Image

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

Published on 31 July, 2021
ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )
രാവിലെ ഓഫീസിൽ എത്തിയതും , തലേരാത്രി എന്തൊക്കെയോ ചിന്തിച്ചുകൂട്ടിയതോർത്തപ്പോൾ ആമോദിനിക്ക് ഒരുപാട് വല്ലായ്ക തോന്നി.
ഇത്ര നിസാരയായിരുന്നോ താൻ എന്നൊരു വൈക്ലബ്യവും.. 
ഒരു പക്ഷെ, അപ്രതീക്ഷിതമായി വീണ്ടും അനിരുദ്ധിനെ കണ്ടപ്പോൾ പഴയ കാലങ്ങളുടെ പിൻഫലം അറിയാതെ ഉയിർക്കൊണ്ടതായിരിക്കും . ആമോദിനി ജോലിയിലേയ്ക്ക് മുഖം താഴ്ത്തി.
ചെന്നൈയിലെ ഉന്നതനിലയിൽ പ്രവർത്തിക്കുന്ന ചില മൾട്ടിനാഷണൽ കമ്പനികളുടെ വെൽത് മാനേജ്മെന്റ് കൈവന്നാൽ, തന്റെ ബാങ്കിനത് ഗുണം ചെയ്യും. അതിനും മിസ്സ്. അമേലിയ  ബ്ലോസ്സം തന്നെയാണ് പറ്റിയ ആൾ എന്ന് തോന്നുന്നു. അവളുടെ ബയോ ഡാറ്റ ഒന്നുകൂടി നോക്കണം . ചിലരെ ഒറ്റ നോട്ടത്തിൽ കാണുമ്പോഴേക്കും മനസ്സിലാകും അവർ എന്തൊക്കെയാണെന്ന്.
( ചില അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് .. എന്നാലും . ) 
അമേലിയയുമായി ആദ്യത്തെ  മീറ്റിംഗ് . 
താൻ പറഞ്ഞത് അവൾ കേട്ടിരുന്നു. 
എന്നാൽ കമ്പനി മേലാളൻമാരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ താനും കൂടെ ഉണ്ടാകണം എന്ന് അവൾ  നിർബന്ധം പറഞ്ഞു.
തീർച്ചയായും , ഇവിടുത്തെ വമ്പൻ സ്രാവുകളെയൊക്കെ ഒന്ന് നേരിൽ കാണാമല്ലോ. അപ്പോയ്ന്റ്മെന്റ്  ഫിക്സ് ചെയ്തോളു..
ആമോദിനി പറഞ്ഞു 
അടുത്ത ആഴ്ച , നമുക്ക് വേണാട് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി .ഇ. ഒ യെ കാണാം ,  അദ്ദേഹത്തിന് ഒരെഴുപതു  വയസ്സിനുമേലെ പ്രായം കാണും . ഒരിക്കൽ കണ്ടിട്ടുണ്ട്  കേരള ഒറിജിൻ ആണ് ഇവർ , പക്ഷെ മൂന്ന് ജനറേഷൻ ആയി ഇവിടെ ആണ് . ഫൈനാൻഷ്യലി സ്ട്രോങ് ,
എന്നാലും ഒരു ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യാം ..

അവളുടെ കാര്യപ്രാപ്തിയിൽ മതിപ്പു തോന്നി. ഇനി വിശ്വാസയോഗ്യത അത് കാലം തെളിയിക്കണം . മനുഷ്യരെ ഒന്നുകിൽ പൂർണമായും വിശ്വസിക്കണം , അല്ലെങ്കിൽ അവിശ്വസിക്കണം . രണ്ടിന്റെയും നടുവിൽ പറ്റില്ല . 
ചിലപ്പോൾ ഓർക്കും . 
മുന്നിൽ നിന്നുള്ള ശത്രുവിന്റെ വാളിനെ മറന്നാലും പിന്നിൽ നിന്നും കുത്താൻ ശ്രമിക്കുന്ന ദ്രോഹിയുടെ കഠാരമുനയെ മറന്നു പോവാതെ ജാഗ്രതയോടെയിരിക്കണം എന്ന് . പക്ഷെ എന്തുകൊണ്ടോ  അത് തനിക്കാവുന്നില്ല .

ലഞ്ച് സമയം ആയി , കുറച്ചു കഴിഞ്ഞിട്ട് പോകാം ഫുഡ് കോർട്ടിലേക്ക് എന്ന് തീരുമാനിച്ചു. .
ഒട്ടും വിശപ്പു തോന്നുന്നില്ല . രാവിലെ അൻപ് ഉണ്ടാക്കിത്തന്ന  ഇഡ്ഡലി ഇനിയും ദഹിച്ചിട്ടില്ല .
പിന്നെ കൂടെക്കൂടെ ഉള്ള കാപ്പികുടിയും വിശപ്പ് കെടുത്തി .

മാധവിന്റെ മെസ്സേജിന് രണ്ടു ദിവസമായി മറുപടി കൊടുത്തിട്ട്. മൗസുമിയെ  ദിനവും വിളിക്കുന്നതിനാൽ വിവരങ്ങൾ ഒക്കെ അറിയിന്നുണ്ടായിരിക്കും .
മെസ്സേജ് അയക്കാൻ നോക്കാതെ അയാളെ അവൾ വിളിച്ചു .
" ദിനി, സുഖമാണോ ?"
" അതെ , വാട്ട് എ ബൗട്ട് യു ?"
" എന്താണെന്ന് അറിയില്ല , മോളുടെ വിചാരം എന്നെ വല്ലാതെ അലട്ടുന്നു. ഞാൻ ഒരാഴ്ച ലീവ് എടുക്കാൻ പോകുന്നു .
മൗസൂ  ഒരാഴ്ച എന്റെ കൂടെ നിൽക്കട്ടെ , "
ഞാൻ അവളോടൊന്നുചോദിക്കട്ടെ ..
ആൾ റെഡി. ഞാൻ ചോദിച്ചു .
അവൾ ആവേശത്തിലാണ്. സ്കൂൾ തുറന്നാൽ പിന്നെ വെക്കേഷൻ വരെ വെയ്റ്റ് ചെയ്യേണ്ടേ ?" 
ശരിയെന്നു പറഞ്ഞു ഫോൺ വെച്ചപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വ്യാകുലം നെഞ്ചിലുറവയെടുത്തു.
അവൾ ഇല്ലാതെ ഒരാഴ്ച .
ശൂന്യത തന്നെ വേട്ടയാടും അത് ഉറപ്പാ , പക്ഷെ വേറെ വഴിയില്ലല്ലോ..

നേരം രണ്ടാകുന്നു.  ഇനിയും താമസിച്ചാൽ ഉച്ചഭക്ഷണം കിട്ടില്ല .
ഫുഡ് കോർട്ട് ഏറെക്കുറെ കാലിയാണ് .
തന്റെ പതിവ് മെനു വാങ്ങി ഒരു കോണിൽ പോയിരുന്നു.
ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ 
പെട്ടെന്നാണ് ,  അനിരുദ്ധ്   ദൂരെ ഒരു ടേബിളിനരികെ ഇരിക്കുന്നത് കണ്ടത് .
അയാൾ ഭക്ഷണം കഴിച്ചിട്ട് എഴുന്നേൽക്കുന്നു . തിരിഞ്ഞതും  കണ്ണ് തറച്ചത് തന്റെ മുഖത്തു തന്നെ . ഈ രൂപത്തിൽ അയാൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു .
ഓ ഭാഗ്യം ! 
അനിരുദ്ധ് നടന്നു നീങ്ങുന്ന ആ ഭാഗത്തേക്ക് ശ്രദ്ധിക്കാതെയിരുന്ന്, ജ്യൂസ് കുടിക്കാൻ തുടങ്ങി .
ഒരിക്കലും മറക്കില്ല എന്ന് കരുതിയവർ .
കാലങ്ങൾക്കുശേഷമെങ്കിലും
നേരിൽ കണ്ടിട്ടുപോലും  മനസ്സിലാകുന്നില്ല .


ഭക്ഷണം കഴിഞ്ഞു ട്രെയ് വെക്കാൻ തുടങ്ങിയപ്പോൾ അനിരുദ്ധ് മുൻപിൽ .
ഒരു ചെറു പുഞ്ചിരി കൊടുക്കാൻ വൃഥാ ശ്രമിച്ചു .
ആമോദിനി അല്ലെ ?
അതെ എന്ന് തലയാട്ടി .
ഞാൻ അനിരുദ്ധ് .
മനസ്സിലായി..
താൻ ആകെ മാറിപ്പോയിരിക്കുന്നു .
ഒന്ന് രണ്ടു പ്രാവശ്യം , തന്നെ ഞാൻ കണ്ടിരുന്നു . പക്ഷെ ...
അനിരുദ്ധും മാറിയിരിക്കുന്നു..
തനിക്ക് എന്നെ മനസ്സിലായെങ്കിൽ പിന്നെ എന്താ സംസാരിക്കാതെയിരുന്നത് ?
എന്താണ് ഉത്തരം കൊടുക്കേണ്ടത് എന്ന് ആലോചിച്ച് അങ്ങനെനിന്നു പോയി .
എനിക്ക് രണ്ടരയ്ക്ക് ഒരു മീറ്റിംഗ് ഉണ്ട് .അത് തീർത്തിട്ട് ഞാൻ വരാം തൻ്റെ ഓഫീസിലേക്ക് .
ഇന്ന് വേണ്ട , മറ്റൊരു ദിവസം ആകാം . 
" ഓ നോ പ്രോബ്ലം "
 
രണ്ടു പേരും ഒന്നിച്ചാണ് ലിഫ്റ്റിൽ കയറിയത് .
അനിരുദ്ധ് തന്നെ അടിമുടി നോക്കുന്നുണ്ട് എന്ന് ആമോദിനിക്കു മനസ്സിലായി . പക്ഷെ അവത് അറിയുന്നില്ലെന്ന ഭാവത്തോടെ നിന്നു. നിശബ്ദത അവർക്കിടയിൽ നിറഞ്ഞു .
തൻ്റെ ഫ്ലോർ എത്തിയപ്പോൾ ഒരു നനഞ്ഞ പുഞ്ചിരി സമ്മാനിച്ച് അവൾ ഇറങ്ങി .
പതിഞ്ഞ ശബ്ദത്തിൽ 
ബൈ, എന്നയാൾ പറഞ്ഞു .
നടന്നുപോകുന്നതിന്നിടയ്ക്കിടെ ഓർക്കുമ്പോഴും,
വിധിയുടെ തീപ്പൊള്ളലുകളേറ്റ് പിടയുമ്പോഴും,
സ്നേഹിച്ചതു കൊണ്ടു മാത്രം
തോല്പ്പിക്കപ്പെട്ടയിടങ്ങളിൽ നിന്നിറങ്ങി പോരുമ്പോൾ
വെറുതെ ചിരിക്കണം... 
ആ ചിരിയാണ് ആമോദിനി അയാൾക്ക് സമ്മാനിച്ചത് .

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ മൗസൂ  മുംബൈ യാത്രയ്ക്ക് തയ്യാറായി ഉൽസാഹം കൊണ്ടിരിക്കുന്നു .
മനസ്സിൽ വല്ലാത്ത വിഷമം വരുന്ന പോലെ.
അവളെ പിരിഞ്ഞു  തനിയെ ഈ വീട്ടിൽ ..
മാധവിന്റെ കൂടെ ആയിരുന്നപ്പോൾ , കുറച്ചു ദിവസം  ജോലിക്കാര്യത്തിനായി വിട്ടു നിന്നിട്ടുണ്ട് .
കുറെ വർഷങ്ങൾക്ക് മുൻ പാണത്. പിന്നീടൊരിക്കലും
മൗസൂ കൂടെയില്ലാതെ ഇരുന്നിട്ടില്ല . ചിലപ്പോൾ ഓർക്കും , അവളാണ് തന്റെ ബലം എന്ന് .. ജീവിക്കാനും  സന്തോഷിക്കാനും ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്നും 
തന്നിലേക്ക് വന്നു വീണ മഞ്ഞുനീർകണം. 
തന്നെ തിരിഞ്ഞു നോക്കിയെണ്ണിപ്പെറുക്കി ഇണങ്ങിയും പിണങ്ങിയും കൊഞ്ചിയും , കൊഞ്ചിച്ചും  കണ്ണുകൾ മുത്തംകൊണ്ട് നിറച്ചും മെല്ലെ ആ മുടികളിൽ വിരലുകൾ ഓടിച്ചും ഇരിക്കേ തന്റെ മടിയിൽ തലവെച്ചുറങ്ങിപ്പോയ  അവളെ വാത്സല്യത്തോടെ  നോക്കി ആമോദിനി നെടുവീർപ്പിട്ടു . 
ഈ ആനന്ദമൊക്കെ എത്ര നാൾ തനിക്കു സ്വന്തമായിരിക്കും.
അവൾ വളരുകയാണ് . 
ഇതാ തനിയെ അച്ഛനെ കാണാൻ പുറപ്പെടുന്നു .

ആമോദിനിക്ക് താൻ തനിച്ചായതുപോലെ തോന്നി.
എല്ലാ സ്നേഹങ്ങളും അങ്ങനെതന്നെയാണ്. സ്നേഹമെന്നാൽ പൊതിഞ്ഞു നിൽക്കുന്ന സങ്കടവും കൂടിയാണ്.
അരുമയായി ഉറങ്ങുന്ന മകളെ നോക്കുമ്പോഴേക്കും ആമോദിനിയുടെ ഹൃദയം നോവാൻ തുടങ്ങി. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു.
                തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക