Image

കാലത്തെ കാത്തുവെക്കുന്ന രഥചക്രങ്ങൾ (ഹംപിക്കാഴ്ചകൾ (3): മിനി വിശ്വനാഥൻ)

Published on 03 October, 2021
കാലത്തെ കാത്തുവെക്കുന്ന രഥചക്രങ്ങൾ (ഹംപിക്കാഴ്ചകൾ (3): മിനി വിശ്വനാഥൻ)
വിത്തല ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തന്നെയുള്ള വലിയൊരു പ്രവേശന കവാടത്തിനു മുന്നിൽ ഓട്ടോ നിർത്തി ഫോട്ടോകൾ എടുക്കേണ്ട സ്പോട്ടുകൾ ചൂണ്ടിക്കാട്ടി, ഹംപിയിലെത്തുന്ന സഞ്ചാരികൾ ഇവിടം മുതൽ തന്നെ കാഴ്ചകളിൽ അടയാളപ്പെടുത്തണമെന്ന് ജഗദീഷ് നിഷ്കർഷിച്ചു. പ്രവേശന കവാടം കഴിഞ്ഞ് കുറച്ച് മുന്നിലെത്തിയപ്പോൾ തന്നെ ഞങ്ങളുടെ മുന്നിൽ ഹംപിയിലെ വാസ്തു ശില്പ പ്രൗഢിയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന വിത്തല ക്ഷേത്രം ഗരിമയോടെ തലയുയർത്തി നിന്നു.

വിനോദ സഞ്ചാരികളുടെ ചെറു കൂട്ടങ്ങൾ നിശബ്ദരായി കാഴ്ചകൾ കണ്ടു നടക്കുന്നുണ്ടായിരുന്നു. ഓതറൈസ്ഡ് ഗൈഡുകളാണെന്ന അവകാശ വാദത്തോടെ ഹിന്ദിയും ഇംഗ്ലീഷും ചരിത്രവും അറിയാമെന്ന് പറഞ്ഞ് ലോക്കൽ ഗൈഡുകൾ വിദേശ സഞ്ചാരികളെ ആകർഷിക്കാനായി ക്ഷേത്ര ചരിത്രത്തിന്റെ പൊട്ടും പൊടിയും  സൗജന്യമായി സംഭാവന ചെയ്യുന്നതിന്റെ നുറുങ്ങുകൾ ഞങ്ങളും ശ്രദ്ധിച്ചു കേട്ടു.

ക്ഷേത്രത്തിനു മുന്നിലുള്ള വിശാലമായ വാണിജ്യ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നൂറ്റാണ്ടുകൾക്ക് പിറകിൽ അവിടെ ഉണ്ടായിരിക്കാമായിരുന്ന ആൾക്കൂട്ടബഹളങ്ങൾ ഒരു ഈസ്റ്റ്മാൻ കളർ ചലച്ചിത്രത്തിന്റെ ഫ്ലാഷ് ബാക്ക് പോലെ മനസ്സിൽ ഓടിയെത്തി. പ്രത്യേക രീതിയിൽ കെട്ടിയുണ്ടാക്കിയ പുഷ്കരിണി എന്ന് വിശേഷിപ്പിച്ച ചെറിയ ക്ഷേത്രക്കുളത്തിന് മുന്നിൽ നിന്ന് ഞങ്ങൾ ഫോട്ടോയെടുത്തു. നിറയെ താമരപ്പുക്കൾ വിടർന്നു നിന്നിരുന്ന, രാജകുമാരിമാരുടെ കുളിക്കടവായിരുന്നു പണ്ട് അതെന്ന് ജഗദീഷ് ഓർമ്മിച്ചു.

അവിടെ നിന്ന് നോക്കിയാൽ കാണുന്ന കൽത്തൂണുകൾക്കും പ്ലാറ്റ്ഫോമുകൾക്കും ചുറ്റും തിരക്കുപിടിച്ച കച്ചവടകേന്ദ്രങ്ങൾ ആയിരുന്നത്രെ.
ഏറ്റവും അമൂല്യങ്ങളായ രത്നങ്ങൾ മുതലിങ്ങോട്ട് നിസ്സാരമായ വീട്ടുപകരണങ്ങൾ വരെ ഈ വാണിജ്യ കേന്ദ്രങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ട കാലത്തെ ചരിത്രം ഒരാൾക്കൂട്ടത്തിന് നടുവിൽ നിന്ന് ഒരു ഗൈഡ് പാതി മുറിഞ്ഞഇംഗ്ലീഷിലും ഹിന്ദിയിലുമായി പറയുന്നുണ്ടായിരുന്നു.
കൃഷിക്കും കച്ചവടത്തിനും ഒരു പോലെ പ്രാധാന്യം നൽകിയ ചരിത്രമാണ് വിജയനഗര സാമ്രാജ്യത്തിന്റെത്. തുംഗഭദ്ര സമ്മാനിച്ച ഫലഭൂയിഷ്ടതയിൽ അവിടം കാർഷികവിഭവങ്ങളാൽ സമൃദ്ധമായിരുന്നു. വിദേശ സഞ്ചാരികൾ കച്ചവടത്തിനും പ്രാമുഖ്യം നൽകി.

പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണാധികാരികളിലൊരാളായ ദേവരയ്യ രണ്ടാമന്റെ (1422 - 1446 എ.ഡി.) ഭരണകാലത്താണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം . പിന്നീട് വിജയനഗര രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ (AD 1509 - 1529 AD) ഭരണകാലത്ത് ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും വികസിപ്പിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തു.
സ്മാരകത്തിന് ഇന്നത്തെ രൂപം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമാണ്.

ഇപ്പോൾ തകർന്നു കിടക്കുന്ന ഈ ക്ഷേത്രവും പരിസരങ്ങളും വാസ്തു ശില്പ പ്രൗഡിയുടെ അവസാന വാക്കായിരുന്നു.  സൂക്ഷ്മമായ കൊത്തുപണികളുള്ള ചിത്രത്തൂണുകൾ കാലങ്ങൾക്കിപ്പുറവും പ്രൗഡിയോടെ തലയുയർത്തി നില്കുന്നു. ക്ഷേത്രത്തെയും വാണിജ്യ കേന്ദ്രത്തെയും വേർതിരിച്ചുകൊണ്ടുള്ള വലിയ മതിലിന്റെ പകുതിയും തകർന്ന് പോയിരുന്നു. പ്രവേശന കവാടത്തിലെ ശില്പ ഭംഗിയിൽ കണ്ണൂറപ്പിച്ചു കൊണ്ട് ക്ഷേത്രമുറ്റത്തെത്തി.

കാലത്തിനോ യുദ്ധങ്ങൾക്കോ പരാജയപ്പെടുത്താനാവാതെ ചരിത്ര പ്രസിദ്ധമായ ഹംപിയിലെ രഥം ഞങ്ങൾക്കു മുന്നിൽ നിവർന്നു നിന്നു . അതി സൂക്ഷ്മമായ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട അത് ഗംഭീരന്മാരായ രണ്ട് ഗജവീരൻമാർ വലിക്കുന്നത് പോലെയാണ് നിർമ്മിക്കപ്പെട്ടിട്ടുളളത്. ഇന്ത്യയിലെ സുപ്രസിദ്ധമായ മൂന്ന് രഥശില്പങ്ങളിൽ ഒന്നാണിത് എന്നു കൂടി ഇതിന് പ്രത്യേകതയുണ്ട്.

പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ രാജാവ് കൃഷ്ണദേവരയ്യയാണ് ഈ രഥം നിർമ്മിച്ചത്.ഒഡീസയിൽ യുദ്ധം ചെയ്യുമ്പോൾ കൊണാർക്ക് സൂര്യക്ഷേത്രത്തിൽ സ്ഥാപിക്കപ്പെട്ട രഥത്തിൽ ആകൃഷ്ടനായി അതു പോലൊന്ന് ഇവിടെ പുനർ നിർമ്മിക്കുകയായിരുന്നു . വിജയനഗര സാമ്രാജ്യത്തിന്റെ വാസ്തുകലയുടെ പരിപൂർണത പ്രതിനിധാനം ചെയ്യുന്നതാണ് രഥം.

രഥത്തിനു പിന്നിലെ കഥകൾ കേട്ടും പറഞ്ഞും ഫോട്ടോയെടുത്തും വിനോദസഞ്ചാരികളുടെ ഒരു കൂട്ടം അതിനു ചുറ്റുമുണ്ടായിരുന്നു.
രഥം അതിന്റെ സ്ഥാനത്ത് നിന്ന് നീങ്ങുമ്പോൾ ലോകം നിലയ്ക്കുമെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നതിനാൽ ഹംപി രഥത്തിൽ നിന്ന് രസകരമായ ഒരു നാടോടിക്കഥ ഉയർന്നുവരുന്നു. മറ്റൊന്ന് വിറ്റല ക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന രഥത്തിൽ ഗരുഡ പ്രതിഷ്ഠ ഉണ്ടെന്നതാണ്. മുഖാമുഖം നിന്ന് പൂജകൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഗരുഡനും വിറ്റല സങ്കല്പവും ഇന്ത്യയിൽ മറ്റെവിടെയും ഇല്ല എന്നും രഥ ചക്രം നീങ്ങാതിരിക്കാൻ പ്രത്യേകതരം ടെക്നോളജിയിൽ അതുറപ്പിച്ചിരിക്കുകയാണെന്നും ഗൈഡ് വിശദീകരിച്ചു.
വിരൽ കൊണ്ട് തഴുകിയാൽ സപ്തസ്വരങ്ങൾ പൊഴിക്കുന്ന കൽമണ്ഡപങ്ങൾക്ക് ചുറ്റുമായി ഞങ്ങൾ നടന്നു. അവിടെ കാണുന്ന ഓരോ കൊത്തുപണിയിയുടെയും സൂക്ഷ്മത ഞങ്ങളെ അമ്പരപ്പിക്കുന്നതായിരുന്നു. ഒരേ പോലെ കഴിവുറ്റ അനേകം കലാകാരൻമാരുടെ കൂട്ടായ യത്നമാവണം ഇന്നിവിടെ തകർന്നടിഞ്ഞ് കാണുന്ന ഈ ചരിത്ര വിസ്മയങ്ങൾ .

അവിടെ മുഴുവൻ ചുറ്റി നടന്ന് കണ്ടതിനു ശേഷമാണ് കിങ്ങ്സ് ബാലൻസ് (തുലാഭാര, തുലാപുരുഷദാന) കാണാനായി ഗൈഡ് വഴി കാട്ടിയത്. പതിനഞ്ച് അടിയോളം ഉയരമുള്ള ഭീമാകാരമായ രണ്ട് ഒറ്റക്കൽത്തുണുകൾക്ക് സമാന്തരമായി പന്ത്രണ്ട് അടിയോളമുള്ള മറ്റൊരു ഒറ്റക്കൽ ഒരു തുലാസ് പോലെ സ്ഥാപിച്ചിരിക്കുന്നു. സമാന്തരമായ ഗ്രാനൈറ്റ് തൂണിനു മുകളിൽ ഒരു രാജാവിന്റെയും പത്നിമാരുടേയും ശില്പങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇതിന്റെ അടിയിലുള്ള വളയത്തിൽ ആണഒരു എഞ്ചിനീയറിങ്ങ് വിദഗദ്ധനുമാത്രമെ ഇത്തരമൊന്ന് നിർമ്മിക്കാനാവൂ എന്നതിൽ സംശയമില്ല.

ദസറ, പുതുവർഷം, ഗ്രഹണങ്ങൾ മുതലായ വിശേഷാവസരങ്ങളിൽ രാജാവ് അമൂല്യരത്നങ്ങൾ, വെള്ളി മുതലായവ കൊണ്ട് തൂക്കം നോക്കുകയും അത് രാജ്യത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പുരോഹിതന്മാർക്ക് സമ്മാനിക്കുകയും ചെയ്യുമായിരുന്നു.

കാഴ്ചകൾ മുഴുവനായി കണ്ടു തീരാതെ തന്നെ ഞങ്ങൾ അവിടെ നിന്നിറങ്ങി. ഇനിയുമുണ്ട് വിസ്മയക്കാഴ്ചകൾ ഏറെ , അടുത്ത ലക്കത്തിൽ അവയുമായി വരാം.


കാലത്തെ കാത്തുവെക്കുന്ന രഥചക്രങ്ങൾ (ഹംപിക്കാഴ്ചകൾ (3): മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക