Image

ബ്രിട്ടന്‍ വ്യോമപാത തുറന്നു; ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി

Published on 06 August, 2021
 ബ്രിട്ടന്‍ വ്യോമപാത തുറന്നു; ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി


ലണ്ടന്‍: ഇന്ത്യക്കാര്‍ക്കായി ബ്രിട്ടന്‍ വ്യോമപാത തുറന്നു. ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയാണ് ബോറിസ് സര്‍ക്കാര്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. ഇവര്‍ വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇളവ് ലഭിക്കുകയെന്ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു.

ഓഗസ്റ്റ് എട്ടു മുതല്‍ വിമാനയാത്രക്ക് ഒരുങ്ങുന്നവര്‍ മൂന്നുദിവസം മുന്പ് കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും കോവിഡ് പരിശോധന തുടര്‍ന്നു നടത്തേണ്ടിവരും. പുതിയ പ്രഖ്യാപനം ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും ഏറെ അനുഗ്രഹമാവും.

ഇതുവരെ റെഡ് ലിസ്റ്റിലായിരുന്നു ഇന്ത്യ, ഖത്തര്‍, ബഹ്‌റെന്‍, യുഎഇ എന്നീ രാജ്യങ്ങളെ ഇപ്പോള്‍ യെല്ലേ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടന്‍ ഇളവ് പ്രഖ്യാപിച്ചത്. ഓസ്ട്രിയ, ജര്‍മനി, ലാത്വിയ, നോര്‍വേ, റെമേനിയ, സ്‌ളോവേനിയ, സ്‌ളോവാക്കിയ, തുടങ്ങിയ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റിലുള്ളത്.


ഓഗസ്റ്റ് 12 മുതല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ തുക 1750 പൗണ്ടും അധിക ആളുകളുടെ തുക 650 പൗണ്ടും ആയിരുന്നത് 2250 പൗണ്ടാക്കി ഉയര്‍ത്താനിരിയ്‌ക്കെ ഉണ്ടായ ഈ പ്രഖ്യാപനം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി വലിയ നേട്ടമാണ് ലഭിക്കുന്നത്.

അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റ് ഒമ്പതിനുള്ള ഡല്‍ഹി - ലണ്ടന്‍ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക