മുംബൈ: രാജ്യത്ത് ഹിന്ദു ജനസംഖ്യയെ മുസ്ലിങ്ങള്‍ മറികടക്കുമെന്ന് ചിന്ത തന്നെ വിഡ്ഢിത്തമെന്ന് നടന് നസറുദ്ദീന്‍ ഷാ. 'ലവ് ജിഹാദ്' എന്ന പ്ര?യോഗം ആ പദം ഉണ്ടാക്കിയവര്‍ക്ക് പോലും അറിവില്ലാത്തതാണെന്നും രാജ്യത്തെ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും എളുപ്പത്തില്‍ അവരെ കീഴടക്കാന്‍ കഴിയുമെന്ന് കൂടിയാണ് ഈ വാക്ക് കൊണ്ട് അതുണ്ടാക്കിയവര്‍ കരുതുന്നതെന്നും ബോളിവുഡ് താരം പറഞ്ഞു.
ഒരു ഹിന്ദു വിശ്വാസിയായ സ്ത്രീയെയാണ് താന്‍ വിവാഹം ചെയ്തത്. അതൊരു തെറ്റായി തോന്നിയിട്ടില്ലെന്നും പറഞ്ഞു. എന്റെ കുട്ടികളെ എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്. അവരേതെങ്കിലും പ്രത്യേക മതവിശ്വസത്തില്‍ പെടുന്നവരാകണമെന്ന് ഞങ്ങളവരോട് ഒരിക്കലും പറഞ്ഞിട്ടില്ല. പരമ്പരാഗത കെട്ടുപാടുകളില്‍ വളര്‍ന്ന് വിദ്യാഭ്യാമില്ലാത്ത തന്റെ അമ്മയ്ക്ക് പോലും ഒരാളുടെ മതം മാറ്റുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു എന്നും പറഞ്ഞു. ചെറുപ്പം മുതല്‍ ശീലിച്ചു വരുന്ന കാര്യങ്ങള്‍ ഒരാള്‍ക്ക് എങ്ങിനെ മാറ്റാന്‍ സാധിക്കും എന്നായിരുന്നു മാതാവ് ചോദിച്ചിരുന്നത്.
ഇപ്പോള്‍ രാജ്യത്ത് തീരുമാനങ്ങളെടുക്കുന്ന രീതിയില്‍ എനിക്ക് വലിയ രോഷമുണ്ട്. യുപിയില്‍ നടപ്പാക്കിയ ലൗ ജിഹാദ് നിയമം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഇല്ലാതാക്കാന്‍ കൊണ്ടുവന്നതാണെന്നും മറ്റു മത വിശ്വാസികളുമായുള്ള വിവാഹത്തിനപ്പുറത്ത് അവര്‍ തമ്മിലുള്ള ആശയ വിനിമയം പോലും ഉണ്ടാകരുത് എന്ന് കൂടി ലക്ഷ്യമിട്ടുള്ളതാണെന്നും മതത്തിന്റെ പേരിലുള്ള വിഭാഗീയതകള്‍ ഒരിക്കല്‍ ഇല്ലാതാകുമെന്നും പറഞ്ഞു.