Image

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

Published on 31 July, 2021
മറക്കാനൊരു കാലം (കവിത: ആറ്റുമാലി)
മനസ്സുകൊണ്ടെങ്കിലും
മാനത്തെ നീലിമയില്‍
ഞാന്‍ നീന്തിത്തുടിച്ചു.
വെയിലില്‍ തിളങ്ങുന്ന
വെള്ളിമേഘങ്ങള്‍
സഹര്‍ഷം എന്നെ കൂടെക്കൂട്ടി.
മലമേലെ മരത്തിന്‍ ചില്ലകള്‍
മാനത്തെ മുത്താന്‍ മല്ലടിക്കുന്നു.
പ്രപഞ്ചം മുഴുവന്‍ കീഴടക്കി
കൃഷ്ണപ്പരുന്തുകള്‍ ചുറ്റിപ്പറക്കുന്നു.
ചുറ്റോട് ചുറ്റുമുള്ള പച്ചപ്പ്
ഇളംകാറ്റില്‍ നൃത്തം പഠിക്കുന്നു.
കാണാക്കുയിലുകള്‍ കാടത്രയും
മധുരം പാടി നിറയ്ക്കുന്നു.
മാന്‍പേടകളും കാട്ടുമുയലുകളും
ഓടിയും ചാടിയും കര്‍മ്മനിരതരാകുന്നു.
അരികിലെ തെളിനീര്‍ച്ചോലയില്‍
ആയിരം വെള്ളാമ്പലുകള്‍ പൂചൂടുന്നു.
അരയന്നപ്പിടകള്‍ പ്രേമപരവശരാകുന്നു.
പുല്‍ച്ചെടിത്തുമ്പിലും പൂമരക്കൊമ്പിലും
മലമുകളിലും മേലേ മാനത്തും
സ്‌നിഗ്ധ സൗന്ദര്യം പുരളുന്നു.
ഇന്നലെ, നെടുവീര്‍പ്പില്‍ മുങ്ങി
നൊമ്പരങ്ങളെ തലോടുകയായിരുന്നു.
കാലാകാലങ്ങളിലേറ്റ മുറിവുകളെ
എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു!
ഇന്ന് ഒടുങ്ങാത്ത സമൃദ്ധിയുടേയും
സൗന്ദര്യത്തിന്റേയും നിറവില്‍!
ഇപ്പോഴും ചോര പൊടിയുന്ന
മനസിലെ മുറിവുകളെ ഞാന്‍ മറന്നു.
ഇന്നും പട്ടിണിയാണെന്നതും മറന്നു
അവാച്യമായ ഒരു ലഹരിയുടെ
നിറവില്‍ മനസ് നൃത്തംവയ്ക്കുന്നു;
പ്രകൃതി തുളുമ്പെ വിളമ്പുന്ന
അഭൗമ സൗന്ദര്യ ലഹരിയില്‍
ഞാന്‍ മറ്റെല്ലാം മറക്കുന്നു.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക