Image

പാമ്പും കോണിയും: നിർമ്മല - നോവൽ - 63

Published on 11 September, 2021
പാമ്പും കോണിയും: നിർമ്മല - നോവൽ - 63

ആ ക്രിസ്തുമസ്സിന് ജിമ്മി ഗ്രഹാമിനെയും ഭാര്യയെയും ഡിന്നറിനു ക്ഷണിച്ചു. സായ് വിന്റെ എല്ലാ മര്യാദകളും പാലിച്ച് അയാൾ ഒഴിയുന്ന ഗ്ളാസ്സുകളിൽ അവർക്കു വിഞ്ഞൊഴിച്ചു. അവർ സംസാരിച്ചു ചിരിച്ചു. ഉഷയുടെ അറിവിലും കഴിവിലും അയാൾക്ക് അന്ന് അഭിമാനംതോന്നി. അവൾ രാഷ്ട്രീയത്തെപ്പറ്റി , കാലാവസ്ഥയെപ്പറ്റി , പുതിയ പാട്ടുകളെപ്പറ്റി ആഴമായ അറിവോടെ തന്റെ ബോസിനോടും ഭാര്യയോടും സംസാരിക്കുന്നത് ജിമ്മിക്ക് ഇഷ്ടപ്പെട്ടു.
അന്നുരാത്രി അയാൾ അധികാരത്തോടെ ഉഷയെ പ്രാപിച്ചു. അവളുടെ അഹംഭാവംനിറഞ്ഞ മുഖത്തെ അയാളോർത്തില്ല. ഉഷയ്ക്ക് ആദ്യമായി ജിമ്മിയോട് ബഹുമാനം തോന്നി. ബാംഗ്ലൂര്നിന്നും വരുമ്പോൾ ബസ്സിൽ ശല്യം ചെയ്യുന്ന മല്ലുകളെപ്പോലെയായിരുന്നു കിടപ്പറയിൽ ജിമ്മിയുടെ പെരുമാറ്റം. അറിയാത്ത മട്ടിൽ മുലയിലൊന്നു തൊടും. പിന്നെ കൈമാറ്റിയിട്ട് വയറത്ത് അറിയാത്തമട്ടിൽ ഉരുമ്മും. അപ്പോൾ ബസ്സിലെ ശല്യക്കാരോടു തോന്നുന്ന അറപ്പാ ഉഷയ്ക്കു തോന്നാറ് , അർഹിക്കാത്തതെന്തോ എടുക്കുന്നതുപോലെ, കട്ടുതിന്നുന്നതുപോലൊരു ഭാവം. ഈ ജിമ്മിയെ അവൾക്കിഷ്ടപ്പെട്ടു. ആത്മവിശ്വാസമുള്ള, മര്യാദകൾ അറിയാവുന്ന ജിമ്മി.
അവളുടെ മുലയിൽ വീണ്ടും വിരലോടിച്ച് അയാൾ ചോദിച്ചു.
- ഇതെന്താ ?
അവളും വിരലോടിച്ചു നോക്കി. എന്തോ കുരു വല്ലതുമാവും.
പിറ്റേന്നു കുളിക്കുമ്പോൾ അവൾ ഒന്നുകൂടി നോക്കി. പുറത്തേക്കു കാണാനില്ലാത്ത കുരുവിനെ ഉഷ വീണ്ടും വീണ്ടും തടവിനോക്കി .
 x       x       x      x

പുറത്ത് ഇരുട്ടു കനത്തുനിന്നു. വീടിനുള്ളിൽ ഒച്ചയൊന്നും ഇല്ലാതെയായിരിക്കുന്നു. ആദിത്യന് പെട്ടെന്നു മമ്മിയെ കാണന്നമെന്നു തോന്നി. അവൻ പതുക്കെ സാലിയുടെ മുറിക്കു നേരേ നടന്നു. അടഞ്ഞുകിടക്കുന്ന വാതിൽ തള്ളിത്തുറക്കാൻ പാടില്ല. അതു മര്യാദയല്ലെന്ന് ആദിത്യന്റെ മമ്മി പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആദിത്യൻ തിരിച്ചു സ്വന്തം കിടക്കയിലേക്കു പോയി. പക്ഷേ, വല്ലാത്തൊരു വിമ്മിട്ടം. മമ്മിയെ കണ്ടില്ലെങ്കിൽ കരഞ്ഞുപോകുമെന്നതു പോലെ. മമ്മിയെ ഒരു കൈകൊണ്ടു കെട്ടിപ്പിടിച്ച് ഒരു കാൽ മമ്മിയുടെ ഇടുപ്പിൽ കയറ്റി വെച്ച് ... ആദിത്യൻ പതുക്കെ കരയാൻ തുടങ്ങി. അപ്പോഴാണ് സാലി വാതിൽക്കൽ വന്നത്.
- എന്താ മോനെ ?
അതു കേട്ടതും ആദിത്യന്റെ കരച്ചിൽ തേങ്ങലായി.
- മമ്മി വേണം.
- ഉയ്യോ മമ്മി അങ്ങു ദൂരെയല്ലേ. ദേ സാലിആന്റി കൂടെ കിടക്കാം. മോനുറങ്ങിക്കോ.
സാലി അവന്റെകൂടെ കിടന്ന് ഇറുകെ കെട്ടിപ്പിടിച്ചു. ആദിത്യന്റെ നെഞ്ചിൽ വിമ്മിട്ടം കൂടുകയാണ്. മമ്മിയുടെയും ഡാഡിയുടെയും മുറിയിൽ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാം. നടുക്കു കയറിയങ്ങു കിടക്കുമ്പോൾ വന്നല്ലോ വഴക്കാളി എന്ന് അവരിലാരെങ്കിലും ചിരിച്ചു പറയും.
- ഞാൻ വിശാലിന്റെ കൂടെ കിടന്നോട്ടെ ?
അവൻ പതുക്കെ ചോദിച്ചു.
- സാലിആന്റിയുടെ കൂടെ കിടന്നാൽ പോരേ?
- എനിക്കു വിശാലിന്റെകൂടെ കിടക്കണം.
- എന്നാ വാ.
വിശാലും ഉറങ്ങിയിട്ടില്ലായിരുന്നു.
- മോനേ ദേ, ആദിത്യനു നിന്റെ കൂടെ കിടക്കണമെന്ന്.
വിശാൽ ഒരരികിലേക്കു മാറിക്കിടന്നു , അനുജനു ധാരാളം സ്ഥലം കൊടുത്തുകൊണ്ട്.
- എന്തിന്, ഈ ബെഡ്ഡിൽ സ്ഥലമില്ല. അവന് അവന്റെ സ്ഥലത്തു കിടന്നൂടേ?
എന്നൊന്നും വിശാൽ ബഹളം കൂട്ടാഞ്ഞപ്പോൾ ആദിത്യന് അത്ഭുതം തോന്നി. സാലി പോയിക്കഴിഞ്ഞപ്പോൾ ആദിത്യൻ വിറയ്ക്കുന്ന സ്വരത്തിൽ ചേട്ടനോടു ചോദിച്ചു:
- വീട്ടിച്ചെന്ന് എല്ലാരോടും പറയുമോ ?
- എന്ത്?
- ഞാൻ പേടിത്തൊണ്ടനാ , വിശാലിന്റെ കൂടെ കിടന്നെന്ന് .
- ഇല്ല .
- പ്രോമിസ് ?
- പ്രോമിസ് ! നീ വന്നതു നന്നായി. ഐ മിസ് ഹോം. ഐ വിഷ് വീ വേർ ഹോം റൈറ്റ് നൗ .
- ശരിക്കും? മീ റ്റൂ. ഇമാജിൻ ഇഫ് വീ കുഡ് ഫ്ലൈ ഔട്ട് ദി വിൻഡോ ആൻഡ് ലാൻഡ് ഇൻ അവർ  ബെഡ്സ്.
- യാ , ലൈക്ക് പീറ്റർ പാൻ.
അവർ കിടുകിടെ ചിരിച്ചു. പിന്നെയും മുറിയിൽനിന്നും ചിരിയും സംസാരവും ഒഴുകിവന്നു.
ഒടുക്കം ധൈര്യത്തോടെ ആദിത്യൻ പറഞ്ഞു:
- സാലിആന്റിക്ക് ഒരു വിയേർഡ് സ്മെല്ലാ .
- എനിക്കും ഇഷ്ടമില്ല. ഐ ലൈക്ക് മമ്മീസ് സ്മെൽ . ഐ ഡിഡിൻഡ് ലൈക്ക് ഹേർ സ്പഗേറ്റി സോസ് ഈതർ.
പിന്നെ കുറെനേരം അവർ സാലിആന്റിയുടെ വീട്ടിലെ ഇഷ്ടമില്ലായ്മകളെപ്പറ്റി അടക്കത്തിൽ സംസാരിച്ചു. കൈകൾ പരസ്പരം കോർത്ത് കാൽപാദങ്ങൾ പരസ്പരം പുറത്തു കയറ്റിവെച്ച് അവരുറങ്ങി, ചേട്ടനും അനുജനും, അമ്മ മരണത്തിലേക്കോ ജീവിതത്തിലേക്കോ നടന്നു പോകുന്നതെന്നു തിരിച്ചറിയാതെ. വഴക്കുകളൊക്കെ തീർത്ത് ഒരു പക്ഷേ, ജീവിതം മുഴുവൻ പരസ്പരം തുണയ്ക്കാനുള്ള മുന്നോടിയായി.
        തുടരും..
പാമ്പും കോണിയും: നിർമ്മല - നോവൽ - 63
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക