Image

ആഗോള സൈബർ യുദ്ധ ഭീഷണി (ജോസഫ് പൊന്നോലി)

Published on 24 September, 2021
ആഗോള സൈബർ യുദ്ധ ഭീഷണി (ജോസഫ് പൊന്നോലി)
കൊറോണാ മഹാമാരിയുടെ സംഹാരതാണ്ഡവത്തിൽ നിന്നും ലോകം ഇനിയും മുക്തിനേടാൻ കാത്തിരിക്കുകയാണ്. അതേ സമയം ലോകം വേറൊരു ഭീഷണിയേയും വെല്ലു വിളിയേയും നേരിട്ടു കൊണ്ടിരിക്കുകയാണ്   -  സൈബർ യുദ്ധ ഭീഷണി.

അമേരിക്കൻ സെൻട്രൽ ഇൻറലിജൻസ് ഏജൻസി (സി.ഐ എ) യിൽ വളരെക്കാലം ജോലി ചെയ്ത എറിക്ക് കോൾ ഈ അടുത്തകാലത്ത് 2021 ൽ പ്രസിദ്ധീകരിച്ച the cyber crisis എന്ന പുസ്തകത്തിൽ പറയുന്നത് മൂന്നാം ലോക മഹായുദ്ധം നമ്മൾ അറിയാതെ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. ആ യുദ്ധത്തിൽ അമേരിക്കാ റഷ്യാ ചൈനാ വടക്കൻ കൊറിയാ ഇറാൻ ഇസ്രായേൽ  എന്നീ രാഷ്ട്രങ്ങൾ സജീവമായി  സൈബർ സ്പേസിൽ പോരാടിക്കൊണ്ടിരിക്കുകയാണ്. മറ്റു രാഷ്ട്രങ്ങളും ഇതിൽ ഭാഗഭാക്കായും അല്ലാതെയും ഈ യുദ്ധത്തിൻറെ തിക്ത ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ യുദ്ധങ്ങളുടെ യുദ്ധ മുറകളും അവ എങ്ങനെ നമ്മുടെ ജീവിതത്തേയും ലോകരാഷ്ട്രങ്ങളുടെ ഭാവിയേയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നുള്ളതിനെ ക്കുറിച്ചുള്ള ഒരു അവലോകനമാണ്  ഈ  ലേഖനത്തിൽ.

കമ്പ്യൂട്ടറുകളും ഇൻറർനെറ്റും സൈബർ ക്രിമിനലുകളും

1980 കാലഘട്ടത്തിൽ പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ആവിർഭാവത്തോടുകൂടി ലോകം കമ്പ്യൂട്ടർ യുഗത്തിലേക്കു കാലുവെച്ചു മുന്നോട്ടു നീങ്ങിയെങ്കിലും 1995നു ശേഷമാണ് ഇൻറർനെറ്റ് യുഗത്തിലേക്കു കുതിച്ചുയരാൻ തുടങ്ങിയത്.  അതിൻറെ ഫലമായി  ഇൻറർനെറ്റും കമ്പ്യൂട്ടർ നെറ്റു വർക്കുകളും ബിസിനസ്സുകളെയും ഗവണ്മെന്റുകളെയും ലോകം മുഴുവനായി കോർത്തിണക്കുവാൻ സഹായിച്ചു. അവ നമ്മുടെ  ജീവിതം സുഗമമാക്കാൻ സഹായിക്കുന്നു.  പക്ഷേ സൈബർ ക്രിമിനലുകൾ ഇവ ദുരുപയോഗിച്ച് കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടത്താൻ ഈ വർച്ചുവൽ സ്പേസ് അഥവാ സൈബർ സ്പേസ് ഉപയോഗിക്കുന്നു . ലോക രാഷ്ട്രങ്ങളുടെ  പരസ്പരമുള്ള പോരാട്ടങ്ങളും യുദ്ധങ്ങളും സൈബർ സ്പേസിലേക്കു ഇന്ന് നീങ്ങിയിരിക്കുകയാണ്. .

ഇന്ന്  ബോട്ട്നെറ്റ്  ആർമികൾ സൈബർ ക്രിമിനൽ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നുണ്ട്.ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളിൽ വൈറസ് കടത്തിവിട്ടു അവയുടെ നിയന്ത്രണം ഏറ്റെടുത്തു ക്രിമിനൽ നെറ്റ്‌വർക്ക് അഥവാ ബോട്ട്‌നെറ്റ് സൃഷ്ടിക്കുന്നു. അവയെ സൈബർ ആക്രമണത്തിന് വാടകക്ക് കിട്ടും.  കമ്പനികളുടെ  കമ്പ്യൂട്ടർ നെറ്റ്‌വർക്ക്  നിശ്ചലമാക്കാനും  സൈബർ ആക്രമണങ്ങൾ  നടത്താനും ഈ ബോട്ട്‌നെറ്റ് സൈന്യങ്ങളെ രാഷ്ട്രങ്ങളും മറ്റും ഉപയോഗിക്കുന്നു.  ഫിഷിംഗ്,  സ്പാമിങ് എന്ന സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്   ബോട്ട്‌നെറ്റുകൾ നിയന്ത്രിക്കുന്ന സൈബർ ക്രിമിനൽ ഗ്രൂപ്പുകൾ ആണ്. 2008 ൽ നടന്ന കോൺഫിക്കർ  വേം വൈറസ്, 2016 ലെ മിറായ് വൈറസ് ആക്രമണം ബോട്ട്‌നെറ്റുകൾ ഉപയോഗിച്ച് നടത്തിയതാണ്. 2016 ഒക്ടോബറിൽ നടന്ന മിറായ് ആക്രമണത്തിൽ ട്വിറ്റെർ, സ്പോട്ടിഫൈ, നെറ്റ്ഫ്ലിക്സ്, മുതലായ പല വെബ്സൈറ്റുകളും പ്രവർത്തന രഹിതമായി. അതോടൊപ്പം പല ഉപകരണങ്ങളേയും  തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന് വിശേഷിപ്പിക്കുന്ന കമ്പൂട്ടർ സംവിധാനങ്ങളെ ആക്രമിക്കുകയും ചെയ്തു.

സൈബർ യുദ്ധങ്ങളുടെ ആവിർഭാവം

റഷ്യയും അമേരിക്കയും തമ്മിൽ നടന്ന ശീതയുദ്ധ കാലത്ത് 1982 ൽ ട്രാൻസ് സൈബീറിയൻ പൈപ്പ് ലൈനിൽ ഒരു സ്പോടനം ഉണ്ടായി. അതിനു കാരണം അതിൽ ഉപയോഗിച്ചിരുന്ന കനേഡിയൻ സോഫ്ട് വെയറിലെ ട്രോജൻ ഹോഴ്സ് വൈറസ്  ആയിരുന്നു.  അമേരിക്കയുടെ സി.ഐ.എ ആയിരുന്നു അതിന്റെ പിന്നിൽ എന്നു സൂചന ഉണ്ടായിരുന്നു. സൈബർ യുദ്ധത്തിന്റെ സാദ്ധ്യതകളാണ് ഈ സംഭവം സൂചിപ്പിച്ചത്.

പിന്നീട് 2007 ൽ സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ എസ്ടോണിയാ എന്ന ചെറിയ രാജ്യം റഷ്യൻ സൈബർ ആക്രമണത്തിനു വിധേയമായി ഒരാഴ്ചയോളം ആ രാജ്യത്തെ ജനജീവിതം സ്തംഭിക്കുകയുണ്ടായി. ഈ സംഭവം സൈബർ യുദ്ധത്തിന്റെ സാധ്യതയും ഭീകരതയും യാഥാർത്യതയും വെളിപ്പെടുത്തി.

2010 ൽ ഇറാൻറെ അണു ബോംബ് നിർമ്മാണത്തിനുപയോഗിക്കാവുന്ന ന്യൂക്ലിയർ സെൻടി ഫ്യൂഗ് സിസ്റ്റം അമേരിക്ക സ്റ്റക്സ്നെറ്റ് വേം എന്ന വൈറസ് കടത്തി നശിപ്പിക്കുകയുണ്ടായി.  അതിൽ അമേരിക്കയും ഇസ്രായേലും ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. അതിനു ശേഷം കമ്പ്യൂട്ടർ ടെക്നോളജി കൂടുതൽ കൂടുതൽ യുദ്ധരംഗത്ത് ഉപയോഗപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ ശ്രമിക്കാൻ തുടങ്ങി  

2017ലാണ് ലോകം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ സൈബർ യുദ്ധം നടന്നത്. റഷ്യയും യുക്രേനും തമ്മിൽ നടത്ത ആ പോരാട്ടത്തിന്റെ പ്രത്യാഘാതം ലോകം മുഴുവൻ വ്യാപിച്ചു. റഷ്യൻ ഫെഡറേഷനിൽ നിന്നും പിരിഞ്ഞു പോയ യുക്രെനിൽ എല്ലാ കമ്പ്യൂട്ടർ നെറ്റ്വർക്കുകളെയും കമ്പ്യൂട്ടറുകളെയും നിശ്ചലമാക്കി സാമ്പത്തിക വാണിജ്യ ഗവണ്മെന്റ് മേഖലകൾ നിർജ്ജീവമാക്കി ജനജീവിതം സ്തംഭിപ്പിച്ചു. റഷ്യ ആയിരുന്നു അതിന്റെ പിന്നിൽ.' അതിന്റെ പ്രത്യാഘാതങ്ങൾ യൂറോപ്പ്, യു.കെ., യു.എസ്.എ. എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു. മെർക്സ് എന്ന ഷിപ്പിംഗ് കമ്പനി, മെർക്ക് എന്ന ഡ്രഗ്ഗ് കമ്പനി തുടങ്ങി പല പ്രധാന കമ്പനികൾക്ക് ഒരാഴ്ചയോളം  പ്രവർത്തിക്കാൻ സാധിച്ചില്ല. ആകെ നഷ്ടം 50 ബില്യൻ ഡോളർ എന്നാണ് കണക്കാക്കപ്പെട്ടത്.

2019 മേയ് 5 ന് ഇസ്രായേൽ ഹമാസിന്റെ ഒരു സൈബർ ആക്രമണ കേന്ദ്രം' ബോംബിട്ടു നശിപ്പിക്കുകയുണ്ടായി. സൈബർ യുദ്ധത്തിൻറെ ഭാഗമായി ആളപായം ഉണ്ടായ ഒരു സംഭവമായിരുന്നു അതു്.

ലോക രാഷ്ട്രങ്ങളും സൈബർ യുദ്ധ ശേഷിയും

ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്നു പ്രതിരോധ മേഖലകൾ പോലെ തന്നെ സൈബർ സ്പേസ് പ്രതിരോധവും അത്യന്താപേക്ഷിതമാണ് എന്ന് ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. സൈബർ ചാരപ്രവർത്തി രാഷ്ട്രങ്ങളുടെ പ്രതിരോധത്തിൻറെ ഭാഗമായി തീർന്നിരിക്കുകയാണ്. ഇന്ന് ലോകത്തിൽ ഏകദേശം 120 രാഷ്ട്രങ്ങൾക്ക് സൈബർ യുദ്ധ ശേഷിയുണ്ട് .  അവയിൽ യു.എസ്, റഷ്യാ, ചൈന, ഇറാൻ , തെക്കൻ കൊറിയാ, വടക്കൻ കൊറിയാ,ഇസ്രായേൽ, യു.കെ., ഫ്രാൻസ്, ജെർമ്മനി, ഓസ്ട്രേലിയാ, എന്നീ രാജ്യങ്ങൾക്ക് സൈബർ ആർമികളും സൈബർ ആർമി കമ്മാൻഡുകളും, സൈബർ യുദ്ധ വെടിക്കോപ്പുകളും ഉണ്ട്. ഇന്ത്യ ഈ മേഖലയിൽ പിന്നിലാണ്.

2008ൽ യു.എസ് എ ഒരു സൈബർകമാൻഡ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഭാഗമായി രൂപീകരിച്ചു. 2018 ൽ പ്രസിഡൻൻറ് ട്രമ്പ്  ഈ സൈബർ കമ്മാൻന്റിനെ ഒരു സ്വതന്ത്ര പ്രതിരോധ വിഭാഗമാക്കി.

സൈബർ പേൾ ഹാർബർ ആസന്നമോ?

1941 ഡിസംബർ 8ന് ജപ്പാൻ ഹവായിലെ യു.എസ് പേൾ ഹാർബർ നേവൽബേസ് ബോംബിട്ടു തകർത്തതിനെതുടർന്ന് അമേരിക്ക രണ്ടാംലോക മഹായുദ്ധത്തിൽ ചേരുകയും അതിനു ശേഷം ഹിറോഷിമായിലും നാഗസാക്കിയിലും അണു ബോംബു വർഷിക്കുകയും ചെയ്തു.  അതുപോലെയൊരു ഭീഷണി ലോകം ഇന്നു നേരിട്ടുകയാണ്.  ചൈന, റഷ്യ നോർത്ത് കൊറിയാ, ഇറാൻ, എന്നീ രാജ്യങ്ങൾ അമേരിക്കയുമായി ഒരു സൈബർ ശീത യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ അമേരിക്കയ്ക്ക്  സൈബർ പേൾഹാർബർ ഭീഷണി തരണം ചെയ്യേണ്ടതായിട്ടുണ്ട്.  2021 സെപ്തംബർ മാസം ആദ്യം അമേരിക്കാ,' യു.കെ., ആസ്ട്രേലിയാ എന്നീ രാജ്യങ്ങൾ ഒരു പ്രതിരോധ സന്ധിയിൽ ഏർപ്പെട്ടു. അതിന്റെ തുടർച്ചയായി ഇന്ത്യാ, ജപ്പാൻ, ആസ്ട്രേലിയാ, യു. എസ്. എ. എന്നീ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ നടക്കുകയാണ്. അതുപോലെ തന്നെ നാറ്റോ സഖ്യ കക്ഷികളുമായും അമേരിക്കാ ഉലഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. സൈബർ സ്പേസ് പ്രതിരോധം ഈ ചർച്ചകളുടെയും സന്ധികളുടെയും പ്രധാന വിഷയമാണ്.

യുദ്ധവും സമാധാനവും

സൈബർ യുദ്ധ ഭീഷണി ലോകം നേരിടേണ്ട ആവശ്യകതയെക്കുറിച്ചു  യു.എൻ. സെക്രട്ടറി ജനറൽ 2018 ൽ ചൂണ്ടികാണിക്കുകയുണ്ടായി. യു.എൻ ജനറൽ അസംബ്ലിയുടെ ഫസ്റ്റ് കമ്മറ്റി ഈ വിഷയം പഠിച്ച് ജനറൽ അസംബ്ലിക്ക് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. അതേ സമയം യൂറോപ്യൻ യൂണിയൻ, നാറ്റോ സഖ്യ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ മുതലായവ ഈ വിഷയത്തിൽ കൂടുതൽ പരസ്പരം സഹകരിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.'  സൈബർ യുദ്ധം ചെറുക്കാൻ ലോക രാഷ്ട്രങ്ങൾ തമ്മിൽ ഉടമ്പടികളും നിയമങ്ങളും നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൈബർ സ്പേസിന്റെയും ഇൻറർനെറ്റിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് എല്ലാ രാഷ്ട്രങ്ങളുടെയും നിലനില്പിനും സാമ്പത്തിക ഭദ്രതയ്ക്കും ആവശ്യമാണ് എന്ന തത്വം ലോകരാഷ്ട്രങ്ങൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. ന്യൂക്ലിയർ ഭീഷണിയേക്കാളും വലിയൊരു ഭീഷണിയാണ് ഇന്ന് ലോകം നേരിട്ടുന്നത് എന്നത്  ആശങ്കാജനകമാണ്.  യു.എന്നിന്റെ നേതൃത്വത്തിൽ സൈബർ യുദ്ധങ്ങൾ ഒഴിവാക്കാൻ ലോക രാഷ്ട്രങ്ങൾ ശ്രമിക്കും എന്നു പ്രതീക്ഷിക്കാം. അതുപോലെ തന്നെ സൈബർ സ്പേസിൽ കൂടുതൽ സഹകരണവും ഉണ്ടാകും എന്നും പ്രതീക്ഷിക്കാം.
Join WhatsApp News
abdul punnayurkulam 2021-09-25 10:53:50
WOW! It's scary and amazing...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക