Image

സമീപത്തെ വീട്ടില്‍ താമസമാക്കി രഖില്‍ പിന്തുടര്‍ന്നത് മാനസ അറിഞ്ഞില്ല

Published on 31 July, 2021
  സമീപത്തെ വീട്ടില്‍ താമസമാക്കി  രഖില്‍ പിന്തുടര്‍ന്നത് മാനസ അറിഞ്ഞില്ല


കോതമംഗലം: കോതമംഗലം നെല്ലിക്കുഴിയിലെ കൊലപാതകം ഞെട്ടലോടെയാണ് ഇന്നലെ മലയാളികള്‍ കേട്ടത്. കൊല്ലപ്പെട്ട മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക. 

മാനസയുടേയും രഖിലിന്റേയും ബന്ധുക്കള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകര്‍ന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന്കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ  ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി എന്നത് പൊലീസ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. 
സാധാരണക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്ത, സൈനികര്‍  മാത്രം ഉപയോഗിക്കുന്ന തോക്കാണ് 7.62 എം.എം. പിസ്റ്റളെന്നും വിദഗ്ധര്‍ പറയുന്നു. ഇത് ഉപയോഗിച്ച്‌ ഏഴ് റൗണ്ട് വരെ വെടിയുതിര്‍ക്കാമെന്നാണ് പൊലീസ് പറയുന്നത്.

 രണ്ടിടത്താണ് മാനസയ്ക്ക് വെടിയേറ്റത്. നെഞ്ചിലും തലയിലും. ഒരു വെടിയുണ്ട തലയോട്ടിയില്‍ തുളച്ചുകയറി. തലയോട്ടിയില്‍ എന്‍ട്രി മുറിവും, എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെടിയുണ്ട തലയോട്ടിയിലൂടെ തുളച്ചുകയറി പുറത്തേക്ക് പോയിട്ടുണ്ട്. പിന്നീടാണ് നെഞ്ചില്‍ വെടിയേറ്റത്. മാനസ മരിച്ചെന്ന് ഉറപ്പിച്ചതിനു പിന്നാലെ രാഖിൽ  സ്വയം വെടിവയ്ക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചുകഴിഞ്ഞിരുന്നു.

സംഭവത്തിന്റെ ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥിനികള്‍, കോളജിലെ സഹപാഠികള്‍ അടക്കമുള്ളവരില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ശേഖരിക്കും. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലാണ് അരുംകൊല നടന്നത്. 24 കാരി  മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രഖില്‍ സ്വയം വെടിവച്ച്‌ മരിക്കുകയായിരുന്നു . 

 മാനസയെ കൊലപ്പെടുത്തിയത് ഒരുമാസത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനുശേഷമാണെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. മാനസ പഠിച്ചിരുന്ന കോളജിന്റെ അടുത്തുതന്നെ രഖില്‍ വാടകയ്ക്ക് മുറിയെടുത്തു. ഇവിടെനിന്ന് നോക്കിയാല്‍ മാനസ കോളജിലേക്ക് പോവുന്നതും ക്ലാസ് കഴിഞ്ഞ് തിരികെ മടങ്ങുന്നതും രഖിലിന് കാണാന്‍ സാധിക്കുമായിരുന്നു.

മാനസ പേയിങ് ഗസ്റ്റായി  താമസിച്ചിരുന്ന വീടിന് 100 മീറ്റര്‍ അടുത്ത് തന്നെയാണ് രഖിലിന്റെയും മുറി. ഇങ്ങനെ മാനസയുടെ ഓരോ നീക്കവും രഖില്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു. അതിനുശേഷമാണ് മുന്‍കൂട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ മാനസയ്ക്ക് ഇന്നലെ ക്ലാസുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കോളജിനു സമീപം വാടകയ്‌ക്കെടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയില്‍നിന്നും മാനസ പുറത്തുപോയിട്ടില്ലെന്ന് രഖില്‍ ഉറപ്പാക്കി. അതിനുശേഷമാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തുന്നതും കൊല നടക്കുന്നതും.

  വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രഖില്‍ എത്തുന്നത്. യുവാവിനെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. ക്ഷോഭിച്ചതിന് പിന്നാലെ യുവാവ് മാനസയെ പിടിച്ചുവലിച്ച്‌ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ പോയെങ്കിലും ഇതിനിടെ മുറിയില്‍ നിന്ന് വെടിയൊച്ച കേട്ടു. ഉടന്‍തന്നെ ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മാനസയെയും രഖിലിനെയുമാണ് കണ്ടത്.

രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകള്‍നിലയിലേക്ക് ഓടിയെത്തി. ചോരയില്‍ കുളിച്ചുകിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവര്‍ മുറിയില്‍ കണ്ടത്. 

രഖിലിനെക്കുറിച്ച്‌ മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.

പ്രതി ദിവസങ്ങള്‍ക്ക് മുമ്ബ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്ബനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന. 

രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു, വിടുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പോലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. 

കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രഖില്‍ കോതമംഗലത്ത് എത്തിയതെന്നു പോലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക