America

ഭൂമിയുടെ ഇടപെടൽ:കഥ (പെരുങ്കടവിള വിൻസൻറ്)

Published

on


'ഭാർഗ്ഗവീ, കുടയിങ്ങെടുത്തേ' യാത്രക്കിറങ്ങുന്ന നേരം രാഘവൻമാഷ് പറഞ്ഞു.
കുടയും വാങ്ങി പടി ഇറങ്ങുന്ന നേരം കാർത്തിക ഓർമ്മിപ്പിച്ചു: 'അച്ഛാ വാച്ച് നന്നാക്കുന്ന കാര്യം മറക്കരുതേ'
മാഷ് കാർത്തികയെ നോക്കി ചിരിച്ചു. നീളൻ ജുബ്ബയുടെ കീശയിൽ തപ്പി വാച്ചെടുത്തു എന്ന് ഉറപ്പാക്കുന്നതിനിടയിൽ പറഞ്ഞു: 'ചിലപ്പോ ഇത്തിരി വൈകീന്നിരിക്കും'
ഒരു മണിക്കൂറിനുള്ളിൽ മടങ്ങി വരാവുന്ന യാത്രയാണെങ്കിലും മാഷ് അങ്ങനെയേ പറയാറുള്ളൂ. യാത്രയല്ലേ, ചിലപ്പോൾ അവിചാരിതമായ കാരണങ്ങളാൽ വൈകിയെന്നിരിക്കും. പറഞ്ഞിട്ടു പോയാൽ വീട്ടുകാർക്ക് അല്പം ആശ്വാസം കിട്ടും. മാഷിനതറിയാം. മാഷ് ജീവിക്കുന്നതു തന്നെ ഈ രണ്ടാൾക്കും വേണ്ടിയല്ലേ ? 

  പഴയതെങ്കിലും, നനച്ചുണക്കിയ പുളിയിലക്കരയൻ മുണ്ടും, അതിനുമീതെ നീളൻ ജുബ്ബയുമിട്ട്, നരച്ച കുടയും പിടിച്ച് രാഘവൻമാഷ് നടന്നകലുന്നത് ഭാർഗ്ഗവി നോക്കി നിന്നു, അരികെ കാർത്തികയും. ഭാർഗ്ഗവിയിൽ നിന്ന് ഒരു നിശ്വാസമുതിർന്നോ ?

രാഘവൻ മാഷ്‌ നന്നേ രാവിലെ കുളിക്കും. അത് 35 വർഷമായി മുടങ്ങാതെ നടക്കുന്നു. രാവിലെ സ്ത്രീകളും കുളിച്ചിരിക്കണം എന്ന് മാഷിന് നിർബ്ബന്ധമാണ്. അതിനാൽ രണ്ടു പേരും കുളിച്ചൊരുങ്ങിയാണ് പൂമുഖപ്പടിയിൽ നിന്നത്. പഴയതെങ്കിലും, അലക്കി വെളുപ്പിച്ച കസവുമുണ്ടും നേര്യതുമായിരുന്നു, ഭാർഗ്ഗവിയുടെ വേഷം. കാലറ്റം എത്തുന്ന കസവു ബോഡറുള്ള മാന്തളിർ നിറമുള്ള പട്ടുപാവാടയും, നീളൻ ജാക്കറ്റുമായിരുന്നു കാർത്തിക അണിഞ്ഞിരുന്നത്. ശാലീനമായ സൗന്ദര്യം അവളെ പൊതിഞ്ഞിരുന്നു. അരയോളം നിവർത്തിയിട്ട്, തുമ്പു കെട്ടിയ മുടിയിൽ നിന്ന് കൈതോന്നിയിട്ട് കാച്ചിയ എണ്ണയുടെ മണം കാറ്റിൽപ്പരന്നു.

രാഘവൻ മാഷ് പാടവരമ്പത്തുകൂടെ നടക്കുകയാണ്. സമയം ഒമ്പതേ ആയിട്ടുള്ളൂ. എന്നാൽ സൂര്യൻ, നരച്ച കുടയിലെ ഉറുമ്പുകുത്തിയ സുഷിരങ്ങളിലൂടെ മാഷിനെ കുത്തി. കുത്തു കൊള്ളുന്ന തൊലിപ്പുറത്ത് വിയർപ്പ് പൊടിഞ്ഞു. തോട് കടന്ന് റോഡിലേക്ക് കയറുന്ന നേരം രാഘവൻ മാഷ് ചിന്തിച്ചു: കാർത്തികയും സൂര്യതേജസ്സോടെ വളർന്നിരിക്കുന്നു. അവൾ  മംഗല്യച്ചരടു്  അണിയുന്ന ദിനം എന്നാണാവോ ?

'ഒമ്പതരയുടെ ബസ് പോയല്ലോ മാഷേ ' നാരങ്ങാവെള്ളം കുടിച്ചു കഴിഞ്ഞ് തിരികെ നീട്ടിയ വലിയ വയറുള്ള കുപ്പിഗ്ലാസ് വാങ്ങി കഴുകുന്നതിനിടയിൽ അപ്പുക്കുട്ടൻ പറഞ്ഞു.
മാഷ് വാച്ചിൽ നോക്കി. 9.30 ആകുന്നേയുള്ളൂ. വണ്ടി നേരത്തേ പോയിരിക്കുന്നു. ഇനി 10.30 നാണ് വണ്ടി . അപ്പുക്കുട്ടൻ്റെ മുറുക്കാൻ കടയോടു് ചേർത്തിട്ട ബഞ്ചിൽ രാഘവൻ മാഷ് ഇരുന്നു. അപ്പുക്കുട്ടൻ കൊടുത്ത വർത്തമാനപ്പത്രം തുറന്നു.
 ബസ്സ് തടഞ്ഞ് നിർത്തി വിദ്യാർത്ഥിയെ പിടിച്ചിറക്കി പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. അക്രമി സംഘത്തിൽ 10 പേർ ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. 
ബസ്സിനുള്ളിലെ അമ്പതിലധികം പേർ അന്നേരം എന്തെടുക്കുകയായിരുന്നു ? മാഷ് ഓർത്തു. വൈകുന്നേരം ബസ്സ്സ്റ്റാൻ്റിൽ ഭർത്താവിനോടൊപ്പം ബസ്സ് കാത്തുനിന്ന യുവതിയെ മൂന്നംഗ സംഘം ഓട്ടോയിൽ തട്ടിക്കൊണ്ടു് പോയി ബലാൽസംഗം ചെയ്തു. നഗരത്തിലെ തിയേറ്ററിന് സമീപം അഴുക്കുചാലിൽ നിന്ന് യുവതിയുടെ നഗ്നശരീരം ലഭിച്ചിട്ടുണ്ടു്. ചെറുത്തു നില്പിനിടയിലാണ് ദാരുണാന്ത്യം. കുറ്റവാളികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചു കഴിഞ്ഞു എന്നും, കുറ്റവാളികളെ കുരുക്കാൻ പോലീസ് നഗരം മുഴുവൻ വലവിരിച്ചിരിക്കുന്നു എന്നും റിപ്പോർട്ട് ചെയ്യുന്നു. 
 സംഭവം ബീഹാറിലോ പഞ്ചാബിലോ ആയിരിക്കുമെന്ന് കരുതി സ്ഥലം നോക്കിയ മാഷിൻ്റെ കണ്ണുകളിൽ ഇരുട്ടു കയറി.

 കുട്ടനാട് നെൽകൃഷി നഷ്ടമായതിനാൽ വേൾഡ് ബാങ്കിൻ്റെ സഹായത്തോടെ , ഇടുക്കി മലനിരകൾ ഇടിച്ചു കൊണ്ടു് വന്ന് കുട്ടനാട്ടിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുവാനും, വിമാനത്താവളത്തിനു ചുറ്റും രൂപം കൊള്ളുന്ന മൈതാനം ഫ്ളാറ്റുകളുടെ വൻ സമുച്ചയം പണിയാനും, മൈതാനമായി മാറുന്ന ഇടുക്കി പ്രദേശത്ത് വൻതോതിൽ ഈന്തപ്പന കൃഷി ചെയ്ത് വൻ ആദായം ആർജിക്കാനും, ഇത് സംബന്ധിച്ച് പഠനം നടത്തിയ സമിതി ശുപാർശ ചെയ്തിരിക്കുന്നു. കൈയ്യിൽ ചുറ്റിയ പാമ്പിനെ കുടഞ്ഞു കളയുമ്പോലെ മാഷ് പത്രം ദൂരെയിട്ടു. 

 10.30 ൻ്റെ ബസ്സ് വന്നു. പാടത്തിനു നടുവിലെ പെരുമ്പാമ്പു റോഡിലൂടെ വേഗത്തിലോടിയ ബസ്സ് നഗരത്തിൽ പ്രവേശിച്ചതും ഒച്ചിനെപ്പോലെ ഇഴയാൻ തുടങ്ങി.
  'ബസ്സിൻ്റെ ഷട്ടർ താഴ്ത്തിയിടൂ, വേഗം ' ആരോ വിളിച്ചു പറഞ്ഞു ' ഏറു വരുന്നുണ്ട്.'
 വണ്ടി നിന്നു. ഏറിൽ ഡ്രൈവർക്കു മുമ്പിലെ ഗ്ലാസ് ഞെരിഞ്ഞു ചിതറി. ഡ്രൈവർ ഭയംമൂടി സ്റ്റിയറിംഗിൽ മുഖം പൂഴ്ത്തി കമഴ്ന്ന് കിടന്നു. പോലിസ് ജീപ്പ് മറിച്ചിട്ട്, തീകൊളുത്തിയ ശേഷം അക്രമികൾ ഓടുന്നു. നീല ജീപ്പിനെ തീ തിന്നുന്നു. തലയിൽ ഇരുമ്പു തൊപ്പിവച്ച പോലീസുകാർ ഇടതു കൈയ്യിൽ ഏറു തടയാൻ ചൂരൽമറയും, വലതു കൈയ്യിൽ പ്രഹരിക്കാൻ ലാത്തിയുമായി അക്രമികൾക്കു പിന്നാലെ കുതിക്കുന്നു. അസംഖ്യം വാഹനങ്ങൾ ഒന്നോടൊന്ന് ഒട്ടിനില്കുന്നതിനാൽ പുറത്തിറങ്ങാൻ പോലും വയ്യ.
ചലനം നിലച്ച ബസ്സിലെ സീറ്റിൽ തല ചായ്ച്ച മാഷിൻ്റെ മനസ്സ് ഭൂതകാലത്തേയ്ക്ക് സഞ്ചരിച്ചു.
 33 വർഷത്തെ നീണ്ട അദ്ധ്യാപനം. അക്ഷരങ്ങൾ ചൊല്ലിക്കൊടുത്തത് ആയിരങ്ങൾക്ക്. ഉന്നത പദവികളിൽ എത്രയോ ശിഷ്യന്മാർ. ഭൂഗോളം തിരിയുന്നു. കാഴ്ചകൾ മാറുന്നു. തനിക്കു മാത്രം.....സീനിയോരിറ്റി കേസ്സിൽ കുരുങ്ങി ഹെഡ്മാസ്റ്റർ ആകാതെ അടുത്തൂൺ (പെൻഷൻ) പറ്റേണ്ടി വന്നു. നാലു വർഷമായി. പെൻഷൻ കിട്ടി. ഗ്രാറ്റുവിറ്റി കിട്ടിയതുമില്ല. വയസ്സുകാലത്ത് വിശ്രമമില്ലാതെ ആഫീസ് കയറിയിറങ്ങാനാണ് വിധി.

വണ്ടികൾ നീങ്ങിത്തുടങ്ങിയപ്പോൾ ഉച്ചയായി. ആഫീസിലെത്തുമ്പോൾ ഉച്ചയ്ക്കുള്ള ഇടവേളയായിരുന്നു. വല്ലാതെ വിശന്നു. ഒരു പെട്ടിക്കടയിൽ നിന്ന് രണ്ട് പാളയംക്കോടൻ പഴവും, ഉപ്പിട്ട നാരങ്ങാ വെള്ളവും അകത്താക്കി. ആഫീസിൽ ഇനി ഉച്ചകഴിഞ്ഞേ കയറാൻ പറ്റൂ. ആഫീസ് മുറ്റത്ത് തണൽമരച്ചുവട്ടിൽ വിശ്രമിക്കുമ്പോൾ വാച്ചിൻ്റെ കാര്യമോർത്തു. കീ ബട്ടൺ മറ്റേതതുണ്ടായിരുന്നു. ഹൃദയമിടിപ്പിനോട് മത്സരിച്ചു് കീശയിൽക്കിടന്ന് വാച്ചും മിടിച്ചു. സമയം രണ്ടായി. രണ്ടരയായി. കസേരകൾ ഒഴിഞ്ഞുകിടക്കുന്നു, ചെമ്മനം ചാക്കോയുടെ കവിതയിൽ വർണ്ണിക്കും പോലെ. 
  നഗരത്തിൽ വർഗ്ഗീയ കലാപം പടരുന്നു. സർക്കാർ സൈനിക സഹായം ആവശ്യപ്പെട്ടിരിക്കുന്നു. 'എല്ലാവരും ലീവെടുത്ത് നേരത്തെ വീട്ടിൽപ്പോയിരിക്കയാണ്. ഇന്നിനി സീറ്റിൽ ആരും കാണില്ല. വേഗം വീട്ടിൽ പെയ്ക്കൊളളൂ ' വാച്ചർ പറഞ്ഞു
'ഇന്ന് എന്തൊക്കെയാണ് നഗരത്തിൽ നടക്കാനിരിക്കുന്നതെന്ന് ആർക്കറിയാം.' വാച്ചർ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടു് ഇടുങ്ങിയ റൂമിൽക്കയറി.

  ബസ് സ്റ്റോപ്പിൽ യാത്രക്കാരുടെ സംസാരത്തിൽ നിന്ന് മാഷിന് ചിലതെല്ലാം മനസ്സിലായി.
   പൊതുജനങ്ങൾക്കുളള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് രണ്ടുമണി മുതൽ 4 മണി വരെ 2 മണിക്കൂർ കലാപത്തിൽ അയവു വരുത്താൻ, സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ച് കലാപകാരികൾ സമ്മതിച്ചു പോലും. അടിയന്തിര നിർദ്ദേശത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ വിട്ടു. സർക്കാർ ആഫീസുകൾക്ക് അവധിയില്ലെങ്കിലും ,കലാപ സമയത്തെ അയവുവേള ഉപയോഗപ്പെടുത്തി അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ  ഉതകുന്ന നടപടികൾ സ്വീകരിക്കാൻ മേലധികാരികൾക്ക് നിർദ്ദേശമുണ്ടു്. ആവശ്യപ്പെടുനവർക്ക് അവധി നി ഷേധിക്കരുതെന്നും അറിയിപ്പുണ്ടു്. അയവു സമയത്ത് കൂടുതൽ ബസ് ഓടിക്കുവാനും, 4 മണിക്ക് ശേഷം ഓടാതിരിക്കാനും ക്രമീകരണമായി. ഒറ്റപ്പെട്ടു പോകുന്നവരെ പാർപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സ്ക്കൂളുകൾ തയ്യാറാക്കാൻ നിർദ്ദേശമായി.

നട്ടെല്ലില്ലാത്ത സർക്കാർ കലാപകാരികൾക്കു് കീഴടങ്ങിയതായും, ക്രമസമാധാനം തകർന്ന് മണ്ണടിഞ്ഞതായും, പ്രതിപക്ഷം പ്രസ്താവിച്ചു. ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടു്, അനിഷ്ട സംഭവങ്ങൾ പരമാവധി ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് ഇപ്പോൾഎടുത്തിട്ടുള്ളതെന്നും, എത് പരിസ്ഥിതിയും നേരിടാൻ സർക്കാർ ഒരുങ്ങിയിരിക്കയാണെന്നും വിശദീകരണം വന്നു.

 കലാപം തത്സമയം കാഴ്ചക്കാരിലെത്തിക്കാൻ മാധ്യമങ്ങൾ പദ്ധതികൾ തയ്യാറാക്കി.
വാഹനങ്ങൾ നിരത്തിലൂടെ മരണ വേഗതയിൽ പാഞ്ഞു. കുട്ടികളും, ജീവനക്കാരും നഗരത്തിൽ നിന്ന് ചിതൽ പോലെ പുറത്തേയ്ക്ക് വരി വയ്ക്കുന്നു. വാഹനങ്ങൾ നിറയുകയും, മറയുകയും ചെയ്യുന്നു. നഗരം ആളൊഴിഞ്ഞ് അരങ്ങാവുകയാണോ ?
 ലക്ഷ്യം തെറ്റി വന്ന ഒരു  വാൻ രാഘവൻ മാഷിനെ ഇടിച്ചുതെറിപ്പിച്ചു് നിർത്താതെ പോയി. അതിന് പിന്നാലെ സൈറൺ മുഴക്കി, ചുവന്ന ചുറ്റുവിളക്ക് മിന്നിച്ച് ഒരു പോലീസ് ജീപ്പും. വെടി വാനിൻ്റെ ടയർ തുളച്ചു, ഒരു കലാപകാരിയുടെ നെഞ്ചും. ഒരു തീപ്പന്തം പോലെ വാൻ കത്തി മറിഞ്ഞു. 

 ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കേബിൾ ഇടാൻ വേണ്ടി നീളത്തിൽ വെട്ടിയ കിടങ്ങിനരികിൽ രാഘവൻ മാഷ് ചോരയൊലിപ്പിച്ച് കിടന്നു. അന്നേരവും വാച്ചുമായി മത്സരിച്ചുള്ള ഹൃദയമിടിപ്പ് തുടർന്നു. എന്നാൽ അധികം വൈകാതെ മിടിപ്പ് വാച്ചിൻ്റേത് മാത്രമായി.
     
സന്ധ്യ കഴിഞ്ഞിട്ടും മാഷിൻ്റെ വിറങ്ങലിച്ചശരീരം അനാഥമായിക്കിടന്നു എന്നു പറയുക വയ്യ. ഏതാനും ഈച്ചകൾ പാദം മുതൽ മുഖം വരെ രക്തം കട്ടപിടിച്ചിടത്തൊക്കെയും  വന്നിരുന്ന് സ്പർശിച്ച് പരസ്പരം എന്തോ പറഞ്ഞ ശേഷം പറന്ന് പോയി. ഏറെ നേരത്തിന് ശേഷം ഒരു കൂട്ടം ശവം തീനി ഉറുമ്പുകൾ വന്നു, ഈച്ചകൾ പറഞ്ഞയച്ചിട്ടെന്ന പോലെ. അവ മാഷിൻ്റെ പാദം മുതൽ മാർച്ചു ചെയ്ത് മുന്നേറി. ഭൂമിയുടെ പ്രത്യേക കമാണ്ടകളെപ്പോലെ തോന്നിച്ച ഇവർ അർധരാത്രിയോടെ ശവശരീരം കീഴടക്കി. അവ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ്, 'പുഷ്- പുൾ' രീതി അവലംബിച്ച് മാഷിൻ്റെ നിശ്ചല ശരീരം കേബിളിടാൻ കുഴിച്ച കുഴിയിലേക്ക് മറിച്ചിടാൻ ശ്രമിച്ചു തുടങ്ങി. അവയോട് കരുണ തോന്നിയ ആ നിശ്ചല ശരീരം സ്വയം മറിഞ്ഞ് കിടങ്ങിൽ വീണു. അതോ ഭൂമിയുടെ ഇടപെടലോ ? പൊടുന്നനെ മൺ ഭിത്തി ഇടിയുകയും, നിമിഷനേരം കൊണ്ട് ശവശരീരം മൂടപ്പെടുകയും ചെയ്തു. ഉറുമ്പുകൾ കരയിലേക്ക് കയറിക്കഴിഞ്ഞ ഉടനെ നേരിയ ഒരു മഴ ചാറി. ഇത് മാർച്ച് മാസമാണെന്നോർക്കണം. ഭൂമി നേരിട്ട് ഇടപെടുകയും, മാഷിനെ നെഞ്ചിൽ ഉറക്കിക്കിടത്തി പനിനീർ തളിച്ച് ആദരിക്കുകയുമല്ലാതെ ഇത് മറ്റെന്താണ് ? ഭൂമിക്ക് ശവമടക്കിന്  അതിൻ്റേതായ ചില ക്രമങ്ങൾ ഉണ്ട്.

ദൂരെ, ഗ്രാമത്തിൽ വീടിനു മുമ്പിൽ കത്തിച്ചു തൂക്കിയ ശരറാന്തലിന് ചാരെ ഭാർഗ്ഗവി ഇരുട്ടുമൂടിയ വഴിയിൽ കണ്ണും നട്ട്‌ നിന്നു. അരികെ, അച്ഛൻ്റെ പരിചിതമായ കാലൊച്ചയ്ക്ക് കാതോർത്ത് കാർത്തികയും.
           ............

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം)

ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)

കർഷകൻ (ദീപ ബിബീഷ് നായർ)

മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ)

ഇന്നും ലഭിക്കുന്ന ഊരുവിലക്ക് ( കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)

മുത്തി: കവിത, പെരുങ്കടവിള വിൻസൻറ്

Besant Nagar (Silicon castles novel : Chapter-7-Prof: Sreedevi Krishnan)

ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

കാലികം..(കഥ: നൈന മണ്ണഞ്ചേരി)

വേരുകൾ പച്ച ( കവിത : സിന്ധു സതീഷ്)

ലോലമാം ക്ഷണമേ വേണ്ടു... (കഥ : ജോസഫ്‌ എബ്രഹാം)

മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ ( കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ പൂർണ്ണമാകുന്നു ...)

*പ്രതിഷേധിക്കുന്നവര്‍* *സമരം ചെയ്യുന്നവര്‍* *കര്‍ഷകരെ കണ്ടു* *പഠിക്കേണ്ടതുണ്ട്..!* (കവിത: ഇയാസ് ചൂരല്‍മല)

ചെറിയ ലോകവും നീണ്ട വഴിയും (ചെറുകഥ: സാംജീവ്)

പുസ്തകപരിചയം: പാര്‍ശ്വവീഥികള്‍ പറയുന്നത് (ഡോ. അജയ് നാരായണന്‍)

മീൻകറി (കവിത: ദത്തു)

വാര്‍ദ്ധക്യ മൗനം (കവിത: രേഖ ഷാജി)

പ്രാണ സഖി (കവിത: വിനീത് വിശ്വദേവ് )

View More