Image

പൂമരം: (കവിത, കാവ്യ ഭാസ്ക്കർ)

Published on 12 October, 2021
പൂമരം: (കവിത, കാവ്യ ഭാസ്ക്കർ)


നടുമുറ്റത്തൊരു പൂമരം വേണം
തൂക്കണാം കുരുവികൾ
പാറിക്കളിക്കണം
മഞ്ഞണി പൂങ്കുലയാടിക്കളിക്കുമ്പോൾ
മഞ്ഞിൻ കണങ്ങൾ തൻ
മഴവില്ലു കാണണം.
ചക്കര തേൻ മാവിൽ
പൊന്നൂഞ്ഞാൽ വേണം
വർണ്ണക്കിളികൾ തൻ
ഘോഷങ്ങൾ വേണം.

അഴകിൽ മെടഞ്ഞിട്ട
കാർകൂന്തൽ പോലെ
വനജ്യോത്സ്ന പൂക്കൾ തൻ
കവാടങ്ങൾ വേണം.
പൂന്തേൻ നുകർന്നിടാൻ
കൂട്ടുകാരെത്തണം
മണ്ടിത്തുടിക്കുന്ന
വണ്ടുകൾ പലതരം .


പൂമര കൊമ്പിൽ
കുയിൽപ്പാട്ട് കേൾക്കണം
കിളി കൊഞ്ചൽ നാദങ്ങൾ
ഹൃദയം നിറയ്ക്കണം.
മുറ്റത്തെ പൂന്തോപ്പിൽ
തുമ്പികൾ പാറണം.
തത്തിക്കളിക്കുന്ന
തത്തകളെത്തണം

പുതുതായ് പണിതീർത്ത
കൊച്ചുകുളത്തിൽ
താമരപ്പൂകൾ കൊഞ്ചിക്കളിക്കണം
താമര തണ്ടിലായ്
കണ്ണാരം പൊത്തുവാൻ
പല വർണ്ണമത്സ്യങ്ങൾ
നിറ നിറെ വേണം.
വെള്ളി നിലാവിന്റെ
വെള്ളാരം കല്ലുകൾ
കുഞ്ഞി തരുക്കൾക്ക്
കൗതുകമാകണം.
മുറ്റം നിറയെ
ചെടികളലങ്കാരം
തിരുമുറ്റമങ്ങനെ
പൂക്കളാൽ സമ്പന്നം.
പുലരിക്കസവണിയു -
യാടനെയ്യുമ്പോൾ
വള്ളിക്കുടിലിൽ
കവിതകളുണരണം.
ചേലിൽ ചിരിമലരു -
ന്മേഷമോദാൽ
ഈണങ്ങളങ്ങ-
നെയുള്ളം നിറയ്ക്കണം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക