Image

കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ഇടയ നേതൃത്വത്തിന് യാത്രയയപ്പും സ്വാഗതവും

Published on 06 August, 2021
 കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ഇടയ നേതൃത്വത്തിന് യാത്രയയപ്പും സ്വാഗതവും


കോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ ആയി നാലര വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ഫാ.സിബി അറക്കലിന് യാത്രയയപ്പും, പുതിയ ചാപ്ലൈന്‍ ആയി ചുമതലയേറ്റ ഫാ. ജില്‍സണ്‍ കോക്കണ്ടത്തിലിന് സ്വീകരണവും ഓഗസ്റ്റ് ഒന്നാം തീയതി ഞായറാഴ്ച കോര്‍ക്ക് വില്‍ട്ടന്‍ പള്ളിയില്‍ വച്ചു നടന്നു. അന്നേ ദിവസം ഫാ. സിബിയും ഫാ. ജില്‍സണും സംയുക്തമായി വി. കുര്‍ബാന അര്‍പ്പിച്ചു.

വിശുദ്ധ കുര്‍ബാനക്കു ശേഷം കൈക്കാരനായ ഷിന്റ്റോ ജോസ്, ഫാ. ജില്‍സനെ കമ്മ്യൂണിറ്റിയുടെ പേരില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും അച്ചന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയുകയും ചെയ്തു.

തദവസരത്തില്‍ കോര്‍ക്ക് സീറോ മലബാര്‍സഭയുടെ ചാപ്ലിന്‍ ആയി തന്റെ നിസ്വാര്‍ത്ഥമായ സേവനം പൂര്‍ത്തിയാക്കിയ ഫാ.സിബിക്ക് കോര്‍ക്ക് കമ്മ്യൂണിറ്റിയുടെ പേരില്‍ കൈക്കാരന്‍ സോണി ജോസഫ് നന്ദി പറഞ്ഞു. സഭാ സമൂഹത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി അക്ഷീണമായി യത്‌നിച്ച ഫാ. സിബിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നല്‍കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ സമൂഹത്തില്‍ ചിലരുടെ പ്രവര്‍ത്തികള്‍ മൂലം അച്ചന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ പ്രതിനിധിയായി സോണി ജോസഫ്, സിബിയച്ചനോട് മാപ്പുചോദിച്ചു.



കൈക്കാരന്‍ ഡിനോ ജോര്‍ജ്, ഫാ. സിബിയെയും ഫാ. ജില്‍സനെയും ബൊക്കെ നല്‍കി ആദരിച്ചു. ഫാ. സിബി കോര്‍ക്ക് & റോസ് രൂപതയിലെ തന്റെ സേവനം തുടരുന്നതാണ്. മാനന്തവാടി രൂപതയില്‍പെട്ട ഫാ. ജില്‍സണ്‍ കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ അഞ്ചാമത്തെ ചാപ്ലിന്‍ ആണ്. മാനന്തവാടി മൈനര്‍ സെമിനാരിയുടെ റെക്ടര്‍ ആയും, രൂപതയുടെ ഫിനാന്‍സ് ഓഫീസര്‍ ആയും ഫാ. ജില്‍സണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോര്‍ക്ക് സീറോ മലബാര്‍ സഭക്ക് ഫാ. സിബി ചെയ്ത സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ബിഷപ്പ് മാര്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെയും, നാഷണല്‍ കോര്‍ഡിനേറ്ററായ ഫാ. ക്ലെമെന്റ്‌റിന്റ്‌റെയും സന്ദേശങ്ങള്‍ ഫാ. ജില്‍സണ്‍ അറിയിച്ചു. ഫാ. ജില്‍സനെ തന്റെ വ്യക്തിപരമായ മെസ്സേജിലൂടെയാണ് ബിഷപ്പ് സ്വാഗതം ചെയ്തത്.

തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ ഫാ. സിബി, ഫാ. മൈക്കിള്‍ ഓ' ലെയറി (എസ്എംഎ വില്‍ട്ടന്‍, പാരിഷ് പ്രീസ്‌റ്) എന്നിവരുടെ സാന്നിധ്യത്തില്‍ ഫാ. ജില്‍സണ്‍ കുടുംബ കൂട്ടായ്മയില്‍ നിന്നുള്ള പ്രതിനിധികളെയും, അള്‍ത്താരബാലന്മാരെയും, ഗാന ശുശ്രുഷകരെയും നേരില്‍ കണ്ടു സംസാരിച്ചു. ഏവരും കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ പേരില്‍ ഫാ ജില്‍സണ് ഹാര്‍ദ്ദവമായ സ്വാഗതവും, ഫാ സിബിയുടെ കഴിഞ്ഞകാല സേവനത്തിനു ഹൃദയംഗമായ നന്ദിയും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക