Image

ഡെല്‍റ്റ വകഭേദം ലോകമാകെ പടരുന്നു

Published on 31 July, 2021
 ഡെല്‍റ്റ വകഭേദം ലോകമാകെ പടരുന്നു


ജനീവ: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ലോകത്താകമാനം അതിവേഗം പടരുന്നു. 124 മേഖലകളില്‍ പടര്‍ന്നു കഴിഞ്ഞതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. വരും മാസങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടാകുക ഈ വകഭേദം കാരണമായിരിക്കുമെന്നാണ് വിലയിരുത്തല്‍.യൂറോപ്പിലും പശ്ചിമ പസഫിക് മേഖലയിലുമാണ് ഡെല്‍റ്റ വകഭേദം ഇപ്പോള്‍ കൂടുതലായി പടര്‍ന്നിട്ടുള്ളത്.

അതേസമയം, ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയാന്‍ ഊര്‍ജിത ശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും (ഇസിഡിസി).ആവശ്യപ്പെട്ടു. യൂറോപ്യന്‍ മേഖലയില്‍ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആഹ്വാനം.

ജൂണ്‍ 12 മുതല്‍ ജൂലൈ 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പിലെന്പാടും ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും ഇസിഡിസിയും വ്യക്തമാക്കി. പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മോഡേണ വാക്‌സിന്‍ ഉപയോഗം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ശിപാര്‍ശ ചെയ്തു. പതിനെട്ട് വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ആദ്യമായാണ് മോഡേണ കോവിഡ് വാക്‌സിന്‍ അംഗീകരിക്കുന്നത്. നൂറ് മില്യണില്‍ പരം ഡോസ് മോഡേണ വാക്‌സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

വാക്‌സിന്‍ കൗമാരക്കാരിലും രോഗപ്രതിരോധത്തിന് ഫലപ്രദമാണെന്നാണ് കന്പനി അവകാശപ്പെടുന്നത്. എന്നാല്‍ മോഡേണ, ഫൈസര്‍ വാക്‌സിനെടുത്ത കുട്ടികളില്‍ അപൂര്‍വുമായി നെഞ്ചുവേദനയും ഹൃദയവീക്കവും ഉണ്ടായതായി യൂറോപ്യന്‍ അമേരിക്കന്‍ റെഗുലേറ്റര്‍മാര്‍ ചൂണ്ടികാട്ടുന്നു. ഇരു വാക്‌സിനുകളും ആറ് വയസ് മുതല്‍ പതിനൊന്ന് വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ടെസ്‌ററിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗത്തിന് ചെറിയ ഡോസുകളാണ് ഉപയോഗിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ പലയിടത്തും രണ്ട് ശതമാനമാനത്തില്‍ താഴെയാണ് വാക്‌സിനേഷന്‍ നിരക്ക്. ഓരോ രാജ്യത്തെയും അപകടസാധ്യത കുറഞ്ഞ ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതിന് മുന്പ് ഇത്തരം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ലോകാരോഗ്യ സംഘടന സന്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ഹെല്‍ത്ത് പാസ്, നിര്‍ബന്ധിത വാക്‌സിനേഷന്‍ എന്നിവയ്‌ക്കെല്ലാമെതിരേ ജനരോഷമുയരുന്നു.

ഹെല്‍ത്ത് പാസിനെതിരേയാണ് ഫ്രാന്‍സില്‍ പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഇറ്റലിയില്‍ പൊതുജീവിതം സാധാരണനിലയിലാകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയാണ് എതിര്‍പ്പിനു കാരണം.

ഗ്രീസില്‍ നിര്‍ബന്ധിത വാക്‌സിനേഷനെതിരേ നാലായിരത്തോളം പേര്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജര്‍മനിയിലും സമാന പ്രക്ഷോഭം അരങ്ങേറി.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക