Image

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

Published on 30 August, 2021
 വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

ദുബായ് : യുഎഇയില്‍ വിസിറ്റ് വിസക്കാര്‍ക്കു പ്രവേശനം നല്‍കുന്നത് സാന്പത്തിക തകര്‍ച്ചയില്‍ കഴിയുന്ന വിമാനകന്പനികള്‍ക്കും ഹോട്ടല്‍ മേഖലക്കും , ട്രാവല്‍ ഏജന്‍സി മേഖലക്കും ഗുണകരമാകുമെന്ന് പ്രതീക്ഷയില്‍. യുഎഇയിലേക്ക് ഏറ്റവും അധികം യാത്രക്കാര്‍ സന്ദര്‍ശക വിസയിലെത്തുന്ന ഇന്ത്യ സെക്ടര്‍ തുറന്നു കിട്ടുന്നതിന് കാത്തിരിക്കുകയായിരുന്നു വ്യോമയാന മേഖലയും അനുബന്ധ സ്ഥാപനങ്ങളും.

കോവിഡ് രോഗബാധയില്‍ ചിറകറ്റ വ്യോമയാന മേഖല പ്രതീക്ഷയോടെ കാത്തിരുന്ന തീരുമാനമാണ് കഴിഞ്ഞദിവസം യുഎഇ അധികൃതരില്‍ നിന്നുമുണ്ടായത്. മഹാവ്യാധി പടരുകയും ലോക രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ സാന്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ പതിച്ചത് വ്യോമയാന മേഖലയും, ഹോട്ടല്‍ , ട്രാവല്‍ ഏജന്‍സി, ഹോളിഡേ കന്പനികള്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുമാണ്.

വിമാനകന്പനികള്‍ ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കി. ഹോട്ടലുകളും ട്രാവല്‍ ഏജന്‍സികളും അടച്ചുപൂട്ടി. സാന്പത്തിക പ്രതിസന്ധിയിലും അല്‍പം ആശ്വാസം നല്‍കിയിരുന്ന വന്ദേഭാരത് വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയതോടെയാണ് വന്‍ സാന്പത്തിക പ്രതിസന്ധി ഈ മേഖലകളില്‍ വന്നു കൂടിയത്. സന്ദര്‍ശക വിസയ്ക്ക് നാളെ മുതല്‍ അനുമതി നല്‍കുന്നതോടെ ഈ മേഖലകളില്‍ വീണ്ടും നൂറു കണക്കിന് തൊഴില്‍ അവസരങ്ങള്‍ സംജാതമാകുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് കാലയളവിന് മുന്‍പ് ഇന്ത്യ - മിഡില്‍ ഈസ്റ്റ് സെക്ടറില്‍ 33 ദശലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം യാത്ര നടത്തിയിരുന്നത്.







കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ നിന്ന 2021 ലെ ആദ്യ ആറു മാസത്തില്‍ പോലും ഇന്ത്യ - ദുബായ് സെക്ടറില്‍ 19 ലക്ഷം പേര്‍ യാത്ര നടത്തിയിരുന്നു. യുഎഇയിലേക്ക് സന്ദര്‍ശനത്തിനായി മാത്രം വരുന്നവരേക്കാള്‍ കുടുതല്‍ അവിടെ ജീവിക്കുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളുടെ യാത്ര തന്നെ വിമാന സഞ്ചാര മേഖലക്ക് വന്‍ സാന്പത്തിക ആശ്വാസമാണ് നല്‍കിയിരുന്നത്. യാത്ര നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയ തീരുമാനം വന്നതോടെ യുഎഇയിലെ വിവിധ മേഖലകളില്‍ വന്പിച്ച ഉണര്‍വ് പ്രകടമാകുമെന്നാണ് വ്യാപാര സമൂഹം പ്രതീക്ഷിക്കുന്നത്.


റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക