Image

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

Published on 25 July, 2021
സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)
ശ്രീരാമൻ എന്നാൽ, അച്ഛനെ അളവറ്റു സ്നേഹിക്കുന്ന പുത്രൻ എന്ന സങ്കൽപ്പമാണ് ഉള്ളിലേയ്ക്ക് ആദ്യമെത്തുന്നത്. അച്ഛൻ്റെ ഒരു വാക്കാൽ ഈ ലോകം തന്നെ ഉപേക്ഷിക്കാൻ തയ്യാറാവുന്ന പുത്രനാണ് ശ്രീരാമൻ. മാതാപിതാക്കളോട് മര്യാദയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന മക്കളുടെ എണ്ണം വളരെക്കുറഞ്ഞു വരുന്ന ഈ കാലത്ത് രാമൻ്റെ അനുസരണശീലവും അച്ഛനോടുള്ള വിധേയത്വവും ഇന്നത്തെ പുതുതലമുറയ്ക്ക് വെറും കഥയായ് തോന്നാം.

ഭരതനെ രാജാവായ് അഭിഷേകം ചെയ്യണമെന്നും രാമൻ, പതിന്നാലു സംവത്സരം വനവാസത്തിനായ് പോകണമെന്നുമുള്ള രണ്ടു വരങ്ങൾ കൈകേയി ആവശ്യപ്പെടുമ്പോൾ തകർന്നടിയുകയാണ് പുത്രവാത്സല്യനിധിയായ ദശരഥൻ എന്ന പിതാവിൻ്റെ മനവും തനുവും. താൻ ഏറ്റവും സ്നേഹിക്കുന്ന രാമകുമാരനോട് ഇതെങ്ങനെ പറയും, എന്നദ്ദേഹം വിലപിക്കുമ്പോൾ , താ തനെ കാണാനെത്തുന്ന രാമനോട് അച്ഛൻ്റെ ദു:ഖകാരണം 'നീ തന്നെ 'യാണ് എന്നു വ്യക്തമാക്കുന്നത്.

' പുന്നാമമാകും നരകത്തിൽ നിന്നുടൻ
തന്നുടെ താതനെ ത്രാണനം ചെയ്കയാൽ
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത_
പത്രസമുത്ഭവനെന്നതറിക നീ '
എന്നും തൻ്റെ വാദത്തെ ശക്തിപ്പെടുത്താനായി കൈകേയി പറയുന്നുണ്ട്. ഇത്രയേറെ പറഞ്ഞ് അമ്മ കഷ്ടപ്പെടേണ്ട കാര്യമില്ല എന്നാണ് അതിനു മറുപടിയായ് രാമൻ പറയുന്നത്.
താതാർത്ഥമായിട്ട് ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതിനതിനില്ല സംശയം... എന്നും അതുകൊണ്ടൊന്നും തൻ്റെ മനസ്സിൽ
ഖേദമുണ്ടാവുകയില്ലെന്നും
രാമൻ ഉറച്ച ശബ്ദത്തിൽ പറയുന്നു.

രാമായണത്തിൽ ശ്രീരാമൻ്റെ സഹോദര സ്നേഹം വെളിവാക്കുന്ന അനേകം സന്ദർഭങ്ങളുണ്ട്. സന്തത സഹചാരിയായ സഹോദരൻ ലക്ഷ്മണനോടാണ് കൂടുതൽ മമതയെങ്കിലും തൻ്റെ പട്ടാഭിഷേകം മറികടന്ന് അനുജൻ ഭരതനെ രാജാവായ് വാഴിക്കുന്നതിൽ തെറ്റോ അസ്വാഭാവികതയോ രാമൻ കാണുന്നില്ല.

 'രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ,
രാജ്യമുപേക്ഷിപ്പതിനു ഞാനും മതി'
എന്ന് ഭരതൻ്റെ പട്ടാഭിഷേകത്തെ രാമൻ ന്യായീകരിക്കുന്നുമുണ്ട്.
ലോകതത്വങ്ങൾ ഇത്രയേറെ പറഞ്ഞു വെച്ച മറ്റൊരു കൃതി ലോകത്തിൽ വേറെയുണ്ടോ എന്നു സംശയം. അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശം ഉദാഹരണമായെടുക്കാം.

'ലക്ഷ്മിയുമ സ്ഥിരയല്ലോ മനുഷ്യർക്കു
നിൽക്കുമോ യൗവ്വനവും
പുനരധ്രുവം?
സ്വപ്നസമാനം കളത്ര സുഖം നൃണാം
അല്പായുസ്സും നിരൂപിക്ക
ലക്ഷ്മണാ..

രാമ രാവണയുദ്ധവിജയത്തിനു ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തി രാജാവാകുന്ന രാമൻ ജനഹിത 'ത്തിൻ്റെ പേരിൽസീതയെ വനത്തിൽ ഉപേക്ഷിക്കുന്നതിന്, ചില ന്യായവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, സാധാരണ മനുഷ്യൻ്റെ ബോധതലത്തിൽ ഒരിക്കലുംയോജിക്കാനാവാത്ത ഒരു കാര്യമായാണ് തോന്നിയിട്ടുള്ളത്. സർവ്വോത്തമനായ ശ്രീരാമനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കുവാനാകാത്ത പ്രവൃത്തി.ജാനകി മൂലം നാട്ടിൽ ദുഷ്കീർത്തി പരന്നതിനാൽ
ജാഹ്നവീതീരേ, മഹാകാന നേ മടിയാതെ ജാനകിതന്നെക്കൊണ്ടു കളഞ്ഞു പോന്നീടു നീ..

എന്ന് ലക്ഷ്മണനോട് നിർദ്ദാക്ഷിണ്യം  രാമൻ കൽപ്പിക്കുമ്പോൾ, ഏതൊരു സ്ത്രീഹൃദയവും ഒന്നു പിടയും. നമ്മൾ അറിയാതെ ചോദിച്ചു പോകും 'ഹേ, രാമ ജാനകിയെ ഉപേക്ഷിച്ചതിലൂടെ അങ്ങ് ഉത്തമ പൂരുഷൻ എന്ന പദവിക്ക് അനർഹനായിത്തീർന്നില്ലേ എന്ന്.  രാമൻ്റെ അയനം
മാത്രമല്ല സീതയുടെ അയനം കൂടിയാണ് രാമായണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക