Image

ഗന്ധം (ചെറുകഥ: ഉഷാ റോയ്)

Published on 10 October, 2021
ഗന്ധം (ചെറുകഥ: ഉഷാ റോയ്)
അവൾ പേനയും പേപ്പറും എടുത്ത് സിറ്റ് ഔട്ടിൽ വന്നിരുന്നു. അടുക്കളയിലേക്ക് ഒരു ലിസ്റ്റ് തയ്യാറാക്കണം. ആവശ്യം, അത്യാവശ്യം അത്ര ആവശ്യമില്ലാത്തത് എന്ന ഗണത്തിൽ പെടുത്തി ഓരോന്നും എഴുതാൻ തുടങ്ങി.

അമ്മ പഠിപ്പിച്ച ശീലമാണ്. പിന്നെയും ഓർമ്മകൾ അമ്മയിലേക്ക് എത്തുന്നു. അവൾ കസേരയിൽ ചാഞ്ഞിരുന്ന് കണ്ണുകൾ അടച്ചു. ഒരു മാസത്തോളമായി താൻ വീട്ടിൽ ആയിരുന്നു. അമ്മ പോകുമ്പോൾ താൻ അരികിൽ ഉണ്ടായിരുന്നു.

സംസ്കാരത്തിനു ശേഷം അദ്ദേഹവും കുട്ടികളും രാത്രി തന്നെ മടങ്ങി. ഓഫീസും കോളേജും ഒന്നും മുടക്കേണ്ടല്ലോ... പതിനാലു ദിവസം ഒരു വിധം പൂർത്തിയാക്കി താനും പോരുകയായിരുന്നു.

അമ്മ ഇല്ലാത്ത വീട്ടിൽ തങ്ങാൻ വലിയ ബുദ്ധിമുട്ട്.'ചേച്ചീ.. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ ' എന്ന് അനുജനും ചോദിച്ചു. അമ്മയുടെ ഗന്ധം ഇല്ലാത്ത വീട്ടിൽ വലിയ വീർപ്പുമുട്ടൽ.

അമ്മയ്ക്ക് നറുനെയ്യിന്റെ മണമാണ്. തൈര് കടഞ്ഞു വെണ്ണ ഉരുട്ടി എടുക്കുമ്പോഴേ ഓരോ കൊച്ചുരുള തങ്ങൾക്കു അമ്മ തരും. ഇളം മഞ്ഞ നിറമുള്ള വെണ്ണ ഉരുളകൾ ഭരണിയിൽ വെള്ളത്തിൽ സൂക്ഷിക്കും. ചിലദിനങ്ങളിൽ അത്‌ ഉരുക്കും. നറുനെയ്യിന്റെ മണം വീടാകെ പരക്കും. ഉരുക്കിയ പാത്രത്തിൽ ചൂടുചോറിട്ട്, ഉപ്പു തളിച്ച്, ഉരുളകൾ ആക്കി അമ്മ തനിക്കും അനുജനും തരും. തങ്ങൾ മത്സരിച്ചു രുചിയോടെ കഴിക്കും. ഉച്ചമയക്കത്തിനും നെയ്യുടെ വാസന ഉണ്ടാകും.

മുതിർന്നപ്പോഴും നെയ്യുരുക്കുന്ന  മണം വന്നാൽ രണ്ടാളും അടുക്കളയിലേക്ക് ഓടുമായിരുന്നു. ഓരോരോ ദൂരങ്ങളിലേയ്ക്ക് പോയപ്പോൾ അമ്മയുടെ നെയ്പ്പാത്രങ്ങളും കൂട്ടായി വന്നു. അമ്മയ്ക്ക് വയ്യാതായതോടെ മാർക്കറ്റിൽ നിന്നു വാങ്ങിയ നെയ്യാണ് ഉപയോഗം. മക്കൾക്കും അതാണ് ഇഷ്ടം.

അവർ.. എത്തിയല്ലോ.... മക്കൾ തുള്ളിച്ചാടി ഓടി അടുത്തുവന്നു. സന്തോഷത്തോടെ അദ്ദേഹവും എത്തി. 'ഒരു ഇരുപത്തൊന്ന് ആയിട്ടു പോന്നാൽ പോരായിരുന്നോ..' അദ്ദേഹം ചോദിച്ചു. വിശേഷങ്ങൾ പങ്കു വച്ചു.

വൈകുന്നേരത്തെ ഫുഡ്‌ ഒക്കെ വാങ്ങിയിട്ടുണ്ട്.. ഞങ്ങൾക്ക് എന്നും പുറത്തു നിന്നായിരുന്നു ഫുഡ്‌...മോർണിംഗിൽ കോഫി ഡാഡി ഉണ്ടാക്കും.. സൂപ്പർ.. ആരുന്നു..' 'കൊച്ചുമോൾ പറഞ്ഞു.

 ''ഞങ്ങൾ ഇവിടെ അടിച്ചുപൊളിച്ചു... ഡാഡി ഞങ്ങളെ പാർക്കിലും ബീച്ചിലുമൊക്കെ കൊണ്ടുപോയി.. കുറെ ഫിലിംസും കണ്ടു..'മക്കൾ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു.
' നിങ്ങൾ ക്ലീനിങ്ങിനും വാഷിംഗിനുമൊന്നും സെർവന്റിനെ വിളിച്ചില്ലേ...'അവൾ ചോദിച്ചു.' എല്ലാം ഞങ്ങൾ തന്നെ ചെയ്തു മമ്മീ '.. മൂത്തമോൾ ഉല്ലാസത്തിലാണ്.

 ' വല്യമ്മച്ചിയുടെ ഫോട്ടോ ഇന്നത്തെ പേപ്പറിൽ ഉണ്ട്..' കൊച്ചുമോൾ ഓടിപ്പോയി പത്രം എടുത്തുകൊണ്ടു വന്നു.'വല്യമ്മച്ചിയുടെ ഫ്യുണറൽ ടൈമിൽ മമ്മി എന്തൊരു കരച്ചിൽ ആയിരുന്നു'.. അവൾ പറഞ്ഞു.

  പ്രായമാകുമ്പോൾ എല്ലാവരും മരിക്കും.. അതിന് ഇത്ര കരയാൻ എന്തിരിക്കുന്നു.. ആൾക്കാർ കാണുമെന്ന് ഒരു ചിന്ത വേണ്ടേ..'അദ്ദേഹം പരിഹാസരീതിയിൽ പറഞ്ഞു.' അവനവന്റെ അമ്മ മരിക്കുമ്പോൾ കാണാം'... അവൾ അറിയാതെ മുരണ്ടു..'എന്തു കാണാൻ.. ഞാൻ സ്ട്രോങ്ങ്‌ ആയി നിൽക്കും... നോക്കിക്കോ..'അയാൾ എണീറ്റു.

അവൾ തികട്ടി വന്ന ഏങ്ങൽ നെഞ്ചിലൊളിപ്പിച്ചു.   'ഏതായാലും കുറച്ച് അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കട്ടെ... നാളെ മുതൽ ഹോംലി ഫുഡ്‌ ആക്കാമല്ലോ..' അവൾ പറഞ്ഞു.

അതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ... ഞങ്ങൾ ആലോചിച്ചതാണ്...പരിപ്പും തക്കാളിയും ഇട്ട് കായവും പുളിയും ഒക്കെ ചേർത്താൽ  രസമായി... പച്ചക്കറി നുറുക്കി സാമ്പാർപ്പൊടി ഇട്ടാൽ സാമ്പറുമായി... യു  ട്യൂബിൽ നോക്കിയാൽ അടിപൊളി നോൺ പ്രിപ്പറേഷൻസ് ചെയ്യാം... ഞാൻ ജോലിക്കായി ഡൽഹിയിൽ താമസിച്ച മൂന്നു വർഷവും തന്നെയല്ലേ കുക്കിംഗ്‌ ചെയ്തത്... കോളേജിൽ പഠിക്കുന്ന സമയത്തും അങ്ങനെ തന്നെ.'

'അത്‌ അത്ര വലിയ കാര്യമൊന്നും അല്ലല്ലോ 'എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അകത്തേയ്ക്കു പോയി.ഷട്ടിൽ കളിക്കാനുള്ള ഒരുക്കത്തിൽ മൂവരും പുറത്തേക്കിറങ്ങി.

അവൾക്ക് ആത്മനിന്ദ തോന്നി.. പേപ്പറും പേനയുമെടുത്ത് അത്ര അത്യാവശ്യമില്ലാത്ത സാധനങ്ങളുടെ ഗണത്തിൽ, തന്റെ പേര് , വടിവൊത്ത
അക്ഷരത്തിൽ എഴുതി. മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.. അവളുടെ ഹൃദയം അമ്മേ.. എന്ന് അലമുറയിട്ടു.പിന്നെ അവൾ.. അവിടെ.. പാത്രങ്ങളുടെ  ഇടയിൽ.. തന്റെ അമ്മയുടെ ഗന്ധം തിരഞ്ഞു കൊണ്ട് ഉഴറി നടന്നു...
ഗന്ധം (ചെറുകഥ: ഉഷാ റോയ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക