Image

ഇത്രയും ധൂർത്ത് വേണോ? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 11)

Published on 07 October, 2021
ഇത്രയും ധൂർത്ത് വേണോ? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 11)
 
"എന്തുണ്ടു കുറുപ്പേട്ടാ വിശേഷങ്ങളൊക്കെ?"
"എന്താടോ ഇന്നു മാഷെവിടെ പോയി?"
"മാഷ് കഴിഞ്ഞ ദിവസം നടന്നപ്പോൾ ഒന്നു വീണെന്നു കേട്ടു. നടപ്പാതയിൽ ഉയർന്നു നിന്ന ഒരു കോൺക്രീറ്റ് സ്ളാബിൽ തട്ടി വീണതാണത്രേ."
"എന്നിട്ടു വല്ലതും പറ്റിയോ?"
"കുറെ മുറിവും ചതവുമൊക്കെ ഉണ്ട്. പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ച്‌ ആശുപത്രിയിൽ പോയി. അവർ എക്സ്റേയും ക്യാറ്റ്സ്‌കാനുമൊക്കെ എടുത്തു പരിശോധിച്ചു. കുഴപ്പമൊന്നുമില്ലെന്നാണു പറഞ്ഞത്."
"ആംബുലൻസ് വന്നപ്പോൾ മാഷിന്റെ കയ്യിൽ ഐഡിയൊക്കെ ഉണ്ടായിരുന്നോ? ഞാൻ നടക്കാൻ ഇറങ്ങുമ്പോൾ ഒരിക്കലും ഐഡിയൊന്നും എടുക്കാറില്ല."
"അതാണു കുറുപ്പേട്ടാ നമ്മൾ ഇങ്ങനെയുള്ള സംഭവങ്ങളിൽ നിന്നും പഠിക്കേണ്ടത്. ഞാനും ഒരിക്കലും ഐഡി കൊണ്ടുനടക്കാറില്ല. അൽപനേരം നടക്കാൻ പോകുമ്പോളെന്തിനാണ് ഐഡി കൊണ്ടു നടക്കുന്നത് എന്നാണ് ചിന്തിച്ചിരുന്നത്. എന്നാൽ ഒരെമെർജൻസി ഉണ്ടാവാൻ ഒരു സെക്കൻഡ് പോലും വേണ്ട. അതുകൊണ്ട് വെളിയിൽ പോകുമ്പോഴെല്ലാം മിനിമം ഒരു ഐഡിയെങ്കിലും പോക്കറ്റിൽ ഉണ്ടാവണം."
"നിങ്ങൾ നടക്കുന്നതു മിക്കവാറും ഞാൻ കാണാറുണ്ട്. ഇന്നലെ നിങ്ങളെ കണ്ടില്ലെന്നു തോന്നുന്നു."
"ഓ, തലേദിവസം ഒരു കല്യാണമുണ്ടായിരുന്നു. വീട്ടിൽ വന്നപ്പോൾ രാത്രി ഒരു മണി കഴിഞ്ഞു."
"അതാണ് പ്രശ്നം. ഒരു കല്യാണമെന്നു പറഞ്ഞാൽ ഒരു ദിവസത്തെ പരിപാടിയാണ്. ഈ വർഷം എനിക്ക് ഏഴു കല്യാണം ഉണ്ടായിരുന്നു."
"അത്രേയുള്ളോ? ഞാൻ മിനിയാന്നു സംബന്ധിച്ചത് ഈ വർഷത്തെ പതിനാറാമത്തെ കല്യാണമാണ്."
"അപ്പോൾ നല്ല ഒരു തുക ചെലവായിക്കാണുമല്ലോ."
"പൈസ കൊടുത്തതു പോകട്ടെ. നമ്മുടെ സ്വന്തം ബന്ധുക്കളും മിത്രങ്ങളുമല്ലേ, സാരമില്ല.”
 
"കല്യാണത്തിൽ സംബന്ധിക്കുന്നതു സന്തോഷമുള്ള കാര്യമാണെങ്കിലും ഈ ധൂർത്തു കാണുമ്പോഴാ എനിക്കു പൊരുത്തപ്പെടാനാവാത്തത്."
"അത് പൂർണമായും ധൂർത്ത് എന്നു പറയാനാകുമോ? നാടോടുമ്പോൾ നടുവേ ഓടണ്ടേ?"
“എതിലേ ഓടിയാലും കൊള്ളാം ഇത്രയും ധൂർത്ത് വേണോ എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞു. എടോ നിങ്ങളുടെ സമുദായത്തിലാണ് കൂടുതൽ ധൂർത്ത്. ഞാൻ ഈ രണ്ടു സമുദായത്തിലും എത്രയോ കല്യാണങ്ങൾ കൂടിയിട്ടുണ്ട്. ഞങ്ങൾക്ക് അമ്പലത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കല്യാണമണ്ഡപത്തിലോ ചെറിയൊരു ചടങ്ങു്! പിന്നെ റിസപ്ഷൻ. അവിടെ കുറച്ചൊക്കെ എക്സ്ട്രായുണ്ട്. എന്നാലും പോട്ടെന്നു വയ്ക്കാം. പക്ഷെ നിങ്ങളുടെ അല്പം കൂടുതലല്ലേ എന്ന് എനിക്കുപോലും തോന്നിയിട്ടുണ്ട്."
"അതു ശരിയാണ്. പ്രശ്നം എന്താണെന്നു വച്ചാൽ മറ്റൊരാൾ നടത്തിയതിനേക്കാൾ ഗംഭീരമാകണം ഞാൻ നടത്തുന്നത് എന്ന തോന്നലുള്ളതു കൊണ്ടാണ് ഈ അധികച്ചെലവ് നേരിടേണ്ടി വരുന്നത്."
"അതു മുഴുവൻ ശരിയാണെന്നെനിക്കു തോന്നുന്നില്ല. കാരണം കല്യാണത്തിന്റെ കാര്യങ്ങളെല്ലാം പിള്ളേരല്ലേ തീരുമാനിക്കുന്നത്. അതിൽ മാതാപിതാക്കൾക്ക് കാര്യമായ റോളൊന്നുമില്ലല്ലോ."
"കുറുപ്പേട്ടൻ പറഞ്ഞതു ശരിയാണെങ്കിലും മാതാപിതാക്കൾക്കു മക്കളോടു പറയരുതോ അല്പമൊക്കെ ചെലവു കുറയ്ക്കാൻ."
"നടക്കില്ലെടോ. പള്ളിയിൽ പോകാൻ അവൻറെ വീട്ടിൽ എത്ര മുന്തിയ ബ്രാൻഡ് കാറുണ്ടെങ്കിലും ആയിരങ്ങൾ വാടക കൊടുത്തു ലിമോസിൻ തന്നെ വേണം. സ്വന്തം മെഴ്സിഡീസും ജാഗ്വാറും ലെക്‌സസും എന്തിന് ബെന്റ്ലി പോലും ഗരാജിൽ അടച്ചിട്ടിട്ടാണ് വല്ലവരെല്ലാം കേറിയിരുന്നു നിരങ്ങിയ ലിമോസിൻ തന്നെ വേണമെന്ന് പറയുന്നത്. അല്പം നീളം കൂടിയ കാറിൽ കയറിപ്പോയതുകൊണ്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ലല്ലോ."
"അതു വല്ലതും പറഞ്ഞാൽ പിള്ളാര് സമ്മതിക്കുമോ? അവരുടെ ദിവസമല്ലേ?"
"ആയിക്കൊള്ളട്ടെ. കാരണം, എത്രയും കൂടുതൽ ചെലവാക്കാം എന്നാണവർ ചിന്തിക്കുന്നത്. പൈസയുള്ള മാതാപിതാക്കളുടെ മക്കളാകുമ്പോൾ അവർക്കെങ്ങനെ ചിന്തിക്കാമല്ലോ. പൈസ ഇല്ലെങ്കിൽ എവിടെനിന്നെങ്കിലും കടമെടുത്തായാലും കൊടുത്തല്ലേ പറ്റൂ. പലരും വീടിന്റെ ഇക്വിറ്റി എടുത്താണ് കല്യാണം നടത്തുന്നത്."
"കുറുപ്പേട്ടാ, നാട്ടുനടപ്പങ്ങനെയാകുമ്പോൾ ആർക്കും മാറി നിൽക്കാൻ പറ്റില്ലല്ലോ."
"നിങ്ങളുടെ കല്യാണത്തിൽ ഈ പത്തും പന്ത്രണ്ടും പെണ്ണുങ്ങൾ പ്രത്യേക വേഷവിധാനത്തിൽ ഉടുത്തൊരുങ്ങി വന്നു നിൽക്കുന്നത് എന്ന് തുടങ്ങിയ പരിപാടിയാണ്? എന്താണതിന്റെ അടിസ്ഥാനം? എൺപതുകളിലും തൊണ്ണൂറുകളിലും ഒന്നും ഈ ആഡംബരം ഇല്ലായിരുന്നുന്നല്ലോ. കേരള പാരമ്പര്യത്തിൽ ഇങ്ങനെ ഒരാചാരം കണ്ടിട്ടുപോലുമില്ല."
"പണ്ട് യഹൂദ പാരമ്പര്യത്തിൽ മണവാളൻ മണവാട്ടിയെ എതിരേൽക്കാൻ വരുമ്പോൾ മണവാട്ടിക്ക് അകമ്പടിപോകുവാൻ പത്തു കന്യകമാർ ഒരുങ്ങി നിൽക്കുമായിരുന്നു എന്നു ബൈബിളിൽ പറയുന്നുണ്ട്. അതിൻറെ ചുവടു പിടിച്ചാണെന്നു തോന്നുന്നു ഈ ആചാരം. അപ്പോൾ പിന്നെ ആണുങ്ങളെ മാറ്റി നിർത്താനാകുമോ? അവരും ഇരിക്കട്ടെ അത്രയും തന്നെ." 
"അവർക്കെല്ലാവർക്കും ഒരേപോലെയുള്ള ഡ്രസ്സ് വേണം. അത് പിന്നെ ജീവിതത്തിലൊരിക്കലും ഉപയോഗിക്കയുമില്ല. എന്തിനു വേണ്ടിയാണിത്?"
"കുട്ടികൾക്ക് അവരുടെ വളരെ അടുത്ത കൂട്ടുകാരെയൊക്കെ ഒന്നു ബഹുമാനിക്കാൻ ഒരു ദിവസം. അത്ര തന്നെ."
"അതൊക്കെ പോകട്ടെന്നു വയ്ക്കാം. റിസപ്ഷൻ ആണു ഭയങ്കരം. നാല് മണിക്കൂർ കൊണ്ട് മാതാപിതാക്കൾ ഒരു വർഷം കഠിനാധ്വാനം ചെയ്തതിന്റെ ഫലം സ്വാഹ! ശരാശരി ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയ്ക്കാണ് ഒരു കല്യാണത്തിന്റെ ചെലവ്."
"പിന്നെ പണം ചെലവാകില്ലേ? മക്കളുടെ കല്യാണം നടത്തുമ്പോൾ പിന്നെ എന്താണ് ഒഴിവാക്കാൻ പറ്റുന്നത്?"
"എന്തെല്ലാം കാര്യങ്ങൾക്കാണ്‌ നമ്മൾ വെറുതെ ചെലവാക്കുന്നത്? ടേബിളിനു മുകളിൽ വയ്ക്കുന്ന പൂക്കൾ തന്നെ എടുക്കാം. കഴിഞ്ഞ ദിവസം നടന്ന ഒരു കല്യാണത്തിന് 45 ടേബിളുകൾ അലങ്കരിക്കാൻ കൊടുത്തത് 4500 ഡോളർ ആണ്. അതുപോലെയാണ് എംസി. കൂട്ടത്തിൽ നല്ല കഴിവുള്ള എത്ര കിടിലൻ പിള്ളാരുണ്ടെങ്കിലും അയ്യായിരവും ഏഴായിരവും കൊടുത്താണ് കുറെ ശബ്ദമുണ്ടാക്കാനായി ഒരാളെ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ ഇരുപതു വർഷങ്ങൾ കൊണ്ട് വിവാഹ ആഘോഷങ്ങൾക്കു വന്ന ചെലവ് 30 ശതമാനമെങ്കിലും വർദ്ധിച്ചിട്ടുണ്ട് എന്നാണെനിക്കു തോന്നുന്നത്. പിന്നെ ഭക്ഷണം. അത് പറയുകയും വേണ്ട.”
"പിന്നെ കല്യാണം കഴിഞ്ഞാൽ വരുന്ന അതിഥികൾക്കു നല്ല ഭക്ഷണം കൊടുക്കണ്ടേ?"
"തീർച്ചയായും വേണം. പക്ഷെ അതല്ലല്ലോ വിഷയം. ഭക്ഷണം എന്നു പറയുന്നത് തുടങ്ങുന്നത് അപ്പെറ്റൈസർ കൊടുത്തു കൊണ്ടാണ്. പുറമെ ഡ്രിങ്ക്‌സും. അതു കഴിച്ചുകഴിയുമ്പോൾ തന്നെ ഒരുവിധം വയർ നിറയും. പിന്നെയാണ് മെയിൻ കോഴ്‌സ്! അതിനിടയിൽ പലതരം സ്‌നാക്‌സുകളും ഉണ്ടാകും. എല്ലാംകൂടി ആരു കഴിക്കാൻ! മെയിൻ കോഴ്‌സിന്റെ മുഖ്യഭാഗവും പ്ലേറ്റിൽ ബാക്കിവച്ചിട്ടാണ് പലരും പോകുന്നത്. അതെല്ലാം ഹോട്ടലുകാർ ഗാർബേജിൽ വലിച്ചെറിയും. പ്ലേറ്റിന് നൂറും നൂറ്റമ്പതും കൊടുത്തു വാങ്ങുന്ന ഭക്ഷണം അങ്ങനെ പാഴാക്കി കളയുന്നതു കാണുമ്പോൾ സഹിക്കില്ലെടോ. ഇവരുടെ മാതാപിതാക്കൾ ചെറുപ്പത്തിൽ എല്ലാ ദിവസവും മൂന്നു നേരം ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്നു സംശയമാണ്."
"അതിവിടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. കാലം മാറിപ്പോയില്ലേ?"
"കാലം മാറിപ്പോയെങ്കിലും ഇന്നും മൂന്നുനേരം പോയിട്ട് ഒരു നേരം പോലും ഭക്ഷണം കിട്ടാത്തവർ ലോകത്തിൽ എത്ര കോടിയുണ്ടെന്നറിയാമോ? അതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?"
"ലോകത്തിൽ എല്ലാവരെയും നമുക്ക് തീറ്റിപ്പോറ്റാൻ സാധിക്കുമോ? അങ്ങനെ ചിന്തിച്ചാൽ ജീവിക്കാൻ പറ്റുമോ കുറുപ്പേട്ടാ?"
"അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്. ചെലവ് കുറച്ചൊക്കെ ഒന്നു കുറച്ചാൽ കുറച്ചു പേർക്കെങ്കിലും അത് സഹായമാകുമല്ലോ. നമ്മുടെ നാട്ടിൽ പാവപ്പെട്ട എത്രയോ പെൺകുട്ടികൾ പണമില്ലാത്തതുകൊണ്ടു മാത്രം വിവാഹ ജീവിതം വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. നിവൃത്തിയില്ലാതെ പല പെൺകുട്ടികളും ആത്മത്യ ചെയ്യുന്നു. നമുക്ക് അല്പം ചെലവ് കുറച്ചിട്ട്‌ അവരിൽ ഒരാളെയെങ്കിലും സഹായിച്ചുകൂടേ? "
"അതിന് കൊടുക്കാനുള്ള മനസുകൂടിയുണ്ടാവണം."
"ഇതിനെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ സാധാരണയുള്ള മറുപടി, 'ഞങ്ങളുണ്ടാക്കിയ പണം ഞങ്ങൾ ചെലവാക്കുന്നു. അടിച്ചുപൊളിക്കുന്നു. അതിനു നിങ്ങൾക്കെന്താണ് കാര്യം' എന്നതാണ്."
"ജീവിതത്തിൽ ആകെ കിട്ടുന്ന ഒരു ദിവസമല്ലേ കുറുപ്പേട്ടാ, അവർ അടിച്ചുപൊളിക്കട്ടെ."
"ആയിക്കോട്ടെ. പക്ഷെ, പലപ്പോഴും ഇവർക്കൊക്കെ ഒരു ലക്ഷത്തിലേറെ സ്റ്റുഡന്റ് ലോൺ കൊടുക്കാൻ ബാക്കിയുണ്ടാകും. ഇതിന്റെയെല്ലാം കടം തീർക്കാൻ മാതാപിതാക്കൾക്ക് ഈശ്വരൻ ആയുസ്സു നീട്ടികൊടുക്കട്ടെ എന്ന് പ്രാർഥിക്കാം. 
"അങ്ങനെയാവട്ടെ കുറുപ്പേട്ടാ."
"എങ്കിൽ പിന്നെ കാണാം."
_______
 
Join WhatsApp News
chacko 2021-10-07 18:08:59
let me ask you how you going to do your kids marriage just go to any wedding parlour and do it
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക