Image

ടോവിനോയുടെ 'മിന്നല്‍ മുരളി'ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഷൂടിങ് നിര്‍ത്തിവച്ചു

Published on 24 July, 2021
ടോവിനോയുടെ 'മിന്നല്‍ മുരളി'ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഷൂടിങ് നിര്‍ത്തിവച്ചു
ഇടുക്കി: ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ മിന്നല്‍ മുരളിയുടെ ഷൂട്ടിങ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചു. തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്താണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പഞ്ചായത്തില്‍ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.

ബേസില്‍ ജോസഫാണ് 'മിന്നല്‍ മുരളി' സംവിധാനം ചെയ്യുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.ഡി വിഭാഗത്തിലുള്ള പഞ്ചായത്തില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനേത്തുടര്‍ന്ന് ചിത്രീകരണം അവസാനിപ്പിച്ചു. സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

അനുമതിയില്ലായിരുന്നുവെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് സിനിമാ സംഘം കുമാരമംഗലത്ത് എത്തിയത്. ഇന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കുമാരമംഗലം. ഇവിടെ ചിത്രീകരണം ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി.

സിനിമയുടെ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന അവകാശവാദമാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം മുന്നോട്ട് വെച്ചത്. പിന്നീട് അനുമതിയില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് പൊലീസിന്റെ ഇടപെടലോടെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയില്‍ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇന്‍ഡോര്‍ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പാലിച്ചാണ് ഷൂട്ടിങ് നടത്തേണ്ടത്.

നേരത്തെയും മിന്നല്‍ മുരളിയുടെ ചിത്രീകരണം വിവാദത്തില്‍ പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ 'മിന്നല്‍ മുരളി'യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റന്‍ സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാസങ്ങളെടുത്ത് തയാറാക്കിയ കൂറ്റന്‍ കെട്ടിടത്തിന്റെ സെറ്റാണ് തകര്‍ത്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. അഖിലകേരള ഹിന്ദു പരിഷത്താണ് സെറ്റ് തകര്‍ത്തത്. കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുന്നില്‍ പള്ളിയുടെ സെറ്റിട്ടുവെന്നായിരുന്നു വിവാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക