Image

മൗനസഞ്ചാരം (കവിത: തസ്നി ജബീല്‍ )

തസ്നി ജബീല്‍ Published on 09 October, 2021
മൗനസഞ്ചാരം (കവിത: തസ്നി ജബീല്‍ )
ഒരുപാട് നാനാര്‍ത്ഥമുള്ള 
ഒറ്റ വാക്കാണ് മൗനം 
പ്രണയത്തിന്റെ നനവാകാനും 
പ്രതിഷേധത്തിന്റെ കനലാകാനും 
കഴിയുന്ന മാന്ത്രികതയുണ്ടതിന് .

കടലോളം ആഴവും ആകാശത്തിന്റെ 
അനന്തതയും ഒളിപ്പിച്ചു വെക്കാനുള്ള ഇടവുമുണ്ട് .

ചില മൗനങ്ങള്‍ക്ക് വാക്കുകളേക്കാള്‍ 
കനമുണ്ടാകും .

എന്നും മൗനം പൂണ്ടിരിക്കുന്നയാളെ 
മിണ്ടാപ്രാണിയെന്നു തെറ്റിദ്ധരിക്കരുത് 
പൊട്ടിത്തെറിക്കുന്നതിനു മുന്‍പേയുള്ള 
അഗ്‌നിപര്‍വ്വതത്തിന്റെ ശാന്തത മാത്രമാകാമത് .

മിഴികള്‍ക്ക് മൊഴിയാനാവുന്ന  ഏക ഭാഷയാണ് 
മൗനം.

രണ്ടുപേര്‍ക്കിടയിലെ പിണക്കത്തിന്റെ 
നിശ്ശബ്ദഭാഷയും മൗനമാണ്.

മൗനം ചിലപ്പോള്‍ സമ്മതവും 
മറ്റു ചിലപ്പോള്‍ വിസമ്മതവുമാകുന്നു.

പ്രിയപ്പെട്ടവരുടെ  മൗനത്തിന്നര്‍ത്ഥങ്ങളെ 
നിഘണ്ടുവിന്റെ താളുകളില്‍ തിരഞ്ഞാല്‍ കണ്ടെത്തിയെന്ന് വരില്ല 
മനസ്സിന്റെ താളുകള്‍ തന്നെ തുറന്നെടുക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക