Image

കുടിയേറ്റവും കയ്യേറ്റവും (ജെസ്സി ജിജി)

Published on 10 October, 2021
കുടിയേറ്റവും കയ്യേറ്റവും (ജെസ്സി ജിജി)

ഫേസ്ബുക്കിൽ, നാട്ടുകാരനായ ബിജു വി ചാണ്ടിയുടെ കുറിപ്പുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഇങ്ങു അമേരിക്കയിലെ സുഹൃത്ത് ഷെയർ ചെയ്ത കുഞ്ഞൻ ചേനയുടെ ചിത്രം പൊങ്ങിവന്നത്. അമേരിക്കയിലെ ഇത്തിരി പോന്ന മണ്ണിൽ ആദ്യമായി വിളഞ്ഞ കുഞ്ഞൻ ചേനയുടെ ചിത്രം. ഇത് വായിച്ചാൽ സ്വാഭാവികമായും ആ സുഹൃത്ത് വിചാരിക്കും, ആ കുഞ്ഞുചേനക്കാര്യവും, ഇവൾ പറയുന്ന ഈ ബിജു  വി ചാണ്ടിയുടെ കുറിപ്പും തമ്മിൽ എന്ത് ബന്ധമെന്ന്. 

ബ്രാവോ സൂപ്പർമാർക്കറ്റിലേക്കോ , പട്ടേൽ ബ്രദേഴ്‌സിലേക്കോ   ഒന്ന് ചെന്നാൽ , ചേന, ചേമ്പ് , കപ്പ , ചക്ക , ഇത്യാദി സംഭവങ്ങളൊക്കെ നിമിഷനേരം കൊണ്ട് വാങ്ങി വരാമെന്നിരിക്കെ, നാട്ടിലെ ഒരു ഒന്നാംതരം കർഷക കുടുംബത്തിൽ  നിന്നും അമേരിക്കയിൽ കുടിയേറിയ സുഹൃത്തിന്  ആ കുഞ്ഞു ചേന, ഗൃഹാതുരത്വത്തിന്റെ പ്രതീകമെങ്കിൽ, ബിജുവിന്റ കുറിപ്പുകൾ , മണ്ണിനോട് പടവെട്ടി പൊന്നു വിളയിക്കാൻ ഇറങ്ങിയ കർഷകന്റെ നിസ്സഹായാവസ്ഥയും ദീനരോദനവുമാണ്  

മണ്ണിൽ പണിയെടുക്കുന്ന ഒരു കൂട്ടം മനുഷ്യർ, അവരൊഴുക്കുന്ന വിയർപ്പ്, ചാലുകളായി ഒഴുകി, മണ്ണിൽ അലിയുമ്പോൾ, അവർ വളർത്തുന്ന കന്നുകാലികൾ, മണ്ണിനു വളമായി ചാണകം നൽകുമ്പോൾ , സന്തുഷ്ടയാകുന്ന ഭൂമി, അവൻ വിതച്ച വിത്തുകൾ മുളപ്പിക്കുകയും, അവന്റെ വിളകളെ വളർത്തുകയും ചെയ്യാൻ തുടങ്ങുന്നു.  പക്ഷെ അവന്റെ അധ്വാനത്തിന്റെ വിളവെടുപ്പിനു , അവൻ തരണം ചെയ്യേണ്ട വൈതരണികൾ; കാലം തെറ്റിപ്പെയ്യുന്ന മഴ, അർദ്ധരാത്രിയെപ്പോലും  ചുട്ടുപഴുപ്പിക്കുന്ന   കൊടും വേനൽ , പ്രകൃതി കരുണ കാണിച്ചാലും , മാറി മാറി വരുന്ന ഗവണ്മെന്റുകളുടെയും , ഉദോഗസ്ഥവൃന്ദങ്ങളുടെയും അനാസ്ഥ മൂലം , വനാന്തരങ്ങളിൽ വസിക്കേണ്ട വന്യമൃഗങ്ങൾ നാട്ടിലിറങ്ങി അവന്റെ അധ്വാനഫലത്തെ ചവിട്ടി മെതിക്കുന്നു. ഏറുമാടങ്ങൾ നിർമ്മിച്ച് , രാത്രികളെ പകലുകളാക്കി , അവൻ തന്റെ കൃഷിസ്ഥലത്തിനു കാവലാളാകുന്നു . അങ്ങനെയങ്ങനെ എല്ലാ വൈതരണികളും താണ്ടി , അവൻ വിളവെടുക്കുമ്പോഴോ ? അവന്റെ വിളകൾക്ക് വിപണിയിൽ വിലയിടിയുന്നു. ചോർന്നൊലിക്കുന്ന കിടപ്പാടവും , ഡെമോക്ലസിന്റെ വാൾ പോലെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന കടക്കെണികളും , മക്കളുടെ വിദ്യാഭ്യാസ ചിലവുകളും ഒക്കെ അവനെ നോക്കി പല്ലിളിക്കുമ്പോൾ, അവന്റെ വിയർപ്പിന്റെ ഫലം കുത്തക കമ്പനികൾ വലിയ വിലയ്ക്കു സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്നു ..അതു വാങ്ങി ഉപയോഗിക്കുന്ന , സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ , വിരാജിക്കുന്ന മേലാളന്മാർ അവനെ വിളിക്കുന്നു "കയ്യേറ്റക്കാരൻ " 

അവന്റെ തെറ്റ് എന്താണ്‌ ? സ്വതന്ത്ര ഇന്ത്യയെ , സ്വയം പര്യാപ്തതയിലേക്കു നയിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായതോ ? ഗവണ്മെന്റ്  കൃഷിഭൂമിയായി പതിച്ചുനൽകിയ കാടും പടലും നിറഞ്ഞ ഭൂമിയെ , ജീവൻ കയ്യിൽ പിടിച്ചു , വന്യമൃഗങ്ങളോട് പടവെട്ടി, പകർച്ചവ്യാധികളിൽ പതറാതെ , വാസയോഗ്യവും ഫലഭൂയിഷ്ഠവുമാക്കിയത് , അവന്റെ മക്കൾ അതിന്റെ ഫലം കൊയ്യുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് .പക്ഷെ ....
കുടിയേറ്റ കർഷകനെ കയ്യേറ്റക്കാരനെന്നു മുദ്ര കുത്തി, അവനർഹതപ്പെട്ട പട്ടയം നിഷേധിക്കുന്ന മേലാളന്മാർ . നായയെ ഇറച്ചിക്കഷണം കാട്ടി പ്രലോഭിപ്പിക്കുന്നതുപോലെ , പട്ടയം എന്ന ഇറച്ചിക്കഷണം കാട്ടി കൊതിപ്പിച്ചു , മാറി മാറി അധികാരത്തിലേറുന്നു . അവനിപ്പോഴും പ്രതീക്ഷയോടെ നീതിദേവത കണ്ണുതുറക്കുന്നതിനായി കാത്തു നിൽക്കുന്നു .

കർഷകന്റെ ഇച്ഛാശക്തിയുടെയും അധ്വാനത്തിന്റെയും പ്രാർത്ഥനയുടെയും ഒക്കെ ഫലം എന്നോണം , അവന്റെ പിന്തലമുറയിലെ കുറച്ചുപേർ ,വ്യത്യസ്ത മേഖലകളിലേക്ക് ചേക്കേറി .തായ്ത്തടിയും തായ്‌വേരും ആ കൊച്ചുകുടിയേറ്റഗ്രാമത്തിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയതാണെന്നു മറക്കാതെതന്നെ .

ബിജുവിന്റെ കുറിപ്പിനാധാരമായ സുരച്ചേട്ടനെ വ്യക്തിപരമായി എനിക്കറിയില്ല . മണ്ണിനെയും , കൃഷിയെയും , ജീവശ്വാസമായി സ്നേഹിച്ചു , ഗതികെട്ടപ്പോൾ , കൃഷി നിര്ത്തുന്നു എന്ന് പ്രെഖ്യാപിച്ച സുരച്ചേട്ടൻ ഒരു പ്രതീകമാണ് . ആ നാട്ടിലെ ഓരോ കര്ഷകന്റെയും .പമ്പാവാലി എന്ന കൊച്ചുകുടിയേറ്റ ഗ്രാമത്തെപ്പറ്റി , പമ്പയും അഴുതയും സമന്വയിക്കുന്ന ഭൂമിയെപ്പറ്റി ,ശബരിമല അയ്യപ്പനെ കാണാൻ കാനന പാത ചവിട്ടി പോകുന്ന എളുപ്പവഴിയെപ്പറ്റി ,മാമലകൾ നീലാകാശത്തെ ചുംബിക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകളെപ്പറ്റി, പേനയിലെ മഷി തീരുവോളം സാഹിത്യഭാഷയിൽ എഴുതിക്കൊണ്ടേയിരിക്കാം .എന്നാൽ , അവിടെ ജീവിക്കുന്ന മനുഷ്യരെപ്പറ്റി ,വന്യമൃഗങ്ങളുടേയും , കാലാവസ്ഥാവ്യതിയാനങ്ങളുടെയും , കാലഹരണപ്പെട്ട നയങ്ങളുടെയും ,മേലാളന്മാരുടെ മാർക്കടമുഷ്ടിയുടെയും , ഇടയിൽപ്പെട്ടു ഞെരിഞ്ഞമരുന്ന കർഷകരുടെ  രോദനങ്ങളെപ്പറ്റി എഴുതുവാൻ വാക്കുകളില്ല കാരണം കപടപരിസ്ഥിതിവാദികളുടെയും , മൃഗസ്നേഹികളുടെയും ഒക്കെ ഭാഷയിൽ പറഞ്ഞാൽ,അവർകയ്യേറ്റക്കാർ , മൃഗവിദ്വേഷികൾ , പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കുന്നവർ .     

സുരച്ചേട്ടൻ അവിടുത്തെ കര്ഷകജനതയുടെ പ്രതീകമെങ്കിൽ , അവർ ചിന്തിയ വിയർപ്പിന്റേയും , അവർ കെട്ടിയ ഏറുമാടങ്ങളുടെയും ,അവർ ഒഴുക്കിയ കണ്ണീരിന്റെയും ഫലമായി , ബിജുവും , ഈ ഞാനും , പിന്നെ കുറെ സുഹൃത്തുക്കളും , ഇത്തിരിപ്പോന്ന കുഞ്ഞൻ ചിറകുകൾ  വീശി , അവർ പറപ്പിച്ചുവിട്ട പട്ടങ്ങളായി ആകാശത്തിൽ പാറിനടക്കുന്നു . പട്ടങ്ങളുടെ ചരടുകൾ , ആ ഗ്രാമത്തിന്റെ മണ്ണിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു എന്ന ഉത്തമബോധ്യത്തോടെ .  

ഭൂമി വിളവ് തന്നില്ലെങ്കിൽ , കർഷകൻ മണ്ണിൽ പണിയാൻ ഇറങ്ങിയില്ലെങ്കിൽ , അല്ലെങ്കിൽ ഇനി സ്വന്തം ആവശ്യത്തിനുമാത്രമേ മണ്ണിൽ വിളവ് ഇറക്കു എന്ന് തീരുമാനിച്ചാൽ , മണിമാളികകളിൽ ഇരുന്ന് കര്ഷകനെതിരെ വിധിവാചകം ഉച്ചരിക്കുന്നവർ , ഭക്ഷണ ധാന്യങ്ങൾക്കായി മുഴുവനായി അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കാലം വിദൂരമല്ല . അപ്പോൾ ,ഇറക്കുമതി ചെയ്യപ്പെടുന്ന . കൃത്രിമവും മായം കലർന്നതുമായ ധാന്യമണികൾ കൊണ്ട് വിശപ്പടക്കുന്ന ഒരു ജനതയായി നാം മാറും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക