Image

ഹൃദയത്തെ അറിയാൻ (ഇന്ന് ലോക ഹൃദയ ദിനം)- ജോബി ബേബി,നഴ്സ്,കുവൈറ്റ്

Published on 29 September, 2021
ഹൃദയത്തെ അറിയാൻ (ഇന്ന് ലോക ഹൃദയ ദിനം)- ജോബി ബേബി,നഴ്സ്,കുവൈറ്റ്
നമ്മുടെ ശരീരത്തിലെ ഏതൊരാവയവത്തിന്റെയും പ്രവർത്തനത്തിനുള്ള തകരാറുകൾ ജീവനുതന്നെ ഭീഷണിയാകാം.അത് ഹൃദയമായാലും വൃക്കയായാലും കരളായാലും.അപ്പോൾ ഹൃദയത്തിനുമാത്രം അമിത പ്രാധാന്യം നൽകേണ്ടതുണ്ടോ?ഉണ്ട്.അതിന് കാരണം മറ്റൊന്നുമല്ല.ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കുന്നത് ഹൃദ്രോഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്.ഓരോ വർഷവും ലോകമൊട്ടാകെ ഒന്നരകോടിയിലധികം ആളുകൾ ഇപ്രകാരം മരിക്കുന്നുവെന്നാണു കണ്ടെത്തൽ(ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് 19 മൂലമുള്ള മരണം ഇത് വരെ 50ലക്ഷത്തിൽ താഴെയാണ് എന്നോർക്കണം).ഈ ഹൃദ്രോഹ മരണങ്ങളിൽ 80 ശതമാനത്തോളം നമ്മുക്ക് ഒഴിവാക്കാവുന്നതാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഈയൊരു ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നത്.

കഴിഞ്ഞ ദിവസം 70വയസ്സുള്ള ഒരു അധ്യപകൻ ഹൃദയാഘാതം പിടിപെട്ട് ആശുപത്രിയിൽ വന്നു.എന്നാൽ പേടിപ്പെടുത്തുന്ന ഒരു കാര്യം,അദ്ദേഹത്തിന്റെ കൂടെവന്ന 38വയസ്സുള്ള മകന് രണ്ട് വർഷം മുൻപ് ഹൃദയാഘാതം വന്ന് ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞിരുന്നു എന്നതാണ്.ലോകത്തിന്റെ ആരോഗ്യനിലവാരത്തകർച്ചയിലേക്കുള്ള ഒരു സൂചനയാണിത്.ഇന്ന് ആധുനിക സാങ്കേതിക വിദ്യകൾ ഹൃദ്രോഹചികിത്സയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്.കൃതൃമഹൃദയങ്ങളും ഓപ്പറേഷൻ കൂടാതെ ഘടിപ്പിക്കുന്ന പേസ്മേക്കറുകളും മറ്റും നമ്മൾ നവ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കാണും.എന്നാൽ യഥാർത്ഥ ആരോഗ്യം അസുഖം വരാതെ നോക്കലാണെന്നുള്ള യാഥാര്ത്ഥ്യo നമ്മൾ മറന്നു പോകുന്നു.

2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക' (Use Heart to Connect) എന്നാണ്. ഇപ്പോൾ പ്രബലമായിരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയും അറിവും അനുകമ്പയും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തക്കവണ്ണം ജീവിക്കുക. ഹൃദയപൂർവം ഓരോ ഹൃദയങ്ങളും പരസ്പരം ബന്ധിപ്പിക്കുക (Use Heart to connect every Heart). അതിനായി മൂന്ന് സ്തൂപങ്ങളാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ ഇക്കുറി മുന്നോട്ടുവയ്ക്കുന്നത്.

1. നീതിയും സമത്വവും (Equity)

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാവരെയും ഒന്നിപ്പിക്കുക. ഏവരെയും ശാക്തീകരിക്കാൻ ഉതകുന്നവിധം സാങ്കേതികവിദ്യ സുലഭമാക്കുക. ചെറുപ്പക്കാരും വയോധികരും സ്ത്രീകളും കുട്ടികളും രോഗികളും ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.

2. പ്രതിരോധം (Prevention)

പഥ്യമായ ഭക്ഷണംകഴിച്ചും, പുകവലി നിർത്തിയും, വ്യായാമം ചെയ്തും ആരോഗ്യം കാത്തുസൂക്ഷിക്കുക. നിങ്ങൾക്ക് ഹൃദ്രോഗമോ ഹൃദയപരാജയമോ പ്രമേഹമോ അമിത രക്തസമ്മർദമോ വർധിച്ച ദുർമേദസ്സോ ഉണ്ടെങ്കിൽ കോവിഡ് വ്യാപനകാലത്തുപോലും യാതൊരു വൈമനസ്യവും കാണിക്കാതെ ചെക്കപ്പുകളും ചികിത്സയും കൃത്യമായി ചെയ്യുക.

3. സമൂഹം (Community)

ലോകത്തുള്ള 520 ദശലക്ഷം ഹൃദ്രോഗികൾ കോവിഡ് മഹാമാരിയുടെ മൂർധന്യാവസ്ഥയിൽ പലതരം കഷ്ടപ്പാടുകൾക്ക് ഇരയായി. സമൂഹത്തിലെ ഒറ്റപ്പെടലും മരുന്നുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും വൈദ്യസഹായം ലഭിക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളുമെല്ലാം അവരെ രോഗാതുരരാക്കി. അതുകൊണ്ട് മഹാമാരികാലത്തും ഏക ആശ്രയമായ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഏവർക്കും പ്രാപ്തമാകുംവിധം പ്രചരിപ്പിക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കാന് നിങ്ങള് ചെയ്യേണ്ട ചില കാര്യങ്ങള് എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ഹൃദയത്തെ സംരക്ഷിക്കാന്  പുകവലി ഉപേക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.  ഇനി പുകവലിക്കാത്തവര്, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള് സൂചിപ്പിക്കുന്നത്.

രണ്ട്...

ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന് ശ്രദ്ധിക്കണം. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്സ്, സോഫ്റ്റ് ഡ്രിംഗ്സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള് തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില് കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില് ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്പ്പെടുത്തുക. ആപ്പിള്, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക, ചീര, ബീറ്റ്റൂട്ട്, പയര് എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കളാണ്.
അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്ക്ക് പുറമെ, വിറ്റാമിനുകള്, ധാതുക്കള് എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഗോതമ്പ്, ഓട്സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.

മൂന്ന്...

മതിയായ ഉറക്കം ലഭ്യമാക്കുക.   ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്ന്നവര് ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള് 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില് കുറച്ച് ഉറങ്ങുന്നവരില് ഹൃദയാഘാതം, ഹൃദയധമനിയില് ബ്ലോക്ക് എന്നീ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.

നാല്...

പ്രമേഹവും രക്തസമ്മര്ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നുമുതല് ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്ട്രോള്, രക്തസമ്മര്ദ്ദം എന്നിവയെ അകറ്റാനാകും. ഒപ്പം ഹൃദ്രോഗത്തെയും.

അഞ്ച്...

മദ്യപാനം അമിതമായാല്, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

ആറ്...

വ്യായാമം നിര്ബന്ധമാണ്.  ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ  ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുക. നിങ്ങള്ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്.കുടുംബാംഗങ്ങൾ ഒരുമിച്ചു വ്യായാമം ചെയ്യുന്നത് ആരോഗ്യത്തോടൊപ്പം സ്നേഹബന്ധങ്ങളും വളർത്തുകയാണ്.ഈയൊരു കാര്യമാണ് ഈ വർഷത്തെ ലോക ഹൃദയ ദിനത്തിന്റെ പ്രതിപാദം (USE HEART TO CONNECT).

(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ).


ഹൃദയത്തെ അറിയാൻ (ഇന്ന് ലോക ഹൃദയ ദിനം)- ജോബി ബേബി,നഴ്സ്,കുവൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക