Image

ഇരുൾ കലരാത്ത വെളിച്ചം,സ്വരം കലരാത്ത ശാന്തത (മൃദുമൊഴി 27: മൃദുല രാമചന്ദ്രൻ)

Published on 28 September, 2021
ഇരുൾ കലരാത്ത വെളിച്ചം,സ്വരം കലരാത്ത ശാന്തത (മൃദുമൊഴി 27: മൃദുല രാമചന്ദ്രൻ)
പ്രശസ്ത എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ "പെൺരാമായണം" എന്ന ഒരു പുസ്തകം ഉണ്ട് -രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ളത്.അതിൽ ദശരഥപുത്രിയായ ശാന്തയും, അവരുടെ ഭർത്താവ് ആയ ഋഷൃശൃംഗ മഹർഷിയും ഒരുമിച്ചുള്ള  ഒരു രംഗമുണ്ട്.നദിയിൽ കുളിക്കുന്ന ഋഷ്യശൃംഗന്റെ തുടയിൽ ഒരു ഞണ്ട് ഇറുക്കി ചോര വരുന്നു.വേദന സഹിച്ചു കൊണ്ട് മഹർഷി ആ ഞണ്ടിനെ പിടിച്ചു ദൂരെ കളയുന്നു.പക്ഷെ അൽപ്പ സമയത്തിന് അകം ഞണ്ട് വീണ്ടും വന്ന് അദ്ദേഹത്തെ  ഇറുക്കുന്നു.അപ്പോഴും അദ്ദേഹം അതിനെ പിടിച്ചു ദൂരെ കളയുന്നു.ഒരിക്കൽ കൂടി ഈ രംഗം ആവർത്തിച്ചപ്പോൾ , പുഴക്കരയിൽ ഇരുന്ന് ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശാന്ത ഭർത്താവിനോട് ചോദിച്ചു: ഓരോ തവണയും അങ്ങു പിടിച്ചു കളയുന്നത് കൊണ്ടല്ലേ അത് തിരിച്ചു വരുന്നത് ? അങ്ങേക്ക് അതിനെ കൊന്ന് കളഞ്ഞു കൂടേ ?".ഇതിന് മഹാമുനി പറഞ്ഞ ഉത്തരം മനോഹരമാണ് ,അദ്ദേഹം തന്റെ ഭാര്യയോട് ഇപ്രകാരം പറഞ്ഞു: "ശാന്തേ, ഹിംസിക്കുക എന്നത് ഞണ്ടിന്റെ ധർമ്മം ആണ്,അത്കൊണ്ട് അത് അങ്ങിനെ ചെയ്യുന്നു.സ്നേഹിക്കുക എന്നത് എന്റെ ധർമ്മം ആണ്.അത് കൊണ്ട് ഞാൻ ആ ധർമ്മം പാലിക്കുന്നു."

നോക്കൂ പ്രിയപ്പെട്ടവരെ, സ്വധർമം എന്താണെന്ന് വ്യക്തമായ തിരിച്ചറിവ് ഇല്ലാതെ, മറ്റുള്ളവർ നമ്മളോട് പെരുമാറുന്നത് എങ്ങനെയാണോ,അതിന് അനുസരിച്ച് സ്വന്തം പെരുമാറ്റം രൂപപ്പെടുത്തുന്ന നമ്മൾ തന്നെയാണ് നമ്മുടെ ജീവിതത്തെ സംഘർഷഭരിതമാക്കുന്നത്.തന്നെ ആവർത്തിച്ചു  വേദനിപ്പിക്കുകയും, മുറിവ് ഏൽപ്പിക്കുകയും ചെയ്ത ഞണ്ടിനോട് അനായാസേന പൊറുക്കാൻ ഋഷൃശംഗന് കഴിഞ്ഞത് ,തന്റെ ധർമത്തെ കുറിച്ച് അത്ര മേൽ തീർച്ചയുണ്ടായിരുന്നത്  കൊണ്ടാണ് .അല്ലാത്ത പക്ഷം, തന്നെ നോവിച്ച കേവലം നിസാരമായ ഒരു ജീവിയെ അതിവേഗം കൊന്നു കളയണം എന്നായിരിക്കും അദ്ദേഹം കരുതുക.അതിന്റെ പരിണാമം വീണ്ടും മരണവും, വേദനയും ആകും.

ക്രോധത്തെ ക്രോധം കൊണ്ട്, ഹിംസയെ ഹിംസ കൊണ്ട്, ക്രൂരതയെ ക്രൂരത കൊണ്ട് തന്നെ നാം എതിരിടുമ്പോൾ ഈ അധമ വികാരങ്ങളുടെ ഇരട്ടിയാണ് ഭൂമിയിൽ ഉണ്ടാകുന്നത്.

എന്നും കരുതി, നിർദയത്വത്തെ ദയ കൊണ്ട്, അക്ഷമയെ ക്ഷമ കൊണ്ട്, ക്രൗര്യത്തെ കരുണ കൊണ്ട് ,സ്നേഹശൂന്യതയെ സ്നേഹം കൊണ്ട് പ്രതിരോധിക്കുക എന്നത് ഒട്ടും എളുപ്പമല്ല.കാരണം സ്വന്തം ഉള്ളും, ഉടലും നോവുമ്പോൾ തത്വശാസ്ത്രം മറന്ന് കഴിയുന്നത് പോലെ തിരിച്ചടിക്കാൻ ആണ് ആർക്കും ആദ്യം തോന്നുക.

പക്ഷെ അത്തരം പ്രതിരോധങ്ങൾ കൊണ്ട് നാം നമ്മളെ തന്നെ വീണ്ടും മുറിവേല്പിക്കുന്നു.നിൽക്കുന്ന ഇടം മൊത്തം സംഘർഷഭരിതമാക്കുന്നു.

ഒരാളുടെ സ്വഭാവവും, പെരുമാറ്റവും ജീവിതത്തിൽ അയാൾ കടന്നു പോയ അനേകം അനുഭവങ്ങളുടെ പ്രതിഫലനം ആണ്.

എല്ലാവരും നല്ല സന്തോഷത്തിൽ ഇരിക്കുന്ന സുമുഹൂർത്തങ്ങളുടെ ശോഭ തങ്ങളുടെ കറുത്ത വാക്കുകൾ കൊണ്ട് കുത്തി കെടുത്തുന്ന മനുഷ്യർ ഉണ്ട്.സകല ഊർജവും, കഴിവും വിനിയോഗിച്ചു നമ്മൾ ചെയ്യുന്ന ജോലികൾ  മുഴുവൻ ഒരു നന്ദി വാക്ക് പോലും പറയാതെ തന്റേതാക്കി മാറ്റി മേനി നടിക്കുന്ന മേലധികാരികൾ ഉണ്ടാകാം, ഒരുപാട്  തിരക്കുകൾക്ക് ഇടയിലും സ്വന്തം സമയവും, ബുദ്ധിയും , പണവും ചെലവാക്കി അവർക്ക് വേണ്ടി  നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾ ദാക്ഷിണ്യമില്ലാതെ തമസ്ക്കരിക്കുന്നവർ ഉണ്ടാകാം.അവരവരുടെ ഉള്ളിൽ ഉള്ള അരക്ഷിതത്വത്തിന്റെ വെളിപ്പെടുത്തൽ ആണ് ഇത്തരം സ്വാഭാവങ്ങൾ.

എതിരെ നിൽക്കുന്ന ആൾ എങ്ങിനെയും ആകട്ടെ, നമ്മൾ എങ്ങനെ ആണോ അങ്ങനെ തന്നെ ഏതു സന്ദർഭത്തിലും ആയിരിക്കാൻ കഴിയുക എന്നത് ആണ് പ്രധാനം.മറ്റൊരാളുടെ പ്രവർത്തിക്കു സ്വന്തം ധർമബോധത്തെ വ്യതിയാനപ്പെടുത്താനുള്ള അവസരം ഉണ്ടാക്കരുത്.

സ്വന്തം കർമ്മം എന്തെന്നും, ഏത് എന്നും തീർച്ചയുണ്ടായാൽ മതി.
ഇരുൾ വീണ് കലങ്ങാത്ത വെളിച്ചം ഉള്ളിൽ ഉണ്ടാകട്ടെ....ശബ്ദങ്ങൾ മലിനപ്പെടുത്താത്ത ശാന്തത....


ഇരുൾ കലരാത്ത വെളിച്ചം,സ്വരം കലരാത്ത ശാന്തത (മൃദുമൊഴി 27: മൃദുല രാമചന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക