകളിൽ മാത്രം...
ഇന്ന് ഇവിടെ വിജയദശമി ദിനത്തിൽ പൂജക്കു വയ്ക്കൽ ഇല്ല, കുട്ടികൾ സ്കൂളിൽ പോയിരിക്കുന്നു. ഹരിശ്രീ എഴുതൽ ഇല്ല, നാട്ടിൻപുറത്തെ അമ്പലവും ആളുകളും ഇല്ല. ഈയവസരത്തിൽ പഴയ ഓർമ്മകൾ തേടി വരുന്നത് ഒരു തെറ്റാണോ!!
Join WhatsApp News
Sudhir Panikkaveetil 2021-10-17 00:17:17
അനുഭൂതികൾ അയവിറക്കികൊണ്ടുള്ളഎഴുത്തു നന്നായിട്ടുണ്ട്. അനുഭൂതി എന്നാൽ നേരിട്ട് അനുഭവപ്പെടുന്ന അവബോധം, അനുമാനങ്ങൾ, താരതമ്യത, അലിഖിതമായ അറിവുകൾ എന്നൊക്കെയാണ്. മുമ്പുണ്ടായ അത്തരം അനുഭവങ്ങളെ ഓർക്കൽ. ഒരു പഴയ പാട്ട് ഇയ്യിടെ കേട്ടതും ഓർമ്മ വന്നു. "മറക്കാൻ കഴിയുമോ പ്രേമം മനസ്സിൽ വരയ്ക്കും വർണ്ണചിത്രങ്ങൾ മായ്ക്കാൻ കഴിയുമോ?" കഴിയില്ല ആർക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക