Image

ഹേമന്തം (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 08 October, 2021
ഹേമന്തം (കവിത: രമ പ്രസന്ന പിഷാരടി)
ആരുടേതാണീപ്പകല്‍

ആരുടേതാണീ രാത്രി

ആരുടേതാണി നിലാ-

പ്പൂവുകള്‍, മുല്ലപ്പൂക്കള്‍

ആരുടേതാണെങ്കിലും

ഞാനെന്റെ മുടിത്തുമ്പില്‍

ചൂടിയ നക്ഷത്രങ്ങള്‍

മഴയില്‍ കുതിര്‍ന്ന് പോയ്

വഴിയില്‍ സ്വപ്നം 

കണ്ട് നിന്നൊരെന്‍

ഗ്രാമത്തിനെ

നഗരം ചുറ്റിക്കെട്ടി

ചങ്ങലപ്പൂട്ടില്‍ കെട്ടി

വാതിലില്‍ വിലങ്ങിട്ട്

ഭൂമിയെ മുന്നില്‍

വിരിച്ചോരോരോ

ഋതുക്കളെ പൂക്കളാല്‍

തൊട്ടേ തന്നു.

പ്രണയം ചിലമ്പിയ,

പ്രാവുകള്‍ കുറുകിയ

ജനല്‍വാതിലും

മനസ്സടച്ച് പൂട്ടിപ്പോകെ

മേഘങ്ങള്‍ പറന്നേ പോയ്

പൂവുകള്‍ കൊഴിഞ്ഞേ പോയ്

ഞാനൊരു കവിതയെ

കോല്‍ത്താഴില്‍ പൂട്ടിക്കെട്ടി

നടന്നേ പോയി പിന്നെ-

മൗനത്തിലൊളിച്ചേ പോയ്

കിളികള്‍ പാടുന്നുണ്ട്

ഹേമന്തം നെരിപ്പോടില്‍

കവിത തേടുന്നുണ്ട്

കുളിര്‍ന്നിരിക്കുന്നുണ്ട്

മേഘത്തെ തൊട്ടേ പോകും

മനസ്സിന്‍ വാറോലയില്‍

എഴുതാന്‍ വാക്കൊന്നുണ്ട്

വിളിക്കുന്നുണ്ടേ മുന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക