Image

കുവൈറ്റില്‍ 'സുകൃത പാത' ഓഗസ്റ്റ് ഒന്നിന്

Published on 31 July, 2021
 കുവൈറ്റില്‍ 'സുകൃത പാത' ഓഗസ്റ്റ് ഒന്നിന്


കുവൈറ്റ്: പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവാ അനുസ്മരണവും, സെന്റ് തോമസ് മിഷന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി പരി. പൗലോസ് ദ്വിതീയന്‍ ബാവായുടെ നാമധേയത്തില്‍ നടപ്പാക്കുന്ന ചികിത്സാ പദ്ധതികളുടെ ഉത്ഘാടനവും പാത്താമുട്ടം സ്‌തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ നടക്കും.

കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് സമൂഹം ഉള്‍പ്പെടുന്ന കല്‍ക്കത്താ ഭദ്രാസനത്തിന്റെ കീഴിലുള്ള ഭിലായി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മിഷന്റെ ആഭിമുഖ്യത്തില്‍ `സുകൃത പാത`യെന്ന പേരില്‍ ഓഗസ്റ്റ് ഒന്നിനു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനു ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ രചിച്ച `ക്രിസ്ത്യന്‍ മിഷന്‍ പഠന`ങ്ങളെക്കുറിച്ചുള്ള ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മവും മാര്‍ത്തോമാ മെത്രാപ്പോലീത്ത നിര്‍വഹിക്കും.


മലങ്കര സഭയുടെ സിനഡ് സെക്രട്ടറിയും ചെന്നൈ-കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, കല്‍ക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സാമൂഹ്യ-സാമുദായിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കോവിഡ്-19 പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന സമ്മേളനം തല്‍സമയം കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായും സംഘാടക സമിതിക്കുവേണ്ടി സെന്റ് തോമസ് മിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക